Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യമൊക്കെ സംസാരത്തിലൂടെയായിരുന്നു അപമാനം; പ്രശ്നമാക്കണ്ട എന്നു കരുതി ഒഴിഞ്ഞു മാറി; മുറിയിലേക്ക് വന്ന് ശല്യം ചെയ്യാൻ തുടങ്ങിയതോടെ പ്രതികരിച്ചു; ഈ സംഭവത്തിനു ശേഷം മോശക്കാരിയാക്കി അപവാദം പ്രചരിപ്പിച്ചു; വെബ്സൈറ്റിൽ വന്ന പെൺകുട്ടിയുടെ അനുഭവങ്ങൾ ഞാനാണെന്ന് പറയാതെ വീട്ടകാരെ വായിച്ച് കേൾപ്പിച്ചു; അച്ഛനും അമ്മയും പ്രതികരിക്കണമെന്ന് പറഞ്ഞപ്പോൾ പരസ്യമായെത്തി; മീ ടൂ കാമ്പൈനിൽ അലൻസിയറെ തുറന്നു കാട്ടിയ ദിവ്യാ ഗോപിനാഥ് മറുനാടനോട്

ആദ്യമൊക്കെ സംസാരത്തിലൂടെയായിരുന്നു അപമാനം; പ്രശ്നമാക്കണ്ട എന്നു കരുതി ഒഴിഞ്ഞു മാറി; മുറിയിലേക്ക് വന്ന് ശല്യം ചെയ്യാൻ തുടങ്ങിയതോടെ പ്രതികരിച്ചു; ഈ സംഭവത്തിനു ശേഷം മോശക്കാരിയാക്കി അപവാദം പ്രചരിപ്പിച്ചു; വെബ്സൈറ്റിൽ വന്ന പെൺകുട്ടിയുടെ അനുഭവങ്ങൾ ഞാനാണെന്ന് പറയാതെ വീട്ടകാരെ വായിച്ച് കേൾപ്പിച്ചു; അച്ഛനും അമ്മയും പ്രതികരിക്കണമെന്ന് പറഞ്ഞപ്പോൾ പരസ്യമായെത്തി; മീ ടൂ കാമ്പൈനിൽ അലൻസിയറെ തുറന്നു കാട്ടിയ ദിവ്യാ ഗോപിനാഥ് മറുനാടനോട്

ധനലക്ഷ്മി

'മീ ടു' വിവാദത്തിന്റെ അലയൊലികൾ അടങ്ങുന്നില്ല. ഹോളിവുഡിൽ തുടങ്ങിയ വിവാദം ബോളിവുഡും കടന്ന് ഇപ്പോൾ മലയാള സിനിമയെയും വിട്ടൊഴിയാതെ പിന്തുടരുന്നു. നടിമാരുടെ തുറന്ന് പറച്ചലിനെത്തുടർന്ന് ബോളിവുഡിൽ നാനാ പടേക്കർ, അലോക്നാഥ് തുടങ്ങിയ പ്രമുഖ താരങ്ങൾ കുടുങ്ങിയപ്പോഴും ആദ്യം മലയാള സിനിമ വിവാദത്തിൽ നിന്ന് ഒഴിഞ്ഞുനിന്നു. എന്നാൽ ഒരു വെബ്സൈറ്റിലൂടെ പേര് വെളിപ്പെടുത്താതെ യുവനടി സഹപ്രവർത്തകനായ അലൻസിയർക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മലയാള സിനിമാ ലോകവും വിവാദച്ചുഴിയിൽ അകപ്പെട്ടു. പിന്നീട് നടിതന്നെ സമൂഹമാധ്യമത്തിലൂടെ കാര്യങ്ങൾ പരസ്യമായി തുറന്നുപറയാൻ തയ്യാറായതിലൂടെയാണ് സിനിമാ സെറ്റിൽ ദുരനുഭവം നേരിട്ടത് ദിവ്യാ ഗോപിനാഥാണെന്ന് മലയാളികൾ തിരിച്ചറിഞ്ഞത്. നാടകത്തിലൂടെ മലയാള സിനിമാലോകത്തേക്ക് എത്തിയ ദിവ്യാ ഗോപിനാഥ് സിനിമാജീവിതത്തെക്കുറിച്ച് മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുന്നു.

ദിവ്യയുടെ പഠനകാലം?
എഫ്എസിടി സ്‌കൂളിലാണ് പഠനം തുടങ്ങിയത്. പിന്നീട് പ്ലസ്ടുവിന് സെന്റ് ആൻസിൽ ചേർന്നു. സെന്റ് സേവിയേഴ്സ് കോേളജിൽനിന്ന് ബിരുദവും എംകോമും പൂർത്തിയാക്കി. പിന്നീട് സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്ന് മാസ്റ്റർ ഇൻ തീയ്യറ്ററൽ ആർട്സ് ചെയ്തു. ഇപ്പോൾ എംഫിൽ ചെയ്യുന്നു.

ക്യാംപസ് രാഷ്ട്രീയത്തിൽ സജീവമായിരുന്നുവോ?
എസ്എഫ്ഐയുടെ ലോക്കൽ യൂണിറ്റിൽ പ്രവർത്തിച്ചിട്ടുെങ്കിലും ക്യാംപസ് രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. ഞാൻ പഠിച്ച സെന്റ് സേവിയേഴ്സിൽ രാഷ്ട്രീയമുണ്ടായിരുന്നില്ല. എങ്കിലും യുയുസിയും, ആർട്സ് ക്ലബ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

നാടകത്തിലൂടെയാണല്ലോ അഭിനയത്തിലേക്ക് എത്തുന്നത്? നാടകാഭിനയത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കാമോ?
യാദൃശ്ചികമായാണ് നാടകത്തിലേക്ക് വരുന്നത്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ സത്യജിത് റായിയുടെ ഒരു സിനിമയുടെ രംഗാവിഷ്‌കാരം നടത്തുന്നതിന് അഭിനയിക്കാൻ ആളെ വേണമെന്ന് അറിഞ്ഞു. ഓഡീഷനിൽ സെലക്ഷൻകിട്ടി. അങ്ങനെയാണ് അഭിനയത്തിലേക്കുവരുന്നത്. പിന്നീട് സെന്റ് സേവിയേഴ്സിൽ പഠിക്കുന്ന കാലത്താണ് അഭിനയത്തിൽ സജീവമാകുന്നത്. അക്കാലത്ത് ഒരു ഓഡീഷനിൽ പങ്കെടുക്കുകയും ആ നാടകത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനയത് വഴിത്തിരിവായി.

പിന്നീടുള്ള നാലു വർഷങ്ങളിൽ എംജി യൂണിവേഴ്സിറ്റി നാടക മത്സരങ്ങളിൽ പങ്കെടുക്കകയും സമ്മാനങ്ങൾ ലഭിക്കുകയുംചെയ്തു. നാടകത്തോടുള്ള ഇഷ്ടം അങ്ങനെയാണ് തുടങ്ങിയത്. അത് സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേരാൻ പ്രേരിപ്പിച്ചു. അവിടെ വച്ചാണ് നാടകത്തെ കൂടുതൽ അടുത്തറിയുന്നത്. സ്‌കൂൾ ഓഫ് ഡ്രാമയിലെ പഠനകാലത്ത് നല്ല സംവിധായകരോടും നാടകപ്രവർത്തകരോടമൊപ്പം പ്രവർ ത്തിക്കാൻ അവസരമൊരുങ്ങി. ഇപ്പോൾ ശാകുന്തളം എന്ന നാടകം ചെയ്തുക്കൊണ്ടിരിക്കുന്നു. അത് നവംബറിൽ അരങ്ങിലെത്തും. അതോടൊപ്പം ഞാനും എന്റെ സുഹൃത്തുക്കളുംകൂടി ദ്രാവിഡ എന്റർടെയ്മെന്റ്സ് എന്ന പേരിൽ നാടക കമ്പനി രൂപീകരിച്ചിട്ടുണ്ട്.

ആദ്യ സിനിമയായ കമ്മട്ടിപ്പാടത്തിൽ അവസരം ലഭിക്കുന്നത് എങ്ങനെ?
സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുന്ന കാലത്ത് യാദൃശ്ചികമായാണ് രാജീവ് രവി സാറിന്റെ കമ്മട്ടിപ്പാടത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. അത് വലിയ ഭാഗ്യമായി കരുതുന്നു. പിന്നീട് അയാൾ ശശി എന്ന സിനിമയുടെ ഓഡീഷന് വിളിച്ചു. അതിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ തന്നെ ശ്രീനിവാസൻ സാറിനൊപ്പം അവതരിപ്പിക്കാൻ കഴിഞ്ഞു.അതിനുശേഷം സുരേഷ് നാരായണൻ സംവിധാനം ചെയ്ത ഇരട്ട ജീവിതത്തിൽ പ്രധാന കഥാപാത്രമാകാൻകഴിഞ്ഞു. നാലാമത്തെ ചിത്രമാണ് ആഭാസം. റിലീസ് ചെയ്യാനുള്ള രക്തസാക്ഷ്യമാണ് അടുത്ത ചിത്രം.

അയാൾ ശശിയിൽ ശ്രീനിവാസനോടൊപ്പമുള്ള അഭിനയം?
വെല്ലുവിളി നിറഞ്ഞകഥാപാത്രമായിരുന്നു അയാൾ ശശിയിലേത്. ലോങ് ഷോട്ടുകളാണ് കൂടുതലും. വലിയ ഡയലോഗുകൾ മുഴുവനായി കാണാതെ പഠിച്ച് പറയണമായിരുന്നു. ശ്രീനിവാസൻ സാർ നന്നായി പ്രോത്സാഹിപ്പിക്കുകയും സഹകരിക്കുകയും ചെയ്തതിനാൽ വലിയ ടെൻഷനില്ലാതെ അഭിനയിക്കാൻ കഴിഞ്ഞു. വളരെ പരിചയമുള്ള ആളോടെന്ന പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്.

ഇരട്ടജീവിതത്തിലെ അനുഭവം?
സംവിധായകൻ സുരേഷേട്ടൻ ഒരുപാട് പേരെ നോക്കിയിട്ടും ശരിയാക്കാത്തതു കൊണ്ടാണ് എന്നെ സമീപിച്ചത്. തിരക്കഥ വായിച്ചപ്പോൾ തന്നെ വളരെ താൽപര്യം തോന്നി. ചിത്രത്തിൽ സൈനു എന്ന കഥാപാത്രമാണ് ഞാൻ ചെയ്തത്. വളരെ നല്ല സെറ്റായിരുന്നു. വളരെ നല്ല സംവിധായകന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.

സിനിമയിലാണോ നാടകത്തിലാണോ സ്ത്രീക്ക് കൂടുതൽ സുരക്ഷിതത്വം?
സിനിമയിലും നാടകത്തിലും പലതരത്തിലുള്ള ആൾക്കാരെ നമ്മൾക്ക് കാണാനാവും. നമ്മളുടെ ചുറ്റുമുള്ള ആളുകളെ മനസിലാക്കുക എന്നതാണ് ്രപധാനം. സിനിമയിലും നാടകത്തിലും മാത്രമല്ല, എല്ലാ മേഖലയിലും പ്രശ്നക്കാരുണ്ട്. അവരെ എങ്ങനെ തരണം ചെയ്യുന്നുവെന്നതിലാണ് കാര്യം. നമ്മൾക്ക് ഇഷ്ടമില്ലാതെ കാര്യങ്ങൾ കണ്ടാൽ അത് തുറന്നുപറയാനുള്ള ആർജമുണ്ടാക്കിയെടക്കാൻ കഴിഞ്ഞാൽ പ്രശ്നങ്ങളെ അതിജീവിക്കാനാകും.

ആഭാസത്തിന്റെ സെറ്റിൽ വച്ചാണല്ലോ അലൻസിയറിൽ നിന്ന് മോശം പെരുമാറ്റമുണ്ടായത്? അപ്പോൾ പ്രതികരിച്ചിരുന്നുവോ?
ആദ്യമൊക്കെ സംസാരത്തിലൂടെയായിരുന്നു അപമാനം. അപ്പോഴൊക്കെ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യം കഴിച്ച് വന്നാൽ ഇങ്ങനെയൊക്കെ ചെയ്യാനും പറയാനും കഴിയുമെന്ന പൊതുബോധം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് തോന്നുന്നു. എന്നാൽ ഞാൻ പ്രശ്നമാക്കണ്ട എന്നു കരുതി ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്. പിന്നീട് മുറിയിലേക്ക് വന്ന് ശല്യം ചെയ്യാൻ തുടങ്ങിയതോടെയാണ് പ്രതികരിക്കാൻ തുടങ്ങിയത്.

മുറിയിൽ നിന്ന് ഇറങ്ങി പേകാൻ പറഞ്ഞപ്പോൾ തന്നെ ഇറങ്ങിപോയി. പോയില്ലായിരുന്നുവെങ്കിൽ ഞാൻ ശക്തമായി പ്രതികരിച്ചേനെ. ഇക്കാര്യം സംവിധായകൻ ജൂബിത് നമ്പ്രാടൻിനെ അറയിച്ചു. എനിക്ക് മാത്രമല്ല മറ്റുസുഹൃത്തുകൾക്കും അയാളിൽനിന്ന് ഇത്തരം അനുഭവമുണ്ടായിരുന്നു. എന്നാൽ പുറത്ത് പറയാൻ അവർക്ക് പേടിയായിരുന്നു. ഈ സംഭവത്തിനു ശേഷവും പലയടത്തും പോയി അദ്ദേഹം എന്നെക്കുറിച്ച് മോശമായിപറഞ്ഞത് ഞാൻ അറിഞ്ഞു. അങ്ങനെയാണ് പുറത്ത് പറയാൻ തീരുമാനിച്ചത്.

പരസ്യമായി വീഡിയോ പുറത്തുവിട്ടപ്പോൾ വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നുവോ?
വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നു. അതകൊണ്ട് തന്നെയാണ് തുറന്നുപറയാൻ കഴിഞ്ഞത്. വീട്ടുകാരെ കരുതിയാണ് ആദ്യം പേര് വെളിപ്പെടുത്താതിരുന്നത്. സെറ്റിലുണ്ടായിരുന്ന ദുരനുഭവങ്ങൾ അന്ന് തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. വെബ്സൈറ്റിൽ വന്ന പെൺകുട്ടിയുടെ അനുഭവങ്ങൾ ഞാനാണെന്ന് പറയാതെ വീട്ടകാരെ വായിച്ച് കേൾപ്പിച്ചു. അച്ഛനും അമ്മയും അത് വായിച്ച് പ്രതികരിക്കണമെന്ന് പറഞ്ഞപ്പോഴാണ് പരസ്യമായി പ്രതികരിക്കാൻ തീരുമാനിച്ചത്.

ഇക്കാര്യത്തിൽ മറ്റുളവരും എന്നെ സപ്പോർട്ട് ചെയ്തതും എന്നെ സന്തോഷിപ്പിക്കുന്നു. വീഡിയോ കണ്ട് ഡബ്ല്യുസിസി അംഗങ്ങളും എന്നെ ഇക്കാര്യത്തിൽ പിന്തുണച്ചു. ഡബ്ല്യുസിസി എന്നെ പിന്തുണച്ചില്ലെന്നും പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്ന് ചിലർ പറയുന്നത് അടിസ്ഥാനരഹിതമാണ്. ഡബ്ല്യുസിസി അംഗങ്ങളടെ പിന്തുണയുള്ളതുകൊണ്ട് മാത്രമാണ് ഇക്കാര്യത്തിൽ എനിക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞത്.

അമ്മയിൽ അംഗത്വമുണ്ടോ?
അമ്മയിൽ അംഗത്വം നേടാൻ ഞാൻ ശ്രമിച്ചിട്ടില്ല. നാലു സിനിമകൾ മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്. സിനിമയിലെ ഒരു പെൺകുട്ടിയുടെ വിഷയവുമായി ബന്ധപ്പെട്ട് അമ്മയിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. ഞാനും അതുപോലെയുള്ള പ്രശ്നങ്ങളിൽപ്പെട്ട് മുന്നോട്ട് വരുന്ന സാഹചര്യത്തിൽ അംഗത്വമെടുക്കുന്ന കാര്യത്തിൽ കൺഫ്യൂസ്ഡ് ആണ്. ആ പെൺകുട്ടിക്ക് അമ്മയിൽ നിന്ന് വണ്ടത്ര രീതിയിലുള്ള സപ്പോർട്ട് ലഭിച്ചതായി തോന്നുന്നില്ല. അമ്മയ്ക്കകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP