Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലയ്ക്കലിൽ ബൈക്കുകൾ തല്ലി തകർത്തതും രഹ്നയെ മല കയറ്റിയതും സർക്കാരിന് തിരിച്ചടിയായി; പൊലീസ് നേതൃത്വത്തിന്റെ വീഴ്ച വിശദീകരിച്ച് രഹസ്യാന്വേഷണ റിപ്പോർട്ടും; ഐജി മനോജ് എബ്രഹാമിനെ പമ്പയിൽ നിന്ന് തിരിച്ചുവിളിച്ചേക്കും; തീരുമാനം ഡിജിപിയെ വിളിച്ചു വരുത്തി ഗവർണ്ണർ അതൃപ്തി അറിയിച്ചതിന് പിന്നാലെ; കവിതയ്ക്ക് ഹെൽമറ്റും ഷീൽഡും കൊടുത്ത ഐജി ശ്രീജിത്തും വിവാദത്തിൽ; ശബരിമലയിൽ പൊലീസ് പിടിച്ചത് പുലിവാല്

നിലയ്ക്കലിൽ ബൈക്കുകൾ തല്ലി തകർത്തതും രഹ്നയെ മല കയറ്റിയതും സർക്കാരിന് തിരിച്ചടിയായി; പൊലീസ് നേതൃത്വത്തിന്റെ വീഴ്ച വിശദീകരിച്ച് രഹസ്യാന്വേഷണ റിപ്പോർട്ടും; ഐജി മനോജ് എബ്രഹാമിനെ പമ്പയിൽ നിന്ന് തിരിച്ചുവിളിച്ചേക്കും; തീരുമാനം ഡിജിപിയെ വിളിച്ചു വരുത്തി ഗവർണ്ണർ അതൃപ്തി അറിയിച്ചതിന് പിന്നാലെ; കവിതയ്ക്ക് ഹെൽമറ്റും ഷീൽഡും കൊടുത്ത ഐജി ശ്രീജിത്തും വിവാദത്തിൽ; ശബരിമലയിൽ പൊലീസ് പിടിച്ചത് പുലിവാല്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് ഐജി മനോജ് എബ്രഹാമിനെ തിരിച്ചു വിളിക്കാൻ സർക്കാർ തീരുമാനിച്ചതായി സൂചന. നിലയ്ക്കലിലെ പൊലീസ് ലാത്തിചാർജ്ജിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. നിലയ്ക്കലിൽ വെറുതെ ഇരുന്ന ബൈക്കുകളും മറ്റും പൊലീസ് തല്ലി തകർത്തിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധവുമെത്തി. നാമജപപ്രതിഷേധക്കാരെ ഐജി തല്ലിചതച്ചുവെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരനും ആരോപിച്ചിരുന്നു. സോഷ്യൽ മീഡയയിൽ പൊലീസിന്റെ അതിക്രമം വലിയ ചർച്ചയുമാണ്. ഇതോടെയാണ് ഐജിയെ തിരിച്ചുവിളിക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് സൂചന. ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ സർക്കാരിന് വലിയ വീഴ്ച വന്നുവെന്ന് ഗവർണ്ണർ പി സദാശിവം കുറ്റപ്പെടുത്തിയതായി സൂചനയുണ്ട്. പൊലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഗവർണ്ണർ വിളിച്ചു വരുത്തിയിരുന്നു.

സന്നിധാനത്ത് ഐജി ശ്രീജിത്തിനും പമ്പയിൽ ഐജി മനോജ് എബ്രഹാമിനുമായിരുന്നു സുരക്ഷാ ചുമതല. ഇതിൽ രഹ്നാ ഫാത്തിമയെ മലകയറ്റിയത് ആരെന്ന അന്വേഷണം പൊലീസ് നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ട് മനോജ് എബ്രഹാമിന് എതിരായിരുന്നു. വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഐജിയെ തിരിച്ചു വിളിക്കാൻ ഡിജിപി തീരുമാനിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്. ശ്രീജിത്തിനോട് പമ്പയിലെ കാര്യങ്ങളും നോക്കാൻ പൊലീസ് ആവശ്യപ്പെടും. തൽകാലം മനോജ് എബ്രഹാമിനെ മാറ്റുന്നതാണ് നല്ലതെന്ന അഭിപ്രായം ആഭ്യന്തര വകുപ്പിലും ശക്തമാണ്. ഇത് മനസ്സിലാക്കിയാണ് സർക്കാരിന്റെ പുതിയ നീക്കം. വലിയ പ്രതിഷേധങ്ങൾ ഐജിക്കെതിരെ ഉയരുന്ന സാഹചര്യത്തിലാണ് ഇത്.

തിരുവനന്തപുരം റേഞ്ച് ഐജിയാണ് മനോജ് എബ്രഹാം. അതുകൊണ്ട് തന്നെ ശബരിമല ഉൾപ്പെടുന്ന പ്രദേശം തിരുവനന്തപുരം റേഞ്ച് ഐജിയുടെ കീഴിലുമാണ്. ഏറ്റവും സീനിയറുമാണ്. അതിനാൽ മനോജ് എബ്രഹാം ശബരിമലയുടെ ചുമതലയിൽ ഉണ്ടായിരുന്നാൽ മറ്റുള്ള ഐജിമാർക്ക് തീരുമാനം എടുക്കാൻ ബുദ്ധിമുട്ട് ഏറെയാണ്. ഇത് മനസ്സിലാക്കിയാണ് മനോജ് എബ്രഹാമിനെ മാറ്റി സുരക്ഷയുടെ ചുമതല ശ്രീജിത്തിനെ ഏൽപ്പിക്കുന്നത്. ഐജി ശ്രീജിത്തിന്റെ ഇടപെടലാണ് സന്നിധാനത്ത് ഭക്തരെ നിയന്ത്രിച്ചതെന്ന് ആഭ്യന്തര വകുപ്പും തിരിച്ചറിയുന്നു. ഭക്തരോട് വളരെ ഭവ്യതയോടെ കാര്യങ്ങൾ ഐജി അവതരിപ്പിച്ചു. അതുകൊണ്ട് മാത്രമാണ് രഹ്നാ ഫാത്തിമയെ പോലൊരു ആക്ടിവിസ്റ്റിനെ പ്രശ്‌നമൊന്നുമില്ലാതെ തിരിച്ച് പമ്പയിലെത്തിക്കാൻ സാധിച്ചതെന്നാണ് വിലയിരുത്തൽ.

ഭക്തരെ പൊലീസിന്റെ മർക്കട മുഷ്ടിക്കൊണ്ട് നേരിടാൻ ഐജി ശ്രീജിത്ത് തയ്യാറായില്ല. പ്രതിഷേധവുമായി നടപ്പന്തലിൽ നിന്ന ഭക്തരോട് കാര്യങ്ങൾ ബോധ്യപ്പെടുത്തി. നിങ്ങളെ മറികടന്ന് പോകില്ലെന്ന് വ്യക്തമാക്കി. അതിനിടെ മാധ്യമ പ്രവർത്തകയായ കവിതയെ പൊലീസ് യൂണിഫോം ധരിപ്പിച്ച ഐജി ശ്രീജിത്തിന്റെ നടപടിയും വിവാദമായിട്ടുണ്ട്. എന്നാൽ കവിതയെ പൊലീസ് യൂണിഫോം ധരിപ്പിച്ചില്ലെന്നും കല്ലേറ് ഭയന്ന് ഹെൽമറ്റും ഷീഡുള്ള കോട്ടും മാത്രമാണ് നൽകിയതെന്നാണ് പൊലീസ് പറയുന്നത്. ഇങ്ങനെ പൊലീസും ആകെ വിവാദത്തിലാണ്.ശബരിമലയിലെത്തിയ യുവതികൾ സന്നിധാനത്ത് പ്രവേശിക്കാതെ നടപ്പന്തലിൽ നിന്ന് തിരിച്ചു പോയി. ആചാരം ലംഘിക്കപ്പെട്ടാൽ നട അടച്ച് താക്കോൽ ക്ഷേത്രം മാനേജരെ ഏൽപ്പിക്കുമെന്ന തന്ത്രിയുടെ പ്രസ്താവനയെത്തുടർന്നാണ് യുവതികൾ തിരിച്ച് പോയത്. യുവതികൾക്കെതിരെ നടപ്പന്തലിൽ ഭക്തരും പരികർമികളും പ്രതിഷേധിച്ചിരുന്നു. ഇതും കണക്കിലെടുത്താണ് യുവതികൾ തിരിച്ചിറങ്ങിയത്.

സാഹചര്യം വിശദീകരിച്ച് ഐജി ശ്രീജിത്തുമായി ഒരു മണിക്കൂറോളം നടത്തിയ ചർച്ചകൾക്കൊടുവിലാണ് തിരികെ പോകാനുള്ള തീരുമാനമുണ്ടായത്. പൊലീസിന്റെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇവരെ തിരികെ കൊണ്ടുപോകുന്നത്. പ്രതിഷേധക്കാരിൽനിന്നുള്ള ആക്രമണം ഉണ്ടാവാനുള്ള സാധ്യത മുന്നിൽക്കണ്ട് അതീവ ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ചർച്ചയ്ക്കു ശേഷം ഇവർ തിരിച്ചുപോകുമെന്ന വിവരം ഐജി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിനിയായ കവിത തിരിച്ചുപോകാമെന്ന നിലപാട് എടുത്തിരുന്നെങ്കിലും രഹന ഫാത്തിമ ദർശനം നടത്തണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇതു സാധിക്കില്ലെന്ന് ഐജി യുവതികളെ ബോധ്യപ്പെടുത്തുകയായിരുന്നു. യുവതികൾ തിരികെ പോകുന്ന സാഹചര്യത്തിൽ പതിനെട്ടാം പടിക്കു താഴെ നടത്തിവന്ന പരികർമികളുടെ പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്.

ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവർത്തക കവിത ജെക്കാലയും മലയാളിയുവതി രഹ്ന ഫാത്തിമയുമാണ് ഇരുമുടിക്കെട്ടേന്തി വെള്ളിയാഴ്ച രാവിലെ സന്നിധാനത്ത് പ്രവേശിക്കാനായി എത്തിയത്. ആന്ധ്രാ സ്വദേശിനിയായ കവിത മോജോ ടി വി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോർട്ടറാണ്. ജോലി സംബന്ധമായ ആവശ്യത്തിനാണ് താനെത്തിയതെന്ന് കവിത വ്യക്തമാക്കിയിരുന്നു. കനത്ത പൊലീസ് ബന്തവസ്സിലാണ് യുവതികൾ നടപ്പന്തൽ വരെ എത്തിയത്. രഹ്നയെ കേരളത്തിൽ എല്ലാവർക്കും അറിയാം. എന്നിട്ടും അവരെ കയറ്റി വിടാൻ പൊലീസ് സുരക്ഷയൊരുക്കിയതാണ് വിശ്വാസികളെ ചൊടിപ്പിച്ചത്. ഇതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP