Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിന് പിന്നാലെ സൗദി കുരുക്കലേക്ക് ! തെളിവ് നശിപ്പിക്കാനും ഡ്യൂപ്പിനെ വച്ച് നടത്താനും ശ്രമിച്ച നീക്കങ്ങൾ പുറത്ത് വന്നതോടെ സൗദിയുടെ പ്രതിച്ഛായയ്ക്ക് മങ്ങൽ; ഖഷോഗിയുടെ വധത്തിന് പിന്നാലെ മുഖസാദൃശ്യമുള്ള ആൾ പുറത്തേക്ക് പോയത് നാടകമെന്നറിയിച്ച് തുർക്കി മാധ്യമങ്ങൾ; മൃതദ്ദേഹം എന്ത് ചെയ്‌തെന്ന കാര്യത്തിലും അവ്യക്തത

മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിന് പിന്നാലെ സൗദി കുരുക്കലേക്ക് ! തെളിവ് നശിപ്പിക്കാനും ഡ്യൂപ്പിനെ വച്ച് നടത്താനും ശ്രമിച്ച നീക്കങ്ങൾ പുറത്ത് വന്നതോടെ സൗദിയുടെ പ്രതിച്ഛായയ്ക്ക് മങ്ങൽ; ഖഷോഗിയുടെ വധത്തിന് പിന്നാലെ മുഖസാദൃശ്യമുള്ള ആൾ പുറത്തേക്ക് പോയത് നാടകമെന്നറിയിച്ച് തുർക്കി മാധ്യമങ്ങൾ; മൃതദ്ദേഹം എന്ത് ചെയ്‌തെന്ന കാര്യത്തിലും അവ്യക്തത

മറുനാടൻ ഡെസ്‌ക്‌

ഇസ്താംബൂൾ: മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി കോൺസുലേറ്റിനുള്ളിൽ കൊല്ലപ്പെട്ടതിന് പിന്നാലെ സൗദി അറേബ്യ കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മാത്രമല്ല ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കാനും ലോക രാജ്യങ്ങൾക്ക് മുൻപിൽ തങ്ങൾ നിരപരാധികളാണെന്ന് വരുത്തി തീർക്കാനും സൗദി ശ്രമിക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്. ഇതിനിടയിൽ ഡ്യൂപ്പിനെ വച്ച് സൗദി നടത്തിയ നീക്കം തുർക്കി പൊലീസ് കണ്ടു പിടിച്ചതും ഇവരെ കുരുക്കിലാക്കി. മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി ഇസ്താംബുളിലെ തങ്ങളുടെ കോൺസുലേറ്റിൽ കൊല്ലപ്പെട്ട സംഭവത്തിൽ സൗദിക്കെതിരേ രാജ്യാന്തര വികാരം ശക്തമാകുന്നതിനിടെ ഖഷോഗിയോട് സാമ്യതയുള്ള മുസ്തഫാ അൽ മദനിയെന്ന ഉദ്യോഗസ്ഥനെയാണ് ഖഷോഗിയുടെ വേഷം കെട്ടിച്ച് കോൺസുലേറ്റിന് പുറത്തേക്ക് വിട്ട് നാടകം നടത്തിയത്.

ഈ മാസം രണ്ടിനാണു സൗദി കോൺസുലേറ്റിനുള്ളിൽവച്ച് ഖഷോഗി കൊല്ലപ്പെട്ടത്. ഖഷോഗി കോൺസുലേറ്റിൽനിന്നു പുറത്തേക്കു പോയി എന്നു വരുത്താൻ ഖഷോഗിയുടെ വസ്ത്രങ്ങളും കണ്ണടയും വാച്ചും ധരിപ്പിച്ച് കൃത്രിമതാടിയും വച്ചാണ് മദനിയെ പുറത്തേക്ക് വിട്ടത്. ഖാഷോഗി കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെ അദ്ദേഹത്തിന്റെ അപരൻ പുറത്തേക്ക് പോകുകയും ചെയ്തു. കോൺസുലേറ്റിൽ നിന്ന് ഇയാൾ സുൽത്താൻ അഹമ്മദ് മോസ്‌കിലേക്കാണു പോയത്. ഇവിടെവച്ച് വെപ്പുമീശയും ഖഷോഗിയുടെ വസ്ത്രവും ഉപേക്ഷിച്ചു. തുടർയാത്ര തുർക്കിയിലെ തന്നെ സുൽത്താനമെറ്റ് ജില്ലയിലേക്കായിരുന്നു. കണ്ണടയും വാച്ചും ഇവിടെയാണു ഉപേക്ഷിച്ചതെന്നും തുർക്കി മാധ്യമങ്ങൾ പറയുന്നു.

സൗദി അറേബ്യ ഒരുക്കിയ ഈ വ്യാജൻ ഖഷോഗിയെ തുർക്കി മാധ്യമങ്ങൾ കയ്യോടെ പിടികൂടുകയായിരുന്നു. മുസ്തഫാ അൽ മദനിയെയാണു സൗദി ''വേഷം'' കെട്ടിച്ചതെന്നു ഇയാളുടെ ചിത്രങ്ങൾ സഹിതമാണ് തുർക്കി മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്. മദനിയുടെ യാത്ര സംബന്ധിച്ച തുമ്പുകൾ തുർക്കി പൊലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പതിനഞ്ചംഗ കൊലയാളി സംഘം ഇസ്താംബുളിലേക്കു പറന്നെത്തിയെന്നും കോൺസുലേറ്റിൽവച്ച് ഇവർ ഖഷോഗിയുടെ വിരലുകൾ മുറിച്ചുമാറ്റിയെന്നും പിന്നീട് അമ്പത്തിയൊമ്പതുകാരനെ ഛിന്നഭിന്നമാക്കിയെന്നുമാണ് തുർക്കി മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. സൗദിയുടെ ഏകാധിപത്യഭരണത്തിന്റെ നിശിത വിമർശകനായിരുന്നു ഖഷോഗി. വെറുമൊരു പഴഞ്ചൻ ഏകാധിപതിയായാണു കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ അദ്ദേഹം കണ്ടിരുന്നതും.

ഖഷോഗി കോൺസുലേറ്റിൽ എത്തുന്നതിനു തൊട്ടുമുമ്പ് മുഹമ്മദ് രാജകുമാരന്റെ സന്തതസഹചാരി മഹർ അബ്ദുൾ അസീസ് മുത്റെബ് അവിടെയെത്തിയെന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രാജകുമാരൻ അമേരിക്കയിലും ഫ്രാൻസിലും സ്പെയിനിലുമൊക്കെ ഈ വർഷം യാത്ര നടത്തിയപ്പോൾ മഹർ മുത്റെബും അനുചരവൃന്ദത്തിലുണ്ടായിരുന്നു. 2007- ൽ ലണ്ടനിലെ സൗദി എംബസിയിലുണ്ടായിരുന്ന ഫസ്റ്റ് സെക്രട്ടറിയുടെ പേരുമായി മുത്റെബിന്റെ പേരിനു സാമ്യമുണ്ടുതാനും. എന്നാൽ, ഖഷോഗി എത്തിയ സമയത്ത് മുത്റെബ് എന്തിന് അവിടെവന്നു എന്ന ചോദ്യത്തിനു സൗദി ഇതുവരെ ഉത്തരം നൽകിയിട്ടില്ല.

കൊലപാതകത്തിനു പിന്നാലെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അടുപ്പക്കാരെ ഫോണിൽ വിളിച്ചതായും റിപ്പോർട്ടുണ്ട്. കൊലയാളി സംഘത്തിലുണ്ടായിരുന്ന മത്രെബ് ആണു ഫോൺ ചെയ്തത്. കൊലയിൽ സൗദി രാജകുമാരനു പങ്കുണ്ടെന്ന ആരോപണങ്ങൾ ശക്തിപ്പെടുന്നതിനിടെ ഖഷോഗിയുടെ മകനെ വിളിച്ച് സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അനുശോചനമറിയിച്ച് സന്ദേശമയച്ചിട്ടുണ്ട്.പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ഉദ്യോഗസ്ഥരിലൊരാൾ ഖഷോഗിയെ കഴുത്തുഞെരിച്ചു കൊന്നെന്ന സൗദിയുടെ പുതിയ വിശദീകരണവും ലോകരാജ്യങ്ങൾ കണ്ണടച്ചു വിശ്വസിക്കുന്നില്ല.

ആഴ്ചകൾക്കു ശേഷമുള്ള ഈ വെളിപ്പെടുത്തലും 18 പേരുടെ അറസ്റ്റുമൊക്കെ രാജകുമാരന്റെ പങ്ക് പുറത്തുവരാതിരിക്കാനുള്ള തന്ത്രമാണെന്നാണ് പരക്കെ ഉയരുന്ന ആരോപണം. ഖഷോഗിയുടെ തിരോധാനം സംബന്ധിച്ചു നേരത്തെ നൽകിയ അറിയിപ്പുകൾക്കു ന്യായീകരണവുമായി സൗദി രംഗത്തെത്തിയിട്ടുണ്ട്.ഉദ്യോഗസ്ഥർ ഖഷോഗിയെ കൊലപ്പെടുത്തിയ വിവരം സൗദി ഭരണകൂടത്തെ അറിയിച്ചില്ലെന്നാണു വാദം. പകരം, അദ്ദേഹത്തെ കോൺസുലേറ്റിൽ നിന്നു പുറത്തുപോകാൻ അനുമതി നൽകുകയാണ് ഉണ്ടായതെന്ന് റിപ്പോർട്ടാണു റിയാദിനു നൽകിയതത്രേ.

അതിനിടെ, കൊലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്നു പാർലമെന്റിനെ അറിയിക്കുമെന്ന് തുർക്കി പ്രധാനമന്ത്രി റിജെപ് തായിപ് എർദോവെൻ. കൊലപാതകം സംബന്ധിച്ച് ഇന്നു പാർലമെന്റിൽ വെളിപ്പെടുത്തൽ നടത്തുമെന്നു തുർക്കി പ്രസിഡന്റ് റിജെപ് തായിപ് എർദോവെൻ വ്യക്തമാക്കി. മൃതദേഹം എന്തു ചെയ്തെന്ന കാര്യത്തിൽ അവ്യക്തതയാണ് ബാക്കിയുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP