Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷോപ്പിങിന് 156 കോടി രൂപ ചെലവിട്ട വനിതയ്ക്കു കോടികളുടെ സ്വത്തുക്കൾ നഷ്ടമായേക്കും; അസർബൈജാനിൽ നിന്നും തട്ടിച്ചെടുത്ത പണവുമായി എത്തിയ ദമ്പതികൾ ബ്രിട്ടനിലെ പുതിയ നിയമത്തിൽ കുടുങ്ങി; മല്യക്കെതിരെ ആയുധമാക്കാൻ ഇന്ത്യൻ വക്കീൽ സംഘത്തിന് പഴുത് ലഭിച്ചേക്കും

ഷോപ്പിങിന് 156 കോടി രൂപ ചെലവിട്ട വനിതയ്ക്കു കോടികളുടെ സ്വത്തുക്കൾ നഷ്ടമായേക്കും; അസർബൈജാനിൽ നിന്നും തട്ടിച്ചെടുത്ത പണവുമായി എത്തിയ ദമ്പതികൾ ബ്രിട്ടനിലെ പുതിയ നിയമത്തിൽ കുടുങ്ങി; മല്യക്കെതിരെ ആയുധമാക്കാൻ ഇന്ത്യൻ വക്കീൽ സംഘത്തിന് പഴുത് ലഭിച്ചേക്കും

പ്രത്യേക ലേഖകൻ

ലണ്ടൻ: വിലയേറിയ ഷോപ്പിങ് സാധനങ്ങൾ വാങ്ങിച്ചു കൂട്ടി ആഡംബരത്തിന്റെ വിഹായസ്സിൽ പറന്ന ധനിക വനിത ബ്രിട്ടനിലെ പുതിയ നിയമത്തിനു ഇരയായി മാറുന്നു. അനധികൃത സ്വത്തു കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ അനെക്‌സ്‌പ്ലൈൻഡ് വെൽത്ത് ഓർഡർ യുഡബ്ലിയുഓയുടെ വലയിൽ കുടുങ്ങിയ അസർബൈജാൻ മുൻ ബങ്കറുടെ പത്‌നി സമീറ ഹാജിയെവയാണ് കോടതി കയറി കഷ്ടത്തിലായത്. സാമ്പത്തിക തിരിമറിയുടെ പേരിൽ ഇവരുടെ ഭർത്താവ് ജഹാംഗീർ ഹാജിയെവ് ഇതിനകം ജയിലിൽ എത്തിക്കഴിഞ്ഞു. ബാങ്ക് ഓഫ് അസർബൈജാന്റെ മുൻ ചെയർമാൻ കൂടിയായ ജഹാംഗീർ പതിനഞ്ചു വർഷത്തേക്ക് ജയിലിൽ എത്തിയത് രണ്ടു വർഷം മുൻപാണ്. എന്നാൽ കോടീശ്വരന്മാരായ നിക്ഷേപകർക്ക് വിസ നൽകാം എന്ന പ്രത്യേക ചട്ടത്തിൽ യുകെയിൽ തങ്ങുന്ന ഹാജിയേവ സ്വത്തു വെളിപ്പെടുത്തൽ നിയമത്തിൽ കുടുങ്ങുന്ന ആദ്യ വനിതയാവുകയാണ്. ഈ നിയമം നിലവിൽ വന്ന ശേഷം എത്തുന്ന പ്രധാന കേസ് കൂടിയാണ്.

അതേ സമയം, ഹാജിയേവ നേരിടുന്ന കുറ്റങ്ങളുടെ ഏറെക്കുറെ സമാനമായ സാഹചര്യം തന്നെയാണ് ഇന്ത്യൻ സാമ്പത്തിക കുറ്റവാളിയായി മാറിയിരിക്കുന്ന വിജയ് മല്യയും നേരിടുന്നത്. സമീറ ഹാജിയേവ കേസ് ചൂണ്ടിക്കാട്ടി ഇന്ത്യൻ അഭിഭാഷക സംഘത്തിന് മല്യയുടെ ബ്രിട്ടനിലെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കൂടി അവസരം ഒരുങ്ങുകയാണ്. പക്ഷെ വെളിപ്പെടുത്താൻ കഴിയുന്ന വിധത്തിലാണ് മല്യ യുകെയിൽ നിക്ഷേപം നടത്തിയിരിക്കുന്നതെങ്കിൽ ഈ വഴി അടയുകയും ചെയ്യും. പക്ഷെ തട്ടിപ്പു നടത്തിയ പണം ആയതിനാൽ അത്ര എളുപ്പത്തിൽ മല്യയ്ക്ക് കണക്കുകൾ ശരിയാക്കാൻ കഴിഞ്ഞേക്കില്ല. അതിനാൽ ബ്രിട്ടനിലെ പുതിയ നിയമത്തിൽ കുരുങ്ങുന്ന അനേകം ശത കോടീശ്വരന്മാരുടെ കൂട്ടത്തിൽ മല്യയും ഉൾപ്പെട്ടേക്കാൻ ഉള്ള സാധ്യത ഏറെയാണ്.

കഴിഞ്ഞ ഒരു ദശകത്തിനിടെ ലണ്ടനിൽ ശതകോടീശ്വരന്മാരുടെ ഇഷ്ട ഷോപ്പിങ് കേന്ദ്രമായ ഹാറോഡ്‌സിൽ മാത്രം സമീറ ഹാജിയേവ ചെലവിട്ടത് 156 കോടി രൂപയ്ക്കു തുല്യമായ തുകയാണ് എന്ന് കോടതിയിൽ വ്യക്തമാക്കപ്പെട്ടു. യുകെയിൽ അനധികൃത പണമെത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നിയമത്തിലാണ് ഹാജിയേവ കുടുങ്ങിയത്. വിദേശ രാജ്യങ്ങളിൽ കൈകൂലിയായും മറ്റും സ്വന്തമാക്കിയ പണം വൻതോതിൽ യുകെയിൽ എത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ഈ നിയമം നടപ്പിലാക്കിയത്. എന്നാൽ കേസ് കോടതിയിൽ എത്തിയപ്പോൾ ഹാജിയേവ തന്റെ പേര് വിവരം മറച്ചു വയ്ക്കാൻ കോടതിയോട് അപേക്ഷിച്ചെങ്കിലും നിരന്തര മാധ്യമ ആവശ്യത്തിൽ പേര് വെളിപ്പെടുത്താൻ കോടതി അനുവാദം നൽകുക ആയിരുന്നു. സ്വത്തുക്കൾ സംബന്ധിച്ച കൃത്യമായ വിവരം നൽകുന്നതിൽ ഹാജിയേവ പരാജയപ്പെട്ടാൽ ലണ്ടനിൽ ഹാറോഡ്‌സിനു സമീപം വൻകോടീശ്വരന്മാർ മാത്രം താമസിക്കുന്ന വീടും മറ്റു സ്വത്തുക്കളും ഇവർക്ക് നഷ്ടമായേക്കുമെന്ന് ലണ്ടൻ ഹൈ കോടതിയിൽ നടക്കുന്ന വാദം സൂചന നൽകുന്നു. വീടിനൊപ്പം ബെർക്ഷയറിൽ പത്തു മില്യൺ മുടക്കി വാങ്ങിയ ഗോൾഫ് ക്ലബും നഷ്ടമായേക്കും.

നാഷണൽ ക്രൈം ഏജൻസി അന്വേഷിച്ച കേസിലാണ് സമീറ കുടുങ്ങിയത്. ലണ്ടനിലെ കനിട്‌സ്ബ്രിജിൽ കൂറ്റൻ മണിമാളിക വാങ്ങാൻ പണം എവിടെ നിന്ന് എന്ന ചോദ്യത്തിനാണ് സമീറ ഉത്തരം നൽകേണ്ടത്. ഇതേ ചോദ്യം വിജയ് മല്യയ്ക്കും ബാധകമാണ്. അയാളും ഇന്ത്യയിൽ നിന്ന് കടത്തിയ കോടികൾ ഉപയോഗിച്ചാണ് അതേ സമയം 20 മില്യൺ പൗണ്ട് മുടക്കി വാങ്ങിയ ആഡംബര സൗധത്തിനു മല്യ മോർട്ടഗേജ് മുടക്കിയതോടെ ബ്രിട്ടനിൽ തന്നെ വീട് ജപ്തി ചെയ്യൽ നടപടിയിലേക്കു നീങ്ങുകയാണ് എന്നതിനാൽ യുഡബ്ലിയുഓ നിയമത്തിൽ കേസെടുത്തിട്ടും രക്ഷയില്ല എന്നാണ് വെളിപ്പെടുന്നത്. ഇതിനുള്ള നടപടികൾ ലണ്ടൻ കോടതിയിൽ തുടങ്ങിക്കഴിഞ്ഞു എന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മറ്റു രാജ്യങ്ങളിൽ നിന്നും അനധികൃതമായി സമ്പാദിച്ച പണം യുകെയിൽ ചെലവാക്കുന്നത് തടയുന്നതിന്നാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. വിജയ് മല്യയെ പോലുള്ള അനേകം തട്ടിപ്പുകാർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും യുകെ ലക്ഷ്യമാക്കി നീങ്ങിയതോടെയാണ് ഈ നിയമം അടിയന്തിരമായി നടപ്പിലാക്കുന്നത്. കൃത്യമായ തെളിവുകൾ ഇല്ലാത്തതിനാൽ ഇത്തരത്തിൽ എത്തുന്ന ബില്യൺ കണക്കിന് കള്ളപ്പണം പിടികൂടാൻ കഴിയാത്ത നിസ്സഹായതയാണ് നാഷണൽ ക്രൈം ഏജൻസി വെളിപ്പെടുത്തുന്നത്. പുതിയ നിയമത്തിൽ തട്ടിപ്പുകാരോ അവരുടെ ഒറ്റ ബന്ധുക്കളോ യുകെയിൽ നിക്ഷേപം നടത്തിയാൽ വരുമാനം തെളിയിക്കാൻ ആവശ്യപ്പെട്ടാൽ അത് ചെയ്‌തേ മതിയാകൂ. അല്ലാത്ത പക്ഷം ഇത്തരം സ്വത്തുക്കൾ പിടിച്ചെടുക്കാൻ പൊലീസ് അന്വേഷണ സംഘം ഹൈക്കോടതിക്ക് കത്തു നൽകും. ഇതോടെ ജപ്തി നടപടികളിലേക്ക് കേസ് നീങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP