Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതനിന്ദാ കേസിൽ ആസിയാ ബീബിയെ വെറുതെ വിട്ട പാക്കിസ്ഥാൻ സുപ്രിം കോടതി വിധിക്കെതിരെ ജമാഅത്തെ ഇസ്ലാമി നാടു മുഴുവൻ കുട്ടിച്ചോറാക്കുന്ന പ്രക്ഷോഭത്തിലാണ്; എവിടെയായാലും ഇസ്ലാമിക രാഷ്ട്രം തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം; അത് അറിയാതെയാണ് ശ്രീജ നെയ്യാറ്റിൻകരയൊക്കെ വെൽഫെയർ പാർട്ടിയിൽ അണി നിരക്കുന്നത്; ഇതിനുതന്നെയാണ് പി.കെ. ബാലകൃഷ്ണനേയും സി. രാധാകൃഷ്ണനേയുമൊക്കെ മാധ്യമം പത്രത്തിന്റെ തലപ്പത്തു കൊണ്ടു വന്നത്; പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു

മതനിന്ദാ കേസിൽ ആസിയാ ബീബിയെ വെറുതെ വിട്ട പാക്കിസ്ഥാൻ സുപ്രിം കോടതി വിധിക്കെതിരെ ജമാഅത്തെ ഇസ്ലാമി നാടു മുഴുവൻ കുട്ടിച്ചോറാക്കുന്ന പ്രക്ഷോഭത്തിലാണ്; എവിടെയായാലും ഇസ്ലാമിക രാഷ്ട്രം തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം;  അത് അറിയാതെയാണ് ശ്രീജ നെയ്യാറ്റിൻകരയൊക്കെ വെൽഫെയർ പാർട്ടിയിൽ അണി നിരക്കുന്നത്; ഇതിനുതന്നെയാണ് പി.കെ. ബാലകൃഷ്ണനേയും സി. രാധാകൃഷ്ണനേയുമൊക്കെ മാധ്യമം പത്രത്തിന്റെ തലപ്പത്തു കൊണ്ടു വന്നത്; പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു

പി.ടി. മുഹമ്മദ് സാദിഖ്

സുപ്രിം കോടതി, വിധികൾ നടത്തുമ്പോൾ പൊതുവികാരത്തെ മാനിക്കണമെന്നും നടപ്പാക്കാനാകാത്ത വിധികൾ പ്രസ്താവിക്കരുതെന്നുമുള്ള ബി.ജെ. പി അധ്യക്ഷൻ അമിത് ഷാ നടത്തിയ, കോടതി അലക്ഷത്തിനു കേസെടുക്കാവുന്ന പ്രസ്താവനക്കു സമാനമാണ് അയോധ്യ വിഷയത്തിൽ ദേശീയ നിർവാഹക സമിതി യോഗത്തിന്റെ സമാപനത്തിൽ ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയും നടത്തിയത്.

ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മാധ്യമം ദിനപത്രത്തിന്റെ ഇന്നത്തെ  (2018 നവംബർ 5)  മുഖ പ്രസംഗത്തിൽനിന്നുള്ള വരികളാണ് ഇത്. മതവൈകാരികത വീണ്ടും അജണ്ടയാക്കുമ്പോൾ എന്നു തലക്കെട്ട്. സുപ്രിം കോടതി വിധിക്കെതിരെ ആർഎസ്എസ് നടത്തുന്ന തുറന്ന പോരിനേയും വർഗ്ഗീയ ധ്രുവീകരണത്തിലേയ്ക്ക് നയിക്കുന്ന പ്രക്ഷോഭത്തേയും ശക്തമായി വിമർശിക്കുന്നതാണ് മുഖപ്രസംഗം.

ഇനി നമുക്ക് പാക്കിസ്ഥാനിലേക്ക് പോകാം. മതനിന്ദാ കേസിൽ ആസിയാ ബീബിയെ വെറുതെ വിട്ട പാക്കിസ്ഥാൻ സുപ്രിം കോടതി വിധിക്കെതിരെ പാക്കിസ്ഥാൻ ജമാഅത്തെ ഇസ്ലാമി നാടു മുഴുവൻ കുട്ടിച്ചോറാക്കുന്ന പ്രക്ഷോഭത്തിലാണ്. ശബരിമല വിഷയത്തിൽ നമ്മുടെ നാട്ടിൽ കാണുന്നതിനേക്കാൾ ഭീകരമാണ് അവസ്ഥ. കഴിഞ്ഞ ദിവസങ്ങളിൽ പല കേന്ദ്രങ്ങളിൽ ഗതാഗതം സ്തംഭിപ്പിച്ചും മറ്റും നടത്തിയ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ ജമാഅത്തെ ഇസ്ലാമി പ്രവർത്തകരുണ്ടായിരുന്നു.

പ്രവാചകന്റെ മഹത്വം സംരക്ഷിക്കാൻ ഹുർമത്തേ റസൂൽ എന്ന പേരിൽ രാജ്യവ്യാപകമായി മാർച്ച് സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ് ജമാഅത്തെ ഇസ്്ലമി. രാജ്യം സാംസ്‌കാരിക സാമ്പത്തിക ഭീകരവാദമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് പാക്കിസ്ഥാൻ ജമാഅത്തെ ഇസ്്ലാമി അമീർ സിറാജുൽ ഹഖ് പറയുന്നത്. ഇന്നലെ കാറാച്ചിയിൽ നടന്ന ഹുർമത്തേ റസൂൽ മാർച്ചു ഉദ്ഘാടനംചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ആസിയ ബീബിയെ വെറുതെ വിട്ട നടപടി രാജ്യത്തിന്റെ മുഴുവൻ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് സിറാജുൽ ഹഖ് പറയുന്നത്. അമേരിക്കക്കും യൂറോപ്പിനും സയണിസ്റ്റുകൾക്കുമാണ് ഈ വിധി സന്തോഷം നൽകുന്നത്. ആസിയാ ബീബി രാജ്യം വിട്ടുപോയിട്ടുണ്ടോ എന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ഗവണ്മമെന്റിനോട് ആവർത്തിച്ചു ആവശ്യപ്പെടുന്നുണ്ട്. ആസിയാ ബീബിയുടെ രക്തം കണ്ടേ അടങ്ങൂ എന്നാണ് ജമാഅത്തെ ഇസ്ലാമി വാശി പിടിക്കുന്നത്.

നവംബർ ഒന്നിനു നടന്ന മറ്റൊരു ചടങ്ങിൽ ആസിയാ കേസ് കോടതി വിധിയല്ലെന്നും സർക്കാർ തീരുമാനമാണെന്നും സിറാജുൽ ഹഖ് ആരോപിച്ചിരുന്നു. കോടതിയുടെ വിശ്വാസ്യതയെ പ്രസംഗത്തിൽ അദ്ദേഹം ചോദ്യം ചെയ്തു. കീഴ്ക്കോടതികളുടെ വിധികൾ മേൽക്കോടതികൾ തിരുത്തുന്നത് സർവസാധാരണമാണ്. എന്നാൽ കോടതികൾക്കു വിശ്വാസ്യതയുണ്ടോ എന്നു വ്യക്തമാക്കണെന്നാണ് ജമാഅത്ത് നേതാവ് ആവശ്യപ്പെടുന്നത്. അമീറിന്റെ ആഹ്വാന പ്രകാരം രാജ്യമെങ്ങും വെള്ളിയാഴ്ച വൻ പ്രതിഷേധമാണ് നടന്നത്.

നാമൂസേ റിസാലാത്ത് എന്ന പേരിൽ പ്രവാചക നിന്ദക്കെതിരെ പാക്കിസ്ഥാനിൽ നടക്കുന്ന മറ്റൊരു കാമ്പയിന്റെയും മുൻ നിരയിൽ ജമാഅത്തെ ഇസ്്ലാമിയാണ്. ആസിയ ബീബിയുടെ വധശിക്ഷ നടപ്പാക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സിറാജുൽ ഹഖ് വ്യക്തമാക്കുന്നു. പാക്കിസ്ഥാനിൽ മതവൈകാരികതയെ ജമാഅത്തെ ഇസ്്ലാമി അജണ്ടയാക്കുന്നതു ഏതു വിധത്തിലാണെന്നു പാക്കിസ്ഥാൻ ജമാഅത്തെ ഇസ്്ലാമിയുടെ വെബ്സൈറ്റ് ദിവസവും സന്ദർശിക്കുന്നവർക്കു ബോധ്യമാകും. അപ്പോൾ പറയും, പാക്കിസ്ഥാൻ ജമാഅത്തെ ഇസ്ലാമിയും ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയും ബന്ധമില്ലെന്ന്. ബംഗ്ലാദേശിലേയും കശ്മീരിലേയും ജമാഅത്തെ ഇസ്്ലാമി വേറയാണെന്ന്.

അവയൊക്കെ തമ്മിൽ ബന്ധമുണ്ടോ എന്നു നമുക്കു പരിശോധിക്കാം
ബ്രിട്ടനിലെ ഫെഡറേഷൻ ഓഫ് സ്റ്റുഡന്റ്സ് ഇസ്ലാമിക് സൊസൈറ്റിയുടെ അറബി മുഖപത്രമായ അൽഗുറബാഅ് മാഗസിൻ 1969 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച ജമാഅത്തെ ഇസ്്ലാമി സ്ഥാപകൻ അബുൽ അഅലാ മൗദൂദിയുടെ അഭിമുഖം നോക്കുക:

  • ചോദ്യം: നിലവിലെ സാഹചര്യത്തിൽ ഇസ്ലാമിക് പ്രസ്ഥാനം ഏറ്റവുമധികം ഊന്നൽ നൽകേണ്ടത് ഏതു മേഖലയിലാണ്? വിദ്യാഭ്യാസമോ രാഷ്ട്രീയമോ മറ്റേതെങ്കിലുമോ?

മൗദൂദി: ഇസ്ലാമിക പ്രസ്ഥാനത്തിനു ആഗോളാടിസ്ഥാനത്തിൽ ഒരേകീകൃത പ്രവർത്തന രീതി ഉണ്ടാക്കുക സാധ്യമല്ല. വിവിധ രാജ്യങ്ങളിലെ അവസ്ഥകൾ വ്യത്യസ്തമാണ്. ഓരോ രാജ്യത്തും പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ സാഹചര്യങ്ങൾക്കൊത്ത് ഒരു പ്രവർത്തന രീതി ഉണ്ടാക്കേണ്ടി വരും. അവക്കിടയിൽ പൊതുവായിട്ടുള്ളത് തത്വങ്ങളും ലക്ഷ്യങ്ങളുമാണ്. ഇഖാമത്തുദ്ദീൻ ലക്ഷ്യമാക്കി തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും അതിൽ ഊന്നുകയും വേണം. അതിനു ശേഷം പ്രസ്ഥാനത്തിന്റെ കർമ പരിപാടികൾ നിശ്ചയിക്കുമ്പോൾ ഓരോ പ്രദേശത്തെയും ജനങ്ങളായിരിക്കണം അത് ആവിഷ്‌കരിക്കേണ്ടത്. അതിൽ പരമാവധി യുക്തിദീക്ഷ കൈക്കൊണ്ട് തങ്ങളുടെ ശക്തിയും സാഹചര്യങ്ങളും അനുസരിച്ചു ഇഖാമത്തുദ്ദീനു വേണ്ടി ഏറ്റവും അനുയോജ്യമായ കർമപരിപാടി തെരഞ്ഞെടുക്കാൻ അവർ ശ്രമിക്കുകയും ചെയ്യേണ്ടതാണ്.

  •  ഇസ്ലാമിക പ്രസ്ഥാനത്തിലെ ഒരു ആഗോള നേതൃത്വത്തെക്കുറിച്ച ചിന്ത വർഷങ്ങളായി നടന്നു വരുന്നുണ്ടല്ലോ. ഇക്കാര്യത്തിൽ താങ്കളുടെ അഭിപ്രായമെന്താണ്?

മൗദൂദി: ഇന്നത്തെ അവസ്ഥയിൽ ലോകത്തെ എല്ലാ രാജ്യങ്ങൾക്കുമായി ഇസ്ലാമിക പ്രസ്ഥാനത്തിന്റെ (ജമാഅത്തെ ഇസ്ലാമി) ഒരൂ കേന്ദ്ര നേതൃത്വം ഉണ്ടാകുകയെന്നത് ഒട്ടും സാധ്യമല്ല. ഇന്നത്തെ അന്തർദേശീയ സാഹചര്യങ്ങൾ, നാം തമ്മിൽ കത്തിടപാടുകൾ നടത്തുന്നതും ഇടക്കിടെ ഒത്തു ചേർന്ന് സമ്മേളനങ്ങൾ നടത്തുന്നതും വരെ അനുവദിക്കുന്നില്ല. നാം നമ്മുടെ പ്രസിദ്ധീകരണങ്ങൾ പരസ്പരം കൈമാറുകയും അവയിലുടെ ഓരോരുത്തരുടേയും അവസ്ഥകളും ചിന്തകളും മനസ്സിലാക്കാൻ ശ്രമിക്കുകയുമാണ് പരമാവധി ചെയ്യാൻ കഴിയുന്നത്. സാധ്യമാകുവോളം ഹജ് വേളയിലെ ഒത്തുചേരലിനെ പ്രയോജനപ്പെടുത്തുകയും ചെയ്യാവുന്നതാണ്.
(മൗദൂദി അഭിമുഖങ്ങൾ -പേജ് 93,94)

അപ്പോൾ അത്രയേയുള്ളു കാര്യം. എവിടെയായാലും ജമാഅത്തെ ഇസ്ലാമിയുടെ തത്വവും ലക്ഷ്യവും ഒന്നു തന്നെ. മതമാണ് ആ തത്വം. മതത്തിന്റെ സംസ്ഥാപനമാണ് ആ ലക്ഷ്യം. ജമാഅത്തെ ഇസ്്ലാമിക്കു മതമെന്നാൽ രാഷ്ട്രം തന്നെയാണ്. ഹുകുമത്തെ ഇലാഹി അഥവാ ദൈവിക ഭരണം എന്ന വാക്കു ഇന്ത്യയിൽ ജമാഅത്തെ ഇസ്്ലാമി തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്. കാരണം മതം, രാഷ്ട്രം, ഭരണം എല്ലാ സംജ്ഞകളും അവർക്കു ഒന്നു തന്നെയാണ്.

ഇസ്ലാമിക രാഷ്ട്രം തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. അതിലേക്കെത്താൻ തന്ത്രപമരായ നീക്കങ്ങളാണ് അവർ നടത്തുന്നതൊക്കെയും. അത് അറിയാതെയാണ് ശ്രീജ നെയ്യാറ്റിൻ കരയും എന്റെ സുഹൃത്ത് ചന്ദ്രൻ കല്ലുരുട്ടിയുമൊക്കെ വെൽഫെയർ പാർട്ടിയിൽ അണി നിരക്കുന്നത്. പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെ ജമാഅത്തെ ഇസ്ലാമിക്കു വേറെ പാർട്ടിയില്ല. ജമാഅത്തെ ഇസ്ലാമി അവിടെയൊക്കെ രാഷ്ട്രീയ പാർട്ടിയാണ്. കഴിഞ്ഞ ആഴ്ചയാണ് ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്ലാമിയുടെ അംഗീകാരം സുപ്രിം കോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കിയത്. യുദ്ധക്കുറ്റവാളികളായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാക്കളെ തൂക്കിലേറ്റിയതും ഈയിടെയാണ്. അഹമദിയാ മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കേസിൽ പാക്കിസ്ഥാനിൽ വധശിക്ഷ നേരിട്ട വ്യക്തിയാണ് മൗദൂദി. അ്ന്നു അദ്ദേഹം തൂക്കുകയറിൽനിന്നു രക്ഷപ്പെട്ടതൊന്നും ഇന്നത്തെ പ്രക്ഷോഭകർ ഓർക്കുന്നില്ല.

ഇസ്ലാമിക രാഷ്ട്രം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനു തന്നെയാണ് പി.കെ. ബാലകൃഷ്ണനേയും സി. രാധാകൃഷ്ണനേയുമൊക്കെ മാധ്യമം പത്രത്തിന്റെ തലപ്പത്തു കൊണ്ടു വന്നു കുടിയിരുത്തി ജമാഅത്തെ ഇസ്ലാമി മാലോകരുടെ കണ്ണിൽ പൊടിയിട്ടത്. തുടക്കത്തിൽ കമ്യൂണിസ്റ്റുകാരും നക്സലേറ്റ് അനുഭാവികളുമൊക്കെ ആയിരുന്നവർ പത്രപ്രവർത്തകരായി വന്നതും അങ്ങിനെ തന്നെ. സാഹിത്യം, പത്രം തുടങ്ങിയ മേഖലകളിൽ എങ്ങിനെ നുഴഞ്ഞു കയറണമെന്നു സത്യസാക്ഷ്യം എന്ന പുസ്തകത്തിൽ മൗദൂദി വിവരിക്കുന്നുണ്ട് (സത്യസാക്ഷ്യം -പേജ് 24). 1946 ഡിസംബർ 30നു അവിഭക്ത ഇന്ത്യയിലെ ലാഹോറിൽ മൗദൂദി നടത്തിയ പ്രസംഗമാണ് സത്യസാക്ഷ്യം എന്ന പേരിൽ പുസ്തകമാക്കിയത്. ഇതര മുസ്്ലിം സംഘടനകളോടുള്ള ജമാഅത്തെ ഇസ്ലാമിയുടെ പുഛത്തിനു ഈ സത്യസാക്ഷ്യം വഹിക്കുന്നുമുണ്ട് ഈ പുസ്തകം.

1949 ഏപ്രിൽ 21 ന് പഠാൻ വാരിക പ്രസിദ്ധീകരിച്ച മറ്റൊരു അഭിമുഖം കൂടി ഉദ്ധരിക്കാം.

  •  വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രസാധാനാലയങ്ങൾ, പത്രമാധ്യമങ്ങൾ എന്നിവയിൽ കമ്യൂണിസ്റ്റുകളെ പുറംതള്ളുന്നതിനും നാം ഊന്നൽ നൽകേണ്ടതല്ലേ? അവയിലൂടെയാണല്ലോ അവർ പുതിയ തലമുറയെ വഴിതെറ്റിക്കുന്നത്?

മൗദൂദി: അത് അത്യാവശ്യമാണ്. ഇപ്പറഞ്ഞ സ്ഥാപനങ്ങളിലുള്ള അവരുടെ ഇടപെടലിന്റെ ഏറ്റവും ഹീനമായ രൂപമാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. ഇനിയും ഈ രോഗത്തിനുള്ള ചികിത്സയെക്കുറിച്ചു ചിന്തിക്കുന്നില്ലെങ്കിൽ ഭാവിയിൽ നമുക്കു എന്തൊക്കെ നേരിടേണ്ടി വരുമെന്നു എനിക്കു പറയാനാകില്ല.
(മൗദൂദി അഭിമുഖങ്ങൾ -പേജ് 80, 81)

എങ്ങിനെയുണ്ട് തന്ത്രം? ഇപ്പറഞ്ഞ മൗദൂദിയുടെ ജമാഅത്തെ ഇസ്്ലാമി തുടങ്ങിയ പത്രത്തിലേക്കാണ് പി.കെ. ബാലകൃഷ്ണനേയും സി. രാധാകൃഷ്ണനേയുമൊക്കെ കൊണ്ടുവന്നത്. കെ.എ. കൊടുങ്ങല്ലൂർ, ജമാൽ കൊച്ചങ്ങാടി, പി.കെ. പാറക്കടവ തുടങ്ങി സാഹിത്യത്തിൽ ലബ്ധ പ്രതിഷ്ഠരായവരൊക്കെ മുന്നിൽ നിർത്തിയത് പൊതുസമൂഹത്തിൽ സ്വീകാര്യതയുണ്ടാക്കാൻ വേണ്ടി മാത്രമാണ്.

എൻ.ബി: ലണ്ടനിലെ അൽ ഗുറബാഅ് മാഗസിനു നൽകിയ അഭിമുഖത്തിൽ മൗദൂദി പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. ഒരു ബന്ധവുമില്ലെങ്കിലും ആഗോള ജമാഅത്തെ ഇസ്്ലാമിക്കാർ ഹജ് വേളയിൽ മക്കയിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അങ്ങിനെ നടക്കുന്നുണ്ടെങ്കിൽ ഈ കൂടിക്കാഴ്ചകളെക്കുറിച്ചു അന്താരാഷ്ട്രാ ചാര സംഘടനയെ കൊണ്ടു അന്വേണം നടത്തിക്കേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP