Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്നിധാനത്ത് യുവതി പ്രവേശിച്ചെന്ന സംശയത്തെ തുടർന്ന് ഭക്തരുടെ വൻ പ്രതിഷേധം; ശ്രീകോവിലിന് ചുറ്റും കൈകോർത്ത് നിന്ന് ശരണം വിളികൾ; പരിശോധനയ്ക്ക് പിന്നാലെ അഭ്യൂഹമെന്ന് അറിയിച്ച് പൊലീസ് ; ശബരിമലയെ കലാപഭൂമിയാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്

സന്നിധാനത്ത് യുവതി പ്രവേശിച്ചെന്ന സംശയത്തെ തുടർന്ന് ഭക്തരുടെ വൻ പ്രതിഷേധം; ശ്രീകോവിലിന് ചുറ്റും കൈകോർത്ത് നിന്ന് ശരണം വിളികൾ; പരിശോധനയ്ക്ക് പിന്നാലെ അഭ്യൂഹമെന്ന് അറിയിച്ച് പൊലീസ് ; ശബരിമലയെ കലാപഭൂമിയാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്

മറുനാടൻ ഡെസ്‌ക്‌

ശബരിമല: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇവിടേയ്ക്ക് സ്ത്രീകൾ കയറാൻ ശ്രമിച്ചതും പമ്പയുൾപ്പടെയുള്ള ഭാഗത്ത് പ്രതിഷേധക്കാർ അവരെ തടഞ്ഞെന്നുമുള്ള വാർത്ത വന്നതിന് പിന്നാലെയാണ് വീണ്ടും സന്നിധാനത്ത് യുവതി പ്രവേശിച്ചെന്ന വാർത്ത പുറത്ത് വരുന്നത്. സംശയം തോന്നിയതിന് പിന്നാലെ ഇവിടെ ഭക്തരുടെ നേതൃത്വത്തിൽ പ്രതിഷേധവും നടന്നു. ശ്രീകോവിലിനു ചുറ്റും കൈകോർത്തുനിന്നു ശരണം വിളിച്ചാണു ഭക്തർ പ്രതിഷേധിച്ചത്. പരിസരത്തു പരിശോധന നടത്തിയ പൊലീസ്, അഭ്യൂഹം പ്രചരിച്ചതാണെന്ന് അറിയിച്ചു.

കാര്യങ്ങൾ പറഞ്ഞു ഭക്തരെ അനുനയിപ്പിച്ചു. ശബരിമലയെ കലാപഭൂമിയാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ആരോപിച്ചു.സമാനതകൾ ഇല്ലാത്ത നരനായാട്ടു നടത്തിയതു മുഖ്യമന്ത്രിയുടെ അനുമതിയോടു കൂടിയാണ്. ആചാരലംഘനത്തിനു നേതൃത്വം നൽകിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അയ്യപ്പസന്നിധിയിൽ കണ്ണീരോടെ തൊഴുതുനിൽക്കുന്നതു നമ്മൾ കണ്ടതാണ്. ഇതു തന്നെയാവും പിണറായി വിജയനെയും കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതീപ്രവേശത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ അയ്യപ്പ ധർമസേനാ പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുൽ ഈശ്വറിനു ജാമ്യം ലഭിച്ചു. റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമലതലയുള്ള പത്തനംതിട്ട മുൻസിഫ് കോടതിയാണു ജാമ്യം അനുവദിച്ചത്. നടുവിന്റെ കുഴപ്പം കൂടിയതിനാൽ രാഹുൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

ശബരിമല യുവതീപ്രവേശത്തിൽ സർക്കാർ ചെകുത്താനും കടലിനും ഇടയിലാണെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒരുഭാഗത്തു കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത, മറുഭാഗത്തു ബിജെപി സൃഷ്ടിക്കുന്ന സംഘർഷം. പാർലമെന്റ് തിരഞ്ഞെടുപ്പാണു ബിജെപിയുടെ ലക്ഷ്യം. അവർ സമവായം ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച തുടരുകയാണെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചു.

കോടതിയിൽ ഏതുരീതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമെടുക്കും. വിഷയത്തെ വളരെ ഗൗരവത്തോടെയാണു ബോർഡ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല ദർശനത്തിനു പോകാനെത്തിയ കോട്ടയം സ്വദേശി ബിന്ദു ശ്രമം ഉപേക്ഷിച്ചു മടങ്ങി. പൊലീസ് സംരക്ഷണം നൽകിയെങ്കിലും ഭക്തരുടെ പ്രതിഷേധത്തെതുടർന്നായിരുന്നു മടക്കം. ആന്ധ്രയിലെ ഏലൂരുവിൽനിന്നുള്ള 4 യുവതികളും മല കയറാൻ ശ്രമിച്ചു പാതിവഴിക്കു തിരിച്ചിറങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP