Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയുടെ മറവിൽ സംഘപരിവാർ ലക്ഷ്യമിടുന്നത് ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള രണ്ടാം വിമോചന സമരമെന്ന് ചുള്ളിക്കാട്; സ്ത്രീകൾ സ്വയം ആർത്തവം അശുദ്ധിയാണെന്ന് കരുതുന്നത് അടിമകൾ അടിമത്തത്തിൽ അഭിമാനിക്കുന്നതുപോലെയെന്ന് സാറാ ജോസഫ്; ശബരിമലയുടെ പേരിൽ നടക്കുന്നത് ദുരാചാര സംരക്ഷണ സമരമെന്ന് കുരീപ്പുഴ ശ്രീകുമാർ; ശബരിമല വിഷയത്തിൽ സർക്കാറിന് പിന്തുണയുമായി എഴുത്തുകാർ; സാംസ്കാരിക പ്രവർത്തകരെ രംഗത്തിറക്കി ബോധവത്ക്കരണത്തിന് സിപിഎമ്മും

ശബരിമലയുടെ മറവിൽ സംഘപരിവാർ ലക്ഷ്യമിടുന്നത് ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള രണ്ടാം വിമോചന സമരമെന്ന് ചുള്ളിക്കാട്; സ്ത്രീകൾ സ്വയം ആർത്തവം അശുദ്ധിയാണെന്ന് കരുതുന്നത് അടിമകൾ അടിമത്തത്തിൽ അഭിമാനിക്കുന്നതുപോലെയെന്ന് സാറാ ജോസഫ്; ശബരിമലയുടെ പേരിൽ നടക്കുന്നത് ദുരാചാര സംരക്ഷണ സമരമെന്ന് കുരീപ്പുഴ ശ്രീകുമാർ; ശബരിമല വിഷയത്തിൽ സർക്കാറിന് പിന്തുണയുമായി എഴുത്തുകാർ; സാംസ്കാരിക പ്രവർത്തകരെ രംഗത്തിറക്കി ബോധവത്ക്കരണത്തിന് സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ പ്രായഭേദമെന്യേയുള്ള സ്ത്രീ പ്രവേശനത്തിൽ സർക്കാറിന് പിന്തുണയുമായി കൂടുതൽ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും രംഗത്ത്. ശബരിമലയുടെ മറവിൽ സംഘപരിവാർ ലക്ഷ്യമിടുന്നത് ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള രണ്ടാം വിമോചന സമരമാണെന്ന് കവി ബാലന്ദ്രൻ ചുള്ളിക്കാട് പ്രസ്താവിച്ചു. സ്ത്രീകൾ സ്വയം ആർത്തവം അശുദ്ധിയാണെന്ന് കരുതുന്നത് അടിമകൾ അടിമത്തത്തിൽ അഭിമാനിക്കുന്നതുപോലെയെന്ന് സാറാ ജോസഫ് ഫേസ്‌ബുക്കിൽ കുറിച്ചു. ശബരിമലയുടെ പേരിൽ നടക്കുന്നത് ദുരാചാര സംരക്ഷണ സമരമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ വ്യക്തമാക്കി. കോൺഗ്രസും ആർഎസ്എസും നടത്തുന്നത് വോട്ടുതട്ടലെന്ന് എഴുത്തുകാരി പർവതീ പവനനും വ്യക്തമാക്കി. എഴുത്തുകാരുടെ വർധിച്ചുവരുന്ന പിന്തുണ സൈബർ ലോകത്ത് സിപിഎം അനുഭാവികൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. വിശ്വാസികളുമായി ഏറ്റുമുട്ടൽ വേണ്ടെന്നും സാംസ്കാരിക പ്രവർത്തകരയടക്കം രംഗത്തിറക്കി വ്യാപകമായ ബോധവത്ക്കരണമാണ് വേണ്ടതെന്നുമാണ് സിപിഎം നിലപാട്. ഇതിനായി വരും ദിനങ്ങളിൽ കൂടുതൽ എഴുത്തുകാരെ അണിനിരത്തി പ്രചാരണം നടത്താൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

കോൺഗ്രസിനകത്തെ സവർണ വിഭാഗത്തെ ബിജെപി വിഴുങ്ങുന്നെന്ന് ചുള്ളിക്കാട്

മതബോധനത്തിന്റെ ലക്ഷ്യം രാഷ്ട്രീയാധികാരമാണെന്ന് കവിയും എഴുത്തുകാരനും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.
ഭരിക്കുന്നവരെ ഭരിക്കുന്ന അധികാര കേന്ദ്രങ്ങളായി മതങ്ങൾ മാറുകയാണ്. പ്രളയകാലത്ത് രൂപം കൊണ്ട കേരളത്തിന്റെ എകീകരണത്തിന് തടയിടാനാണ് ഹിന്ദുത്വ ശക്തികൾ ശബരിമല വിവാദത്തിലൂടെ ലക്ഷ്യമിടുന്നത്. സി വി ശ്രീരാമന്റെ പതിനൊന്നാം ചരമവാർഷികത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനത്തിൽ ഇടതുപക്ഷ സംസ്‌കാരം 'മിഥ്യയും യാഥാർഥ്യവും' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തവെ ബാലചന്ദ്രൻ ചുള്ളിക്കാട് വ്യക്തമാക്കി.

സാംസ്‌കാരിക അടിത്തറ ശക്തമായ ഇടതുപക്ഷത്തെ നേരിടാൻ മത വർഗീയ കക്ഷികൾ മത്സരിക്കുകയാണ്. സർക്കാരിനെതിരല്ല ഇവരുടെ സമരം. മറിച്ച് ഇടതു പക്ഷ ആശയത്തെയും അവബോധത്തെയും ഉന്മൂലനം ചെയ്യുന്നതിനു വേണ്ടിയുള്ള രണ്ടാം വിമോചന സമരമാണ്. സാമ്പത്തികാധികാരവും ഭരണാധികാരവും നഷ്ടപ്പെട്ട സവർണാധിപത്യം ബിജെപിക്ക് പിറകിൽ ഒളിഞ്ഞും തെളിഞ്ഞും അണിനിരക്കുകയാണ്. ശബരിമല വിവാദത്തിലൂടെ കോൺഗ്രസിനകത്തെ സവർണ വിഭാഗത്തെ ബിജെപി വിഴുങ്ങാൻ ലക്ഷ്യമിടുന്നതാണ്. നീതിബോധത്തെയും സമത്വത്തെയും സ്വാതന്ത്ര്യത്തെയും സ്വത്വബോധത്തിലേക്കുയർത്താൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഉദാസീനത കൈവെടിയണമെന്നും ചുള്ളിക്കാട് ഓർമിപ്പിച്ചു.

ആർത്തവം അശുദ്ധമാണെന്ന സങ്കൽപ്പത്തെ മറികടക്കാൻ അയ്യപ്പൻ തുണയ്ക്കണം- സാറാജോസഫ്

സ്ത്രീകൾ സ്വയം ആർത്തവം അശുദ്ധിയാണെന്ന് കരുതുന്നത് അടിമകൾ അടിമത്തത്തിൽ അഭിമാനിക്കുന്നതുപോലെയെന്ന് എഴുത്തുകാരി സാറാ ജോസഫ് ഫേസ്‌ബുക്കിൽ കുറിച്ചതും സൈബർ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ആർത്തവം പ്രത്യുൽപ്പാദനത്തിനു വേണ്ടിയുള്ള നൈസർഗിക പ്രക്രിയയാണ്. അണ്ഡോല്പാദനം നടക്കുന്നില്ലെങ്കിൽ ഗർഭധാരണവുമില്ല. മലം, മൂത്രം, കഫം, തുടങ്ങിയ വസ്തുക്കളും വഹിച്ച് ജീവിതകാലം മുഴുവൻ സഞ്ചരിക്കുന്ന മനുഷ്യർ അമ്പലത്തിൽ പോകുമ്പോഴും അതൊന്നും വീട്ടിൽ വെച്ചിട്ടല്ല പോകുന്നതെന്നും സാറാ ജോസഫ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സാറാ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ആർത്തവം അശുദ്ധമാണെന്ന സങ്കൽപ്പത്തെ മറികടക്കാൻ അയ്യപ്പൻ തുണയ്ക്കണം. എല്ലാ സ്ത്രീ പുരുഷന്മാരും മറ്റു ലിംഗവിഭാഗക്കാരും ആർത്തവമുള്ള സ്ത്രീയിൽ നിന്ന് ജനിച്ചു. ഗർഭപാത്രത്തിലെ രക്തത്തിലും ജലത്തിലും പത്തു മാസം കിടന്നു. അവിടെക്കിടന്നു കൊണ്ട് അമ്മയെ ചവിട്ടി .അമ്മയുടെ യോനി പിളർന്നു പുറത്തേക്ക് കുതിച്ചു .ദേഹം മുഴുവൻ രക്തവും ഗർഭ ജലവും കൊണ്ട് പൊതിഞ്ഞ വഴുവഴുക്കുന്നൊരു ശിശുവായി പുറത്തുവന്നു. വന്നയുടനെ അമ്മയുടെ മുലക്കണ്ണ് തിരഞ്ഞു. ആവോളം അമ്മയെ കുടിച്ചു ശക്തിയാർജ്ജിച്ചു.

ആശുപത്രികളിൽ ഇപ്പോൾ നവജാത ശിശുവിനെ കുളിപ്പിക്കുകയില്ല. അതിനെപ്പൊതിഞ്ഞിരിക്കുന്ന വഴുവഴുപ്പ്, ഉടൻ തന്നെ കഴുകിക്കളയരുതെന്നും അതൊരു സുരക്ഷാ കവചമാണെന്നും മെഡിക്കൽ സയൻസ്. പ്രസവിച്ച ഉടനെ കുഞ്ഞിനെ തുടച്ചു വൃത്തിയാക്കാനേ പാടുള്ളൂ എന്ന് ആശുപത്രികൾ. അമ്മയുടെ ഗർഭപാത്രം എത്ര കരുതലോടെയാണു ഒരു പ്രിയ ജീവനെ ഭൂമിയിലേക്ക് കൊണ്ടുവരുന്നത്! അണ്ഡോല്പാദനം നടക്കുന്നില്ലെങ്കിൽ ഗർഭധാരണവുമില്ല. ആർത്തവം പ്രത്യുൽപ്പാദനത്തിനുവേണ്ടിയുള്ള നൈസർഗിക പ്രക്രിയയാണ്. അത് സ്ത്രീയുടെ മാത്രം ശരീരത്തിനകത്ത് സംഭവിക്കുന്നു. മലം, മൂത്രം, കഫം, തുടങ്ങിയ വസ്തുക്കളും വഹിച്ചാണ് മനുഷ്യർ ആണും പെണ്ണും ജീവിതകാലം മുഴുവൻ സഞ്ചരിക്കുന്നത്. അമ്പലത്തിൽ പോകുമ്പോൾ അതൊന്നും വീട്ടിൽ വെച്ചിട്ടല്ല പോകുന്നത്.

ആർത്തവകാലത്തെ രക്തസ്രാവത്തെ വലിച്ചെടുത്ത് ഒരു തുള്ളിയും താഴെപ്പോകാതെ ഭദ്രമായി സംസ്‌ക്കരിക്കാൻ സ്ത്രീകൾക്കറിയാം. അവൾ ഏറ്റവും വൃത്തിയോടെയിരിക്കുന്ന ദിവസങ്ങളാണത്. വീട്ടിലെ വൃത്തികേടുകൾ മുഴുവൻ നീക്കം ചെയ്യുന്നവൾ അവളാണ്. എച്ചിൽപാത്രങ്ങൾ കഴുകുന്നതും മുഷിഞ്ഞ തുണി കഴുകി വൃത്തിയാക്കുന്നതും തറ തുടയ്ക്കുന്നതും ടോയ് ലെറ്റ് കഴുകുന്നതും മുറ്റമടിക്കുന്നതും കുഞ്ഞിന്റെ അപ്പി കോരുന്നതും അതിനെ കുളിപ്പിക്കുന്നതും അവളാണ്. നിങ്ങൾ വൃത്തിയാസ്വദിക്കുന്നതിന് കാരണം സ്ത്രീയുടെ അധ്വാനമാണ്. വൃത്തിയുടെ ഈ കുത്തകക്കാരിക്ക് അശുദ്ധിയെപ്പറ്റിയുള്ള അറിവ് ഒരാണിന്നും അവകാശപ്പെടാനാവില്ല. ഒന്നേയുള്ളൂ സങ്കടം: സ്ത്രീകൾ സ്വയം ആർത്തവം അശുദ്ധിയാണെന്ന് വലിയ വായിലേ നിലവിളിച്ചു കൊണ്ടിരിക്കുന്നത്. അടിമകൾ അടിമത്തത്തിൽ അഭിമാനിക്കുന്നതുപോലെ.

സ്ത്രീയെ വലിച്ചു കീറണമെന്ന് പുരുഷൻ ആഹ്വാനം ചെയ്യുന്നകാലം -കുരീപ്പുഴ

ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർത്ത് ചിലർ നടത്തുന്നത് ദുരാചാരണ സംരക്ഷണ സമരമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. സമരം സ്ത്രീവിരുദ്ധമാണ്. സ്ത്രീ അശുദ്ധയാണെന്ന് വിളിച്ചു പറയുകയാണ് അവർ. സ്വന്തം പെങ്ങളും അമ്മയും മകളുമൊക്കെയായ സ്ത്രീയെ വലിച്ചു കീറണമെന്ന് പുരുഷൻ ആഹ്വാനം ചെയ്യുന്നത് കഷ്ടമാണ.സന്താനോത്പാദന ശേഷിയുടെ തെളിവായ ശാരീരികാവസ്ഥയുടെ പേരിൽ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കണമെന്നു പറയുന്നതിൽ എന്തർത്ഥമെന്നും കുരീപ്പുഴ ചോദിച്ചു.

പിന്നിൽ തന്ത്രിമാരുടെ പൗരോഹിത്യ കപടത- പാർവതീ പവനൻ

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ കോൺഗ്രസും ആർഎസ്എസും നടത്തുന്നത് വോട്ടുതട്ടൽ രാഷ്ട്രീയമാണെന്ന് സാംസ്‌കാരിക പ്രവർത്തകയും എഴുത്തുകാരിയുമായ പാർവതി പവനൻ വ്യക്തമാക്കി. സ്ത്രീകളെ വ്രതശുദ്ധിയുടെ പേരിൽ ശബരിമലയിൽ നിന്നകറ്റുന്നത് തന്ത്രിമാരുടെ പൗരോഹിത്യ കപടതയാണ്. അതിന് കൂട്ടുനിൽക്കുകയാണ് ചെന്നിത്തലയും ശ്രീധരൻപിള്ളയും മറ്റു സർവണ പ്രമാണിമാരും.
നവോത്ഥാന നായകരുടെയും കമ്യൂണിസ്റ്റുകാരുടെയും പോരാട്ടങ്ങൾ കൊണ്ട് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അറുതി വരുത്തിയ നാടാണ് കേരളം. ഇനിയും കേരളത്തെ സാംസ്‌കാരികമായി പിറകോട്ട് വലിക്കാനാണ് വർഗീയവാദികളുടെ നീക്കമെങ്കിൽ കേരളം ഒറ്റക്കെട്ടായി ചെറുക്കും. സുപ്രീം കോടതി വിധി സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഇതു നടപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്.ശബരിമലയിലെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുള്ള പൊള്ളത്തരം വർഷങ്ങൾക്കുമുമ്പേ കമ്യൂണിസ്റ്റ് നേതാവും യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്ന പവനൻ എഴുതിയിട്ടുണ്ട്. ശബരിമലയിൽ സ്ത്രീകളെ വിലക്കുന്ന അനാചാരത്തിന് അറുതിവരുമെന്നതിൽ സംശയമില്ലെന്നും പാർവതി പവനൻ പറഞ്ഞു.

വിധി നടപ്പാക്കണമെന്ന് സാംസ്കാരിക പ്രവർത്തകർ

ശബരിമലയിൽ മുഴുവൻ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് അമ്പതോളം സാംസ്‌കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. എം ജി എസ് നാരായണൻ, സച്ചിദാനന്ദൻ, ബി.രാജീവൻ, സാറാജോസഫ്, എം .എൻ.കാരശ്ശേരി, സുനിൽ.പി. ഇളയിടം,എൻ പ്രഭാകരൻ, എം എം സോമശേഖരൻ, കെ അജിത, കൽപ്പറ്റ നാരായണൻ,എസ് ഹരീഷ്, വെങ്കിടേഷ് രാമകൃഷ്ണൻ,ഇ.പി.രാജഗോപാലൻ, ടി.ഡി.രാമകൃഷ്ണൻ,പി പവിത്രൻ, പി ഗീത, വി വിജയകുമാർ, കുരീപ്പുഴ ശ്രീകുമാർ, പ്രമോദ് രാമൻ,പി എഫ് മാത്യൂസ്,ഖദീജ മുംതാസ്, വി ആർ സുധീഷ്,സുസ്മേഷ് ചന്ദ്രോത്ത്,ആസാദ്, വീരാൻ കുട്ടി,കെ സി ഉമേഷ് ബാബു, രാഘവൻ പയ്യനാട്, എൻ പി ഹാഫീസ് മുഹമ്മദ്, ബിജോയ് ചന്ദ്രൻ,പി ജെ ബേബി,സനൽകുമാർ ശശിധരൻ, മനോജ് കാന,ഗിരിജ പതേക്കര,സിദ്ധാർത്ഥൻ പരുത്തിക്കാട്,കെ എം ഭരതൻ,സി അശോകൻ,കെ എസ് ഹരിഹരൻ,അജയൻ പി ഏ ജി, എൻ വി ബാലകൃഷ്ണൻ,കെ എൻ അജോയ് കുമാർ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP