Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാബുരാജിന്റേയും ജഗദീഷിന്റേയും വാട്സാപ്പ് സന്ദേശങ്ങൾ അമ്മയുടെ മറ്റൊരു നാടകത്തിലെ തിരക്കഥയുടെ ഭാഗമോ? കുപ്രസിദ്ധരായ രണ്ട് നടന്മാർ പോലും നടിക്കൊപ്പമാണെന്ന് എന്ന് വരുത്തി തീർക്കാൻ ആരുടേയോ കുരുട്ടു ബുദ്ധിയിൽ തെളിഞ്ഞ ഐഡിയ എന്ന് ആരോപണം; സംഭാഷണം പുറത്തു വിട്ടത് അമ്മയിലെ ഭിന്നതയെന്ന് വരുത്തി തീർത്തത് ദിലീപിന് സംരക്ഷണം ഒരുക്കാൻ വേണ്ടി നടന്ന ചവിട്ടു നാടകത്തിന്റെ ഭാഗമെന്ന് സൂചന; ഇതു പുറത്ത് പോയപ്പോൾ ഞാൻ ഉത്തരവാദിയല്ല എന്ന ജഗദീഷിന്റെ ഡയലോഗ് തന്നെ നാടകത്തിന്റെ അടയാളമെന്ന് റിപ്പോർട്ടുകൾ

ബാബുരാജിന്റേയും ജഗദീഷിന്റേയും വാട്സാപ്പ് സന്ദേശങ്ങൾ അമ്മയുടെ മറ്റൊരു നാടകത്തിലെ തിരക്കഥയുടെ ഭാഗമോ? കുപ്രസിദ്ധരായ രണ്ട്  നടന്മാർ പോലും നടിക്കൊപ്പമാണെന്ന് എന്ന് വരുത്തി തീർക്കാൻ ആരുടേയോ കുരുട്ടു ബുദ്ധിയിൽ തെളിഞ്ഞ ഐഡിയ എന്ന് ആരോപണം; സംഭാഷണം പുറത്തു വിട്ടത് അമ്മയിലെ ഭിന്നതയെന്ന് വരുത്തി തീർത്തത് ദിലീപിന് സംരക്ഷണം ഒരുക്കാൻ വേണ്ടി നടന്ന ചവിട്ടു നാടകത്തിന്റെ ഭാഗമെന്ന് സൂചന; ഇതു പുറത്ത് പോയപ്പോൾ ഞാൻ ഉത്തരവാദിയല്ല എന്ന ജഗദീഷിന്റെ ഡയലോഗ് തന്നെ നാടകത്തിന്റെ അടയാളമെന്ന് റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നടിയെ അക്രമിച്ച സംഭവവമുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ ആരോപണം ഉയരുകയും തുടർന്ന് താര സംഘടനയായ എഎംഎംഎയിൽ ഉണ്ടായ ഭിന്നാഭിപ്രായങ്ങളും ഇപ്പോൾ 'വിവാദ ചൂട്' ഇരട്ടിപ്പിക്കുന്ന നിലയിലാണ്. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസി അംഗങ്ങൾ വാർത്താ സമ്മേളനം വിളിച്ചു കൂട്ടിയതിന് പിന്നാലെ എഎംഎംഎ പ്രസിഡനന്റ് മോഹൻലാലിനുമെതിരെ കനത്ത ആരോപണങ്ങളാണ് ഉയർന്നിരുന്നത്. സംഘടനയിലെ എല്ലാ അംഗങ്ങളും ദിലീപിനൊപ്പമല്ല നിൽക്കുന്നതെന്നും ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട് എന്ന് കാണിക്കാൻ വേണ്ടിയാണ് നടന്മാരായ ബാബുരാജിന്റെയും ജഗദീഷിന്റെയും വാട്‌സാപ്പ് സന്ദേശങ്ങൾ പുറത്ത് വിട്ടതെന്നും ഇപ്പോൾ ആരോപണം ഉയരുകയാണ്.

ഇത്തരത്തിൽ ദിലീപിനെ സംരക്ഷിക്കാനാണ് ശക്തമായ അടിയൊഴുക്ക് നടക്കുന്നത് എന്ന തരത്തിലുള്ള ധ്വനിയാണ് ഡബ്ലു സിസി അംഗങ്ങളുടെ പത്ര സമ്മേളനത്തിലും മുഴങ്ങിയത്. ജഗദീഷിന്റെ വാട്‌സാപ്പ് സന്ദേശം പുറത്ത് വന്നപ്പോൾ താൻ ഇതിന് ഉത്തരവാദിയല്ല എന്ന പ്രതികരണം താരസംഘടനയ്ക്കുള്ളിലെ അംഗങ്ങൾ തമ്മിലുള്ള നാടകമാണോ ഇത് എന്ന് സംശയം വരുത്തുന്ന ഒന്നു കൂടിയാണ്.ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞു കൊണ്ടും രാജിവെച്ച നടിമാരെ താരസംഘടനയിൽ തിരിച്ചെടുക്കില്ലെന്നും വ്യക്തമാക്കി നടൻ സിദ്ധിഖും നടി കെപിഎസി ലളിതയും നടത്തിയ വാർത്താസമ്മേളനത്തെ തള്ളിപ്പറഞ്ഞു കൊണ്ട് സംഘടനയുടെ ട്രഷററും വക്താവും കൂടിയായ ജഗദീഷ് രംഗത്തുവന്നിരുന്നു.

പിന്നാലെ സമാന നിലപാടുമായി ബാബുരാജും എത്തിയതോടെ താരസംഘടനയിൽ പ്രശ്‌നം രൂക്ഷമാകുന്നുവെന്നാണ് സൂചനകൾ ഉയരുന്നത്. ഇരുവരും എഎംഎംഎയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം ലീക്കായി മാധ്യമങ്ങൾക്ക് ലഭിച്ചതോടെ സംഗതി കൂടുതൽ വവാദങ്ങളിലേക്ക് നീങ്ങി.സിദ്ദിഖിന്റേയും കെപിഎസി ലളിതയുടേയും നിലപാടുകളെ തള്ളിക്കൊണ്ടാണ് ജഗദീഷ് രംഗത്തുവന്നത്.

കുറ്റാരോപിതനായ നടൻ ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിൽവച്ച് പത്രസമ്മേളനം വിളിച്ചുചേർത്തതിലെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയിച്ചാൽ തെറ്റുപറയാൻ സാധിക്കില്ലെന്ന് ജഗദീഷ് തുറന്നടിച്ചു. സിദ്ധിഖും കെപിഎസി ലളിതയും വാർത്താസമ്മേളനം വിളിച്ചത് സിനിമുയുടെ സെറ്റിൽ വച്ചാണ്. അത് തന്നെ അസ്വഭാവികമാണെന്ന് ജഗദീഷ് ചൂണ്ടിക്കാട്ടി. അത് സംഭവത്തിൽ ദുരൂഹത വളർത്തുന്നതാണെന്നും ജഗദീഷ് തുറന്നടിച്ചിരുന്നു.

വെട്ടിലാക്കിയത് വാട്‌സാപ്പ് സന്ദേശം

ബാബുരാജിന്റെയും ജഗദീഷിന്റെയും വാടാസാപ്പ് സന്ദേശങ്ങളിൽ നിന്നും തന്നെ താരസംഘടനയിൽ അച്ചടക്കം തീർത്തുമില്ലെന്നും ഭീഷണിയുടെ സ്വരം ഉപയോഗിച്ച് കാര്യം കാണുന്ന പ്രവണത നാളുകളായി തുടർന്ന് പോരുന്നുണ്ടെന്നും വ്യക്തമാണ്. ജഗദീഷിന്റെ വാക്കുകൾ അത് അടിവരയിടുന്നതായിരുന്നു. 'ഭീഷണിയുടെ സ്വരം അമ്മയിൽ ഇനി വിലപ്പോവില്ല. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രൃം ഉണ്ടാകണം. അച്ചടക്കം തീർച്ചയായും വേണം. പക്ഷെ അതേസമയം വ്യക്തികളെ ഭീഷണിപ്പെടുത്തുക, കരിയർ ഇല്ലായ്മ ചെയ്യുമെന്ന് പറയുക, നമ്മൾ രേഖപ്പെടുത്തുന്ന അഭിപ്രായത്തിന്റെ പേരിൽ ഒറ്റപ്പെടുത്തുമെന്ന് പറയുക, അത്തരത്തിൽ ഗുണ്ടായിസം അമ്മയിൽ വച്ച് പൊറുപ്പിക്കാൻ കഴിയില്ല.

പ്രസിഡന്റിനൊപ്പം നമ്മൾ എല്ലാവരുമുണ്ട്. അതിൽ കവിഞ്ഞ ഒരു പോസ്റ്റ് അങങഅയിൽ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. പ്രസിഡന്റിന്റെ മെച്വർ ആയ സമീപനത്തിന്റെ കൂടെ അമ്മയിലെ എല്ലാവരും ഉണ്ട്. അതിൽ കവിഞ്ഞ് ആരെങ്കിലും ഗുണ്ടായിസം കാണിച്ച് ഭീഷണിപ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ വരുതിയിൽ നിർത്താമെന്ന് കരുതിയിട്ടുണ്ടെങ്കിൽ അതിനി നടക്കില്ല. അച്ചടക്കത്തിൽ ആണ് ഞാൻ പറയുന്നത്. അത് ഈ വാട്‌സാപ്പ് സന്ദേശത്തിൽ മാത്രമാണ് പത്രസമ്മേളനം വിളിച്ച് എനിക്ക് ഒരുപാടു കാര്യങ്ങൾ നിരത്താൻ കഴിയും. എല്ലാവരുടെയും ചരിത്രം എന്റെ കയ്യിലുണ്ട്.

ഒരുപാടു കാര്യങ്ങൾ എനിക്കറിയാം അത് പറയിക്കാൻ എന്നെ പ്രേരിപ്പിക്കരുത്. അച്ചടക്കമുള്ള ആളാണ് വരത്തൻ എന്ന സിനിമ കാണണം . ഫഹദ് ഫാസിലിന്റെ കഥാപാത്രമാണ് ഞാൻ. സഹിക്കും പരമാവധി സഹിക്കും. അവസാനം ഒരു പൊട്ടിത്തെറി ഉണ്ടാകും. മോഹൻലാൽ എന്ന എന്റെ സുഹൃത്ത് അമ്മയുടെ പ്രസിഡന്റ് പറയുന്നതിനൊപ്പം ഞാൻ നിലകൊള്ളുന്നു. അദ്ദേഹം പറയുന്നതിനനുസരിച്ചു ഞാൻ പ്രവർത്തിക്കുന്നു. ഒരു താക്കീതു ആ രീതിയിലുള്ള വല്യേട്ടൻ മനോഭാവം ആർക്കും ഉണ്ടാകാൻ പാടില്ല .

ഞാൻ എല്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലും പറയാറുണ്ട്. ഞാൻ വയലാർ വാസുദേവൻ പിള്ള എന്ന ഗാന്ധിയന്റെ ശിഷ്യനാണ് . എനിക്ക് എല്ലാവരെയും ഉൾകൊള്ളിച്ച് പോകണമെന്നാണ് ആഗ്രഹം. അഭിപ്രായം പറയുന്നവരെ വെട്ടി നിർത്താൻ ഇത് രാഷ്ട്രീയ പാർട്ടിയൊന്നുമല്ല. ഞാൻ തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല. സുഹൃത്തുക്കൾക്ക് വേണ്ടി വാദിക്കുന്നത് നല്ല കാര്യം. എന്നാൽ അതിന്റെ പിന്നിൽ ഗൂഢാലോചന ഉണ്ടാകാൻ പാടില്ല.'

ബാബുരാജ് പറയുന്നതിങ്ങനെ. ' ഇന്നലെ സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനം ആരുടെ അറിവോടെയാണെന്ന് നമുക്ക് മനസിലായില്ല . ഇടവേള ബാബു ഒരു മെസേജ് മാത്രമാണ് അയച്ചത് . ഇതാണ് അമ്മയുടെ സ്റ്റാൻഡ് ..ആരുടെ സ്റ്റാൻഡ് ആണ്. ഇതൊക്കെ തെറ്റായ തീരുമാനങ്ങളാണ് രണ്ടഭിപ്രായത്തിലേക്ക് പോകേണ്ട കാര്യമില്ല. അവസാനമായി പറയുകയാണ് ഒരു സൂപ്പർ ബോഡി തീരുമാനമെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ അത് നടപ്പില്ല.

തമിഴ് പത്രങ്ങളിലൊക്കെ വാർത്ത വന്നിരിക്കുന്നത് ദിലീപിനെ പുറത്താക്കാൻ മോഹൻലാൽ സമ്മതിക്കുന്നില്ല എന്നാണ്. ഇവർ പറയുന്ന കാര്യങ്ങൾക്ക് അടികൊള്ളുന്നത് മോഹൻലാൽ ആണ്. ഇംഗ്ലീഷ് പത്രങ്ങളിലും വാർത്തയുണ്ട്. ഡബ്ല്യു.സി.സിയുമായുള്ള പ്രശ്നത്തിലൊക്കെ ദിലീപിനെ ന്യായീകരിക്കേണ്ട കാര്യമുണ്ടോ. ഇന്നലെ സിദ്ദിഖ് വാർത്താസമ്മേളനത്തിൽ ദിലീപിനെ ന്യായീകരിക്കുകയായിരുന്നു. ലളിത ചേച്ചിയെ വാർത്താസമ്മേളനത്തിൽ ഉൾപ്പെടുത്തേണ്ട കാര്യമുണ്ടോ?

എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ വേറെ സൂപ്പർ ബോഡി ഉണ്ടോ? ദിലീപിനെ സപ്പോർട്ട് ചെയ്യണമെങ്കിൽ വ്യക്തിപരമായി ചെയ്യട്ടെ. അത് സംഘടനയുടെ പേരിൽ വേണ്ട. അമ്മ എന്ന സംഘടനയ്ക്ക് ദിലീപിനെ പിന്തുണയ്ക്കേണ്ട ആവശ്യമില്ല. അത് സമ്മതിക്കില്ല. ഇക്കാര്യം പൊതുവേദിയിൽ പറയാനും മടിയില്ല. വ്യക്തിപരമായി പിന്തുണയ്ക്കട്ടെ. സംഘടനയുടെ പേരിൽ വേണ്ട. അങ്ങനെ ചെയ്താൽ അതിനെതിരേ പരസ്യമായി രംഗത്തിറങ്ങും.

അതേസമയം മറ്റൊരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ ജഗദീഷ് വാർത്താസമ്മേളനത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ പൂർണമായും തള്ളിപ്പറഞ്ഞു.
ആരോപണവിധേയനായ ഒരാളെക്കുറിച്ച് പറയുന്ന പത്രസമ്മേളനം ആരോപണവിധേയനായ ആൾ അഭിനയിക്കുന്ന സെറ്റിൽവച്ച് തന്നെയാകുമ്പോൾ അതിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചാൽ തെറ്റ് പറയാൻ പറ്റുമോ? അതിൽ ഒരു ധാർമ്മികതയുമില്ല. ആരോപണവിധേയനായ ആളുടെ സെറ്റിൽവച്ച് അയാളെ പിന്തുണച്ചല്ലേ സംസാരിക്കാൻ പറ്റൂ? ജഗദീഷ് ചോദിക്കുന്നു.

ലളിതച്ചേച്ചി സംഗീത അക്കാദമി ചെയർപേഴ്‌സൺ ആയിരിക്കും. എന്നുവച്ച് ഇക്കാര്യത്തിൽ സംഘടനയെ പ്രതിനിധീകരിച്ച് സംസാരിക്കാൻ പറ്റില്ല. അല്ലെങ്കിൽ 'അമ്മ' ചേച്ചിയെ ചുമതലപ്പെടുത്തണം സംസാരിക്കനെന്നുമാണ് ജഗദീഷ് കുറ്റപ്പെടുത്തിയത്. ഞാൻ പറഞ്ഞത് ജനറൽ ബോഡി കൂടും എന്നായിരുന്നു. എന്നാൽ ഉടൻ തന്നെ ജനറൽ ബോഡി കൂടില്ലെന്നാണ് സിദ്ദിഖ് പറഞ്ഞത്. എപ്പോൾ ജനറൽ ബോഡി കൂടും എന്നത് തീരുമാനിക്കേണ്ടത് സിദ്ദിഖ് അല്ല, എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. മാത്രമല്ല, സംഘടനയിൽ നിന്നും രാജിവച്ചു പോയ അംഗങ്ങളെ തിരിച്ചുവിളിക്കുന്നതിൽ പ്രസിഡന്റ് മോഹൻലാലിന് സന്തോഷമേയുള്ളൂ എന്നുമാണ് താരം പറയുന്നത്.'

സംശയം ഇരട്ടിപ്പിക്കും വിധം സിദ്ദീഖിന്റെ മൊഴി

ദിലീപും നടിയും തമ്മിൽ നല്ല ബന്ധമായിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് സിദ്ദിഖിന്റെ മൊഴി. 2013 ൽ മഴവിൽ അഴകിൽ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്സൽ ക്യാമ്പ് എറണാകുളം അബാദ് പ്ലാസയിൽ വെച്ച് നടത്തിയിരുന്നു. ഞാനും അതിന്റെ ഒരു ഓർഗനൈസർ ആയിരുന്നു. റിഹേഴ്സൽ ക്യാമ്പിൽ വെച്ച് കാവ്യയെ കുറിച്ച് ആക്രമിക്കപ്പെട്ട നടി മോശമായി പലരോടും സംസാരിക്കുന്നുവെന്ന് പരാതി കാവ്യ എന്നോട് വന്ന് പറഞ്ഞു. അപ്പോൾ തന്നെ ഞാൻ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള പിണക്കങ്ങൾ ഉണ്ടാക്കുന്നതെന്നും മേലിൽ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും മുന്നറിയിപ്പ് കൊടുത്തു.

ദിലീപും നടിയും തമ്മിൽ നല്ല ബന്ധമായിരുന്നില്ല. ദിലീപിന്റെ ഇടപെടൽ മൂലം സിനിമയിലെ നിരവധി അവസരങ്ങൾ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി എന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഞാൻ ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിട്ടുണ്ട്. അപ്പോൾ ഇക്ക ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് എന്നോട് മറുപടി പറഞ്ഞു. ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതായി എനിക്കറിയാം. മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പിൽ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു.- സിദ്ദിഖിന്റെ മൊഴിയിൽ പറയുന്നു.

ഇത്തരത്തിൽ നടിയും ദിലീപും തമ്മിലുള്ള ശത്രുതയുടെ കാരണങ്ങൾ കൃത്യമായി വെളിച്ചത്തുവരുന്ന മൊഴികളാണ് സിനിമാ മേഖലയിൽ ഇരുവരുമായും അടുപ്പമുള്ളവരിൽ നിന്ന് പുറത്തുവന്നതെന്നാണ് വ്യക്തമാകുന്നത്. ഇതോടെ വീണ്ടും ദിലീപ് കേസ് വലിയ ചർച്ചയായിരിക്കുകയാണ് സിനിമാ ലോകത്ത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP