Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തന്ത്രി ഉപദേശം തേടിയെന്ന വീരവാദം തളർത്തിയത് ശ്രീധരൻ പിള്ളയുടെ ചിറകുകളെ; കൂട്ടുകാർക്കൊപ്പം പൊലീസിനെ വെട്ടിച്ച് സന്നിധാനത്തെത്തി താരമായി സുരേന്ദ്രൻ; പൊലീസ് മെഗാഫോണിലൂടെ അണികളെയാകെ നിയന്ത്രിച്ചു നിർത്തി താരമായത് കണ്ണൂരിലെ കേഡർ നേതാവ്; രഥയാത്ര നടത്തിയാലും പിള്ളയ്ക്ക് ഇനി മേൽഗതിക്ക് സാധ്യതയില്ല; പിടിമുറുക്കാൻ സംഘപരിവാർ മനസ്സിൽ കാണുന്നത് വൽസൻ തില്ലങ്കേരിയെ; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ നേതൃമാറ്റം വരുമോ?

തന്ത്രി ഉപദേശം തേടിയെന്ന വീരവാദം തളർത്തിയത് ശ്രീധരൻ പിള്ളയുടെ ചിറകുകളെ; കൂട്ടുകാർക്കൊപ്പം പൊലീസിനെ വെട്ടിച്ച് സന്നിധാനത്തെത്തി താരമായി സുരേന്ദ്രൻ; പൊലീസ് മെഗാഫോണിലൂടെ അണികളെയാകെ നിയന്ത്രിച്ചു നിർത്തി താരമായത് കണ്ണൂരിലെ കേഡർ നേതാവ്; രഥയാത്ര നടത്തിയാലും പിള്ളയ്ക്ക് ഇനി മേൽഗതിക്ക് സാധ്യതയില്ല; പിടിമുറുക്കാൻ സംഘപരിവാർ മനസ്സിൽ കാണുന്നത് വൽസൻ തില്ലങ്കേരിയെ; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ നേതൃമാറ്റം വരുമോ?

ബി രഘുരാജ്

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപിയിൽ നേതൃമാറ്റത്തിന് സാധ്യതയെന്ന് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിൽ കൂടുതൽ ശക്തമായി പിടിമുറുക്കാൻ സംഘ പരിവാർ നേതൃത്വത്തിന് ആഗ്രഹമുണ്ട്. ഇതിന് വേണ്ടിയുള്ള ചരടുവലികൾ അണിയറയിൽ തുടങ്ങിയതായാണ് സൂചന. ബിജെപിയെ നയിക്കാൻ കൂടുതൽ പരിവാർ ബന്ധമുള്ള നേതാവ് വേണമെന്നാണ് ആർഎസ്എസ് നിലപാട്. ശബരിമലയിലെ അനാവശ്യ വിവാദങ്ങൾ ബിജെപിയുണ്ടാക്കിയെടുത്ത ഇമേജിന് കോട്ടമുണ്ടാക്കി. യുവമോർച്ചാ വേദിയിലെ പി എസ് ശ്രീധരൻ പിള്ളയുടെ പ്രസംഗം കൈവിട്ട കളിയായി പോയെന്ന് പരിവാറുകാർ പറയുന്നു. ബിജെപി പ്രസിഡന്റിന്റെ വീരവാദം പറച്ചിലോടെ വിശ്വാസികളുടെ മനസ്സിൽ സംശയമെത്തിയെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ നേതൃത്വത്തിൽ പിടിമുറുക്കാനാണ് പരിവാറുകാരുടെ തീരുമാനം.

കുമ്മനംരാജശേഖരൻ മിസോറാം ഗവർണ്ണറായതോടെയാണ് ശ്രീധരൻ പിള്ള പ്രസിഡന്റായെത്തുന്നത്. പിള്ളയെ താൽകാലിക അടിസ്ഥാനത്തിലാണ് പ്രസിഡന്റാക്കിയതെന്ന് വരുത്തിയുള്ള മാറ്റത്തിനാണ് ആർഎസ്എസ് നീക്കം. വൽസൽ തില്ലങ്കേരിയെ നേതൃത്വത്തിൽ എത്തിക്കാനാണ് നീക്കം. തില്ലങ്കേരിയെ പ്രസിഡന്റാക്കിയില്ലെങ്കിൽ ജനറൽ സെക്രട്ടറി പദം നൽകാനും ആവശ്യപ്പെട്ടേക്കും. കരുത്തുള്ള നേതൃത്വം സംസ്ഥാനത്ത് ബിജെപിക്കില്ല. ശബരിമലയിൽ ക്രിയാത്മക ഇടപെടലിന് ബിജെപിക്കായില്ല. സന്നിധാനത്ത് നിരവധി നേതാക്കളെത്തിയെങ്കിലും അവരെല്ലാം ചാനൽ ചർച്ചകളിൽ മുഖം കാണിച്ച് മടങ്ങി. ചാനലുകൾക്ക് മുമ്പിലെ പ്രകടനത്തിന് അപ്പുറം ആരും അണികൾക്കൊപ്പം നിന്ന് പ്രവർത്തിച്ചില്ല. ഈ സാഹചര്യത്തലാണ് ശബരിമലയിൽ തില്ലങ്കേരിയുടെ ഇടപെടലുയർത്തി അദ്ദേഹത്തെ നേതൃസ്ഥാനത്തേക്ക് ഉയർത്താനുള്ള നീക്കം. സന്നിധാനത്ത് ഫലപ്രദമായി തില്ലങ്കേരി ഇടപെടൽ നടത്തി. യഥാർത്ഥ നേതാവ് എന്തായിരിക്കണമെന്ന് തില്ലങ്കേരിയെ കണ്ടു പഠിക്കാൻ ബിജെപിക്കാരോട് ആർഎസ്എസ് ആവശ്യപ്പെടും.

യുവമോർച്ചാ വേദിയിൽ പി എസ് ശ്രീധരൻ പിള്ള നടത്തിയത് കൈവിട്ട പ്രസംഗമായിരുന്നു. ബിജെപിയിൽ ഗ്രൂപ്പുകൾ തമ്മിലെ ശത്രുത ശക്തമാണ്. ഈ സാഹചര്യത്തിൽ നേതാക്കളോട് സംസാരിക്കുമ്പോൾ പോലും മിതത്വം കാട്ടണം. പിള്ളയുടെ പ്രസംഗത്തോടെ തന്ത്രി കുടുംബവുമായി പരിവാർ നേതൃത്വത്തിന് ഉണ്ടായ ബന്ധത്തിന് തിരിച്ചടിയുണ്ടായി. തന്ത്രി കുടുംബത്തെയാണ് വിവാദം പെടുത്തിയത്. ഇത് ഒഴിവാക്കേണ്ടതായിരുന്നു. ഫെയ്‌സ് ബുക്കിൽ ലൈവിട്ട യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവും കാട്ടിയ മണ്ടത്തരമാണെന്ന അഭിപ്രായം പരിവാറിലുണ്ട്. യുവമോർച്ചാ അധ്യക്ഷനെന്ന നിലയിലും ശബരിമലയിൽ പ്രകാശ് ബാബു ഇടപെടൽ നടത്തിയില്ല. പ്രസ്താവന നടത്തുന്ന നേതാവിന് അപ്പുറം വളരാൻ പ്രകാശ് ബാബുവിന് കഴിയുന്നില്ലെന്നാണ് വിലയിരുത്തൽ. ശബരിമലയിൽ കെ സുരേന്ദ്രൻ നടത്തിയ ഇടപെടൽ പരിവാറുമായി അദ്ദേഹത്തെ അടുപ്പിച്ചിട്ടുണ്ട്.

ശബരിമലയിൽ എത്തുന്ന ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുമെന്നായിരുന്നു ആർഎസ്എസ് നേതൃത്വം കരുതിയിരുന്നത്. അതുകൊണ്ടാണ് അതീവ രഹസ്യമായി സന്നിധാനത്ത് എത്താൻ സുരേന്ദ്രനോട് നിർദ്ദേശിച്ചത്. അത് സമർത്ഥമായി തന്നെ സുരേന്ദ്രൻ നിറവേറ്റി. തുലാമാസ പൂജയ്ക്ക് വിശ്വാസികളുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ സുരേന്ദ്രൻ പറഞ്ഞതു പോലെ വീണ്ടും സന്നിധാത്ത് എത്തി. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള മലകയറാൻ തയ്യാറായില്ല. ചില ബിജെപി നേതാക്കൾ സന്നിധാനത്ത് എത്തിയിരുന്നു. ഇവരാരും സന്നിധാനത്തെ പ്രശ്‌നങ്ങളിൽ ഇടപെട്ടില്ല. ഇതും ആർ എസ് എസിനെ ചൊടിപ്പിച്ചതായാണ് സൂചന. കേരളത്തിൽ ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പ്രഖ്യാപിത നിലപാട് മാറ്റി വിശ്വാസികൾക്കൊപ്പം ചുവട് മാറ്റാൻ ആർഎസ്എസ് തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ പ്രതിഷേധത്തിന് കൂടെ ആളെ കൊണ്ടു വരേണ്ട അവസ്ഥയിൽ പരിവാർ പ്രസ്ഥാനങ്ങൾ മാറി. ബിജെപി നേതാക്കൾ വാചക കസർത്തുമായി നിറയുന്നുവെന്നാണ് പരിവാറുകാരുടെ വിലയിരുത്തൽ.

ജനം ടിവിക്കുണ്ടായ മുന്നേറ്റം ജനവികാരത്തിന് തെളിവാണ്. റേറ്റിംഗിൽ ഒരിക്കലും സാന്നിധ്യമല്ലാതിരുന്ന ജനം ടിവി രണ്ടാം സ്ഥാനത്ത് എത്തി. ശബരിമലയിൽ ഭക്തർക്കൊപ്പമെന്ന് പ്രഖ്യാപിച്ചതിന്റെ ഫലമാണിത്. ഇത് പോലും ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ബിജെപി നേതാക്കൾക്ക് കഴിയുന്നില്ല. വിശ്വാസികളെ മുന്നിൽ നിന്ന് നയിച്ച് കൃത്യമായി പ്രശ്‌നങ്ങൾ ഇടപെടുന്നില്ല. കഴിഞ്ഞ ദിവസം സന്നിധാനത്തുണ്ടായിരുന്ന നേതാക്കളെല്ലാം സജീവമായി ഇടപെട്ടിരുന്നുവെങ്കിൽ ഭക്തയെ സന്നിധാനത്ത് തടയുന്ന അവസ്ഥ ഒഴിവാക്കമായിരുന്നു. എന്നാൽ പ്രശ്‌നങ്ങൾക്കിടയിലേക്ക് എത്താൻ നേതാക്കൾ മടികാട്ടുന്നു. ഇവിടെയാണ് തില്ലങ്കേരി വിശ്വാസികളെ അഭിസംബോദന ചെയ്ത് പ്രശ്‌നങ്ങൾ സമാധാനത്തിലേക്ക് എത്തിച്ചതെന്നാണ് പരിവാർ നേതാക്കളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് തില്ലങ്കേരിയെ ബിജെപിയുടെ ഭാഗമാക്കാനുള്ള അണിയറ നീക്കങ്ങൾ സജീമായത്. പരിവാറുകാർ ഇടപെട്ടില്ലായിരുന്നുവെങ്കിൽ പ്രതീഷ് വിശ്വനാഥനും കൂട്ടരും ശബരിമലയിൽ നേട്ടമുണ്ടാക്കുമായിരുന്നുവെന്ന വസ്തുതയും ബിജെപിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കും.

അതിനിടെ ശബരിമലയിൽ ആചാരലംഘനം നടന്നോയെന്ന് അവിടെ ഇല്ലാതിരുന്നതിനാൽ അറിയില്ലെന്നും അക്കാര്യം പരിശോധിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പ്രതികരിച്ചിട്ടുണ്ട്. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും ബോർഡംഗം കെ.പി.ശങ്കർദാസും ആചാരലംഘനം നടത്തിയോ എന്ന പരിശോധനയും ബിജെപിക്ക് ഗുണകരമാകും. അയ്യപ്പനോട് പരസ്യമായി മാപ്പ് പറഞ്ഞ് പ്രതിവിധി നടത്തിയ തില്ലങ്കേരിയുടെ തീരുമാനം ശരിയായിരുന്നുവെന്നും വിലയിരുത്തുന്നു. അതിനിടെ കേരളത്തിൽ ഇപ്പോൾ വിമോച സമരകാലത്തേക്കാൾ മോശം സാഹചര്യമാണ് ഉള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള പ്രതികരിച്ചു. എന്നാൽ 356 ാം വകുപ്പ് ഉപയോഗിക്കുന്നതിൽ പരിമിതിയുണ്ട്. തന്ത്രിയോട് സംസാരിച്ചതിൽ തനിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കാനാണ് സർക്കാർ നീക്കം. എസ്.എൻ.ഡി.പി യോഗത്തിലെ വിശ്വാസികൾ എൻ.ഡി.എ സമരത്തിന് ഒപ്പമാണെന്നും ശ്രീധരൻപിള്ള പറയുന്നു.

തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എയുടെ ഭാഗമാണ്. എസ്.എൻ.ഡി.പിക്ക് വിരുദ്ധമായ നിലപാടല്ല ഉള്ളത്. പതിനെട്ടാംപടിയെ സംബന്ധിച്ചെടുത്തോളം ആചാരലംഘനം ഉണ്ടായാൽ അതിനുള്ള പരിഹാര മാർഗങ്ങളും തന്ത്ര വിധിയിൽ ഉണ്ട്. അത് പലപ്പോഴും ചെയ്യാറുള്ളതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. ശബരിമലയിൽ കഴിഞ്ഞ ദിവസം സ്ത്രീകൾക്ക് നേരെ ആക്രമണമുണ്ടായി എന്ന കാര്യം വാസ്തവ വിരുദ്ധമാണ്. സിപിഎം ഫ്രാക്ഷനിലുള്ള മാധ്യമപ്രവർത്തകരാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത്. ബി.ജെപി എംപിയെ കുറിച്ച് നടത്തിയ പരാമർശത്തിന് ഒരു പ്രത്യേക കാരണം ഉണ്ട്. അത് ആരാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യം ഇല്ല. യുവമോർച്ചാ യോഗത്തിൽ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചു നിൽക്കുന്നു. നാളെ എൻ.ഡി.എ ആരംഭിക്കുന്ന യാത്ര ശബരിമല വിഷയത്തിൽ ബോാധവത്കരണ പ്രക്രിയയുടെ ഭാഗമാണെന്നും പി.എസ്. ശ്രീധരൻപിള്ള വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP