Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമിത് ഷായുടെ പെർഫക്ട് ലാൻഡിങ് അവേശഭരിതമാക്കാൻ പ്രമുഖരെ പലരേയും ബിജെപിക്കാരക്കാനുള്ള ശ്രമം വിജയിച്ചില്ല; ഇന്നലെ അംഗത്വം നൽകിയത് മുമ്പേ സഹകരിച്ചു തുടങ്ങിയ രാമൻ നായർക്കും മാധവൻ നായർക്കും പ്രമീളാ ദേവിക്കും തോമസ് ജോണിനും മാത്രം; സെൻകുമാർ കണ്ടു മടങ്ങിയപ്പോൾ പൊളിഞ്ഞത് കെ സുധാകരനേയും ഉണ്ണിത്താനേയും അടക്കം നിരവധി പ്രമുഖരെ ചേർക്കാനുള്ള നീക്കം; ശബരിമല വിഷയം ഏറ്റെടുത്ത് ചർച്ചായാക്കിയിട്ടും അറിയപ്പെടുന്ന ആരേയും അടുപ്പിക്കാൻ സാധിക്കാത്തതിൽ അമിത് ഷായ്ക്ക് കലിപ്പ്

അമിത് ഷായുടെ പെർഫക്ട് ലാൻഡിങ് അവേശഭരിതമാക്കാൻ പ്രമുഖരെ പലരേയും ബിജെപിക്കാരക്കാനുള്ള ശ്രമം വിജയിച്ചില്ല; ഇന്നലെ അംഗത്വം നൽകിയത് മുമ്പേ സഹകരിച്ചു തുടങ്ങിയ രാമൻ നായർക്കും മാധവൻ നായർക്കും പ്രമീളാ ദേവിക്കും തോമസ് ജോണിനും മാത്രം; സെൻകുമാർ കണ്ടു മടങ്ങിയപ്പോൾ പൊളിഞ്ഞത് കെ സുധാകരനേയും ഉണ്ണിത്താനേയും അടക്കം നിരവധി പ്രമുഖരെ ചേർക്കാനുള്ള നീക്കം; ശബരിമല വിഷയം ഏറ്റെടുത്ത് ചർച്ചായാക്കിയിട്ടും അറിയപ്പെടുന്ന ആരേയും അടുപ്പിക്കാൻ സാധിക്കാത്തതിൽ അമിത് ഷായ്ക്ക് കലിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വമ്പൻ സ്രാവുകളെ ബിജെപിയിൽ ചേർക്കുക. അതും തീർത്തും അപ്രതീക്ഷിതമായി. ഇതാണ് രാജ്യത്തെങ്ങും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രാഷ്ട്രീയ നേട്ടത്തിനുണ്ടാക്കുന്ന തന്ത്രം. എന്നാൽ കേരളത്തിൽ മാത്രം പടിച്ച പണി പതിനെട്ടും നോക്കിയിട്ടും അതിന് കഴിയുന്നില്ല. കേരളത്തിലെ സാമൂഹിക സാസ്‌കാരിക മേഖലയിൽ നിന്ന് വമ്പൻ വ്യക്തിത്വത്തെ ഇനിയും ബിജെപിക്ക് കിട്ടുന്നില്ല. നടൻ സുരേഷ് ഗോപിയും ക്രിക്കറ്റർ ശ്രീശാന്തും മാത്രാണ് ബിജെപിയോട് അടുത്ത സെലിബ്രട്ടികൾ. കഴിഞ്ഞ തവണ കേരളത്തിലെത്തിയപ്പോഴും അമിത് ഷാ പ്രമുഖരെ ബിജെപിയിൽ എത്തിക്കാൻ ശ്രമിച്ചു. അന്ന് വെഞ്ഞാറമൂട് ശശിയെന്ന പ്രാദേശിക നേതാവിനെയാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വം അമിത് ഷായെ പരിചയപ്പെടുത്തി. ഇന്നലെ കേരളത്തിലെത്തുമ്പോഴും അമിത് ഷാ പലതും പ്രതീക്ഷിച്ചു. എന്നാൽ ഒന്നും നടന്നില്ല.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ജി. രാമൻ നായർ ഉൾപ്പെടെ അഞ്ചു പ്രമുഖർ ബിജെപിയിൽ ചേർന്നുവെങ്കിലും ഇവരാരും ജനസ്വാധീനമുള്ള നേതാക്കളല്ല. ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ, വനിതാ കമ്മിഷൻ മുൻ അംഗം ജെ.പ്രമീളാദേവി, മലങ്കര സഭാംഗം സി. തോമസ് ജോൺ, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരൻ എന്നിവരാണ് പാർട്ടി അംഗത്വമെടുത്തത്. ഇതിൽ രാമൻനായരും മാധവൻ നായരും ഏറെ നാളായി ബിജെപിക്കൊപ്പമാണ്. മാധവൻ നായരുടെ പേര് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പോലും ബിജെപിക്കൊപ്പമുണ്ടായിരുന്നു. അറിയപ്പെടുന്ന ബിജെപിക്കാരനായി മാറിയിരുന്നവരാണ് ഇപ്പോൾ വീണ്ടും അംഗത്വമെടുക്കുന്നത്. തോമസ് ജോണും കരകുളം ദിവാകരനും കേരളീയ സമൂഹത്തിൽ ഇതുവരെ ചർച്ച ചെയ്യാത്ത പേരുകാരുമാണ്. അതുകൊണ്ട് തന്നെ ആരേയും ഞെട്ടിക്കുന്ന പേരുകാരാരും ഇന്നലേയും ബിജെപിയിൽ ചേർന്നില്ല.

കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ, രാജ് മോഹൻ ഉണ്ണിത്താൻ, മോഹൻലാൽ തുടങ്ങിയ വമ്പൻ പേരുകാരെ ബിജെപിയിൽ അടുപ്പിക്കാനാണ് കേരള നേതൃത്വത്തിന് അമിത് ഷാ നൽകിയ നിർദ്ദേശം. സജീവമായി കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇടപെടുന്ന ആരും ബിജെപിക്കൊപ്പം ചേരാൻ തയ്യാറല്ല. ഇതാണ് അമിത് ഷായെ വെട്ടിലാക്കുന്നത്. ചെറുമീനുകളെ എത്തിച്ച് തന്നെ കേരളാ നേതൃത്വം പറ്റിക്കുകയാണെന്ന തോന്നലും അദ്ദേഹത്തിനുണ്ട്. വമ്പൻ സ്രാവുകളെ അടർത്തിയെടുത്താൽ മാത്രമേ അത് വലിയ ചർച്ചയായി മാറൂ. ബിജെപിയിലേക്ക് പ്രമുഖരെത്തുന്ന എന്ന തരത്തിൽ നിരീക്ഷണങ്ങളെത്തൂ. അതിന് കേരളത്തിലെ ബിജെപിക്ക് കഴിയുന്നില്ലെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ. ശബരിമല പ്രശ്‌നത്തിൽ കേരളാ ഘടകത്തിന്റെ നിലപാടിനെ കേന്ദ്രം അംഗീകരിച്ചു. ഇത് പാർട്ടിക്ക് വളരാൻ വേണ്ടിയാണ്. അല്ലാത്ത പക്ഷം പ്രധാനപ്പെട്ട വിഷയത്തിൽ മൂരാച്ചി നിലപാട് എടുത്തതു കൊണ്ട് കാര്യമില്ലെന്നാണ് അമിത് ഷായുടെ പക്ഷം.

കെ സുധാകരനെ പോലൊരു നേതാവിനെ അടിയന്തരമായി ബിജെപിയിൽ എത്തിക്കണമെന്നാണ് നേതാക്കൾക്ക് അമിത് ഷാ നൽകുന്ന നിർദ്ദേശം. കോൺഗ്രസിൽ നിന്ന് ഇത്തവണ ബിജെപിയിൽ എത്തിയത് രാമൻപിള്ളയാണ്. ഏറെ നാളായി കോൺഗ്രസ് രാഷ്ട്രീയത്തിന് പുറത്താണ് രാമൻ പിള്ള. ശബരിമല വിഷയം സമർത്ഥമായി ഉപയോഗിച്ച് ബിജെപി ലാവണം തേടുകയാണ് രാമൻപിള്ള ചെയ്തത്. എന്നാൽ കോൺഗ്രസിന് വേണ്ടി ശബരിമലയിൽ ഇടപെടൽ നടത്തുന്ന പ്രയാർ ഗോപാലകൃഷ്ണനെ ബിജെപിയിൽ എത്തിക്കാനുള്ള നീക്കവും നടന്നില്ല. പ്രധാന സമൂദായ നേതാവൊന്നും എത്തിയതുമില്ല. ഇതെല്ലാം അമിത് ഷായെ ചൊടിപ്പിക്കുന്ന ഘടകങ്ങളാണ്. ശബരിമല പ്രക്ഷോഭം ആളിക്കത്തിച്ച് കൂടുതൽ പേരെ പാർട്ടിയിൽ എത്തിക്കണമെന്നാണ് നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. പന്തളം കൊട്ടാരം പ്രതിനിധികൾ, ശബരിമല കർമസമിതി നേതാക്കൾ, മുൻ ഡിജിപി ടി.പി. സെൻകുമാർ എന്നിവരും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിൽ സെൻകുമാറിനേയും ബിജെപിക്കൊപ്പം അടുപ്പിച്ചിട്ട് ഏറെ നാളായി. അതുകൊണ്ട് തന്നെ അമിത് ഷായെ കാണാൻ സെൻകുമാറെത്തിയതും രാഷ്ട്രീയമായി ചർച്ചയാക്കാൻ ബിജെപിക്ക് കഴിയുന്നില്ല. ബിജെപിയുടെ വേദികളിലെ പ്രധാന സാന്നിധ്യമായിരുന്നു മുൻ വനിതാ കമ്മീഷൻ അംഗം പ്രമീളാ ദേവി. ഇതും പ്രതീക്ഷിച്ചതാണ്. അതിനിടെ ചെറിയമീനുകളെ പാർട്ടിയിലേക്ക് കൊണ്ടു വരുമ്പോൾ അവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നതും പ്രശ്‌നമായി മാറും. രാമൻപിള്ളയെ ബിജെപിയിൽ ഏത് സ്ഥാനത്ത് എടുക്കുമെന്ന ചോദ്യവും അമിത് ഷായെ കുഴക്കുന്നുണ്ട്. മാധവൻ നായരും സെൻകുമാറും രാമൻപിള്ളയുമെല്ലാം ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മുൻപന്തിയിലുണ്ടാകുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏവർക്കും മത്സരിക്കാൻ അവസരമൊരുക്കും. കേരളം പിടിക്കാൻ ഇതിനും അപ്പുറത്തേക്കുള്ള നേതാക്കളെ വേണമെന്ന് ബിജെപി സംസ്ഥാന നേതാക്കളെ അമിത് ഷാ അറിയിച്ചിട്ടുണ്ട്.

എൻഡിഎയ്‌ക്കൊപ്പമെത്തിയവർ പിണങ്ങി പോകുന്നത് ശരിയല്ലെന്നും അമിത് ഷാ പറയുന്നു. സികെ ജാനു പിണങ്ങി പോകുന്നത് തടയണമായിരുന്നു. അവരെ പരമാവധി അടുപ്പിച്ച് നിർത്താൻ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തൽ. എൻഡിഎയിലേക്ക് ജാനുവിനെ തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതകൾ ദേശീയ അധ്യക്ഷൻ ആരാഞ്ഞു. ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്ക് പരമാവധി തടയണമെന്നാണു നിർദ്ദേശം. എസ്എൻഡിപിയെക്കൂടി ശബരിമല സമരത്തിൽ സജീവമായി പങ്കെടുപ്പിക്കണമെന്ന നിർദ്ദേശവും അമിത് ഷാ നൽകി. വെള്ളാപ്പള്ളി നടേശനുമായി ചർച്ച തുടരണമെന്നും അമിത് ഷാ നിർദ്ദേശിച്ചിട്ടുണ്ട്. ന്യൂനപക്ഷത്തിൽ നിന്നും കരുത്തുള്ള നേതാക്കളെ കൊണ്ടു വരാനാണ് നിർദ്ദേശം. തോമസ് ജോണുമാരിലൂടെ ക്രൈസ്തവ സഭയെ അടുപ്പിക്കാനാവില്ല. പിജെ കുര്യനേയും കെ വി തോമസിനേയും പോലുള്ള വമ്പൻ വ്യക്തിത്വങ്ങളെ അടർത്തി പാർട്ടിയിൽ കൊണ്ടു വരാനാണ് നിർദ്ദേശം.

കൂടുതൽ പ്രമുഖരെ ബിജെപിയിലെത്തിക്കാനായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ സഹായവും അമിത് ഷാ തേടിയിട്ടുണ്ട്. സിപിഎമ്മിൽ നിന്നും പ്രമുഖരെ ബിജെപിയിൽ എത്തിക്കണം. ശബരിമലയിലെ പിണറായി സർക്കാർ നിലപാടിൽ വേദനയുള്ള സിപിഎം നേതാക്കളെ കണ്ടെത്തി ചർച്ച നടത്താനാകും നീക്കം. അയ്യപ്പഭക്തരെ ഒന്നാകെ പാർട്ടിയിലേക്ക് ആകർഷിക്കും വിധം ശബരിമലയിൽ ഇടപെടൽ നടത്താനാണ് നിർദ്ദേശം. ആരേയും പിണക്കാതെ എല്ലാവരേയും ഒപ്പം കൂട്ടിയുള്ള തന്ത്രങ്ങൾ ഉണ്ടാകണമെന്നാണ് ആവശ്യം. കൂടുതൽ പ്രമുഖരെ പാർട്ടിയുമായി സഹകരിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ കേരള രാഷ്ട്രീയത്തിലെ ബിജെപിയോടുള്ള തൊട്ടുകൂടായ്മ തീരൂവെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ.

രാമൻ പിള്ള അടക്കമുള്ളവരെ അമിത്ഷാ ഷാൾ അണിയിച്ച് സ്വാഗതം ചെയ്തു. ഉചിതമായ സ്ഥാനം നൽകുമെന്ന് അമിത് ഷാ രാമൻ നായർക്ക് ഉറപ്പുനൽകി. . ശബരിമല വിഷയം ഉയർത്തിപ്പിടിച്ചതിന്റെ പേരിലാണ് കോൺഗ്രസിൽ നിന്നും തനിക്കു ശിക്ഷയുണ്ടായതെന്നും ക്ഷേത്രവിഷയത്തിൽ ഉറച്ച നിലപാടുകളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അമിത് ഷായെ അറിയിച്ചു. ശബരിമല സമരം കൂടുതൽ ശക്തമാക്കാൻ കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അമിത് ഷാ സംസ്ഥാന നേതാക്കൾക്ക് ഉറപ്പുനൽകി. കാസർകോട് മുതൽ പമ്പ വരെ രഥയാത്ര നടത്താൻ സംസ്ഥാന നേതൃത്വം അനുമതി തേടിയിട്ടുണ്ട്. പന്തളത്തുനിന്നും തിരുവനന്തപുരത്തേക്കു നടത്തിയ ലോംങ് മാർച്ച് വലിയ വിജയമായെന്നു നേതാക്കൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP