Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രാണവേദനയാൽ പിടഞ്ഞ സനലിനെ ഏമാന്മാർ നേരെ കൊണ്ടു പോയത് പൊലീസ് സ്‌റ്റേഷനിലേക്ക്; പൊലീസ് സ്‌റ്റേഷന് മുമ്പിൽ ആംബുലൻസിൽ കിടന്നതിനെ ചോദ്യം ചെയ്യാൻ നാട്ടുകാർ തുനിഞ്ഞതോടെ താലൂക്ക് ആശുപത്രിയിലേക്ക്; മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും മണിക്കൂറുകൾ പിന്നിട്ടും ഡിവൈഎസ്‌പി ഹരികുമാറിന് വേണ്ടി സനലിനെ കൊല്ലാക്കൊല ചെയ്തതിന്റെ ഉത്തരവാദിത്തം ആംബുലൻസുമായി എത്തിയ പൊലീസിനും

പ്രാണവേദനയാൽ പിടഞ്ഞ സനലിനെ ഏമാന്മാർ നേരെ കൊണ്ടു പോയത് പൊലീസ് സ്‌റ്റേഷനിലേക്ക്; പൊലീസ് സ്‌റ്റേഷന് മുമ്പിൽ ആംബുലൻസിൽ കിടന്നതിനെ ചോദ്യം ചെയ്യാൻ നാട്ടുകാർ തുനിഞ്ഞതോടെ താലൂക്ക് ആശുപത്രിയിലേക്ക്; മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും മണിക്കൂറുകൾ പിന്നിട്ടും ഡിവൈഎസ്‌പി ഹരികുമാറിന് വേണ്ടി സനലിനെ കൊല്ലാക്കൊല ചെയ്തതിന്റെ ഉത്തരവാദിത്തം ആംബുലൻസുമായി എത്തിയ പൊലീസിനും

മറുനാടൻ മലയാളി ബ്യൂറോ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിന് മുന്നിൽ തള്ളിയിട്ടു കൊന്ന കേസിലെ പ്രതി ഡിവൈഎസ്‌പി ബി.ഹരികുമാറിനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ നടക്കുന്നെന്ന ആരോപണം ശക്തമാണ്. ഒളിവിൽ പോയെന്ന് പറഞ്ഞുള്ള റിപ്പോർട്ടുകളാണ് കൊടുത്തിരിക്കുന്നത്. ഹരികുമാർ പൊലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന സൂചന നേരത്തെയും ലഭിച്ചിരുന്നു. എന്നിട്ടും ബഹ്‌റ അടക്കമുള്ളവർ നടപടി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.

നെയ്യാറ്റിൻകരയിൽ വെച്ച് യുവാവിനെ ഡിവൈ.എസ്‌പി. കാറിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ നെയ്യാറ്റിൻകരയിലും കൊടങ്ങാവിളയിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധമാണ് ഇന്നലെ ഉണ്ടായത്. സനൽകുമാറിന്റെ മൃതദേഹവുമായി നാട്ടുകാർ മൂന്നുകല്ലിന്മൂട്ടിൽ റോഡും ഉപരോധിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകരയിൽ ഹർത്താലാചരിച്ചു. സനൽകുമാറിനെ ഡിവൈ.എസ്‌പി. ബി.ഹരികുമാർ റോഡിലേക്കു തള്ളിയിടുമ്പോൾ കൊടങ്ങാവിളയിൽ വിരലിലെണ്ണാവുന്ന ആൾക്കാർ മാത്രമാണുണ്ടായിരുന്നത്. സംഭവമറിഞ്ഞതോടെ നാട്ടുകാർ അവിടെ പ്രതിഷേധവുമായി തടിച്ചുകൂടി. തിങ്കളാഴ്ച രാത്രി പത്തരമണിക്കു തുടങ്ങിയ പ്രതിഷേധം അവസാനം സനൽകുമാറിന്റെ മൃതദേഹവുമായി മൂന്നുകല്ലിന്മൂട് കവലയിലെ ഉപരോധസമരംവരെ നീണ്ടു പോകുകയായിരുന്നു.

നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു സനൽകുമാർ. എന്ത് അത്യാവശ്യമുണ്ടായാലും നാട്ടുകാർ വിളിച്ചാൽ സനൽകുമാർ എത്തും. അതുകൊണ്ടുതന്നെ യാതൊരു പ്രകോപനവുമില്ലാതെ ഡിവൈ.എസ്‌പി. സനൽകുമാറിനെ മർദിക്കുകയും റോഡിലേക്കു പിടിച്ചുതള്ളിയിടുകയുംചെയ്ത സംഭവത്തിൽ പ്രതിഷേധിക്കാൻ രാഷ്ട്രീയപ്പാർട്ടികളുടെ കൊടികളുടെ നിറംനോക്കാതെ നാട്ടുകാർ തടിച്ചുകൂടി. ഡിവൈ.എസ്‌പി. ബി.ഹരികുമാർ കൊടങ്ങാവിള എ.ബി.എസ്. ഫിനാൻസ് നടത്തുന്ന ബിനുവിന്റെ വീട്ടിലെ നിത്യസന്ദർശകനാണ്. തുടർച്ചയായ ദിവസങ്ങളിൽ ഡിവൈ.എസ്‌പി. ഇവിടെ തങ്ങാറുണ്ട്. സനൽകുമാറിന്റെ മരണത്തിൽ ബിനുവിന്റെ പങ്കും അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രതിഷേധിച്ച നാട്ടുകാർ കൊടങ്ങാവിള-കമുകിൻകോട് റോഡിൽ കയർകെട്ടി ഉപരോധിച്ചു. പ്രതിഷേധിക്കാൻ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ബിജെപി.യുടെയും കാമരാജ് കോൺഗ്രസിന്റെയും പ്രാദേശിക നേതാക്കളെത്തിയിരുന്നു. ഇവരെല്ലാം പ്രതിഷേധത്തിന്റെ തുടക്കം മുതൽ ഉണ്ടായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം മൃതദേഹം നാട്ടുകാർ വിലാപയാത്രയായാണ് മൂന്നുകല്ലിന്മൂട്ടിലെത്തിച്ചത്. തുടർന്ന് നാട്ടുകാർ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. സംഭവത്തിൽ ഉത്തരവാദിയായ ഡിവൈ.എസ്‌പി. ഹരികുമാറിനെ അറസ്റ്റുചെയ്യുക, സനൽകുമാറിന്റെ കുടുംബത്തിനു സർക്കാർ സഹായം ലഭ്യമാക്കുക എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

സനൽകുമാറിന്റെ മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം വിലാപയാത്രയായിട്ടാണ് മൂന്നുകല്ലിന്മൂട്ടിൽ റോഡ് ഉപരോധിക്കാനായി നാട്ടുകാരെത്തിയത്. ഒരു വാഹനവും കടത്തിവിടാതെ ആയിരത്തോളംവരുന്ന നാട്ടുകാർ റോഡിൽ കുത്തിയിരുന്നു. നാട്ടുകാർക്ക് പിന്തുണയുമായി എല്ലാ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും ഉപരോധത്തിൽ പങ്കെടുത്തു.

എംഎ‍ൽഎ.മാരായ കെ.ആൻസലൻ, എം.വിൻസെന്റ് എന്നിവരും ഉപരോധക്കാർക്കൊപ്പം കൂടി. മുൻ എംഎ‍ൽഎ. എ.ടി.ജോർജ്, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ബിജെപി. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു, കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ, ഡീൻകുര്യാക്കോസ് തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുത്തു.

ഉപരോധത്തെ തുടർന്ന് റൂറൽ എസ്‌പി. അശോക് കുമാർ സമരക്കാരുമായി ചർച്ച നടത്താനെത്തിയെങ്കിലും കളക്ടർ അല്ലെങ്കിൽ ആർ.ഡി.ഒ. എത്തണമെന്ന് നാട്ടുകാർ ശഠിച്ചു. അവസാനം വൈകിട്ട് ആറരയോടെ ആർ.ഡി.ഒ. കെ.വിനീഷ്, തഹസീൽദാർ മോഹൻകുമാർ എന്നിവരെത്തി ഉപരോധക്കാരുമായി ചർച്ച നടത്തി. ചർച്ചയുടെ അടിസ്ഥാനത്തിൽ പരമാവധി നഷ്ടപരിഹാരം സർക്കാരിൽ നിന്നും ലഭ്യമാക്കുമെന്ന് ആർ.ഡി.ഒ. അറിയിച്ചു. മാത്രവുമല്ല സനൽകുമാറിന്റെ ഭാര്യ വിജിക്ക് സർക്കാർ ജോലി നൽകുന്നകാര്യം സർക്കാരിൽ ശുപാർശ ചെയ്യുമെന്ന് ആർ.ഡി.ഒ. അറിയിച്ചു.

സനലിന്റെ ജീവൻ പൊലിഞ്ഞത് പൊലീസ് അനാസ്ഥയാൽ

തിങ്കളാഴ്ച രാത്രി പത്തരയോടെ കൊടങ്ങാവിള-കമുകിൻകോട് റൂട്ടിലായിരുന്നു സംഭവം. ഇവിടെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈ.എസ്‌പി. തന്റെ വാഹനവുമായി പുറത്തേക്കിറങ്ങുമ്പോൾ ഗേറ്റിനുമുന്നിൽ ഒരു കാർ നിർത്തിയതുകണ്ടു. ആരുടെ കാറാണെന്നു തിരക്കിയപ്പോൾ സനലിന്റേതാണെന്ന് നാട്ടുകാർ പറഞ്ഞു. വാഹനം നിർത്തി സനൽ അടുത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു.

തുടർന്ന്, അവിടെ കാറിട്ടതാരാണെന്നാക്രോശിച്ച് ഹരികുമാർ ഹോട്ടലിൽ കയറി സനലിനെ മർദിച്ചു. ഔദ്യോഗിക വേഷത്തിലല്ലാതിരുന്നതിനാൽ ഡിവൈ.എസ്‌പി.യെ സനലിന് തിരിച്ചറിയാനായില്ല. എന്നിട്ടും ആഹാരം കഴിച്ചുകൊണ്ടിരുന്ന സനൽ കാർ മാറ്റിയിടാൻ തയ്യാറായി. ദേഷ്യംതീരാതെ ഡിവൈ.എസ്‌പി. വീണ്ടും ഹോട്ടലിൽനിന്ന് സനലിനെ വലിച്ചുപുറത്തിറക്കി മർദിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. പിടിവലിക്കിടയിൽ റോഡിലേക്കുവീണ സനലിനെ എതിരേവന്ന കാർ ഇടിച്ചുതെറിപ്പിച്ചു. വലതുകൈയ്ക്കും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ സനൽകുമാർ ആശുപത്രിയിലെത്തുംമുമ്പേ മരിച്ചു. അപകടം ഉണ്ടായ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാതെ സനലിനെ പൊലീസ് സ്‌റ്റേഷനിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. ഇത് പൊലീസ് സ്‌റ്റേഷന് മുമ്പിൽ ആംബുലൻസിൽ കിടന്നതിനെ ചോദ്യം ചെയ്യാൻ നാട്ടുകാർ തുനിഞ്ഞതോടെ താലൂക്ക് ആശുപത്രിയിലേക്ക് പൊലീസ് കൊണ്ടുപോകുകയായിരുന്നു.

സംഭവം നടന്നയുടൻ നാട്ടുകാർ ഡിവൈ.എസ്‌പി.ക്കെതിരേ തിരിഞ്ഞു. ഇതോടെ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട ഇദ്ദേഹത്തെ സുഹൃത്ത് ബിനു കാറിൽ രക്ഷപ്പെടുത്തി. സംഭവം നടന്ന് അരമണിക്കൂറോളം കഴിഞ്ഞാണ് സനലിനെ സ്ഥലത്തെത്തിയ പൊലീസുകാർ ആശുപത്രിയിലേക്കു കൊണ്ടുപോയത്. സംഭവസ്ഥലത്തുനിന്ന് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലാണ് ആദ്യമെത്തിച്ചത്. അവിടെനിന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇതിനിടെയായിരുന്നു മരണം. തൊഴുക്കൽ സ്വദേശി ഓടിച്ച കാറാണ് സനലിനെ ഇടിച്ചത്. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹരികുമാറിനെതിരായ ഇന്റലിജന്റ്‌സ് റിപ്പോർട്ടും അവഗണിച്ചു

ഡിവൈഎസ്‌പി ഹരികുമാറിന്റെ വഴിവിട്ട പോക്കിനെ ഡിജിപിയും അവഗണിച്ചെന്നാണ് ആരോപണം. സ്ഥാനത്തുനിന്നു നീക്കണമെന്ന് ഇന്റലിജൻസ് മൂന്നു തവണ നൽകിയ മുന്നറിയിപ്പും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അവഗണിച്ചു. ഹരികുമാറിന്റെ വഴിവിട്ട പോക്കിനെതിരെ ഇന്റലിജൻസ് രണ്ടുതവണ സ്വന്തം നിലയ്ക്കും ഒരുതവണ ഡിജിപി ആവശ്യപ്പെട്ടിട്ടുമാണു റിപ്പോർട്ട് നൽകിയത്. ഡിവൈഎസ്‌പിയുടെ വഴിവിട്ട ഇടപാടുകൾക്കെതിരെ പരാതി ഉയർന്നപ്പോഴായിരുന്നു ഇന്റലിജൻസിന്റെ ഇടപെടൽ. ആദ്യ റിപ്പോർട്ട് 2017 ജൂൺ 22നാണ് നൽകിയത്. ഉള്ളടക്കം ഇങ്ങനെ നെയ്യാറ്റിൻകരയിൽ എസ്െഎ ആയിരുന്ന കാലം മുതൽ കൊടുങ്ങാവിളയിലെ സ്വർണവ്യാപാരിയായ ബിനുവിന്റ വീട്ടിൽ ഹരികുമാർ നിത്യസന്ദർശകനാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ദുരൂഹതയുണ്ട്. നാട്ടുകാർക്കെല്ലാം ഇതറിയാം.

പൊലീസിനാകെ അവമതിപ്പ് ഉണ്ടാക്കുന്ന ഈ പോക്ക് അവസാനിപ്പിച്ചില്ലെങ്കിൽ സ്ഥലത്ത് അക്രമമുണ്ടാകും. ഡിവൈഎസ്‌പിയുടെ അവിഹിത ബന്ധങ്ങൾ ചൂണ്ടിക്കാണിച്ചു വി എസ്ഡിപി പരാതി നൽകിയപ്പോഴായിരുന്നു ഇന്റലിജൻസിന്റ രണ്ടാമത്തെ മുന്നറിയിപ്പ്. 2018 ഏപ്രിൽ മൂന്നിന്. ഇതിലും നടപടിയൊന്നുമുണ്ടായില്ല. പരാതികൾ വ്യാപകമായതോടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നെ നേരിട്ട് ഇന്റലിജൻസിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടു. ഏപ്രിൽ 25ന് ഇന്റലിജൻസ് സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ആവശ്യം ഹരികുമാറിനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ഡിവൈഎസ്‌പി സ്ഥാനത്തുനിന്നു നീക്കണമെന്നുമായിരുന്നു. മാസം ഏഴു കഴിഞ്ഞിട്ടും നടപടിയെടുത്തില്ലെന്നു മാത്രമല്ല, ഭരണരംഗത്തുള്ളവർ തന്നെ ഹരികുമാറിന്റെ വഴിവിട്ടപോക്കിനു ചൂട്ടുപിടിച്ചു.

അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ

ഡി.വൈ.എസ്‌പിയുടെ അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ വിജി. കേസന്വേഷണത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപ്പെടണമെന്നും വിജി ആവശ്യപ്പെട്ടു.ഒളിവിൽ പോയ ഡിവൈഎസ്‌പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സനൽ കുമാറിന്റെ മൃതദേഹവുമായി നാട്ടുകാർ ഇന്നലെ മൂന്ന് മണിക്കൂർ ദേശീയ പാത ഉപരോധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP