Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

ആർ പീയൂഷ്

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ ചർച്ചാ വിഷയം ആയി മാറിയിരിക്കുന്ന സ്വാമിയാണ് സന്ദീപാനന്ദ ഗിരി. അദ്ദേഹത്തിന്റെ ആശ്രമം തീ വച്ച് നശിപ്പിക്കാൻ ശ്രമിച്ച വാർത്തകളാണ് ഇപ്പോൾ ഏറെ വിവാദമുണ്ടാക്കിയിരിക്കുന്നത്. ആർഎസ്എസ് ആക്രമണമെന്നാരോപിച്ചാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇതുവരെയും ഒരു പ്രതിയേയും കണ്ടെത്താൻ പൊലീസിനായില്ല എന്നതാണ് ഏറെ വിചിത്രം.

പല വിവാദ കേസുകളിലും തുമ്പുണ്ടാക്കാൻ മിടുക്കരായ കേരളാ പൊലീസ് ഈ കേസിൽ മാത്രം എന്തുകൊണ്ടാണ് ഒരു പ്രതിയെയും പിടികൂടാത്തത് എന്ന ചോദ്യം ഉയരുമ്പോഴും സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനെ ചുറ്റി പറ്റി പുതിയ വിവാദങ്ങൾ ഉയരുന്നു. സാളാഗ്രാം ആശ്രമം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഹോം സ്റ്റേ ആയിട്ടാണ്. കേരളാ ടൂറിസം ഡിപ്പാർട്ട്മെന്റിൽ ഗോൾഡ്
ഹൗസ് കാറ്റഗറിയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആശ്രമത്തിന്റെ മറവിലാണ് ഇത് പ്രവർത്തിക്കുന്നത് എന്നാണ് ആരോപണം.

സാളഗ്രാമത്തിന്റെ വെബ് സൈറ്റിൽ വിശദമായി തന്നെ സാളഗ്രാമത്തെ കുറിച്ച് പറയുന്നുണ്ട്. വിശ്രമിക്കാനും പഠനങ്ങൾ നടത്താനും വർക്ക്‌ഷോപ്പുകൾക്കും ക്യാമ്പുകൾക്കും ബോർഡ് മീറ്റിങ്ങിനും പറ്റിയ സ്ഥലമാണ് സാളഗ്രാമം. പരിസ്ഥിതി അനുകൂല സാഹചര്യമാണ് ഇള്ളതെന്നും പറയുന്നു. അതായത് സാളഗ്രാമത്തിന്റെ പ്രവർത്തനം ആശ്രമം വാടകയ്ക്ക് കൊടുത്താണെന്ന് സന്ദീപാനന്ദ ഗിരി തന്നെ വിശദീകരിക്കുന്നു. ഇതോടെ സിസിടിവി ക്യമാറകൾ അടക്കം സ്ഥാപിച്ചത് ഹോം സ്‌റ്റേയുടെ സുഗമമായ പ്രവർത്തനത്തിനാണെന്നും വ്യക്തമാവുകയാണ്. സാളഗ്രാമത്തിലെ അത്യാഡംബരവും ഹോം സ്‌റ്റേ സൗകര്യത്തിന് വേണ്ടിയാണെന്നാണ് സൂചന.

ആശ്രമത്തിനുള്ളിലെ മുറികളിലെ സൗകര്യങ്ങളും മറ്റും കണ്ടാൽ ആരും ഞെട്ടും. ആശ്രമത്തിന്റെ പുറത്ത്നിന്നും നോക്കിയാൽ വലിയ ആഡംബരമൊന്നും കാണാനാവില്ല. അകത്തേക്ക് പ്രവേശിക്കുമ്പോൾ മുതൽ കാണാം ആഡംബരങ്ങളുടെ തുടക്കം. അകത്തളത്തിൽ ഏകദേശം രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം. പിന്നെ ശീതീകരിച്ച ഓഫീസ് മുറി. അവിടെ നിന്നും പുറത്തേക്ക് പോയാൽ കരമനയാറിലെ കുളിക്കടവിലേക്കുള്ള കവാടം. പിൻ വശത്തെ മുറ്റം ടൈലുകൾ പാകി വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.

അവിടെ നിന്നും കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ സൗകര്യം. ഇവിടെയെല്ലാം സിമന്റു ബഞ്ചുകളും മറ്റും നിർമ്മിച്ചിട്ടുണ്ട്. അതിന്റെ തൊട്ടടുത്തായി കുട്ടികൾക്കായുള്ള ചെറിയ പാർക്കും സ്ഥാപിച്ചിട്ടുണ്ട്. താഴത്തെ നിലയിലെ കാഴ്ചകൾ കഴിഞ്ഞ് മുകളിലേക്ക് പോയാൽ ഒരു വശത്ത് ലൈബ്രറി. മറ്റൊരിടത്ത് റെക്കോർഡിങ് സ്റ്റുഡിയോ. പിന്നെയുള്ളത് നാലു മുറികളാണ്. രണ്ടെണ്ണം വാടകയ്ക്ക് കൊടുത്തിരിക്കുന്നു. ഒന്നിൽ സന്ദീപാനന്ദഗിരി താമസിക്കുന്നു. മറ്റൊന്ന് ഒഴിഞ്ഞു കിടക്കുന്നു. ആധുനിക രീതിയിലുള്ള എല്ലാ സൗകര്യങ്ങളും ഈ മുറികളിൽ ഉണ്ട്. മൂന്നാം നിലയിൽ രണ്ട് ഡോർമിറ്ററിയാണ്. ആവശ്യക്കാർക്ക് വാടകയ്ക്ക് നൽകും.

സ്‌ക്കൂൾ ഓഫ് ഭഗവദ് ഗീതയിലെ സൗകര്യങ്ങൾ ഇനിയുമുണ്ട്. അവിടെക്കൊന്നും എത്തിപ്പെടാൻ കഴിയാത്തതിനാൽ വിവരിക്കാനാവുന്നില്ല. ആശ്രമത്തിലെ വാഹനങ്ങൾ തീ വച്ച് നശിപ്പിച്ച സംഭത്തെ തുടർന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് ഇത്രയും വിവരങ്ങൾ ലഭ്യമായത്. ഒരു ഏക്കറിനകത്ത് സ്ഥിതി ചെയ്യുന്ന ആശ്രമം 2009 ലാണ് പ്രവർത്തനം ആരംഭിച്ചത്. ആശ്രമം പിന്നീട് ഹോം സ്റ്റേ ആയി രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച് അവരുടെ വെബ്സൈറ്റിൽ തന്നെ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെയാണ് സ്‌ക്കൂൾ ഓഫ് ഭഗവത് ഗീതയും പ്രവർത്തിക്കുന്നത്. ആശ്രമം തീ വച്ചു നശിപ്പിച്ചു എന്ന് പറയുന്നത് മത വികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണെന്നാണ് ഹൈന്ദവ സംഘടനകൾ ഉന്നയിക്കുന്ന ആരോപണം. ഹോംസ്റ്റേ കത്തിച്ചു എന്ന് പറഞ്ഞാൽ വിശ്വാസികളുടെ പിൻതുണ കിട്ടില്ല. അതിനാലാണ് ആശ്രമം എന്ന പേരിൽ നടത്തുന്ന ഹോംസ്റ്റേയിൽ തീവപ്പ് നടത്തിയ സംഭവം ആശ്രമത്തിന് തീ വച്ചു എന്നാക്കി മാറ്റിയത്.

സന്ദീപാനന്ദ ഗിരി 2008 കാലഘട്ടത്തിൽ ഭഗവത്ഗീതാ പ്രഭാഷണത്തിൽ കത്തി നിൽക്കുന്ന സമയമായിരുന്നു. ഒരു പ്രഭാഷണത്തിന് പോയാൽ ദിവസം ഒരു ലക്ഷം രൂപയായിരുന്നു വാങ്ങിയിരുന്നത്. കൂടാതെ ഇയാൾ നടന്നു വരുന്ന വഴിയിൽ ചുവന്ന പരവതാനി വിരിക്കുകയും സ്ത്രീജനങ്ങളെ കൊണ്ട് പുഷ്പവൃഷ്ടി നടത്തുകയും ചെയ്യണം. ഒപ്പമുള്ള പരിവാരങ്ങൾക്ക് ചെലവ് വേറെയും. പ്രഭാഷണത്തിന് പോയാൽ താമസിക്കുവാൻ അത്യാഡംബരമുള്ള മുറികളും പരിചാരകരും നിർബന്ധമായിരുന്നു.

ആ സമയം ഇങ്ങനെ ഉണ്ടാക്കിയ പണം ഉപയോഗിച്ചാണ് കുണ്ടമൺ കടവിലെ സാളിഗ്രാം എന്ന ആശ്രമം നിർമ്മിച്ചത്. ആത്മീയത കച്ചവടമാക്കുന്നവർക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ സന്ദീപാനന്ദഗിരി ആഞ്ഞടിച്ചിരുന്നു. എന്നാൽ ലക്ഷങ്ങൾ ആത്മീയ പ്രഭാഷണത്തിന് വാങ്ങിയിരുന്ന സ്വാമി ഈ പറയുന്ന ആരോപണങ്ങൾ ഉന്നയിക്കാൻ യാതൊരു യോഗ്യതയുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP