Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൺലൈൻ സ്ഥാപനമായ ക്വിന്റിലും ഉടമസ്ഥൻ രാഘവ് ബാലിന്റെ വീട്ടിലും ആദായ നികുതി ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന; ഇമെയിലും മാധ്യമപ്രവർത്തനപരമായ രേഖകളും പരിശോധിക്കരുതെന്ന് രാഘവ്; ദി ന്യൂസ് മിനുട്ട് ഓഫീസിലും ഉദ്യോഗസ്ഥരെത്തി; സർവേയുടെ ഭാഗമായെന്ന് അധികൃതർ: മോദി വിമർശകരായ മാധ്യമ സ്ഥാപനങ്ങളിലെ പരിശോധന അടിച്ചമർത്തൽ അജണ്ടയെന്ന് രാഹുൽ ഗാന്ധി

ഓൺലൈൻ സ്ഥാപനമായ ക്വിന്റിലും ഉടമസ്ഥൻ രാഘവ് ബാലിന്റെ വീട്ടിലും ആദായ നികുതി ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന; ഇമെയിലും മാധ്യമപ്രവർത്തനപരമായ രേഖകളും പരിശോധിക്കരുതെന്ന് രാഘവ്; ദി ന്യൂസ് മിനുട്ട് ഓഫീസിലും ഉദ്യോഗസ്ഥരെത്തി; സർവേയുടെ ഭാഗമായെന്ന് അധികൃതർ: മോദി വിമർശകരായ മാധ്യമ സ്ഥാപനങ്ങളിലെ പരിശോധന അടിച്ചമർത്തൽ അജണ്ടയെന്ന് രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അടുത്തിടെ കേന്ദ്രം ഭരിക്കുന്ന മോദി സർക്കാറിനെ പ്രതിരോധത്തിലാക്കും വിധത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവിടുന്നതിൽ മുന്നിൽ നിന്നത് ഓൺലൈൻ സ്ഥാപനങ്ങളായിരുന്നു. റാഫേൽ അടക്കമുള്ള വിഷയങ്ങൾ ഇനിയും വരാനിരിക്കെ രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനമായ ക്വിന്റിന്റെ ഉടമസ്ഥൻ രാഘവ് ബാലിന്റെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കെത്തി. ക്വിന്റ് വാർത്ത പോർട്ടലിന്റെ സ്ഥാപകനാണ് രാഘവ് ബാൽ. ബാലിന്റെ നോയിഡയിലെ വീട്ടിലും ഓഫിസിലുമാണ് പരിശോധന നടന്നത്.

സർവേയുടെ ഭാഗമായാണ് ഉദ്യോഗസ്ഥർ എത്തിയതെന്നാണ് സംഭവം വിവാദമായപ്പോൾ പുറത്തുവന്നിരിക്കുന്ന വിശദീകരണം. ക്വിന്റ്, നെറ്റ്‌വർക് 18 എന്നീ മാധ്യമങ്ങളുടെ സ്ഥാപകനും പ്രമുഖ മാധ്യമസംരംഭകനുമാണ് രാഘവ് ബാൽ. ഇദ്ദേഹം ന്യൂസ് 18 ചാനൽ ശൃംഖലയുടെ ഉടമസ്ഥനായിരിക്കെ മണി കൺട്രോൾ, ബുക് മൈ ഷോ, ഫസ്റ്റ് പോസ്റ്റ് തുടങ്ങിയ പോർട്ടലുകൾ ആരംഭിച്ചത്. പിന്നീടാണ് മുകേഷ് അംബാനിയുടെ റിലയൻസ് ന്യൂസ് 18 ചാനൽ ശൃംഖല ഒന്നാകെ വാങ്ങുന്നത്.

മോദി വിരുദ്ധ വാർത്തകൾ കൊണ്ടും കേന്ദ്രസർക്കാർ വിരുദ്ധ വാർത്തകൾ കൊണ്ടും ശ്രദ്ധ നേടിയ സ്ഥാപനമാണ് ഓൺലൈൻ മാധ്യമമായ ദി ക്വിന്റ്. സ്ഥാപനത്തിൽ നോയ്ഡയിലെ ഓഫീസിലും, സ്ഥാപനത്തിന്റെ ഉടമ രാഘവ് ബാഹിലിന്റെ വീട്ടിലുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. ഇന്ന് രാവിലെയാണ് ഉദ്യോഗസ്ഥർ എത്തിയത്. അതേസമയം ആദായനികുതി ഉദ്യോഗസ്ഥർക്ക് ആവശ്യമില്ലാത്ത രേഖകളും മറ്റും മോഷ്ടിച്ചു കൊണ്ടു പോയതായി രാഘവ് ബാഹിൽ ആരോപണമുന്നയിച്ചു. തങ്ങളുടെ ഇമെയിൽ, മറ്റ് മാധ്യമപ്രവർത്തനപരമായ രേഖകൾ തുടങ്ങിയവ ഒരു കാരണവശാലും ആദായനികുതി ഉദ്യോഗസ്ഥർ തുറന്ന് പരിശോധിക്കരുതെന്ന് രാഘവ് ആവശ്യപ്പെട്ടു. വളരെയേറെ സ്‌ഫോടനാത്മകമായ വിവരങ്ങളടങ്ങിയ പല രേഖകളും പിടിച്ചെടുത്തവയിൽ പെടുന്നുണ്ടെന്നും അവ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയുണ്ടെന്നും രാഘവ് സൂചിപ്പിച്ചു.

അതിനിടെ ദി ക്വിന്റ് ഉടമ രാഘവ് ബാഹിലിന് പങ്കാളിത്തമുള്ള ദി ന്യൂസ് മിനിറ്റിന്റെ ബെംഗളൂരു ഓഫീസിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. ഇവിടെയും 'സർവ്വേ' നടത്താനാണ് വന്നതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഐടി ആക്ടിന്റെ 133ാം വകുപ്പ് പ്രകാരമാണ് റെയ്‌ഡെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി ന്യൂസ് മിനുട്ട് പറഞ്ഞു. ഉദ്യോഗസ്ഥർക്ക് ആവശ്യമായ രേഖകൾ നൽകിയതായി എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ വ്യക്തമാക്കി.

രാഘവ് ബാഹിലിന്റെയും റിതു കപൂറിന്റെയും വീട്ടിൽ നടത്തിയ റെയ്ഡിനിടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഇൻകംടാക്‌സ് ഉദ്യോഗസ്ഥർ മുതിർന്നതായി ആരോപണം. റിതു കപൂറിന്റെ ഫോൺ വിവരങ്ങൾ ചോർത്തിയെന്നാണ് വിവരം. സ്വകാര്യ വിവരങ്ങൾ ചോർത്താൻ ആദായനികുതി ഉദ്യോഗസ്ഥർ ശ്രമിക്കുന്നെന്നും അവർക്ക് അതിനുള്ള അധികാരമുണ്ടോയെന്നും വീടിനു പുറത്തു നിന്നിരുന്ന തന്നോട് റിതു ഉറക്കെ വിളിച്ചു ചോദിച്ചതായി പൂനം അഗർവാൾ പറഞ്ഞു. റിതു ഈ ചോദ്യം ചോദിച്ചതിനു പിന്നാലെ അവരെ ഉദ്യോഗസ്ഥർ വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപോയതായും പൂനം അഗർവാൾ ട്വീറ്റ് ചെയ്തു.

ആദായനികുതി കൃത്യമായി അടയ്ക്കുന്ന സ്ഥാപനമാണ് ക്വിന്റ് എന്നും ആവശ്യമായ എല്ലാ നികുതിരേഖകളും ആദായനികുതി ഉദ്യോഗസ്ഥർക്ക് നൽകാൻ തയ്യാറാണെന്നും രാഘവ് വിശദീകരിച്ചു. അതിനിടെ സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങളെ ലക്ഷ്യം വെക്കുന്ന പ്രവൃത്തിയാണ് ആദായനികുതി വകുപ്പ് ചെയ്യുന്നതെന്ന് മാധ്യമപ്രവർത്തകനായ ശേഖർ ഗുപ്ത പ്രതികരിച്ചു. ആദായനികുതി ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ മാധ്യമസ്ഥാപനത്തിൽ റെയ്ഡ് നടത്തുന്നത് ഭയപ്പെടുത്തലാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ നിരവധി മാധ്യപ്രവർത്തകർ പരിശോധനയെ അപലപിച്ചു കൊണ്ട് രംഗത്തുവന്നിട്ടുണ്ട്.

മാധ്യമങ്ങളെ അടിച്ചമർത്തുന്ന അജണ്ടയാണ് സർക്കാരിനുള്ളതെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു. ക്വിന്റിന്റെ ഓഫീസുകളിൽ റെയ്ഡ് നടക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ഒരു വാർത്താ സമ്മേളനത്തിനിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾക്ക് മേൽ സമ്മർദ്ദമുണ്ടെന്നും രാഹുൽ പറഞ്ഞു. സർക്കാരിനെയും ഭരിക്കുന്ന പാർട്ടിയെയും വിശകലനം ചെയ്യാൻ ദി ക്വിന്റ് ധൈര്യപ്പെട്ടതാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നിലെന്ന് കോൺഗ്രസ് എംപി ശശി തരൂരും പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP