Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല സ്ത്രീ പ്രവേശനം: തന്റേടമുണ്ടെങ്കിൽ സമരം നടത്തുന്ന പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതി വിധി അംഗീകരിക്കുന്നില്ലെന്ന് പരസ്യമായിപ്പറയട്ടെ; കേന്ദ്ര സർക്കാർ ഇടപെടണമെങ്കിൽ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണമെന്നത് പുതിയ കീഴ് വഴക്കമാണെന്നും കാനം രാജേന്ദ്രൻ

ശബരിമല സ്ത്രീ പ്രവേശനം: തന്റേടമുണ്ടെങ്കിൽ സമരം നടത്തുന്ന പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതി വിധി അംഗീകരിക്കുന്നില്ലെന്ന് പരസ്യമായിപ്പറയട്ടെ; കേന്ദ്ര സർക്കാർ ഇടപെടണമെങ്കിൽ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണമെന്നത് പുതിയ കീഴ് വഴക്കമാണെന്നും കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടണമെങ്കിൽ സംസ്ഥാന സർക്കാർ പ്രമേയം പാസാക്കണമെന്നത് പുതിയ കീഴ് വഴക്കമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന നിയമ സഭ ഐക്യകണ്ഠേന പാസാക്കിയ പല പ്രമേയങ്ങളും ഇപ്പോഴും കേന്ദ്ര സർക്കാറിന് മുന്നിൽ തീരുമാനമാകാതെ കിടക്കുന്നുണ്ട്. ശ്രീധരൻപിള്ള സംസ്ഥാന സർക്കാറിനോട് പ്രമേയം പാസാക്കാൻ പറയുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനോടും പ്രധാനമന്ത്രിയോടും വിഷയത്തിൽ ഇടപെടാനും ഓർഡിനൻസിറക്കാനും പറയുകയാണ് വേണ്ടത്.

ശ്രീധരൻ പിള്ളയെ പോലെ താനൊരു നിയമ വിദഗ്ധനൊന്നുമല്ലെങ്കിലും തന്റെ സാമാന്യബുദ്ധിയിൽ തോന്നുന്നത് അത്തരത്തിലൊരു ഓർഡിനൻസിന് പ്രസക്തിയില്ലെന്നാണ്. ശബരിമല വിഷയത്തിൽ തീരുമാനങ്ങളെല്ലാം എൽഡിഎഫ് ആലോചിച്ച് തന്നെയാണ് കൈകൊണ്ടിട്ടുള്ളത്. നിലവിൽ ഗ്രാസ്റൂട്ട് ലെവലിൽ തീരുമാനങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള നടപടികളുമായാണ് എൽഡിഎഫ് മുന്നോട്ട് പോകുന്നത്. ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധിയാണിത്. ഇതിനെ മറികടക്കുക എന്നത് എങ്ങനെയാണ് സാധ്യമാകുക. ഇത് രാജ്യത്തിന്റെ നിയമമാണ്. അത് നടപ്പിലാക്കാനുള്ള ബാധ്യത കേരളത്തിലെ സർക്കാറിനുണ്ട്. അത് എല്ലാ ഗവൺമെന്റുകൾക്കും അങ്ങനെ തന്നെയാണ്.

മഹാരാഷ്ട്രയിൽ ഇത്തരത്തിലുള്ള വിധികൾ നടപ്പിലാക്കിയിട്ടുണ്ട്. അതല്ലെങ്കിൽ ഇന്ന് ഈ സമരത്തിന് മുന്നിൽ നിൽക്കുന്ന പ്രതിപക്ഷപാർട്ടികൾ പരസ്യമായി പറയട്ടെ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പിലാക്കേണ്ടതില്ല എന്ന്. അതുമല്ലെങ്കിൽ അവരൊരു വഴി സർക്കാറിന് പറഞ്ഞു തരട്ടെ എങ്ങനെ ഈ വിധി മറികടക്കാമെന്ന്. ഇതൊന്നും അവർ ചെയ്യുന്നില്ല. പൊലീസിന്റെ ഇടപെടലുകളെ കുറിച്ച് രാഷ്ട്രീയ നേതൃത്വമല്ല അഭിപ്രായം പറയേണ്ടത്. അവരുടെ ഇടപെടലുകളെ കുറിച്ച് പ്രശ്നങ്ങളുണ്ടെങ്കിൽ അവർ തന്നെയത് പരിശോധിച്ച് പരിഹരിക്കും. ഈ സമരങ്ങളൊന്നും എൽഡിഎഫ് സർക്കാറിന്റെ ജനപിന്തുണയെ ബാധിച്ചിട്ടില്ല. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളെല്ലാം ജനങ്ങളെ അറിയിച്ചു കഴിഞ്ഞു.

ജനങ്ങൾ ഞങ്ങളെ പിന്തുണക്കും. ജനപിന്തുണ കുറഞ്ഞതുകൊണ്ടല്ല ജനങ്ങളെ ബോധ്യപ്പെടുത്താനിറങ്ങുന്നത്. മറിച്ച് പ്രതിപക്ഷപാർട്ടികൾ ഒറ്റക്കെട്ടായി വർഗ്ഗീയത പറഞ്ഞുകൊണ്ട് സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നതിനാലാണ് ഞങ്ങൾ ജനങ്ങൾക്കിടയിലേക്കിറങ്ങുന്നത്. വിമോചന സമരത്തെ അതിജീവിച്ചവരാണ് ഞങ്ങൾ. ബിജെപിയും മറ്റേതെങ്കിലും ജനാധിപത്യ പാർട്ടികളും തമ്മിൽ വർഗ്ഗീയത പറയുന്നതിൽ മത്സരിച്ചിട്ട് കാര്യമില്ല. അത് കുറച്ച് കഴിഞ്ഞാൽ രമേശ് ചെന്നിത്തലക്ക് മനസ്സിലാകും. ബിജെപിക്ക് അനുകൂലമാകും ഈ പ്രശ്നങ്ങളെല്ലാം എന്നതിലുപരി എന്റെ അഭിപ്രായം ഇത് കോൺഗ്രസിന് പ്രതികൂലമായി ബാധിക്കും എന്നാണ്. കാനം കോഴിക്കോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP