Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലെസ്റ്റർ ചെയർമാനും തായ്‌ലൻഡിലെ ഏറ്റവും വലിയ സമ്പന്നരിൽ അഞ്ചാമനായ വിചായിക്കൊപ്പം പൈലറ്റും കാമുകിയായ കോ-പൈലറ്റും തായ് സൗന്ദര്യ റാണിയും കൊല്ലപ്പെട്ടു; ലെസ്റ്ററിലെ ഹെലിക്കോപ്ടർ അപകടത്തിന്റെ ഞെട്ടൽ മാറാതെ ഫുട്‌ബോൾ ആരാധകർ; വൻ ദുരന്തം ഒഴിവായത് പൈലറ്റിന്റെ മിടുക്കുകൊണ്ടുമാത്രം

ലെസ്റ്റർ ചെയർമാനും തായ്‌ലൻഡിലെ ഏറ്റവും വലിയ സമ്പന്നരിൽ അഞ്ചാമനായ വിചായിക്കൊപ്പം പൈലറ്റും കാമുകിയായ കോ-പൈലറ്റും തായ് സൗന്ദര്യ റാണിയും കൊല്ലപ്പെട്ടു; ലെസ്റ്ററിലെ ഹെലിക്കോപ്ടർ അപകടത്തിന്റെ ഞെട്ടൽ മാറാതെ ഫുട്‌ബോൾ ആരാധകർ; വൻ ദുരന്തം ഒഴിവായത് പൈലറ്റിന്റെ മിടുക്കുകൊണ്ടുമാത്രം

പ്രതീക്ഷ അസ്തമിച്ചു. ലെസ്റ്ററിലെ ഫുട്‌ബോൾ സ്‌റ്റേഡിയത്തിന് പുറത്തു തകർന്നുവീണ് കത്തിയമർന്ന ഹെലിക്കോപ്ടറിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി സ്ഥിരീകരിച്ചു. ലെസ്റ്റർസിറ്റിയെന്ന ടീമിനെ ശൂന്യതയിൽനിന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിലെ ചാമ്പ്യന്മാരാക്കി മാറ്റിയ ടീം ഉടമയായ വിചായ് ശ്രീവർധന പ്രഭയും അദ്ദേഹത്തിന്റെ സഹായിയും തായ് സൗന്ദര്യ റാണിയും പൈലറ്റും കാമുകിയായ കോ-പൈലറ്റുമാണ് ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.

ഹെലിക്കോപ്ടറിലുണ്ടായിരുന്ന അഞ്ചുപേരും ദുരന്തത്തെ അതിജീവിച്ചില്ലെന്ന് ക്ലബ്ബ് തന്നെയാണ് വ്യക്തമാക്കിയത്. വീടുകൾക്കും കളി കഴിഞ്ഞ് മടങ്ങാനൊരുങ്ങുകയായിരുന്ന ആരാധകർക്കും മുകളിൽ തകർന്നുവീഴാതെ സ്റ്റേഡിയത്തിനുപുറത്ത് ഒഴിഞ്ഞസ്ഥലത്തേക്ക് ഹെലിക്കോപ്ടർ പറത്തിയ പൈലറ്റിന്റെ മനസ്സാന്നിധ്യമാണ് വൻദുരന്തമൊഴിവാക്കിയത്. കഴിഞ്ഞദിവസം ക്ലബ്ബിന്റെ മത്സരം കാണാനായാണ് ശ്രീവർധനപ്രഭയും മറ്റുള്ളവരുമെത്തിയത്. മത്സരങ്ങൾ കാണാൻ ഹെലിക്കോപ്ടറിലെത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്.

മത്സരത്തിനുശേഷം പറന്നുയർന്ന ഹെലിക്കോപ്ടർ പൊടുന്നനെ കത്തിയമരുകയായിരുന്നു. കിങ് പവർ സ്റ്റേഡിയത്തിന് പുറത്തുതന്നെ, നിറയെ വീടുകളും മറ്റുമുള്ള ഭാഗത്തേക്ക് ഹെലിക്കോപ്ടർ വീഴാതെ നോക്കിയത് പൈലറ്റ് എറിക് സ്വാഫറാണെന്ന് കണ്ടെത്തി. അല്ലാത്തപക്ഷം വലിയ തോതിലുള്ള ദുരന്തത്തിന് അത് വഴിവെക്കുമായിരുന്നു. എറിക് സ്വാഫറിന്റെ കാമുകി ഇസബെല്ല റോസയായിരുന്നു ഹെലിക്കോപ്ടറിലെ കോ-പൈലറ്റ്. ശ്രീവർധനപ്രഭയ്ക്ക് പുറമെ, അദ്ദേഹത്തിന്റെ സഹായി കെവെപോൺ പുൻപരെ, തായ് സൗന്ദര്യറാമി നുർസാര സുക്‌നമായി എന്നിവരാണ് ഹെലിക്കോപ്ടറിലുണ്ടായിരുന്ന മറ്റുള്ളവർ.

2010-ലാണ് ലെസ്റ്റർ സിറ്റി ക്ല്ബിനെ ശ്രീവർധനപ്രഭ 3.9 കോടി പൗണ്ടിന് സ്വന്തമാക്കിയത്. ടീമിന്റെ വലിയ പ്രചോദകനായി നിലകൊണ്ട അദ്ദേഹത്തിന്റെ സാന്നിധ്യമാണ് 2015-16 സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് അവരെ നയിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയുമൊക്കെയുൾപ്പെടുന്ന വമ്പൻ ലീഗിൽ കുഞ്ഞന്മാരായ ലെസ്റ്റർസിറ്റി കിരീടം നേടിയപ്പോൾ, താരങ്ങളെപ്പോലെ ക്ലബ്ബുടമയും ഏറെ വാഴ്‌ത്തപ്പെട്ടു.

തായ്‌ലൻഡിലെ അഞ്ചാമത്തെ ധനികനെന്ന് ഫോബ്‌സ് മാസിക വിലയിരുത്തിയ ശ്രീവർധനപ്രഭ കടുത്ത ഫുട്‌ബോൾ ആരാധകൻ കൂടിയായിരുന്നു.. അതാണ് ലെസ്റ്റർ സിറ്റി വാങ്ങുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്. മത്സരശേഷം ഹെലിക്കോപ്ടറിൽ കയറിയ ശ്രീവർധന ല്യൂട്ടൺ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു. അവിടെനിന്ന് തായ്‌ലൻഡിലേക്ക് മടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. വലിയ ദുരന്തമാണ് വഴിമാറിപ്പോയതെന്നാണ് വിലയിരുത്തുന്നത്. ഹെലിക്കോപ്ടർ തകർന്നുവീഴുമ്പോൾ, കളി കണ്ട് മടങ്ങാനൊരുങ്ങിയ 31,000 ഫുട്‌ബോൾ ആരാധകർ പ്രദേശത്തുണ്ടായിരുന്നു. അവരുടെ മുകളിലേക്ക് ഹെലിക്കോപ്ടർ തകരാതെ നോക്കിയത് എറിക് സ്വാഫറിന്റെ മുടുക്കാനാണ് വിലയിരുത്തപ്പെടുന്നു. അഗസ്റ്റ വെസ്റ്റ്‌ലൻഡ് ഹെലിക്കോപ്ടറിന്റെ പിൻഭാഗത്തുള്ള റോട്ടോർ തകർന്നതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.

ശ്രീവർധനപ്രഭയുടെ ഹെലിക്കോപ്ടർ സാധാരണ പറത്താറുള്ളയാളാണ് ഈ രംഗത്ത് ഏറെ പരിചയസമ്പന്നനായ സ്വാഫർ. അദ്ദേഹവും കാമുകി റോസ ഇസബെല്ലയും ചേർന്നാണ് ഹെലിക്കോപ്ടർ പറത്തുന്നത്. സറേയിലെ കാംബെർലിയിൽനിന്നുള്ള ഇവർ രാജകുടുംബാംഗങ്ങളെയും വഹിച്ചുകൊണ്ടും ഹെലിക്കോപ്ടർ പറത്തിയിട്ടുണ്ട്. കോപ്ടറിന്റെ പിൻഭാഗത്തെ റോട്ടോർ തകർന്നാൽ, എത്ര പരിചയസമ്പന്നനായ പൈലറ്റിനും അതിനെ മറികടക്കാനാവില്ലെന്നാണ് കരുതുന്നത്. 2005-ൽ മിസ് യൂണിവേഴ്‌സ് തായ്‌ലൻഡ് മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ നുർനാര സുക്‌നമായി തായ്‌ലൻഡിലെ അറിയപ്പെടുന്ന ഗ്ലാമർ മോഡൽ കൂടിയാണ്. ഫിറ്റ്‌നസ് വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും സോഷ്യൽ മീഡിയയിലും ഇവർ സജീവമാണ്. ലെസ്റ്റർ സിറ്റിയുടെ മത്സരങ്ങൾ കാണാൻ മുമ്പും ശ്രീവർധനപ്രഭയ്‌ക്കൊപ്പം ഇവർ വന്നിട്ടുണ്ട്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം നടന്ന പ്രീമിയർ ലീഗ് മത്സരങ്ങളിലെല്ലാം ഇവർക്കുവേണ്ടി പ്രാർത്ഥനകൾ ഉണ്ടായിരുന്നു. അടുത്തയാഴ്ചത്തെ മത്സരങ്ങൾക്ക് മുന്നോടിയായി ആദരാഞ്ജലികളും അർപ്പിക്കും. 2016-ൽ ടീമിനെ കിരീടത്തിലെത്തിക്കുന്നതിന് ഒപ്പം നിന്ന ശ്രീവർധനപ്രഭയ്ക്ക് നേരിട്ട ദുരന്തം ലെസ്റ്ററിന്റെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമായാണ് ആരാധകർ കാണുന്നത്. ടീമിന്റെ ഭാവിയെന്താകുമെന്ന കാര്യത്തിലുള്ള ആശങ്കയും ഇവർ പങ്കുവെക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP