Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിവാർ പ്രസ്ഥാനങ്ങൾ അകറ്റി നിർത്തി സമവായത്തിന് സർക്കാർ നീക്കം; സ്ത്രീ പ്രവേശന ഉത്തരവ് ഉടൻ നടപ്പാക്കാതിരിക്കാൻ കോടതിയെ സമീപിക്കാൻ സർക്കാരും തയ്യാർ; പുനപരിശോധനാ ഹർജിയിലെ തീരുമാനം വരെ കാത്തിരിക്കാൻ സാവകാശമുണ്ടെന്ന നിയമോപദേശം ഉയർത്തി പിണറായി സർക്കാർ സമവായത്തിന്; പന്തളം കൊട്ടാരവും തന്ത്രികുടുംബവുമായി ദേവസ്വം ബോർഡ് നടത്തുന്ന ചർച്ച നിർണ്ണായമാകും; തുലാമാസത്തിൽ സ്ത്രീകൾക്കായി പ്രത്യേക സംവിധാനവും ഒരുക്കില്ല; ശബരിമലയിൽ സർക്കാർ വിട്ടുവീഴ്ചയ്ക്ക്

പരിവാർ പ്രസ്ഥാനങ്ങൾ അകറ്റി നിർത്തി സമവായത്തിന് സർക്കാർ നീക്കം; സ്ത്രീ പ്രവേശന ഉത്തരവ് ഉടൻ നടപ്പാക്കാതിരിക്കാൻ കോടതിയെ സമീപിക്കാൻ സർക്കാരും തയ്യാർ; പുനപരിശോധനാ ഹർജിയിലെ തീരുമാനം വരെ കാത്തിരിക്കാൻ സാവകാശമുണ്ടെന്ന നിയമോപദേശം ഉയർത്തി പിണറായി സർക്കാർ സമവായത്തിന്; പന്തളം കൊട്ടാരവും തന്ത്രികുടുംബവുമായി ദേവസ്വം ബോർഡ് നടത്തുന്ന ചർച്ച നിർണ്ണായമാകും; തുലാമാസത്തിൽ സ്ത്രീകൾക്കായി പ്രത്യേക സംവിധാനവും ഒരുക്കില്ല; ശബരിമലയിൽ സർക്കാർ വിട്ടുവീഴ്ചയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശ വിഷയത്തിൽ സർക്കാരും ദേവസ്വംബോർഡും നിലപാടിൽ അയവുവരുത്തുന്നു. സുപ്രീംകോടതി വിധിക്കും അത് നടപ്പാക്കാനിറങ്ങിയ സർക്കാരിനുമെതിരേ രോഷം ശക്തമായതോടെയാണ് പുതി നീക്കം. വിധി നടപ്പാക്കാൻ സാവകാശം തേടാമെന്ന നിയമോപദേശം സർക്കാരിനു മുന്നിലുണ്ട്. സാവകാശം തേടാനുള്ള ആലോചനയും ദേവസ്വംബോർഡിന്റെ അനുരഞ്ജന നീക്കങ്ങളും പന്തളം രാജകുടുംബത്തേയും ശബരിമല തന്ത്രികുടുംബത്തേയും സർക്കാർ അറിയിക്കും. അതിനിടെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്ന് തന്ത്രി കണ്ഠര് രാജീവര് അറിയിച്ചു.. പ്രശ്നത്തിൽ നേരത്തെ സ്വീകരിച്ച നിലപാടിൽ മാറ്റമില്ല. എന്നാൽ, ദേവസ്വം ബോർഡ് വിളിച്ച യോഗത്തിൽ പങ്കെടുക്കാതിരിക്കാനാവില്ലെന്നും തന്ത്രി അറിയിച്ചു.

ഭക്തരുടെ പ്രക്ഷോഭം കാണുന്നില്ലേ? അവരെല്ലാം അയ്യപ്പനൊപ്പമാണ്. അവരുടെ വിശ്വാസം സംരക്ഷിക്കുന്നതിനാണ് നിലകൊള്ളുന്നത്. നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും കണ്ഠര് രാജീവര് പറഞ്ഞു. ഭക്തരുടെ പ്രതിഷേധം കനക്കുന്നതിനിടെയാണ് വീണ്ടും സമവായത്തിനൊരുങ്ങി സർക്കാരും ദേവസ്വംബോർഡും രംഗത്തെത്തിയിട്ടുള്ളത്. തന്ത്രികുടുംബം, അയ്യപ്പസേവാസംഘം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്താനാണ് ദേവസ്വം ബോർഡിന്റെ നീക്കം. സംഘപരിവാർ സംഘടനകളെ യോഗത്തിൽ നിന്ന് മാറ്റി നിർത്തും. സർവ്വകക്ഷി യോഗവും ഒഴിവാക്കും. ബിജെപിയെ ചർച്ചയ്ക്ക് ക്ഷണിക്കണമെന്നതിനാലാണ് ഇത്.

16 ന് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് യോഗം. തന്ത്രികുടുംബം അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് മറുപടി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് യോഗത്തിൽ പങ്കെടുക്കുമെന്ന് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കിയത്. ദേവസ്വം ബോർഡ് ചർച്ചയ്ക്ക് വിളിച്ചാൽ കൂടിയാലോചനയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് തന്ത്രി കുടുംബാംഗം കണ്ഠര് മോഹനരും പ്രതികരിച്ചിരുന്നു. ഈ യോഗത്തിൽ പങ്കെടുക്കുന്നതിനെ എൻ എസ് എസും അനുകൂലിക്കുമെന്നാണ് സൂചന. ദിവസങ്ങൾക്കുമുമ്പ് ശബരിമല തന്ത്രിമാരുമായി മുഖ്യമന്ത്രി മുൻകൈയെടുത്ത ചർച്ച നടക്കാതെപോയത് മുൻവിധിയോടെ സർക്കാർ സമീപിച്ചതിനാലാണെന്ന് കുറ്റപ്പെടുത്തലുണ്ടായിരുന്നു. ചൊവ്വാഴ്ചത്തെ ചർച്ച തുറന്ന മനസ്സോടെയാണെന്നും ശബരിമലയെ രാഷ്ട്രീയപ്രശ്‌നമായി കരുതുന്നില്ലെന്നും ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞിട്ടുണ്ട്.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ ആചാരണങ്ങളും വിശ്വാസങ്ങളും കണക്കിലെടുത്തിട്ടില്ല. ക്ഷേത്രത്തിന്റെ ആചാര അനുഷ്ടാനങ്ങളിൽ അന്തിമ തീരുമാനങ്ങളെടുക്കാനുള്ള അവകാശം തന്ത്രി കുടുംബത്തിനാണ്. വിഗ്രഹാരാധന ഹിന്ദുമതത്തിൽ അനിവാര്യമാണ്. വിഗ്രഹത്തിന് അവകാശമുണ്ട്. ഭരണഘടനയുടെ 25(1) അനുഛേദപ്രകാരം വിഗ്രഹത്തിനുള്ള അവകാശം സുപ്രീംകോടതി കണക്കിലെടുത്തില്ലെന്നും തന്ത്രി കുടുംബം പറയുന്നു. സുപ്രീംകോടതി വിധിക്കെതിരെ നേരത്തെ എൻഎസ്എസും പന്തളം കൊട്ടാരവും പുനഃപരിശോധന ഹർജി നൽകിയിരുന്നു. അതേ സമയം ഈ മാസം 28 ന് ശേഷം മാത്രമെ ഹർജികൾ സുപ്രീംകോടതി പരിഗണിക്കുകയുള്ളൂ. അടിയന്തരമായി പരിഗമിക്കണമെന്ന ഇവരുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാൻ സർക്കാർ മറ്റ് മാർഗ്ഗങ്ങൾ തേടുന്നത്.

സംഘപരിവാർ സംഘടനകളെ പൂർണമായി ഒഴിവാക്കി ക്ഷേത്രവുമായി ബന്ധപ്പെട്ടവരെമാത്രമാണ് ചർച്ചയ്ക്കു വിളിച്ചിരിക്കുന്നത്. തന്ത്രിമാരുമായും പന്തളം കൊട്ടാരവുമായും സമരത്തിൽ കൈകോർത്തുനിൽക്കുന്ന എൻ.എസ്.എസിന്റെ മനസ്സ് മാറ്റാനും നീക്കങ്ങൾ നടത്തും.. അതേസമയം, വിധി നടപ്പാക്കുകയെന്ന ഉത്തരവാദിത്വത്തിൽനിന്ന് സർക്കാരിന് ഒഴിയാനാവില്ലെന്നും ബോധ്യപ്പെടുത്തും. ചർച്ചകൊണ്ട് പരിഹാരമാകില്ലെന്നാണ് ബിജെപി. അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പ്രതികരിച്ചത്. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻഡിഎ പന്തളത്തു നിന്നു തുടങ്ങിയ ശബരിമല സംരക്ഷണ യാത്ര ഇന്നു തലസ്ഥാനത്തു സമാപിക്കും. ഇന്നലെ മാർച്ച് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചു. ഇന്നു 10.30ന് പട്ടത്തു നിന്നു തുടങ്ങുന്ന യാത്രയിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവും കർണാടകത്തിലെ 6 എംഎൽഎമാരും എൻഡിഎ സംസ്ഥാന നേതാക്കളും പങ്കെടുക്കും.

സെക്രട്ടേറിയറ്റിനു മുന്നിലാണ് സമാപനം. യാത്രയ്ക്കു തുടർച്ചയായി മറ്റന്നാൾ പത്തനംതിട്ടയിൽ ബിജെപിയുടെ നേതൃത്വത്തിൽ വിശ്വാസി സംഗമവും സംഘടിപ്പിക്കും.

പ്രതീക്ഷയോടെ പന്തളം കൊട്ടാരവും

ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ, അവസാനനിമിഷം സമവായത്തിനു മുൻകൈയെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്. താഴമൺ തന്ത്രികുടുംബം, പന്തളംകൊട്ടാരം, അയ്യപ്പസേവാസംഘം, തന്ത്രിസമാജം, അയ്യപ്പസേവാസമാജം, യോഗക്ഷേമസഭ പ്രതിനിധികളെ ചർച്ചയ്ക്കു വിളിച്ചാണു ബോർഡിന്റെ സമവായനീക്കം. നേരത്തേ, മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽനിന്നു തന്ത്രികുടുംബം പിന്മാറിയിരുന്നു.
നാളെ രാവിലെ 10-നു നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്താണു ചർച്ച.

ചർച്ചയിൽ പങ്കെടുക്കുമോയെന്നു പന്തളം കൊട്ടാരം വ്യക്തമാക്കിയിട്ടില്ല. തന്ത്രികുടുംബവുമായും കൊട്ടാരവുമായി സഹകരിക്കുന്ന സംഘടനകളുമായും കൂടിയാലോചിച്ചശേഷം ഇന്നു മറുപടി നൽകാനാണു കൊട്ടാരം ഭരണസമിതിയുടെ തീരുമാനം. വിശ്വാസം സംരക്ഷിക്കാൻ ഉതകുന്ന തീരുമാനമാണു ദേവസ്വം ബോർഡിൽനിന്നു പ്രതീക്ഷിക്കുന്നതെന്നു കൊട്ടാരം സെക്രട്ടറി പി.എൻ. നാരായണവർമ പറഞ്ഞു. ഭരണസമിതി പ്രസിഡന്റായി പി.ജി. ശശികുമാരവർമയും സെക്രട്ടറിയായി നാരായണവർമയും തുടരാനും കൊട്ടാരം ഭരണ സമിതിയിൽ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാരിനും നിയമനിർമ്മാണമാകാമെന്നു പന്തളം വലിയകോയിക്കൽ കൊട്ടാരത്തിലെ കേരളവർമ രാജ ന്യൂഡൽഹിയിൽ പ്രതികരിച്ചു. കേന്ദ്ര-സംസ്ഥാനസർക്കാരുകൾക്ക് ഇക്കാര്യത്തിൽ ഇടപെടാൻ സാധിക്കും. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ വിശ്വാസികൾ തെരുവിലിറങ്ങിയ സാഹചര്യത്തിൽ നിയമനിർമ്മാണത്തിന് ഇരുസർക്കാരുകളും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്രുപ്രീം കോടതി വിധി വന്നതിനു തൊട്ടുപിന്നാലെ സംസ്ഥാനസർക്കാർ യോഗം വിളിച്ചിരുന്നെങ്കിൽ പങ്കെടുക്കുമായിരുന്നു. വിധി നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിക്കുകയും വിശ്വാസികളുടെ രോഷം ഉയർന്നപ്പോൾ ചർച്ചയ്ക്കു വിളിക്കുകയും ചെയ്തതിനോടാണു വിയോജിപ്പ്. ഇപ്പോൾ ദേവസ്വം ബോർഡ് ചർച്ചയ്ക്കു വിളിച്ചതും വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്താണെന്നു കേരളവർമ പറഞ്ഞു.

തുലാമാസത്തിൽ സാധാരണ ഒരുക്കങ്ങൾ മാത്രം

ശബരിമലയിൽ തുലാമാസ പൂജകൾക്കായി സാധാരണ ഒരുക്കങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു. ശബരിമല അവലോകന യോഗത്തിലാണ് ഈ തീരുമാനം. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ പങ്കെടുത്താണ് യോഗം നടന്നത്. മുഖ്യമന്ത്രിക്ക് പുറമെ ദേവസ്വം മന്ത്രിയും, വനം മന്ത്രിയും, ദേവസ്വം ബോർഡ് പ്രസിഡന്റും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പുതുതായി സ്ത്രീകൾക്ക് ശുചിമുറികൾ നിർമ്മിക്കുന്ന പ്രവർത്തനം നടക്കും. നവംബർ 15 ന് മുൻപ് മണ്ഡല മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിക്കും.

സന്നിധാനത്ത് കൂടുതലായി കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിക്കുന്ന പ്രവണതകൾ കുറയ്ക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടു. പമ്പയിൽ അടിഞ്ഞ് കൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്നതിന് വനംവകുപ്പിന്റെ സ്ഥലം അനുവദിച്ച് നൽകാനും ഇന്നത്തെ യോഗത്തിൽ തീരുമാനമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP