Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വണ്ടികൾ കളിപ്പാട്ടം പോലെ; നഗരത്തിരക്കിൽ കുതിച്ചുപായുന്ന മെക്കാനിക്ക്; ബൈക്കുകളുടെ പ്രിയ ഡോക്ടർ...അമ്മയാണേ സത്യം, ഇതു പെണ്ണാണ്... ഒരു പാലക്കാടൻ പെൺപെരുമ

വണ്ടികൾ കളിപ്പാട്ടം പോലെ; നഗരത്തിരക്കിൽ കുതിച്ചുപായുന്ന മെക്കാനിക്ക്; ബൈക്കുകളുടെ പ്രിയ ഡോക്ടർ...അമ്മയാണേ സത്യം, ഇതു പെണ്ണാണ്... ഒരു പാലക്കാടൻ പെൺപെരുമ

പാലക്കാട്: നഗരത്തിന്റെ തിരക്കിലൂടെ ബൈക്കിലോ ബുള്ളറ്റിലോ പാഞ്ഞു പോകുന്ന ആ യുവാവിനെ കണ്ടാൽ സത്യത്തിലാരും തിരിച്ചറിയില്ല, അതൊരു വാഹനക്കമ്പം മൂത്ത യുവതിയാണെന്ന്..

ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ കണ്ടാൽ പെൺകുട്ടിയാണെങ്കിൽ തൊട്ടും തലോടിയും ശരീരത്തോടു ചേർത്തുവച്ചുമെല്ലാം ഭംഗി ആസ്വദിക്കും. എന്നാൽ പ്രീതക്ക് പുത്തൻ ബൈക്കുകളോ കാറുകളോ കണ്ടാലാണ് മനം കുളിർക്കുക.വണ്ടിയിൽ തൊട്ടും തലോടിയും ഭംഗി ആസ്വദിക്കും. പിന്നെ ആക്‌സിലറേറ്ററും ക്ലച്ചും ബ്രേക്കുമൊക്കെ പരിശോധിക്കും. വണ്ടികൾ പ്രീതയ്ക്ക് കളിപ്പാട്ടം പോലെയാണ്..എത്ര അത്യാസന്ന നിലയിലായ വണ്ടികളായാലും വണ്ടികളുടെ ഡോക്ടറായ പ്രീത തൊട്ടാൽ ഏതു ജീവൻ വയ്ക്കും. പിന്നെ ആ വണ്ടിയിൽ കയറി പറ പറന്നെന്നും വരും.

മയിലാഞ്ചിയും നെയിൽ പോളീഷും അണിഞ്ഞ് കൂട്ടുകാരികളൊക്കെ കൈപ്പത്തിയുടെ സൗന്ദര്യം കൂട്ടുമ്പോൾ പ്രീതയുടെ കൈകൾക്ക് ഭംഗി കൂട്ടുന്നത് ഗ്രീസിന്റേയും കരി ഓയിലിന്റേയും കറുപ്പാണ്. സ്പാനറോ സ്‌ക്രൂ ഡ്രൈവറോ കയ്യിലില്ലാത്ത സമയം വിരളം.

പറ്റ വെട്ടിയ മുടിയുമായി പാന്റും ഷർട്ടുമണിഞ്ഞ് ബൈക്കിൽ കുതിക്കുന്ന പ്രീതയെ സത്യത്തിലാരും തിരിച്ചറിയില്ല. വാണിയംകുളം പ്രവീൺ ഓട്ടോ ഗാരേജിൽ സേതുമാധവന്റെ മകളാണ് പ്രീത. വാഹനക്കമ്പം മൂത്താണ് മെക്കാനിക്കിന്റെ വേഷം തിരഞ്ഞെടുത്തത്. പത്താം ക്ലാസ്സ് വരെ മാത്രമാണ് പെൺകുട്ടികളെ പോലെ പ്രീത പാവാടയും ജാക്കറ്റുമിട്ട് നടന്നത്. പിന്നീട് ഇതുവരേയും അണിഞ്ഞത് പുരുഷവേഷം. ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾത്തന്നെ വർക് ഷോപ്പിലെത്തി അച്ഛനെ സഹായിക്കുമായിരുന്നു.

പത്ത് കഴിഞ്ഞതോടെ വർക്ക് ഷാപ്പിൽ സ്ഥിരം ജോലിചെയ്തുതുടങ്ങി. ഇരുപത്തഞ്ചു വർഷമായി പ്രീത മെക്കാനിക്കാണ്. മുടി ക്രോപ്പ് ചെയ്ത് ജീൻസും പാന്റും ഷർട്ടുമണിഞ്ഞ് നടക്കുന്ന പ്രീതക്ക് സ്വൽപ്പം കരാട്ടെയും വശമുണ്ട്. പുരുഷവേഷമാണ് സൗകര്യമെന്ന് പ്രീത പറയുന്നു. ഏതു രാത്രിയും എവിടെ വേണമെങ്കിലും പോകാം.

നല്ലൊരു മെക്കാനിക്കായി പേരെടുത്ത പ്രീതക്ക് ഹീറോഹോണ്ട കമ്പനിയിൽ മുഖ്യടെക്‌നീഷ്യയായി ജോലി ലഭിച്ചിരുന്നു. പിന്നീട് ആ ജോലി വേണ്ടെന്നുവച്ച് സ്വന്തം വർക്ക് ഷോപ്പിൽ തന്നെ കൂടി. രണ്ടു വർഷം മുമ്പ് അച്ഛൻ മരിച്ചു. ഇപ്പോൾ വർക്ക് ഷോപ്പിൽ പ്രീതയെ കൂടാതെ സഹോദരനും ജോലിക്കാരുമുണ്ട്.

പ്രീത പുരുഷനാണെന്ന് കരുതി അബദ്ധം പിണഞ്ഞവർ ഒട്ടേറെയുണ്ട്. മാസങ്ങളായി അടുത്തിടപെഴകിയിരുന്നവർ പോലും ആണിനെന്താ പെണ്ണിന്റെ പേരെന്നു മാത്രമേ ചിന്തിച്ചിട്ടുള്ളുവെന്ന് പ്രീത പറയുന്നു. എല്ലാ മേഖലയിലും സ്ത്രീകൾ കടന്നു വരുന്നുണ്ടെങ്കിലും ബൈക്ക് മെക്കാനിക്കായി ജോലി ചെയ്യുന്നവർ കുറവാണെന്ന് പ്രീത പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP