Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിന് നഷ്ടമാകുമോ? ടി ജി മോഹൻദാസിന്റെ നിർണായക നീക്കത്തിൽ സുപ്രിംകോടതിയുടെ ഇടപെടൽ; ബോർഡുകളിൽ നിന്നും ക്ഷേത്രങ്ങളുടെ അധികാരം എടുത്തുമാറ്റണമെന്ന ഹർജിയിൽ സർക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്; എൻഎസ്എസ്, എസ്എൻഡിപി, കെപിഎംഎസ് തുടങ്ങിയ സംഘടനകളോടും അഭിപ്രായം തേടി; വിവാദം ക്ഷേത്രവരുമാനം സർക്കാർ കൊണ്ടുപോകുന്നുവെന്ന പ്രചരണം ശക്തമായിരിക്കവേ

കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിന് നഷ്ടമാകുമോ? ടി ജി മോഹൻദാസിന്റെ നിർണായക നീക്കത്തിൽ സുപ്രിംകോടതിയുടെ ഇടപെടൽ; ബോർഡുകളിൽ നിന്നും ക്ഷേത്രങ്ങളുടെ അധികാരം എടുത്തുമാറ്റണമെന്ന ഹർജിയിൽ സർക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്; എൻഎസ്എസ്, എസ്എൻഡിപി, കെപിഎംഎസ് തുടങ്ങിയ സംഘടനകളോടും അഭിപ്രായം തേടി; വിവാദം ക്ഷേത്രവരുമാനം സർക്കാർ കൊണ്ടുപോകുന്നുവെന്ന പ്രചരണം ശക്തമായിരിക്കവേ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാർ, തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾ എന്നിവർക്കാണ് നോട്ടീസ് അയച്ചത്. എൻഎസ്എസ്, എസ്എൻഡിപി, കെപിഎംഎസ് എന്നീ സാമുദായിക സംഘടനകൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി, ടി.ജി.മോഹൻദാസ് എന്നിവർ നൽകിയ ഹർജിയിലാണ് നോട്ടീസ്. ജസ്റ്റീസുമാരായ യു.യു.ലളിത്, കെ.എം.ജോസഫ് എന്നിവർ അംഗങ്ങൾ ആയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ടിജി മോഹൻദാസ് സുബ്രഹ്മണ്യൻ സ്വാമി എന്നിവർ നൽകിയ ഹർജിയിലാണ് നോട്ടീസ്. ഈ വിഷയത്തിൽ നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. ദേവസ്വം ബോർഡിന്റെ പ്രവർത്തനം നിയമ വിരുദ്ധമാണെന്നാണ് ടി ജി മോഹൻദാസിന്റെ വാദം.

ക്ഷേത്ര സ്വത്തുക്കളിൽ സർക്കാർ നിയന്ത്രണം അസഹനീയമാണെന്നാണ് കഴിഞ്ഞ ദിവസം സുകുമാരൻ നായർ അഭിപ്രായപ്പെട്ടത്. ഇതിന് അദ്ദേഹം ക്ഷേത്രങ്ങൾ ഏറ്റെടുത്ത ചരിത്രവും ചൂണ്ടിക്കാട്ടി. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ശബരിമല ഉൾപ്പെടെ 1200ൽപരം ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങളുടെ ദൈനംദിനകാര്യങ്ങൾക്കായി സർക്കാർ വർഷം തോറും ഗ്രാന്റ് നൽകുന്നുവെന്നതു വാസ്തവവിരുദ്ധമാണ്. കേണൽ മൺറോയുടെ കാലത്തു തിരുവിതാംകൂറിലെ ക്ഷേത്രസ്വത്തുക്കളെല്ലാം നഷ്ടപരിഹാരം നൽകാതെ സർക്കാരിലേക്കു പിടിച്ചെടുത്തിരുന്നു. ഇന്ത്യ ഗവൺമെന്റും തിരുവിതാംകൂർ മഹാരാജാവുമായി 1949ൽ ഒപ്പുവെച്ച ഉടമ്പടി പ്രകാരം പത്മനാഭസ്വാമിക്ഷേത്രത്തിനും തിരുവിതാംകൂർ ദേവസ്വംബോർഡിനുമായി 46.5 ലക്ഷം രൂപ വർഷംതോറും വിഹിതമായി അന്നു മുതൽ നൽകുന്നുണ്ട്. ഇതിനെയാണു ഗ്രാന്റ് ആയി വിശേഷിപ്പിക്കുന്നത്-സുകുമാരൻ നായർ പറയുന്നു.

ഈ തുകയിൽ 6 ലക്ഷം രൂപ പത്മനാഭസ്വാമിക്ഷേത്രത്തിനുള്ളത്. ബാക്കി ബോർഡിനാണ്. 55 വർഷങ്ങൾക്കുശേഷം 2004ൽ എ.കെ. ആന്റണി മന്ത്രിസഭ ഈ തുക യഥാക്രമം 20 ലക്ഷം രൂപയും 80 ലക്ഷം രൂപയും ആയി വർധിപ്പിച്ചു. ഉടമ്പടി പ്രകാരം ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ തുക ഗ്രാന്റ് അല്ല മറിച്ച്, നിയമപ്രകാരം അർഹതപ്പെട്ട വിഹിതമാണ്. ഇതിനെയാണ് സൗജന്യമായി സർക്കാർ വിശദീകരിക്കുന്നതെന്ന് സുകുമാരൻ നായർ പറയുന്നു. ശബരിമല വികസനത്തിനുള്ള മാസ്റ്റർപ്ലാൻ നടപ്പിലാക്കുന്നതിനു നിശ്ചിത തുക മാസ്റ്റർപ്ലാൻ ഹൈപവർ കമ്മറ്റിക്ക് നൽകുന്നുണ്ട്. അതല്ലാതെ ക്ഷേത്രങ്ങൾക്കു ഗ്രാന്റായി ഒന്നുംതന്നെ നൽകുന്നില്ലെന്ന് സുകുമാരൻ നായർ പറയുന്നു

യഥാർത്ഥത്തിൽ, ദേവസ്വങ്ങൾക്കു നഷ്ടപ്പെട്ട സ്വത്തുക്കൾക്കു നഷ്ടപരിഹാരം നൽകേണ്ടതായിരുന്നു. ഒരു സർക്കാരും അക്കാര്യം പരിഗണിച്ചിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. നേരത്തെ ബിജെപിയും സമാനമായ ആരോപണം ഉയർത്തിയിട്ടുണ്ട്. ക്ഷേത്ര സ്വത്തുക്കൾ സർക്കാർ അടിച്ചെടുക്കുന്നുവെന്ന ബിജെപി നേതാക്കളുടെ നിലപാട് ഏറെ വിവാദങ്ങൾക്ക് വഴി വച്ചു. സർക്കാർ നൽകുന്ന ഗ്രാന്റിന്റെ കണക്ക് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇതിനെ പ്രതിരോധിച്ചത്. ഇതാണ് സുകുമാരൻ നായർ കണക്കുകൾ നിരത്ത് വൈകിയെങ്കിലും പൊളിക്കുന്നത്.ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ എൻഎസ്എസ്. വിധി നടപ്പാക്കാൻ മറ്റൊന്നിനുമില്ലാത്ത വ്യഗ്രതയാണ് സർക്കാരിനെന്നാണ് സമുദായ സംഘടന കുറ്റപ്പെടുത്തുന്നത്. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകാൻ എൻ എസ് എസ് തീരുമാനിച്ചതും ഈ സാഹചര്യത്തിലാണ്.

ശബരിമല വിഷയത്തിൽ റിവിഷൻ ഹർജി നൽകില്ലെന്ന സർക്കാർ നിലപാട് നിരാശാജനകമാണെന്ന് എൻഎസ്എസ് പ്രറയുന്നു.സ്വതന്ത്ര ചുമതലയുള്ള ദേവസ്വം ബോർഡ് സർക്കാർ നിലപാട് അംഗീകരിക്കുന്നത് മനസ്സിലാകുന്നില്ല. ശബരിമലയുടെയും അതോടനുബന്ധിച്ചുള്ള ആയിരത്തി ഇരുനൂറിൽ പരം ക്ഷേത്രങ്ങളുടെയും ആചാര-അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ ദേവസ്വംബോർഡ് ഇങ്ങനെ നിലപാടെടുക്കാൻ പാടില്ലായിരുന്നു എന്നും എൻഎസ്എസ് കുറ്റപ്പെടുത്തുന്നു. ഭരണഘടന എല്ലാത്തിലും വലുത് തന്നെയാണ്. അനാചാരങ്ങൾ മാറ്റേണ്ടത് ആവശ്യമാണെന്നതും വിസ്മരിക്കുന്നില്ല. എന്നാൽ, മനുഷ്യന്റെ വിശ്വാസം സംരക്ഷിക്കാൻ ആവശ്യമായ ഭേദഗതികൾ കാലാകാലങ്ങളിൽ വരുത്തേണ്ടതും സർക്കാരുകളുടെ ചുമതലയാണ്. സംസ്ഥാനസർക്കാരും തിരുവിതാംകൂർ ദേവസ്വംബോർഡും പ്രശ്‌നത്തെ കുറച്ചുകൂടി അവധാനതയോടെ കൈകാര്യം ചെയ്ത് പരിഹാരം കാണാൻ ശ്രമിക്കണമെന്നും പ്രസ്താവനയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ക്ഷേത്ര സ്വത്തുക്കളുടെ കാര്യത്തിലും നിലപാട് വിശദീകരണം.

അതേസമയം സുകുമാരൻ നായർക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 70 കോടി രൂപയാണ് സംസ്ഥാന ഖജനാവിൽനിന്ന് ക്ഷേത്രങ്ങൾക്കായി നൽകിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രതിവർഷം നൽകുന്ന 80 ലക്ഷം രൂപയ്ക്കു പുറമെ ശബരിമല തീർത്ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉൾപ്പെടെ 35 കോടി രൂപയാണ് കഴിഞ്ഞവർഷം മാത്രം നൽകിയത്.

റോഡ് നിർമ്മാണം, ഗതാഗതസൗകര്യങ്ങൾ, ജലവിതരണം, ആരോഗ്യവകുപ്പിന്റെ പ്രവർത്തനം എന്നിവയ്ക്കും മറ്റുമായി അതത് വകുപ്പുകൾ മുടക്കുന്ന തുക ഇതിനും പുറമെയാണ്. ശബരിമല ഇടത്താവള സമുച്ചയ നിർമ്മാണത്തിനായി ഈവർഷം 150 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നടപ്പുവർഷം മാത്രം 210 കോടിയോളം രൂപയാണ് ശബരിമലയിലേത് ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി സംസ്ഥാന സർക്കാർ നേരിട്ട് ചെലവഴിക്കേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളുടെ ചെലവ് ഇതിനു പുറമെയാണ്. കൊച്ചിൻ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളിലെ കാവുകളും കുളങ്ങളും സംരക്ഷിക്കാൻ കഴിഞ്ഞ സാമ്പത്തികവർഷം ഒരു കോടി രൂപ നൽകി. മലബാർ ദേവസ്വം ബോർഡിന് ക്ഷേത്രങ്ങൾക്കുള്ള ഗ്രാന്റ് അടക്കം 33 കോടി രൂപയാണ് സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം നൽകിയത്. ദേവസ്വം ബോർഡുകൾക്കു കീഴിൽ വരാത്ത തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് പ്രതിവർഷം 20 ലക്ഷം രൂപ നൽകുന്നതിനൊപ്പം മിത്രാനന്ദപുരം കുളം നവീകരണത്തിന് ഒരു കോടി രൂപയും വിദഗ്ധസമിതി പ്രവർത്തനത്തിന് അഞ്ചു ലക്ഷം രൂപയും ചെലവഴിച്ചു. ശബരിമല ഉൾപ്പെടെ ഒരു ക്ഷേത്രത്തിൽനിന്നുള്ള പണവും സംസ്ഥാന സർക്കാർ എടുക്കുന്നില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കും ഇതെല്ലാം നന്നായി അറിയാമെങ്കിലും വിശ്വാസികളെ വർഗീയതയുടെ കൊടിക്കീഴിൽ കൊണ്ടുവരാനുള്ള നുണപ്രചാരണമാണ് അവർ തുടരുന്നതെന്നും മന്ത്രി വാർത്താ കുറിപ്പിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP