Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കുമെന്ന് തന്ത്രി രാജീവര്; അനുനയ ശ്രമങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന പന്തളം രാജകുടുംബം ചർച്ചയിൽ പങ്കെടുക്കുന്നതിന് ഉപാധിവെച്ചു; യോഗക്ഷേമ സഭ ഒഴികെയുള്ള ഹിന്ദു സംഘടനകളെ യോഗത്തിലേക്ക് വിളിച്ചില്ലെന്നും പരാതി

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കുമെന്ന് തന്ത്രി രാജീവര്; അനുനയ ശ്രമങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന പന്തളം രാജകുടുംബം ചർച്ചയിൽ പങ്കെടുക്കുന്നതിന് ഉപാധിവെച്ചു; യോഗക്ഷേമ സഭ ഒഴികെയുള്ള ഹിന്ദു സംഘടനകളെ യോഗത്തിലേക്ക് വിളിച്ചില്ലെന്നും പരാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്ന കാര്യത്തിൽ കോടതി വിധി നടപ്പിലാക്കുന്നതിന് മുന്നോടിയായി ദേവസ്വം ബോർഡ് വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി തന്ത്രികുടുംബം കണ്ഠരര് രാജീവര്. അതേസമയം നിലപാടുകളിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് ദേവസ്വം ബോർഡ് തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ഓഫിസിൽ ചർച്ച വിളിച്ചിരിക്കുന്നത്. പന്തളത്തെ മുൻരാജകുടുംബം, തന്ത്രി കുടുംബം, അയ്യപ്പ സേവാ സംഘം എന്നിവരുമായാണ് ചർച്ച.

അതിനിടെ ശബരിമല യുവതീ പ്രവേശന വിഷയത്തിലെ അനുനയ ശ്രമങ്ങൾക്കു തിരിച്ചടിയായി പന്തളം കൊട്ടാരത്തിന്റെ നിലപാട്. ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കുന്നതിന് പന്തളം കൊട്ടാരം പ്രതിനിധികൾ ഉപാധിവച്ചു. യുവതീ പ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലാണു ചർച്ചയെങ്കിൽ പങ്കെടുക്കില്ല. പക്ഷേ മണ്ഡലമകരവിളക്ക് ഒരുക്കത്തെക്കുറിച്ചാണു ചർച്ചയെങ്കിൽ പരിഗണിക്കുമെന്നും പ്രതിനിധികൾ അറിയിച്ചു.

അതേസമയം യോഗക്ഷേമസഭയെ മാത്രം യോഗത്തിലെക്ക് വിളിച്ചതും വിവാദത്തിന് വഴിവെച്ചു. ദേവസ്വം ബോർഡ് വിളിച്ചുചേർത്ത ചർച്ചയിൽ ജാതി വിവേചനമുണ്ടെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ബ്രാഹ്മണസഭയെ പ്രതിനിധീകരിക്കുന്ന യോഗക്ഷേമ സഭയെ മാത്രമാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നതെന്നും മറ്റ് ഹിന്ദു സംഘടനകളെ വിളിച്ചിട്ടില്ലെന്നുമാണ് പരാതി. ശബരിമലയുമായി നേരിട്ട് ബന്ധമുള്ള മലയരയ വിഭാഗത്തെപ്പോലും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. പുലയമഹാസഭ, എസ്എൻഡിപി, എൻഎസ്എസ് തുടങ്ങിയ സംഘടനകളെയൊന്നും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. ഇക്കാര്യം ഈ സംഘടനകളുടെ നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്.

ശബരിമല ആചാരങ്ങളുമായി നൂറ്റാണ്ടുകളായി ബന്ധപ്പെട്ടു കിടക്കുന്ന സംഘടനയാണ് തങ്ങളെന്നും എന്നാൽ ഇതുവരെ ദേവസ്വം ബോർഡ് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് മലയരയ സംഘടനയുടെ നേതാവായ സജീവൻ പറഞ്ഞത്. ഇന്നലെയാണ് ഇതിനുവേണ്ടി സംഘടനകളെ ക്ഷണിച്ചത്. ചർച്ചയ്ക്കു ക്ഷണിച്ചുള്ള ദേവസ്വം ബോർഡിന്റെ സന്ദേശം വൈകുന്നേരം അഞ്ചുമണിയോടെ തങ്ങൾക്കു ലഭിച്ചെന്നാണ് യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് വൈക്കം പി.എൻ നമ്പൂതിരി വ്യക്തമാക്കിയത്.

അവർ ഞങ്ങളെ ക്ഷണിച്ചു, ഞങ്ങൾ പങ്കെടുക്കുന്നു. മറ്റേതെങ്കിലും സംഘടനയെ ക്ഷണിച്ചോയെന്ന് അന്വേഷിച്ചില്ല. വൈക്കം പി.എൻ നമ്പൂതിരി, യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് പതിനേഴാം തീയതി തുലാമാസ പൂജയ്ക്കായി ശബരിമല നട തുറക്കാനിരിക്കെയാണ് ചൊവ്വാഴ്ച സമവായ ചർച്ചയ്ക്ക് ദേവസ്വം ഒരുങ്ങുന്നത്. മുമ്പ് മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടും പന്തളത്തെ മുൻരാജകുടുംബവും തന്ത്രി കുടുംബവും തയ്യാറായിരുന്നില്ല. നാമജപയാത്ര, ബിജെപി ലോങ് മാർച്ച്, നിലയ്ക്കലിൽ കുടിൽകെട്ടി സമരം തുടങ്ങിയവ തുടരുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു ചർച്ചയ്ക്ക് ദേവസ്വം തയ്യാറാകുന്നത്.

അതിനിടെ ശബരിമല യുവതീ പ്രവേശന വിവാദത്തിൽ സൂക്ഷിച്ചു നിലപാടുകൾ കൈക്കൊള്ളാനാണു സർക്കാരിനു സിപിഎം നൽകിയ നിർദ്ദേശം. വിശ്വാസികളെ പാർട്ടിക്കും സർക്കാരിനുമെതിരാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സമയമെടുത്തും ക്ഷമാപൂർവം തെറ്റിദ്ധാരണകൾ ഇല്ലാതാക്കിയും മുന്നോട്ടുപോകണമെന്നും സിപിഎം സർക്കാരിന് ഉപദേശം നൽകി. ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് വിളിച്ച സമവായ ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. മുഖ്യമന്ത്രി മീശ പിരിച്ചപ്പോൾ നിലപാട് മാറ്റിയ ആളാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. അതുകൊണ്ട് പ്രസിഡന്റിന്റെ പ്രവർത്തികളിൽ മതിപ്പില്ല. ദേവസ്വം ബോർഡ് പ്രസിഡന്റിനോട് പരാമപുച്ഛമാണെന്നും പത്മകുമാർ രാജിവെക്കണമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP