Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയ്യപ്പനെ വിഴുങ്ങുന്ന രാഷ്ട്രീയത്തിൽ നേട്ടം ആർക്കൊക്കെ? ഹിന്ദുക്കളെ വീതം വയ്ക്കാൻ ഒരുങ്ങി സിപിഎമ്മും ബിജെപിയും രംഗത്ത് എത്തുമ്പോൾ പട്ടട ഒരുങ്ങുന്നത് കോൺഗ്രസ് രാഷ്ട്രീയത്തിന്; 2021ലേക്ക് വിത്ത് വിതയ്ക്കുമ്പോൾ കൊയ്യാൻ എത്തുന്നത് സിപിഎം തന്നെ; ലോക്‌സഭയിലും നിയമസഭയിലും ഇടതു നേട്ടത്തിന് അയ്യപ്പൻ തന്നെ ശരണം

അയ്യപ്പനെ വിഴുങ്ങുന്ന രാഷ്ട്രീയത്തിൽ നേട്ടം ആർക്കൊക്കെ? ഹിന്ദുക്കളെ വീതം വയ്ക്കാൻ ഒരുങ്ങി സിപിഎമ്മും ബിജെപിയും രംഗത്ത് എത്തുമ്പോൾ പട്ടട ഒരുങ്ങുന്നത് കോൺഗ്രസ് രാഷ്ട്രീയത്തിന്; 2021ലേക്ക് വിത്ത് വിതയ്ക്കുമ്പോൾ കൊയ്യാൻ എത്തുന്നത് സിപിഎം തന്നെ; ലോക്‌സഭയിലും നിയമസഭയിലും ഇടതു നേട്ടത്തിന് അയ്യപ്പൻ തന്നെ ശരണം

കെ ആർ ഷൈജുമോൻ

ബരിമല യുവതി പ്രവേശനവുമായി തിളയ്ക്കുന്ന വിവാദങ്ങൾക്കു രാഷ്ട്രീയ ബന്ധമുണ്ടോ? കേരളം പിടിക്കാൻ മോദിയും അമിത് ഷായും ഒരുക്കിയ കെണിയെന്നു ഇതിനകം പ്രചാരം ശക്തി പ്രാപിച്ചപ്പോൾ തന്നെ അത് മനസിലാക്കാൻ ബോധമില്ലാത്തവരാണോ കേരളത്തിലെ സിപിഎം നേതാക്കൾ? പ്രത്യക്ഷത്തിൽ ശബരിമല വിവാദം വഴി ബിജെപി നേട്ടമെടുക്കും എന്ന് ശുദ്ധഗതിക്കാർ കരുതുമെങ്കിലും കുശാഗ്ര ബുദ്ധികളായ രാഷ്ട്രയക്കാർ ഒരു മുഴം മുന്നേ എറിയുന്ന കുരുക്കാണ് ശബരിമലയെന്നു തെളിയിക്കുക അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പും രണ്ടു വർഷം കഴിഞ്ഞെത്തുന്ന നിയമ സഭ തിരഞ്ഞെടുപ്പും തന്നെ ആയിരിക്കും.

ഈ രണ്ടു തിരഞ്ഞെടുപ്പുകളിൽ ഇടതു കക്ഷികൾ നേടുന്ന സീറ്റുകളായിരിക്കും സമീപകാല രാഷ്ട്രീയത്തിന് ശബരിമല നൽകിയ സംഭാവന എത്രയെന്നു തെളിയിക്കുക. തീർച്ചയായും സിപിഎമ്മിന് പിന്നിലായി രണ്ടാം നിരയിലേക്ക് ബിജെപി കൂടി ഇതോടെ എത്തിയാൽ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പട്ടട കൂടി കേരള ജനത കാണേണ്ടി വരും. അതിനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തങ്ങളുടെ ലക്ഷ്യത്തിനായി ഇവർ മൂന്നു കൂട്ടരും അക്ഷീണം ശ്രമിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സിപിഎമ്മും ബിജെപിയും തന്നെയാണ് കളത്തിൽ.

അരനൂറ്റാണ്ട് മുൻപ്, 1950 ൽ ശബരിമല ക്ഷേത്രം അക്രമികൾ തീയിട്ടു നശിപ്പിച്ചത് മുതൽ കാലാകാലങ്ങളായി ഈ ക്ഷേത്രം ഊഴമിട്ടു വിവാദങ്ങളിൽ എത്താറുണ്ടെങ്കിലും വളരെ കൃത്യമായ ഗെയിം പ്ലാനോടെ രാഷ്ട്രീയ നേട്ടത്തിനായി ശബരിമല ഉപയോഗപ്പെടുത്തുന്നത് ആദ്യമാണ്. അതിനാൽ ഈ കളിയിൽ ആർക്കും തോൽക്കാനും കഴിയില്ല. തോറ്റില്ലെങ്കിലും സമനില എങ്കിലും നേടണമെങ്കിൽ നന്നായി കളിച്ചേ മതിയാകൂ. അതിനാണ് കളിക്കാരെ തക്ക സമയത്തു ഇറക്കിയും കയറ്റിയും ബിജെപി തന്ത്രങ്ങൾ മെനയുന്നത്.

നല്ല കളിക്കാർ ഇല്ലാത്ത കോൺഗ്രസ് ആകട്ടെ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്താകുകയും ചെയ്യും. കളിയിലെ കേമന്മാരായ സിപിഎമ്മിന് ലോക്‌സഭാ എന്ന സെമി ഫൈനലും നിയമ സഭയിലേക്കുള്ള ഫൈനലും നല്ല മാർജിനിൽ ജയിച്ചു കയറണമാണെകിൽ ഇനി സാക്ഷാൽ സ്വാമി അയ്യപ്പൻ തന്നെയാണ് രക്ഷയെന്നു തെളിയിച്ചത് കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പുകളാണ്. ഇതിന്റെ സംരംശം ബോധ്യപ്പെടണമെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പു ഫലം ഒന്നോടിച്ചു നോക്കിയാൽ മാത്രം മതിയാകും.

സിപിഎം കൃത്യമായ മുന്നേറ്റം നടത്തിയ ഓരോ മണ്ഡലത്തിലും ബിജെപി സൃഷ്ടിച്ച മുന്നേറ്റമാണ് ഇനി ഹിന്ദു വോട്ടുകൾ വീതം വയ്ക്കാൻ ഉള്ള തന്ത്രം ഉണ്ടായേ പറ്റൂ എന്ന ചിന്ത സിപിഎം നേതൃത്വത്തിൽ രൂപമെടുക്കുന്നത്. അതിനുള്ള വഴി തേടിക്കൊണ്ടിരിക്കുമ്പോഴാണ് ഈശ്വര കടാക്ഷം പോലെ ശബരിമല വിധി എത്തുന്നത്. അഥവാ വിധി ഇത്തരത്തിൽ തന്നെ ആകണമെന്ന് സിപിഎം രചിച്ച തിരക്കഥയാണ് ഇപ്പോൾ രാഷ്ട്രീയ സാമൂഹിക ബോക്‌സ് ഓഫിസിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്നത്. മൂന്നു പേർ തുല്യ ശക്തിയോടെ കളിക്കുമ്പോൾ ജയം വീതം വച്ച് പോകാൻ ഉള്ള കണക്കിലെ സൂത്രവാക്യമായ മീൻ തിയറിയെ ആശ്രയിക്കാതെ നേരിട്ടുള്ള ഏറ്റുമുട്ടൽ ആണ് സിപിഎം ആഗ്രഹിക്കുന്നത്. അതിനു ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന് പറയുന്ന ചാവാലി കുതിരയായ കോൺഗ്രസിനെ അതിന്റെ വിധിക്കു വിടുകയാണ് കേരളത്തിലെ ഇടതു രാഷ്ട്രീയം.

നേരിട്ട് ഏറ്റുമുട്ടുമ്പോൾ ഒരു ബദൽ ഉയർന്നു വരേണ്ടത് അതിനാൽ തന്നെ സിപിഎമ്മിന്റെ നിലനിൽപിന് ആവശ്യവുമാണ്. എന്നാൽ ഇതൊക്കെ സംഭവിക്കുമോ എന്ന് ആശങ്കപ്പെടും മുൻപേ ഉറപ്പിക്കാം, ഇതൊക്കെയാണ് പച്ചയായ അധികാര രാഷ്ട്രീയം. അഥവാ അധികാര രാഷ്ട്രീയത്തിനായി എന്ത് നെറികേടും കാണിക്കാം, ഏതു അയ്യപ്പനെയും വഴിയിലേക്കു വലിച്ചിടാം, ഏതു വിശ്വാസിയെയും കൊലയ്ക്കു കൊടുക്കാം. കേരളത്തിൽ കഴിഞ്ഞ നിയമ സഭ തെരെഞ്ഞുപിൽ ഇരുപതോളം സീറ്റുകളിൽ ബിജെപി സഖ്യം രണ്ടാം സ്ഥാനത്തോ രണ്ടാം സ്ഥാനം പിടിക്കാൻ കഴിയും വിധം മൂന്നാമതോ നിലയുറപ്പിച്ചതാണ് കൈവിട്ട കളിക്ക് സിപിഎമ്മിനെ പ്രേരിപ്പിച്ചത്.

ഈ നിലയ്ക്ക് മുന്നോട്ടു പോയാൽ സിപിഎമ്മിനെ സംബന്ധിച്ച് സുസ്ഥിര ഭാവി എന്നത് സുനിശ്ചിതം അല്ലെന്ന തിരിച്ചറിവും പാർട്ടി നേതൃത്വം തിരിച്ചറിയുകയാണ്. കോൺഗ്രസുമായുള്ള വച്ചുമാറ്റ അധികാരക്കളി അധികകാലം നിലനിൽക്കില്ലെന്നും രാഷ്ട്രീയ കളികളിൽ മാറ്റം വരുത്താൻ സമയമായി എന്ന തിരിച്ചറിവുമാണ് ഹിന്ദു വോട്ടുകൾ ചിതറിപ്പിക്കുക എന്ന ചിന്തയിലേക്ക് സിപിഎമ്മിനെ നയിച്ചത്. മറ്റു സമുദായങ്ങളുടെ വോട്ടു അധികമായി ബിജെപിക്ക് നേടാൻ കഴിയില്ല എന്നതും ഹിന്ദുക്കളെ തമ്മിലടിപ്പിക്കാനും ചേരി തിരിക്കാനും കൂടുതൽ അസംഘടിതരാക്കാനും ശബരിമല ആയുധമാക്കി മാറ്റുവാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ഇതിൽ ഇടതു സംഘടനകൾ ഒറ്റക്കെട്ടാണ് എന്നതും ഇടതു സംഘടനകളുടെ നിലപാടുകൾ തെളിയിക്കുന്നു. ഇത് നിലനിൽപ്പിന്റെ കളിയാണ് എന്ന സന്ദേശം ഇടതുപാളയത്തിൽ വ്യക്തമാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തികാട്ടിയ നേമം, മഞ്ചേശ്വരം, കാസർഗോഡ്, മലമ്പുഴ, പാലക്കാട്, തൊടുപുഴ, ചെങ്ങന്നൂർ, ചാത്തന്നൂർ, ആറ്റിങ്ങൽ, കഴക്കൂട്ടം, വട്ടിയൂർക്കാവ്, പുതുക്കാട്, കൈപ്പമംഗലം, കോഴിക്കോട് നോർത്ത്, വൈക്കം എന്നിവിടങ്ങൾ കൂടാതെ തൃശൂർ, പാലക്കാട്, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ ഇതിലധികം സീറ്റുകളിൽ ബിജെപി നിർണ്ണായക ശക്തി ആയി മാറിയതും സിപിഎമ്മിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ച ഘടകമാണ്. ചുരുങ്ങിയത് ഇത്രയും സീറ്റുകളിൽ എങ്കിലും കോൺഗ്രസ് വെറും മൂന്നാം ശക്തി ആയി ഒതുങ്ങണം എന്നാണ് സിപിഎം ആഗ്രഹിക്കുന്നത്.

ഈ കണക്കിൽ ഏകദേശം അൻപതോളം മണ്ഡലങ്ങൾ ആണുള്ളത്. ഇതോടെ ഏറെക്കുറെ 90 സീറ്റുകളിൽ വ്യക്തമായ മേധാവിത്വം പുലർത്താൻ സിപിഎമ്മിന് കഴിയും. ബിജെപി പരമാവധി പത്തു മണ്ഡലങ്ങൾ സ്വന്തമാക്കിയാൽ പോലും യുഡിഎഫ് സീറ്റുകൾ മുപ്പതിനും നാൽപ്പതിനും ഇടയിലാക്കി നിർത്തുക എന്നതാണ് സിപിഎം തന്ത്രം. ഭാവിയിൽ യുഡിഎഫ് കൂടുതൽ ദുർബലമാകാനും സിപിഎം കൂടുതൽ കരുത്തു കാട്ടാനും വഴി ഒരുക്കുന്ന ശക്തമായ സമവാക്യമായി ഇത് മാറും. അണികളെ ആവേശം കൊള്ളിക്കാനും ഇടയ്ക്കിടെ ചോര മണക്കുന്ന കളികൾ നടത്താനും ബിജെപി നേർക്ക് നേർ ഏറ്റുമുട്ടൽ ശക്തിയായി വളരുന്നതാണ് സിപിഎം മനസ്സിൽ ആഗ്രഹിക്കുന്നത്. ഈ കളിയിൽ കോൺഗ്രസുകാർക്കു കാഴ്ചക്കാരുടെ റോൾ പോലും ഇല്ലെന്നതാണ് സത്യം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിർഭാഗ്യത്തിന് സീറ്റ് കൈവിട്ട മഞ്ചേശ്വരം ബിജെപിക്ക് വേണ്ടി വന്നാൽ അടുത്ത വട്ടം ഉറപ്പുള്ള സീറ്റുകളിൽ ഒന്നാണ്. കാസർഗോഡ് ആകട്ടെ ഇടതു കക്ഷി ഐഎൻഎൽസിനെ 35000 വോട്ടുകൾക്ക് പിന്തള്ളിയാണ് ബിജെപി രണ്ടാം സ്ഥാനം ഉറപ്പിച്ചത്. യുഡിഎഫ് 64727 വോട്ടു പിടിച്ച ഇവിടെ ഇടതു സ്ഥാനാർത്ഥിക്കു കിട്ടിയത് വെറും 21000 വോട്ടുകൾ. എന്നാൽ ബിജെപി 56000 വോട്ടു നേടിയാണ് ജയിക്കാനുള്ള തീക്ഷണത കാട്ടിയത്. ഇടതു പാർട്ടികളെ ഞെട്ടിച്ച മുന്നേറ്റമാണ് വിപ്ലവ നായകൻ സാക്ഷാൽ വി എസ് മത്സരിച്ച മലമ്പുഴയിൽ ബിജെപി നടത്തിയ മുന്നേറ്റം. ഇവിടെ കോൺഗ്രസ്സും ബിജെപിയും തമ്മിലുള്ള വ്യത്യാസം നേർത്തത് മാത്രമല്ല കോൺഗ്രസ് സ്ഥാനാർത്ഥി വി എസ് ജോയിയെ മൂന്നാമനാക്കി ബിജെപിയുടെ കൃഷ്ണകുമാർ രണ്ടാം സ്ഥാനം പിടിക്കുകയും ചെയ്തു. തൊട്ടടുത്ത പാലക്കാടും ഇതുതന്നെ സംഭവിച്ചു. സിപിഎമ്മിന് ആശ്വാസമായി പറയാനുള്ളത് ബിജെപിയുടെ സ്റ്റാർ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ആയിരുന്നു എന്നതാണ്. പക്ഷെ കോൺഗ്രസിലെ ഷാഫി ജയിച്ച ഇവിടെ സിപിഎം മൂന്നാം സ്ഥാനത്തേക്ക് വലിച്ചെറിയപ്പെട്ടതു ഒരു സൂചനയായി പാർട്ടി കരുതുന്നു.

ബിജെപി വേരോട്ടത്തിനു ശക്തമായ സാന്നിധ്യം ഒന്നും പറയാനില്ലാത്ത തൊടുപുഴ പോലുള്ള മണ്ഡലങ്ങൾ ഇനി ശ്രദ്ധിച്ചില്ലെങ്കിൽ എന്ത് സംഭാവികം എന്ന നിലയിലേക്ക് മാറുകയാണ്. തന്റെ വ്യക്തി പ്രഭാവത്തിൽ പി ജെ ജോസഫ് 45000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിലും ബിജെപി സഖ്യ സ്ഥാനാർത്ഥിയും ഇടതു സ്ഥാനാർത്ഥിയും തമ്മിൽ ഇവിടെ ഉള്ള വ്യത്യസം വെറും രണ്ടായിരം വോട്ടുകളാണ്. ഇത്തവണ ശബരിമല വിവാദത്തിൽ ആരുടേയും ആഹ്വനം ഇല്ലാതെ ആദ്യം സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം കോടിയാണ് തൊടുപുഴ. ഇതിൽ നിന്നും രാഷ്ട്രീയ കേരളത്തിന്റെ ചിന്തകൾ ഏറെ മാറിക്കഴിഞ്ഞു എന്ന സൂചന കൂടിയാണ് ലഭിക്കുന്നത്. ബിജെപി ആരുടേയും സഹായം ഇല്ലാതെ വളരുന്ന മറ്റൊരു മണ്ഡലമാണ് തൃശ്ശൂരിലെ പുതുക്കാട്. രണ്ടു പതിറ്റാണ്ട് കോൺഗ്രസിലെ കെ പി വിശ്വനാഥൻ തറവാട്ട് സ്വത്തു പോലെ കൈകാര്യം ചെയ്ത മണ്ഡലം സാവകാശം സിപിഎം കൈപിടിൽ ഒതുക്കിയത് സൗമ്യനായ ഇപ്പോഴത്തെ വിദ്യാഭ്യസ മന്ത്രി രവീന്ദ്ര നാഥിലൂടെയാണ്. മാഷെ എന്ന നാട്ടുകാരുടെ വിളിയിൽ സിപിഎം 38000 വോട്ടു ഭൂരിപക്ഷം നേടിയെങ്കിലും ബിജെപിയും കോൺഗ്രസും തമ്മിൽ ഉള്ള വ്യത്യസം വെറും അയ്യായിരം ആയി ചുരുങ്ങി.

തൊട്ടടുത്ത കൈപമംഗലത്തും വ്യത്യസ്തമല്ല കാര്യങ്ങൾ. ഇടതു കക്ഷി സിപിഐ 33000 വോട്ടു ഭൂരിപക്ഷം നേടിയപ്പോൾ ബിജെപിയും യുഡിഎഫും തമ്മിൽ വ്യത്യാസം വെറും മൂവ്വായിരമായി. കോഴിക്കോട് നോർത്തിൽ വന്നാലും ഇതാണ് സ്ഥിതി. മികച്ച ഇടതു സംഘാടകൻ കൂടിയായ എ പ്രദീപ് കുമാർ 27000 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോൾ ബിജെപിയും കോൺഗ്രസും തമ്മിലുള്ള അകലം ആറായിരമായി ഒതുങ്ങി. നല്ല ഇടതു പാരമ്പര്യമുള്ള വൈക്കത്തും വ്യത്യസ്തമല്ല സ്ഥിതി. സിപിഐയുടെ ആശാ 24000 വോട്ടു ഭൂരിപക്ഷം നേടിയപ്പോൾ ബിജെപി കോൺഗ്രസ് വ്യത്യസാം വെറും ഏഴായിരം വോട്ടാണ്. ഇതിനർത്ഥം ബിജെപി വളർന്നിടത്തെല്ലാം സിപിഎം നേടുന്ന മഹാഭൂരിപക്ഷം കൂടുതൽ മണ്ഡലങ്ങളിൽ സിപിഎം ആഗ്രഹിക്കുന്നു. കോൺഗ്രസ്സ് ക്ഷീണിക്കുന്നിടത്തു ബിജെപി നടത്തുന്ന മുന്നേറ്റമാണ് ഇപ്പോൾ സിപിഎമ്മിനെ ആവേശം കൊള്ളിക്കുന്നത്.

തെക്കൻ ജില്ലകളിൽ ഭാവിയിൽ ബിജെപി നിർണ്ണായകമായി മാറും എന്നും സിപിഎമ്മിനറിയാം. ചെങ്ങന്നൂരിൽ രാമചന്ദ്രൻ നായർ ജയിച്ചെങ്കിലും ഇപ്പോഴത്തെ ബിജെപി പ്രസിഡന്റ് ശ്രീധരൻപിള്ള പ്രചാരണ രംഗത്ത് ഇരു കക്ഷികളെയും വെള്ളം കുടിപ്പിച്ചിരുന്നു. വെറും രണ്ടായിരം വോട്ടിന്റെ വ്യത്യസ്തമാണ് 2016 ൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഉണ്ടായത്. ഇയ്യിടെ ഉപതിരഞ്ഞെടുപ്പിൽ സിപിഎം ശക്തി കാട്ടിയതു 20000 വോട്ടു കൂടുതൽ നേടിയ പ്പോഴും ബിജെപി കരുത്തു കാട്ടിയ കാരണം കോൺഗ്രസിന് വെറും 2000 വോട്ടറാണ് അധികമായി ബാലറ്റിൽ എത്തിയത്. ബിജെപി കരുത്തു കാട്ടുന്നിടത്തു കോൺഗ്രസ് എത്ര ശ്രമിച്ചാലും മുന്നേറാൻ കഴിയുന്നില്ല എന്നതാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പാഠം.

കഴിഞ്ഞ നിയമസഭയിൽ സിപിഐ സ്ഥാനാർത്ഥി 34000 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ചാത്തനൂരിലും ബിജെപിയാണ് രണ്ടാമതായി ഫീൽഡ് ചെയ്തത്. കോൺഗ്രസ് സീറ്റ് കുത്തക അവകാശം പോലെ കരുതുന്ന ശൂരനാട് രാജശേഖരനെ പോലെ വാല് കൊഴിഞ്ഞ സിംഹങ്ങൾ ബിജെപി മുന്നേറ്റത്തിന് സഹായകമായി മാറിയിരിക്കാമെങ്കിലും അത്ര ശക്തനല്ലാത്ത സ്ഥാനാർത്ഥി ആയിട്ടും രണ്ടാമതെത്താൻ അവർക്കു കഴിഞ്ഞു എന്നതാണ് ശ്രദ്ധ നേടുന്നത്. ഇതേ കാഴ്ചയാണ് ആറ്റിങ്ങലിലും ലഭിക്കുന്നത്. സിപിഎമ്മിലെ ബി സത്യൻ 40000 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോൾ ബിജെപിയും യുഡിഎഫും തമ്മിൽ ഉള്ള വത്യസം വെറും 4800 ൽ ഒതുങ്ങി.

കഴക്കൂട്ടത്ത് കടകംപള്ളി ജയിച്ചെങ്കിലും ബിജെപി സ്റ്റാർ ലീഡർ മുരളീധരൻ രണ്ടാം സ്ഥാനം പിടിച്ചത് കോൺഗ്രസിലെ ഏറെകാലം എംഎൽഎ ആയിരുന്ന വാഹിദിനെക്കാൾ ഏറെ വോട്ടുകൾ അധികം നേടിയാണ്. വട്ടിയൂർക്കാവിൽ കുമ്മനത്തെ നേരിട്ടപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പോയ വിപ്ലവ വീര്യം ടി എൻ സീമയ്ക്കു 3200 വോട്ടിന്റെ കുറവും കൂടെയുണ്ടായി. കെ മുരളീധരന്റെ വിജയം വെറും ഏഴായിരം വോട്ടിനായിരുന്നു എന്നതും കാണാതെ പോകരുത്. നേമത്തു ബിജെപിയിലെ ഒ രാജഗോപാൽ വിജയിച്ചപ്പോൾ യുഡിഎഫ് വോട്ടുകൾ ഏതു വഴി പോയി എന്നത് ഏറെ ചർച്ചകൾക്കും അന്ന് ഇടയാക്കിയിരുന്നു. എണ്ണായിരം വോട്ടിന്റെ കുറവോടെ സിപിഎമ്മിലെ ശിവൻകുട്ടി മാനം രക്ഷിച്ചു രണ്ടാം സ്ഥാനത്തു നിന്നെങ്കിലും മൂന്നാമതായിപ്പോയ യുഡിഎഫിലെ സുരേന്ദ്രൻപിള്ളക്കു രണ്ടും മൂന്നും സ്ഥാനങ്ങൾ തമ്മിലുള്ള അന്തരം 45000 വോട്ടുകൾ ആണെന്നു കണ്ടു തീർച്ചയായും ബോധം കെട്ടിരിക്കണം.

ഈ കണക്കുകളിൽ വരാത്ത രണ്ടു ഡസനിലേറെ മണ്ഡലങ്ങളാണ് അഞ്ചു ജില്ലകളിലായി ബിജെപിക്കു കൂടുതൽ പ്രതീക്ഷയും യുഡിഎഫിന് ഞെട്ടലും സമ്മാനിക്കുന്നത്. അടുത്ത നിയമ സഭയിൽ കൂടുതൽ ഊർജത്തോടെ ബിജെപി സഖ്യം രംഗത്ത് വരികയും കോൺഗ്രസ് വീണ്ടും ക്ഷീണിക്കുകയും ചെയ്തതാൽ തീർച്ചയായും ഗുണം സിപിഎമ്മിന് തന്നെയാണ്. ബിജെപിക്ക് ഇടതു വലതു കക്ഷികളോട് മത്സരിച്ചു ജയിച്ചു കയറാൻ സാധികാത്ത നിലയിൽ രണ്ടാം സ്ഥാനത്തിന് അവസരം നൽകി, മൃഗീയ ഭൂരിപക്ഷത്തോടെ ജയിച്ചു കയറുക എന്ന തന്ത്രമാണ് ഇനി സിപിഎം നടപ്പാക്കുക. അതിനു അയ്യപ്പൻ ഒരു കാരണമായി മാറിയതിൽ ഉള്ളാലെ ഉള്ള സന്തോഷമാണ് സിപിഎം ഇപ്പോൾ ബിജെപിയെ എതിർക്കുന്നു എന്ന നാട്യത്തിൽ പ്രകടിപ്പിക്കുന്നത്. ചുരുക്കത്തിൽ കോടതി വിധി മാനിക്കുന്നു എന്ന മട്ടിൽ പരമാവധി പ്രകോപനം സൃഷ്ടിച്ചു ബിജെപിക്ക് ഹിന്ദു മുന്നേറ്റത്തിനുള്ള വഴി ഒരുക്കലാണ് പിണറായി ടീമിന്റെ ഗെയിം പ്ലാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP