Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

പ്രതിഷേധക്കാർക്ക് പരസ്പരം ബന്ധപ്പെടാൻ വാക്കി ടോക്കി ഒരുക്കി രാഹുൽ ഈശ്വർ; ആ നീക്കം നിയമ വിരുദ്ധമെന്ന് പൊലീസ്; ശബരിമലയിലേക്കുള്ള പാതകളെല്ലാം അതീവ സുരക്ഷാ സ്ഥലമായി പ്രഖ്യാപിച്ച് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ; സംഘർഷത്തിന്റെ ദിനങ്ങൾ ഒഴിവായില്ലെന്ന സൂചനയോടെ ശബരിമലയെ ചൊല്ലി തർക്കങ്ങൾ തുടരുന്നു

പ്രതിഷേധക്കാർക്ക് പരസ്പരം ബന്ധപ്പെടാൻ വാക്കി ടോക്കി ഒരുക്കി രാഹുൽ ഈശ്വർ; ആ നീക്കം നിയമ വിരുദ്ധമെന്ന് പൊലീസ്; ശബരിമലയിലേക്കുള്ള പാതകളെല്ലാം അതീവ സുരക്ഷാ സ്ഥലമായി പ്രഖ്യാപിച്ച് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ; സംഘർഷത്തിന്റെ ദിനങ്ങൾ ഒഴിവായില്ലെന്ന സൂചനയോടെ ശബരിമലയെ ചൊല്ലി തർക്കങ്ങൾ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശത്തിൽ സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയുടെ ജാള്യത മറയ്ക്കാനായി പൊലീസിനെ ദുരുപയോഗം ചെയ്ത് നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് വിശ്വാസികളുടെ ആരോപണം. ദർശനത്തിനായി എത്തിയ വിശ്വാസികളെ കള്ളക്കേസുകളിൽ പെടുത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള സർക്കാർ നീക്കത്തെ ചെറുക്കാനാണ് പരിവാറുകാരുടെ തീരുമാനം. . നാട്ടിൽ ശാന്തിയും സമാധാനവും നിലനിർത്താൻ ആഗ്രഹിക്കുന്ന ഭരണാധികാരിക്കു ചേർന്ന പ്രവർത്തിയും വാക്കുകളുമല്ല മുഖ്യമന്ത്രിയിൽ നിന്നുണ്ടാകുന്നത്. 'തോക്കിനും ലാത്തിക്കും' തച്ചുടക്കാൻ കഴിയുന്നതല്ല ശബരിമല ക്ഷേത്രവും ആചാരങ്ങളും വിശ്വാസങ്ങളൂം. കിരാതമായ പീഡനമുറകളെ അതിജീവിച്ചു വിശ്വാസം സംരക്ഷിക്കാനുള്ള വിശ്വാസികളുടെ ധർമ്മസമരം തുടരാനാണ് തീരുമാനം. ഇതിനിടെയാണ് വേറിട്ട വഴിയിലെ പ്രതിഷേധത്തിന് രാഹുൽ ഈശ്വറും കൂട്ടരുമെത്തുന്നത്. ഇതോടെ മണ്ഡല മകര വിളക്ക് കാലത്ത് ശബരിമല സംഘർഷ ഭൂമിയാകാനാണ് സാധ്യത.

മലമുകളിൽ പ്രക്ഷോഭത്തിനു തയ്യാറെടുക്കുന്നു എന്ന അറിയിപ്പുമായി രാഹുൽ ഈശ്വറിന്റെ പുതിയ ചിത്രം സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലെത്തിയത് വൈറലായിരുന്നു. അയ്യപ്പഭക്തർക്കു പരസ്പരം ആശയവിനിമയം നടത്താനായി ഒരുക്കിയ വോക്കി ടോക്കികളുമായി നിൽക്കുന്ന ചിത്രമാണ് രാഹുൽ പ്രസിദ്ധീകരിച്ചത്. അതേസമയം, ചിത്രത്തിലുള്ള വോക്കി ടോക്കി സംവിധാനം അനധികൃതമാണെന്നു ചൂണ്ടിക്കാട്ടി അമച്വർ റേഡിയോ ഓപ്പറേറ്റർമാർ രംഗത്തുവന്നു. പൊലീസും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. രാഹുൽ ഈശ്വറിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്‌തേക്കും. കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്തതിന്റെ പേരിലാകും നടപടി. വാക്കി ടോക്കി ഉപയോഗിച്ച് പ്രതിഷേധക്കാർ പരസ്പരം ആശയ വിനിമയം നടത്തുന്നത് തടയാൻ പൊലീസും നീക്കം തുടങ്ങി. ശബരിമല പാതകളെ പ്രത്യേക സുരക്ഷാ മേഖലയാക്കിയത് ഇതിന്റെ ഭാഗമായാണ്. ഇതോടെ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമെല്ലാം വാക്കി ടോക്കി പ്രശ്‌നമാകും. ഉപയോഗിക്കുന്നവരെ അപ്പോൾ ്തന്നെ അറസ്റ്റും ചെയ്യും.

ആശയ വിനിമയത്തിനായി അയ്യപ്പ ഭക്തർക്ക് വോക്കി ടോക്കി വിതരണം ചെയ്യുമെന്നാണ് രാഹുൽ ഈശ്വർ അറിയിച്ചിരിക്കുന്നത്. മുസ്ലിം, ക്രിസ്ത്യൻ സഹോദരങ്ങൾക്ക് നന്ദി പറയുന്നുവെന്നും രാഹുൽ ഈശ്വർ ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കി. നവംബർ അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പ്രാർത്ഥനായജ്ഞത്തിന്റെ ഭാഗമായി ഭക്തർക്ക് വോക്കി ടോക്കികൾ വിതരണം ചെയ്യുമെന്നും ഇതിനായി പൊലീസിൽ നിന്ന് അനുമതി വാങ്ങുമെന്നും രാഹുൽ പിന്നീട് പറഞ്ഞു. പൊലീസ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. വാക്കി ടോക്കിയുടെ ഉപയോഗം പൊലീസിന് തലവേദനയാകും. ഇന്റർനെറ്റും മൊബൈലും വിച്ഛേദിച്ചാലും പ്രതിഷേധക്കാരുടെ ആശയ വിനിമയം തുടരും. ഇത് ഒഴിവാക്കാൻ പരമാവധി ഇടപെടൽ നടത്താനാണ് നീക്കം. കഴിഞ്ഞ തവണയുണ്ടായ പാളിച്ചയ്ക്കു പ്രധാന കാരണം ആശയവിനിമയത്തിന്റെ അഭാവമായിരുന്നു എന്ന് തിരിച്ചറിഞ്ഞാൽ രാഹുൽ ഈശ്വർ വാക്കി ടോക്കിയുമായെത്തുന്നത്.

ശബരിമല റെയ്ഞ്ചും കണക്ടിവിറ്റിയും വളരെ കുറവുള്ള ഒരു പ്രദേശമാണ്. വിവരങ്ങൾ പല സ്ഥലങ്ങളിലുമുണ്ടായിരുന്ന ഭക്തരിലേക്ക് എത്തിക്കുന്നതിൽ പാളിച്ചകൾ പറ്റി. ഇനി അത് ആവർത്തിക്കാതിരിക്കാനാണ് വോക്കി ടോക്കികൾ നൽകാൻ തീരുമാനിച്ചത്. നിലയ്ക്കലിൽ അക്രമമുണ്ടായപ്പോൾ പൊലീസിനോട് പറഞ്ഞിരുന്നു, എന്നെ ഒന്ന് നിലയ്ക്കലിലേക്ക് വിടൂ, സ്ഥിതിഗതികൾ ശാന്തമാക്കിത്തരാം എന്ന്. പക്ഷേ അതുണ്ടായില്ല. മാത്രമല്ല, ഭക്തരുമായി ആശയവിനിമയത്തിനും സാധിച്ചില്ല. തെറ്റായ വാർത്തകളുൾപ്പെടെ പ്രചരിക്കുന്ന സാഹചര്യത്തിൽ വോക്കി ടോക്കികൾ ഗുണം ചെയ്യുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. ബാവോഫെങ് എന്ന ചൈനീസ് ജനറിക് വോക്കി ടോക്കി സംവിധാനമാണു ചിത്രത്തിലുള്ളത്. ഇതിന് ടെലികമ്യുണിക്കേഷൻ വിഭാഗത്തിന്റെ അനുമതി ഒരിക്കലും കിട്ടില്ലെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഫ്രീക്വൻസി പ്രോഗ്രാം ചെയ്യാൻ കഴിയുന്നതിനാൽ പൊലീസ് വയർലെസ് ഫ്രീക്വൻസിയിൽ നുഴഞ്ഞുകയറി സന്ദേശങ്ങൾ ചോർത്താൻ കഴിയുമെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നു.

420 മുതൽ 470 മെഗാഹെർട്‌സ് ഫ്രീക്വൻസി പരിധിയിൽ പ്രവർത്തിക്കുന്ന ബാവോഫെങ് വയർലെസ് അനധികൃതമായി ഇന്ത്യയിൽ പലയിടത്തും വിറ്റഴിക്കപ്പെടുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് രാഹുൽ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള സാധ്യത വരുന്നത്. മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് സന്നിധാനവും ശബരിപാതകളും പൊലീസ് നിയന്ത്രണത്തിലാക്കി സർക്കാർ വിജ്ഞാപനമിറക്കിയത് ഇതിന്റെ ഭാഗമാണ്. പമ്പയും സന്നിധാനവും ഉൾപ്പെടുന്ന പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവാണ് പ്രത്യേക സുരക്ഷാ മേഖലയിൽ വരുന്നത്. ഇവിടെ വാക്കി ടോക്കിയുമായി ആരെത്തിയാലും അറസ്റ്റ് ചെയ്യും. ഇതാദ്യമായാണ് ശബരിമലയും അവിടേക്കുള്ള പാതകളും അതിസുരക്ഷാ മേഖലയായി പ്രഖ്യാപിക്കുന്നത്. നവംബർ 15 മുതൽ 2019 ജനുവരി 20 വരെയായിരിക്കും ഈ ക്രമീകരണം.

ഇലവുങ്കൽ, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പാണ്ടിത്താവളം, ഉപ്പുപ്പാറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് പ്രത്യേക സുരക്ഷാ മേഖല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP