Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തെ രക്ഷിക്കാൻ സർക്കാർ കൊണ്ടുവന്ന നവകേരള ലോട്ടറി പൊട്ടിപ്പൊളിഞ്ഞു; 250 രൂപ മുടക്കി ഒരു ലക്ഷത്തിന്റെ സമ്മാനമുള്ള ലോട്ടറി എടുക്കാൻ ആളു വിസമ്മതിച്ചത് സർക്കാറിന്റെ അഹന്തക്കുള്ള തിരിച്ചടിയായി; 90 കോടി ലക്ഷ്യമിട്ടു 85 ലക്ഷം അടിക്കാൻ ആലോചിച്ചു ആദ്യം ഇറക്കിയ 45 ലക്ഷത്തിന്റെ പകുതി പോലും വിറ്റുപോയില്ല; ആകെ ലാഭം ഉണ്ടായത് ലക്ഷങ്ങൾ വാങ്ങി പരസ്യം പ്രസിദ്ധീകരിച്ച പത്രങ്ങൾക്ക് മാത്രം; ഇനി അറിയേണ്ടത് മന്ത്രിമാരുടെ വിദേശയാത്ര എന്താകുമെന്ന്

കേരളത്തെ രക്ഷിക്കാൻ സർക്കാർ കൊണ്ടുവന്ന നവകേരള ലോട്ടറി പൊട്ടിപ്പൊളിഞ്ഞു; 250 രൂപ മുടക്കി ഒരു ലക്ഷത്തിന്റെ സമ്മാനമുള്ള ലോട്ടറി എടുക്കാൻ ആളു വിസമ്മതിച്ചത് സർക്കാറിന്റെ അഹന്തക്കുള്ള തിരിച്ചടിയായി; 90 കോടി ലക്ഷ്യമിട്ടു 85 ലക്ഷം അടിക്കാൻ ആലോചിച്ചു ആദ്യം ഇറക്കിയ 45 ലക്ഷത്തിന്റെ പകുതി പോലും വിറ്റുപോയില്ല; ആകെ ലാഭം ഉണ്ടായത് ലക്ഷങ്ങൾ വാങ്ങി പരസ്യം പ്രസിദ്ധീകരിച്ച പത്രങ്ങൾക്ക് മാത്രം; ഇനി അറിയേണ്ടത് മന്ത്രിമാരുടെ വിദേശയാത്ര എന്താകുമെന്ന്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയക്കെടുതി കൊണ്ട് ബുദ്ധിമുട്ടി നിൽക്കുന്ന നാട്ടുകാരെ വലയ്ക്കുന്ന വിധത്തിലാണ് പിരിവുകൾ ഇപ്പോൾ നടക്കുന്നത്. നവകേരളം കെട്ടിപ്പെടുക്കാൻ വേണ്ടിയാണെന്ന് വാദിക്കുമ്പോഴും പിരിവുകൾ കൊണ്ട് പൊറുതി മുട്ടിയ അവസ്ഥയിലാണ് കച്ചവടക്കാർ അടക്കമുള്ളത്. ഇതിനിടെയാണ് സർക്കാർ ലോട്ടറി ഇറക്കിയും ഖജനാവിലേക്ക് പണം കണ്ടെത്താൻ തുനിഞ്ഞത്. ഈ ശ്രമിത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റ അവസ്ഥയാണ് ഇപ്പോഴുള്ളത്.

ജനം നെഞ്ചേറ്റുമെന്ന പ്രതീക്ഷയോടെ സർക്കാർ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന നവകേരള ലോട്ടറിയും ഗുണം കണ്ടില്ല. നാട്ടിലാകെയുള്ള പിരിവും സമ്മാനങ്ങളിലെ അനാകർഷണവും കാരണം 250 രൂപ വിലയുള്ള നവകേരള ലോട്ടറി ടിക്കറ്റ് വാങ്ങാൻ ആളില്ലാത്ത അവസ്ഥയിലാണിപ്പോൾ. 90 കോടി രൂപ വരുമാനം ലക്ഷ്യമിട്ട് 85 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകൾ പോലും വിറ്റുപോയിട്ടില്ല. കഴിഞ്ഞ മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന നറുക്കെടുപ്പ് കൂടുതൽ വിൽപന ലക്ഷ്യംവച്ചു 15ലേക്കു മാറ്റിയെങ്കിലും തണുപ്പൻ പ്രതികരണമാണു വിപണിയിൽ.

ഒന്നാം സമ്മാനം വെറും ഒരു ലക്ഷം രൂപ മാത്രമുള്ള ടിക്കറ്റിന് 250 രൂപ വിലയിട്ടതാണു വിൽപനയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. 40 രൂപ വിലയുള്ള കാരുണ്യ ലോട്ടറിക്കു പോലും 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. മാത്രമല്ല, 250 രൂപ തന്നെ വിലയുള്ള 10 കോടിയുടെ ഓണം ബംപർ ടിക്കറ്റ് വിപണിയിലുണ്ടായിരുന്നപ്പോൾ നവകേരള ലോട്ടറി പുറത്തിറക്കിയതും തെറ്റായ തീരുമാനമായി. ഏജന്റുമാർ നിസഹകരിച്ചതിനാൽ കുടുംബശ്രീ വഴിയാണു ടിക്കറ്റിൽ നല്ലൊരു പങ്കും വിറ്റഴിഞ്ഞത്. ഏഴരക്കോടി രൂപയുടെ ടിക്കറ്റുകൾ കുടുംബശ്രീ മാത്രമായി വിറ്റു. ഒട്ടേറെ സംഘടനകളും മറ്റും ലോട്ടറി വിൽപന ഏറ്റെടുത്ത് വിജയിപ്പിക്കുമെന്നു സർക്കാർ പ്രതീക്ഷിച്ചിരുന്നെങ്കിലും പാളി. ടിക്കറ്റ് വിൽപനയിൽ 25% കമ്മിഷൻ പ്രഖ്യാപിച്ചിട്ടും ഗുണമുണ്ടായില്ല.

ജനങ്ങൾക്കിടയിലെ വ്യാപക പിരിവും സാലറി ചാലഞ്ചിന്റെ പേരിൽ സർക്കാർ ജീവനക്കാർക്കിടയിൽ രൂപപ്പെട്ട അതൃപ്തിയും ലോട്ടറി വിൽപനയെ ബാധിക്കുകയായിരുന്നു. ഒരു ജില്ലയിലും ജീവനക്കാർ ലോട്ടറി വിറ്റോ വാങ്ങിയോ സഹകരിക്കാൻ തയ്യാറായില്ല. സർക്കാർ സ്ഥാപനങ്ങൾ വഴി നിർബന്ധിതമായി പിരിവ് നടത്താനുള്ള ശ്രമവും വിജയിച്ചിരുന്നില്ല. പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടിക്കായി ധനമന്ത്രി ആദ്യം മുന്നോട്ടു വച്ച രണ്ട് ആശയങ്ങളായിരുന്നു മദ്യനികുതി വർധനയും ലോട്ടറി വിൽപനയും. മദ്യനികുതി വരുമാനം വർധിച്ചെങ്കിലും ലോട്ടറി തുണച്ചില്ല. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ 90 പേർക്കും 5000 രൂപയുടെ രണ്ടാം സമ്മാനം 1,00,800 പേർക്കും എന്നതായിരുന്നു നവകേരള ലോട്ടറിയുടെ ഘടന.

അതിനിടെ പ്രളയത്തിന്റെ പേരിൽ പണം പിരിക്കാനുള്ള പോക്കാണ് മന്ത്രമാരെല്ലാം. ഇതുവഴി ദുരിതാശ്വാസ നിധിയിലേക്ക് വലിയ തുക സമാഹരിക്കാമെന്നാണ് കണക്കു കൂട്ടൽ. എന്നാൽ, ഇത് എത്രകണ്ട് വിജയിക്കുമെന്ന കാര്യത്തിൽ സംശയം ഉയർന്നിട്ടുണ്ട്. പ്രളയകാലത്ത് തന്നെ പ്രവാസികൾ ആവുന്ന സഹായം ചെയ്തതാണ്. അവർ ഇനി എന്തു തരാനെന്ന ചോദ്യം മന്ത്രിമാരുടെ യാത്രകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതുകൊണ്ട് വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന മന്ത്രിമാർ, ഭവനനിർമ്മാണം അടക്കമുള്ള പദ്ധതികൾക്കുകൂടി സഹായം തേടും. വിദേശത്ത് യോഗങ്ങൾ വിളിക്കും.

മന്ത്രിമാർ 17 മുതൽ 22വരെ വിദേശയാത്ര നടത്താനാണു തീരുമാനമെങ്കിലും ചില രാജ്യങ്ങളുടെ വീസ ലഭിക്കാൻ വൈകുമെന്നതിനാൽ തീയതികളിൽ മാറ്റമുണ്ടാകും. മന്ത്രിമാരുടെയും അവരോടൊപ്പം വിദേശത്തേക്കു പോകുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെയും പ്രത്യേകയോഗം മുഖ്യമന്ത്രി പിണറായി ഇന്നലെ മന്ത്രിസഭാ യോഗത്തിനു ശേഷം വിളിച്ചു. പുനഃർനിർമ്മാണ പ്രവർത്തനങ്ങൾക്കു സ്‌പോൺസർമാരാകാൻ തയാറാകുന്നവരെക്കൂടി കണ്ടെത്തണമെന്ന് ഈ യോഗത്തിലാണു മുഖ്യമന്ത്രി നിർദ്ദേശിച്ചത്. പ്രവാസികളിൽ പലരും ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റും കാര്യമായ ധനസഹായം നൽകിയിട്ടുണ്ട്. പല പ്രവാസി വ്യവസായികളും പുനഃർനിർമ്മാണ പദ്ധതികൾ നടപ്പാക്കാമെന്നു വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ വീണ്ടും പണം പിരിക്കാനുള്ള വിദേശസന്ദർശനം എത്രത്തോളം വിജയിക്കുമെന്ന ആശങ്ക മന്ത്രിമാർ പ്രകടിപ്പിച്ചു.

ഈ സാഹചര്യത്തിൽ സർക്കാർ കരുതലോടെയാണ് നീങ്ങുന്നത്. മന്ത്രിമാരുടെ വിദേശ യാത്ര പൊളിഞ്ഞാൽ അത് ഏറെ വിവാദങ്ങൾക്ക് വഴി വയ്ക്കും. ഇതിനാൽ ഓരോ രാജ്യത്തു നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഒഴികിയെത്തിയ കണക്കുകൾ കൂടി സർക്കാർ ശേഖരിക്കും. പ്രളയത്തിന് ശേഷം വലിയ തോതിൽ സഹായം എത്തിയിരുന്നു. ഓരോ രാജ്യത്തും പോകുന്ന മന്ത്രിമാരുടെ പേരിൽ ഈ കണക്കുകൾ കൂടി കാട്ടും. ഇതിന് ശേഷമാകും മന്ത്രിമാർ ഓരോ രാജ്യത്തു നിന്നും സമാഹരിച്ച തുകയുടെ കണക്ക് പുറത്തു വിടൂ. പ്രവാസി മലയാകളോട് സാലറി ചലഞ്ചിനും മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ആരും സാലറി ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറല്ല. ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ സാഹചര്യവും സർക്കാർ നിലപാടുമെല്ലാം മന്ത്രിമാരുടെ വിദേശ ഫണ്ട് പിരിവിനെ ദോഷമായി ബാധിക്കും. ഈ സാഹചര്യത്തിൽ എല്ലാ പ്രവാസി സംഘടനകളേയും മന്ത്രിമാർ നേരിട്ട് തന്നെ വിളിക്കുന്നുണ്ട്.

ഓരോ സംഘടനയും പിരിച്ച തുക മന്ത്രിമാരെ ഏൽപ്പിക്കണമെന്നാണ് ഫോൺ വിളിയിലൂടെ അഭ്യർത്ഥിക്കുന്നത്. പരമാവധി സഹായം നൽകണമെന്നും പറയുന്നു. ചില മന്ത്രിമാരുടെ യാത്ര വൈകാനും സാധ്യതയുണ്ട്. യുഎസ്എ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ വീസ നടപടികൾക്കു നിശ്ചിത ദിവസം വേണം. ഇതുകാരണം വീസ ലഭിക്കാൻ വൈകും. നയതന്ത്ര വീസയാണു മന്ത്രിമാർ ആവശ്യപ്പെട്ടിരിക്കുന്നത്. അതു ലഭിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. ചില മന്ത്രിമാർക്കു നേരത്തെ വീസ ഉണ്ടായിരുന്നതു കാലഹരണപ്പെട്ടു. മറ്റു ചിലർക്കു പാസ്പോർട്ട് പോലുമില്ല. ഇതെല്ലാം പരിപാടിയിലെ ആസൂത്രണമില്ലായ്മയാണ് വിശദീകരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ലോക കേരള സഭാ പ്രതിനിധികളാണു മന്ത്രിമാർക്കു സൗകര്യങ്ങൾ ഒരുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP