Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തകർന്നടിഞ്ഞത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശക്തികേന്ദ്രത്തിൽ; കർണ്ണാടക കൂടി പോയാൽ മഹാരാഷ്ട്രയ്ക്ക് കീഴെ ഒരിടവും കൂട്ടിനുണ്ടാവില്ല; മധ്യപ്രദേശും രാജസ്ഥാനും കയ്യൊഴിഞ്ഞാൽ വടക്കേ ഇന്ത്യയിലും വിയർക്കും; മോദിയുടെ സ്വന്തം ഗുജറാത്തിൽ പോലും കാര്യങ്ങൾ കടുകട്ടി; കോൺഗ്രസ് വിരുദ്ധ ഭാരതത്തിലൂടെ തുടർഭരണം മോഹിക്കുന്ന മോദിക്കും ബിജെപിക്കും കർണ്ണാടക ഉയർത്തുന്നത് വൻ വെല്ലുവിളി; സഖ്യം ഉറപ്പിക്കാൻ നെട്ടോട്ടം തുടങ്ങി കാവിപാർട്ടി

തകർന്നടിഞ്ഞത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശക്തികേന്ദ്രത്തിൽ; കർണ്ണാടക കൂടി പോയാൽ മഹാരാഷ്ട്രയ്ക്ക് കീഴെ ഒരിടവും കൂട്ടിനുണ്ടാവില്ല; മധ്യപ്രദേശും രാജസ്ഥാനും കയ്യൊഴിഞ്ഞാൽ വടക്കേ ഇന്ത്യയിലും വിയർക്കും; മോദിയുടെ സ്വന്തം ഗുജറാത്തിൽ പോലും കാര്യങ്ങൾ കടുകട്ടി; കോൺഗ്രസ് വിരുദ്ധ ഭാരതത്തിലൂടെ തുടർഭരണം മോഹിക്കുന്ന മോദിക്കും ബിജെപിക്കും കർണ്ണാടക ഉയർത്തുന്നത് വൻ വെല്ലുവിളി; സഖ്യം ഉറപ്പിക്കാൻ നെട്ടോട്ടം തുടങ്ങി കാവിപാർട്ടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ കാലുറപ്പിക്കാനാവില്ലെന്ന് തിരിച്ചറിയുകാണ് ബിജെപി. കർണ്ണാടകയാണ് ബിജെപിയുടെ ശക്തി കേന്ദ്രം. ഇവിടെ മുഴുവൻ സീറ്റും ബിജെപിക്ക് നേടിക്കൊടുക്കുമെന്നാണ് ബി എസ് യുദൂരിയപ്പ പ്രഖ്യാപിച്ചത്. എന്നാൽ കാര്യങ്ങൾ ഒട്ടും അനുകൂലമല്ലെന്നാണ് ഇന്നലത്തെ ഉപതെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്. കോൺഗ്രസും ജെഡിയുവും ഒരുമിച്ച് നീങ്ങിയാൽ കർണ്ണാടകയിൽ ബിജെപിയുടെ പ്രതീക്ഷകൾ തെറ്റും. ഇതോടെ ദക്ഷിണേന്ത്യയിൽ നിന്ന് വിരലിൽ എണ്ണാവുന്ന സീറ്റുകൾ മാത്രമേ ബിജെപിക്ക് കിട്ടൂവെന്നാണ് വിലയിരുത്തൽ. ഇത് വീണ്ടും അധികാരത്തിലെത്താനുള്ള മോദിയുടെ മോഹത്തിന് വലിയ തിരിച്ചടിയാകും.

തെക്കേ ഇന്ത്യയിൽ ബിജെപിക്കു കാര്യമായ അടിത്തറയുള്ള സംസ്ഥാനമാണു കർണാടക. എന്നാൽ, കോൺഗ്രസും ജനതാദളും (എസ്) ഒന്നിച്ചു നിന്നാൽ ബിജെപി ബഹുദൂരം പിന്നിലാകുമെന്നു വ്യക്തമായിരിക്കുന്നു. ഈ നില തുടർന്നാൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും ഏറെ വിയർക്കേണ്ടി വരും. 2014ൽ കർണാടകയിലെ 28 സീറ്റിൽ പതിനേഴും ബിജെപിക്കായിരുന്നു. കോൺഗ്രസിന് ഒൻപതും ദളിനു രണ്ടും സീറ്റാണ് അന്നു കിട്ടിയത്. കോൺഗ്രസും ദള്ളും ഒരുമിക്കുമ്പോൾ ഏഴ് സീറ്റായി കുറയാൻ സാധ്യതയുണ്ട്. തമിഴ്‌നാട്ടിൽ കന്യാകുമാരി സീറ്റിൽ മാത്രമാണ് ബിജെപിക്ക് പ്രതീക്ഷയുള്ളത്. ഗോവയിൽ രണ്ട് സീറ്റിൽ ഒന്നിൽ ജയിക്കും. ആന്ധ്രയിലും തെലുങ്കാനയിലും ജയ സാധ്യതയുള്ള മണ്ഡലം ഇല്ലെന്ന് തന്നെ പറയാം. കേരളത്തിലും അക്കൗണ്ട് തുറക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതായത് ദക്ഷിണേന്ത്യയിൽ 9 സീറ്റ് മാത്രമേ ബിജെപിക്ക് കിട്ടാൻ സാധ്യതയുള്ളൂ. അങ്ങനെ വരുമ്പോൾ മാഹാരാഷ്ട്ര വരെയായി ബിജെപിയുടെ സ്വാധീന മേഖല ചുരുങ്ങും.

അതുകൊണ്ട് തന്നെ ബിജെപിക്ക് അധികാരം നിലനിർത്താൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെത്തന്നെ ആശ്രയിക്കേണ്ടി വരും. ദേശീയകക്ഷി എന്ന വല്യേട്ടൻ മനോഭാവം വെടിഞ്ഞ് ചെറുകക്ഷികളെ കൂടുതൽ അടുപ്പിക്കേണ്ടിയും വരും. കർണാടകയിൽ ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളൊന്നും വിജയം കണ്ടില്ല. രാഹുൽ ഗാന്ധിയെ പരിഹസിച്ച് എഴുതിത്ത്ത്തള്ളുന്ന സമീപനവും കോൺഗ്രസിനും ദളിനുമെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളും പാളി. നേതാക്കളുടെ പരസ്പരധാരണയില്ലായ്മ എതിരായി. രാമനഗരയിൽ സ്ഥാനാർത്ഥി മറുപക്ഷത്തേക്കു പോകുന്ന ദുഃസ്ഥിതിയും നേരിട്ടു. ഇത് ബിജെപിക്ക് വലിയ വെല്ലുവിളിയാണ്. കർണ്ണാടകയിൽ കോൺഗ്രസ്- ദൾ സഖ്യം ദൃഢമായെന്നു മാത്രമല്ല, രാഹുൽ ഗാന്ധി കൈക്കൊണ്ട വിട്ടുവീഴ്ചാ മനോഭാവം സഖ്യത്തിനു കൂടുതൽ കരുത്തായി. ഈ മാതൃക ദേശീയ തലത്തിൽ വ്യാപിക്കുമ്പോൾ ബിജെപിക്ക് വെല്ലുവിളി കൂടും. ഡിസംബറിൽ അഞ്ച് സംസ്ഥാനങ്ങളിലെ ഫലമെത്തും. ഇതും ബിജെപിക്ക് അനുകൂലമാകാനുള്ള സാധ്യത കുറവാണ്.

രാജസ്ഥാനിലും മധ്യപ്രദേശിലും തെലുങ്കാനയിലും ചത്തീസ്ഗഡിലും മിസോറാമിലുമാണ് ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ് ഗഡിലും ബിജെപി ഭരണമാണുള്ളത്. ലോക്‌സഭയിൽ ഏതാണ്ട് എല്ലാ സീറ്റും ഈ സംസ്ഥാനങ്ങളിൽ ബിജെപിക്ക് സ്വന്തമാണ്. എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞു കഴിഞ്ഞു. രാജസ്ഥാനിൽ ബിജെപി തോൽക്കുമെന്നാണ് സൂചന. മധ്യപ്രദേശിലും സ്ഥിതി അത്ര മെച്ചമല്ല. ചത്തീസ് ഗഡിലും മുൻതൂക്കം നേടാനാകുമോ എന്ന സംശയം ഉണ്ട്. തെലുങ്കാനയിൽ അക്കൗണ്ട് തുറക്കാനാകുമോ എന്നതിൽ പോലും ഉറപ്പില്ല. വടക്ക് കിഴക്കൻ സംസ്ഥാനത്തെ മാജിക് മിസോറാമിൽ തുടരുമെന്നാണ് പ്രതീക്ഷ. ഇത് സംഭവിച്ചാൽ പോലും ബാക്കി നാല് സംസ്ഥാനങ്ങളിലെ ചെറിയ തിരിച്ചടി പോലും ബിജെപിക്ക് താങ്ങാവുന്നതിലും അപ്പുറത്തെ തിരിച്ചടിയാകും നൽകുക.

മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി പിന്നോക്കം പോകുന്ന തരത്തിലെ ഇടപെടലുകൾ കോൺഗ്രസ് നടത്തും. ഇതോടെ ഉത്തരേന്ത്യയിലും ബിജെപിയോടുള്ള വിശ്വാസത്തിന് ഇടിവുണ്ടാകും. മോദിയുടെ തട്ടകമായ ഗുജറാത്തിൽ പോലും കാര്യങ്ങൾ അത്ര എളുപ്പമല്ല. പെട്രോൾ വിലവർദ്ധനവും കാർഷിക പ്രശ്‌നങ്ങളും ഗുജറാത്തിലും ബിജെപിക്ക് തിരിച്ചടിയാണ്. കർണ്ണാടകത്തെ ഫലം ഉത്തരേന്ത്യയിലും വലിയ ചർച്ചയാണ്. മോദി പ്രഭാവം ഒരിടത്തും കാണാനില്ലെന്നാണ് വിലയിരുത്തൽ. ഇതെല്ലാം തുടർഭരണമെന്ന ലക്ഷ്യത്തിലേക്കുള്ള മോദിയുടെ യാത്രയെ സ്വാധീനിക്കും. യുപിയിലും കാര്യങ്ങൾ ബിജെപിക്ക് അത്ര ഗുണകരമല്ല. എസ് പിയും ബിഎസ്‌പിയും ഒരുമിച്ച് പോകുന്നതാണ് ഇതിന് കാരണം.

കർണാടകത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് തിളക്കമാർന്ന വിജയമാണ് നേടിയത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിൽ രണ്ട് നിയസഭാ സീറ്റും രണ്ട് ലോക്സഭാ സീറ്റും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. യെദ്യൂരപ്പയുടെ തട്ടകവുമായ ശിവമോഗയിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാൻ കഴിഞ്ഞത്. ബിജെപി സിറ്റിങ് സീറ്റായ ബെല്ലാരി രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ വൻഭൂരിപക്ഷത്തിലാണ് കോൺഗ്രസ് നേതാവ് ഉഗ്രപ്പ തിരിച്ചുപിടിച്ചത്. രാമനഗര നിയസഭാ സീറ്റിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ ജെ.ഡി.എസ് സ്ഥാനാർത്ഥി അനിതാ കുമാരസ്വാമി 109137 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ജാംഘണ്ടി നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ന്യാമഗൗഡ 39480 വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു. മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ ജെ.ഡി.എസ് സ്ഥാനാർത്ഥി എൽ.ആർ ശിവരാമഗൗഡ രണ്ടരലക്ഷത്തോളം വോട്ടിന്റെ വൻഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2004ൽ നടൻ അംബരീഷ് നേടിയ 1,24,438 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ റെക്കോഡാണ് ഇവിടെ തകർന്നത്.

ശിവമോഗ ലോക്സഭാ സീറ്റിൽ 47000 വോട്ടുകൾക്കാണ് ബിജെപിയുടെ ആശ്വാസ ജയം. ഇവിടെ ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പയുടെ മകൻ ബി.വൈ രാഘവേന്ദ്രയാണ് വിജയിച്ചത്. 2014ൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ബി.എസ് യദ്യൂരപ്പ 3,63,305 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് ശിവമോഗ. ജെ.ഡി.യു കോൺഗ്രസ് സഖ്യത്തിന്റെ ഐക്യത്തിന്റെ വിജയമാണിതെന്ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി വേദഗൗഡ പ്രതികരിച്ചു. വിരാട് കോഹ്ലിക്ക് കീഴിൽ ടെസ്റ്റ് സീരിസ് ജയിച്ച പ്രതീതിയാണ് കർണാടക തിരഞ്ഞെടുപ്പ് ഫലം തരുന്നതെന്നായിരുന്നു കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പ്രതികരണം. കോൺഗ്രസ് വിരുദ്ധ ഭാരതമെന്ന മോദിയുടെ സ്വപ്‌നം കർണ്ണാകടയിലൂടെ തകർന്നുവെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP