Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാർ മേനോൻ; എം ടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ വീഴ്‌ച്ച; ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും; രണ്ടാമൂഴത്തിന് ഒരുപാട് അന്താരാഷ്ട്ര കരാറുകളും സാമ്പത്തിക പ്ലാനുകളും ആവശ്യമായതിനാൽ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തതാണ് സിനിമ നീണ്ടു പോകാൻ കാരണം; അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമാണ്: ആ ആഗ്രഹം നിറവേറ്റുമെന്നും ശ്രീകുമാർ മേനോൻ

രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാർ മേനോൻ; എം ടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ വീഴ്‌ച്ച; ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും; രണ്ടാമൂഴത്തിന് ഒരുപാട് അന്താരാഷ്ട്ര കരാറുകളും സാമ്പത്തിക പ്ലാനുകളും ആവശ്യമായതിനാൽ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തതാണ് സിനിമ നീണ്ടു പോകാൻ കാരണം; അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമാണ്: ആ ആഗ്രഹം നിറവേറ്റുമെന്നും ശ്രീകുമാർ മേനോൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാർ മേനോൻ. എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ വീഴ്‌ച്ചയാണ്. ഇതാണ് എം ടിയിൽ തെറ്റിദ്ധാരണയുണ്ടാക്കിയതെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. എം ടിയെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമൂഴം എത്രയും വേഗം സിനിമയായി കാണണമെന്ന ആഗ്രഹമാണ് എം ടിക്ക് ഉള്ളത്. ആ ആഗ്രഹം ഞാൻ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുൻപും, തിരക്കഥ എന്റെ കൈകളിൽ വച്ച് തരുമ്പോഴും ഞാൻ ആ കാലുകൾ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്. അത് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഘട്ടനങ്ങൾ നിറഞ്ഞ ഈ സിനിമയ്ക്ക് ഒരുപാട് അന്താരാഷ്ട്ര കരാറുകളും, സങ്കീർണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിർമ്മാതാവ് ബി ആർ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദർശിച്ചിരുന്നു. ഇതൊക്കെയാണ് പദ്ധതി നീണ്ടു പോകാൻ കാരണമെന്നും ശ്രീകുമാർ മേനോൻ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി

മുൻപ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കിൽ ഫോൺ വഴി അദ്ദേഹത്തെ പ്രോജക്ടിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്‌ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനിടയാക്കിയതിൽ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും.

പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും. മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തർദേശീയ നിലവാരത്തിൽ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാൻ കൊടുത്ത വാക്ക്. അത് നിറവേറ്റാൻ ബി. ആർ. ഷെട്ടിയെ പോലൊരു നിർമ്മാതാവ് കൂടെയുള്ളപ്പോൾ അത് അസംഭവ്യമാകും എന്ന് ഞാൻ ഭയപ്പെടുന്നില്ല.

സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതിനാലാണ് എം ടി സിനിമയിൽ നിന്നും പിന്മാറുന്നതായി അറിയിച്ചത്. ഇതേ തുടർന്ന് സംവിധായകൻ വി എ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുൻസിഫ് കോടതിയെ എംടി സമീപിച്ചു. തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകാമെന്നും ഹർജിയിൽ പറയുന്നു. ഇതോടെയാണ് രണ്ടാമൂഴം പുതിയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്.

വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് തിരക്കഥ ഒരുക്കിയത്. എന്നാൽ താൻ കാണിച്ച ആവേശവും ആത്മാർഥതയും അണിയറ പ്രവർത്തകരിൽനിന്നും ലഭിച്ചില്ല. ഇതാണ് പിന്മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നാലുവർഷം മുമ്പാണ് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത്. തുടർന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകൾ നൽകി. മൂന്നുവർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കരാർ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് എംടിയുടെ നീക്കം. അതിനിടെ ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്നും ബി ആർ ഷെട്ടി പിൻവാങ്ങുമെന്നും സൂചനയുണ്ട്.

ചിത്രത്തിൽ ഭീമന്റെ റോളിൽ മോഹൻലാലിനെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരത്' എന്ന പേരിൽ രണ്ട് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ് കരുതിയിരുന്നത്. പ്രവാസി വ്യവസായി ബി ആർ ഷെട്ടിയായിരുന്നു നിർമ്മാതാവ്. ഒടിയൻ സിനിമയ്ക്ക് ശേഷം രണ്ടാമൂഴത്തിന്റെ അണിയറ പ്രവർത്തനം തുടങ്ങുമെന്ന് ശ്രീകുമാർ മേനോൻ അറിയിച്ചിരുന്നു. എന്നാൽ മോഹൻലാൽ അടക്കമുള്ളവർക്ക് ഇതേ കുറിച്ച് യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് എംടിയുടെ പിന്മാറ്റം. ഇതോടെ രണ്ടാമൂഴം പ്രതിസന്ധിയിലായി. ഇനി കോടതിയാകും സിനിമയുടെ കാര്യത്തിൽ തീരുമാനം എടുക്കുക. അതിനിടെ ശ്രീകുമാർ മേനോൻ രണ്ടാമൂഴം തിരിച്ചു നൽകിയാൽ എടുക്കാൻ തയ്യാറായി മറ്റ് വൻകിട കമ്പനികൾ തയ്യാറാകുന്നതായും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP