Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അബ്രാഹ്മണരെ പൂജാവിധികൾ പഠിപ്പിക്കുന്ന തന്ത്ര വിദ്യാപീഠത്തിൽ ജാതി- മതഭേദമന്യേ പൂജാ വിധികൾ പഠിക്കുന്നത് നിരവധി വിദ്യാർത്ഥികൾ; ഗുരുകുല മാതൃകയിൽ പ്രവർത്തിക്കുന്ന തന്ത്ര വിദ്യാപീഠത്തിൽ ഏഴ് വർഷം നീണ്ട് നിൽക്കുന്ന തന്ത്ര രത്നം കോഴ്‌സ് ഠിക്കാനെത്തുന്നത് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ളവർ: കേന്ദ്ര സർക്കാരിന്റെ ഗ്രാന്റിൽ പ്രവർത്തിക്കുന്ന ആലുവയിലെ തന്ത്ര വിദ്യാപീഠത്തിന്റെ വിശേഷങ്ങൾ

അബ്രാഹ്മണരെ പൂജാവിധികൾ പഠിപ്പിക്കുന്ന തന്ത്ര വിദ്യാപീഠത്തിൽ ജാതി- മതഭേദമന്യേ പൂജാ വിധികൾ പഠിക്കുന്നത് നിരവധി വിദ്യാർത്ഥികൾ; ഗുരുകുല മാതൃകയിൽ പ്രവർത്തിക്കുന്ന തന്ത്ര വിദ്യാപീഠത്തിൽ ഏഴ് വർഷം നീണ്ട് നിൽക്കുന്ന തന്ത്ര രത്നം കോഴ്‌സ് ഠിക്കാനെത്തുന്നത് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ളവർ: കേന്ദ്ര സർക്കാരിന്റെ ഗ്രാന്റിൽ പ്രവർത്തിക്കുന്ന ആലുവയിലെ തന്ത്ര വിദ്യാപീഠത്തിന്റെ വിശേഷങ്ങൾ

അർജുൻ സി വനജ്

കൊച്ചി: ദേവസ്വം ബോർഡുകൾ അബ്രാഹ്മണരെ പൂജാരിമാരായി നിയമിക്കുമ്പോൾ, ഈ ദൗത്യത്തിന് പിന്നിൽ ആദ്യമായി പ്രവർത്തിച്ചത് ആരാണെന്നും എവിടുന്ന് ഇവർ പൂജ വിദ്യകൾ പഠിച്ചു എന്ന ചോദ്യവും പ്രസക്തമാവുകയാണ്. ആലുവയ്ക്ക് സമീപം വെളിയത്ത് നാട്ടിലെ ചെറിയത്ത് നരസിംഹസ്വാമി ക്ഷേത്രത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന തന്ത്ര വിദ്യാപീഠത്തിൽ എത്തിയാൽ ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാവും. 1972ൽ സ്ഥാപിക്കപ്പെട്ട തന്ത്ര വിദ്യാപീഠത്തിൽ നിന്ന് ഏഴ് വർഷം നീണ്ട് നിൽക്കുന്ന തന്ത്ര രത്‌നം കോഴ്‌സാണ് ജാതി-മത ബോധമന്യേ ഉപനയനവും സമാവർത്തനവും കഴിഞ്ഞവർക്ക് നൽകുന്നത്. ഒരു വർഷം 10 പേർക്ക് മാത്രം അഡ്‌മിഷൻ നൽകുന്ന ഈ സ്ഥാപനം ഗുരുകുലം രീതിയിലാണ് പൂർണ്ണമായും പ്രവർത്തിക്കുന്നത്.

തന്ത്രശാസ്ത്രത്തിന് പുറമേ, വേദം, സംസ്‌കൃതം, ഇംഗ്ലീഷ്, വാസ്തു ശാസ്ത്രം, പഞ്ചാംഗ പരിചയം എന്നിവയും ഏഴ് വർഷത്തെ കോഴ്‌സിൽ ഉണ്ട്. കൂടാതെ യോഗ, ധ്യാനം, മന്ത്ര സിദ്ധി എന്നിവ നേടാനും കഴിയും. ഒപ്പം സംസ്‌കൃതത്തിൽ 12-ാം ക്ലാസും, ഡിഗ്രിയും പി ജിയും പൂജ - തന്ത്രവിദ്യകൾ അഭ്യസിക്കുന്നതിന് ഒപ്പം നേടാൻ സാധിക്കും. വിദ്യാർത്ഥികൾക്കിടയിൽ ജാതീയ-മത ചിന്തകൾ കടന്ന് വരാത്ത നിലയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. അതു കൊണ്ട് മാത്രമാണ് പൂജകൾ പഠിക്കാനും താന്ത്രിക വിദ്യകൾ പഠിക്കാനുമായി ഇത്രയധികം അബ്രാഹ്മണർ എത്തുന്നതെന്നും സ്ഥാപനത്തിന്റെ കോർഡിനേറ്റർ സോഹൻലാൽ പറയുന്നു. നിലവിൽ 10 അബ്രാഹ്മണ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. പക്ഷെ ഓഫീസിലെ റെക്കോർഡുകളിൽ അല്ലാതെ മറ്റെവിടെയും അവരുടെ ജാതിയോ മതമോ ഇവിടെ കാണാൻ ആകില്ല.

ഏഴ് വർഷത്തെ കോഴ്‌സിലും അബ്രാഹ്മണർ ഉണ്ട്. പക്ഷെ അവരെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശന വസ്തുവാക്കി, അവരിൽ ജാതി ചിന്ത വളർത്തുന്നതിനോട് സ്ഥാപനത്തിന് താൽപര്യമില്ല. ജന്മം കൊണ്ട് മാത്രമല്ല, ആ വ്യക്തി ചെയ്യുന്ന കർമ്മം കൊണ്ടാവണം ബ്രാഹ്മണൻ ആ വേണ്ടതെന്ന് വിശ്വസിക്കുന്നത്. സോഹൻലാൽ പറയുന്നു. ഓരോ വർഷം വിവിധ പരീക്ഷകൾക്ക് ശേഷം പത്താം ക്ലാസ് കഴിഞ്ഞ, 16 വയസിൽ താഴെ പ്രായം ഉള്ളവർക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക. കേരളത്തിലെ ആദ്യത്തെ തന്ത്രവിദ്യ പഠിപ്പിക്കുന്ന സ്ഥാപനവും ഇത് തന്നെയാണ്. കേന്ദ്ര സർക്കാരിന്റെ ഗ്രാന്റിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. എങ്കിലും 20 ലക്ഷത്തോളം രൂപയെങ്കിലും സ്വന്തമായി കണ്ടെത്തിയിലെ സ്ഥാപനം നടന്ന് പോകു. പഠിക്കുന്ന കുട്ടികൾക്കും സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കുന്നുണ്ട്. വർഷം 20,000 രൂപയാണ് താമസം, ഭക്ഷണം, പഠന ചെലവ് ഉൾപ്പടെ ഒരു കുട്ടി അടയ്‌ക്കേണ്ടത്.

വളരെ കർശ്ശനമായ ചിട്ടകളാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. അതിനാൽ തന്നെ അഡ്‌മിഷൻ എടുക്കുന്ന വിദ്യാർത്ഥികളിൽ 50% ത്തിൽ താഴെ മാത്രം ആളുകൾ ആണ് കോഴ്‌സ് പൂർത്തിയാക്കുക. രാവിലെ 4.45 മുതൽ രാത്രി 10 മണി വരെ നീളുന്നതാണ് തന്ത്ര വിദ്യാപീഠത്തിലെ ഒരു ദിവസത്തെ ടൈം ടേബിൾ. മിക്കവർക്കും പുലർച്ചെ എഴുനേൽക്കാനാണ് മടി. രാത്രി ഒരു മണിക്കൂർ മാത്രമാണ് സാധാരണ മൊബൈൽ ഉപയോഗിക്കാൻ അനുമതി നൽകുക. ഗുരുകുലം ആയതിനാൽ വിദ്യാർത്ഥികൾക്ക് തന്നെയാണ് ഇവിടുത്തെ ഓരോ ചുമതലയും നൽകിയിരിക്കുന്നത്. ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് ശുചിത്വ പരിപാലന ചുമതല. രണ്ടാം വർഷം - ഗോശാല, പച്ചക്കറി കൃഷി. മുന്നാം വർഷം - ക്ഷേത്രപരിപാലനം. നാലാം വർഷം - ഭോജന ശാലയിൽ ഭക്ഷണം വിളമ്പുക. അഞ്ചാം വർഷ കാർക്കാണ് ഭക്ഷണം തയ്യാറാക്കുന്നതിന് സഹായിക്കാനുള്ള ചുമതല. ആറും ഏഴും വർഷക്കാർക്ക് എല്ലാ ജോലികളും ഏകോപിപ്പിക്കേണ്ട ചുമതല. നിരവധി പ്രഗൽഭരായ അദ്ധ്യാപകരാണ് പെരിയാർ നന്ദീ തീരത്തെ ഈ ഗുരുകുലത്തിൽ ഉള്ളത്.

ക്ഷേത്ര സംരക്ഷണ സമിതി നേതാവും ആദ്ധ്യാത്മിക ഗുരുവുമായ പി.മാധവാണ്
തന്ത്ര- പുജാ രീതികളുടെ ഏകീകരണത്തിനായി സ്ഥാപനം സ്ഥാപിക്കുന്നത്. 1982 ൽ മാധവ് ആചാര്യന്റെ നേതൃത്വത്തിൽ ആലുവയിലെ അദ്വൈതാശ്രമത്തിൽ വെച്ച് പൂജ പഠനശിബിരം നടത്തി. 26 അബ്രാഹ്മണരെയാണ് അന്ന് പൂജ വിധികൾ പഠിപ്പിക്കുന്നതിന് തുടക്കമിട്ടത്. തന്ത്ര വിദ്യാപീഠത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂരിപ്പാടാണ് അന്ന് പൂജകൾ അബ്രാഹ്മണരെ പഠിപ്പിച്ച് തുടങ്ങിയതെന്നും സ്ഥാപനത്തിന്റെ ചരിത്രം പറയുന്നു. ഈ സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇന്ന് കേരളത്തിലെ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള വിവിധ സ്ഥാപനങ്ങൾ വഴി അബ്രാഹ്മണരെ പൂജകൾ അഭ്യസിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP