Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുത്തലാഖിൽ സ്ത്രീയുടെ മൗലിക അവകാശം സംരക്ഷിക്കണമെന്ന് പറയുന്നവർ ശബരിമല സ്ത്രീപ്രവേശനത്തിൽ കോടതി വിധി അംഗീകരിക്കില്ല; കുളം പരമാവധി കലക്കി..അതിൽ വലവീശി മീൻ പിടിക്കുകയാണ് ലക്ഷ്യം; യഥാർഥ വിശ്വാസികൾ ബിജെപി അജണ്ടയ്ക്ക് തല വച്ചാൽ എന്തുസംഭവിക്കും? ഡോ.മുബഷീർ.കെ.എഴുതുന്നു

മുത്തലാഖിൽ സ്ത്രീയുടെ മൗലിക അവകാശം സംരക്ഷിക്കണമെന്ന് പറയുന്നവർ ശബരിമല സ്ത്രീപ്രവേശനത്തിൽ കോടതി വിധി അംഗീകരിക്കില്ല; കുളം പരമാവധി കലക്കി..അതിൽ വലവീശി മീൻ പിടിക്കുകയാണ് ലക്ഷ്യം; യഥാർഥ വിശ്വാസികൾ ബിജെപി അജണ്ടയ്ക്ക് തല വച്ചാൽ എന്തുസംഭവിക്കും? ഡോ.മുബഷീർ.കെ.എഴുതുന്നു

ഡോ.മുബഷീർ.കെ.

 അതെ, ആ അജണ്ട വ്യക്തമാണ് കൂടുതൽ വിവരിക്കേണ്ട ആവശ്യകതയില്ല. ബിജെപിയെ സംബന്ധിച്ചെടുത്തോളം 'കേരളം' ഒരു കിട്ടാ കനി തന്നെയാണു. ഏത് തിരഞ്ഞെടുപ്പ് അടുത്ത് കഴിഞ്ഞാലും, അതിന്റെ പ്രതീക്ഷകൾക്ക് സാധ്യത കൂട്ടാൻ 'മത വിഷയങ്ങളിറക്കി' വോട്ട് പെട്ടി നിറക്കുക എന്നതവരുടെ പരമ്പാരാഗത ശൈലിയും ജനിതക ഘടകവുമാണ്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിരമായി കണ്ട് വരുന്നൊരുനിത്യ പ്രതിഭാസമാണിത്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ വോട്ടുകൾ ലക്ഷ്യം തെറ്റാതെ തങ്ങളുടെ പെട്ടിയിൽ വീഴ്‌ത്തി അധികാരാരോഹണത്തിനുള്ള 'ദിന ചര്യ' എന്നോ 'ഡെയിലി റൂട്ടീൻ' എന്നോ എന്ത് വേണെലും ഇതിനെ വിശേഷിപ്പിക്കാം.

ഗൂഢ ലക്ഷ്യങ്ങളൊന്നും ഇപ്പോൾ ബിജെപിക്കില്ല. പണ്ടെല്ലാം ഒളിഞ്ഞായിരുന്നു ,ഇപ്പോൾ എല്ലാം അവർ പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. 'അച്ചി വീട്ടിൽ' 'പുയ്യാപ്പള' സൽക്കാരത്തിനു വരുന്നത് പോലെ വേഷ പ്രച്ഛന്നനായി ദേശീയ അധ്യക്ഷൻ ഇടക്കിടയ്ക്ക് കേരളത്തിലെത്തുന്നതും, വാ തുറന്ന് മാലിന്യങ്ങൾ പുറം തള്ളുന്നതും ഒരേയൊരു ലക്ഷ്യ സാക്ഷാത്കാരത്തിനു വേണ്ടിയാണ്.

വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നാലും, കേരളത്തിലെ ചെറിയ ചെറിയ അനക്കങ്ങൾ വരെ അവരെ സംബന്ധിച്ചെടുത്തോളം വലിയ വിജയം തന്നെയാണ്. ഇതൊക്കെ കണ്ട് കൊണ്ടാണു 'അവസരം' മുതലാക്കാനായി കച്ച മുറുക്കി ഇറങ്ങിയതും. കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ 'അംബാസിഡർമാർ ഞങ്ങളാണെന്ന തെറ്റിദ്ധാരണയുണ്ടാക്കി, ജനങ്ങൾക്കിടയിൽ മത വൈരവും, വികല ചിന്തയും വളർത്തി, കേരളത്തിന്റെ മണ്ണിൽ 'ഒരിടം-സ്‌പെയിസ്' അവരാഗ്രഹിക്കുന്നു. അതിനുള്ള മിനുക്ക് പണികൾ ഒളിഞ്ഞു തെളിഞ്ഞും അവർ പ്രയോഗവൽക്കരിക്കുന്നു. 'കുളം പരമാവധി കലക്കി, അതിൽ വലവീശി മീൻ പിടിക്കുക എന്ന് ചുരുക്കം.

കോടതി വിധി കൃത്യമായി പരിശോധിച്ചാൽ തീരാവുന്ന സമരം മാത്രമെ ഇവിടെയുള്ളു. മുത്തലാഖ് വിഷയത്തിൽ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ട് വന്നപ്പോൾ, അതിനെതിരെ മുസ്ലിം സമൂഹം പലകോണിൽ നിന്നും പ്രതിഷേധ സ്വരം ഉയർത്തിയപ്പോൾ, അന്ന് ബിജെപി ഉന്നയിച്ച വാദം 'മുത്തലാഖ് സ്ത്രീയുടെ മൗലിക അവകാശ ലംഘനമാണു എന്നതാണ്. ആചാരങ്ങൾക്കൊ അനുഷ്ടാനങ്ങൾക്കൊ അല്ല പ്രാധാന്യം, മൗലിക അവകാശം സംരക്ഷിക്കുക എന്നതാണു സർക്കാറിന്റെ ബാധ്യതയെന്ന്.

ഇനി നമുക്ക് അതെ ബിജെപി യുടെ മറ്റൊരു നിലപാട് വായിക്കാം. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി, ഞാൻ മനസ്സിലാക്കിയെടുത്തോളം ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഭരണ ഘടനാ ബെഞ്ച് വിലയിരുത്തിയത്, ഭരണ ഘടനയുടെ പാർട്ട് മൂന്നിലെ മൗലിക അവകാശങ്ങൾക്ക് വിരുദ്ധമായി ഒരു ആചാരവും അനുഷ്ടാനവും നിബന്ധനകളും സാധ്യമല്ല എന്നതാണു. ഈ ഒരു വിധിയിലും സ്ത്രീയുടെ മൗലിക അവകാശം സംരക്ഷിക്കുക എന്നത് തന്നെയാണു പ്രസ്താവിക്കുന്നത്.

മുത്തലാഖ് വിഷയത്തിൽ സ്ത്രീയുടെ മൗലിക അവകാശം സംരക്ഷിക്കണം എന്ന ബിജെപിയുടെ നിലപാടും, ശബരിമല വിധിയിൽ അതെ സ്ത്രീയുടെ അതെ മൗലിക അവകാശം സംരക്ഷിക്കണം എന്ന കോടതി വിധി അംഗീകരിക്കില്ല എന്ന നിലപാടും, ഇവരുടെ ഇരട്ടത്താപ്പിന്റെയും ഇവരുടെ ലക്ഷ്യങ്ങളുടെയും യതാർത്ഥ ചിത്രം കൃത്യമായി വരച്ച് കാണിക്കുന്നു. ഈ ഒരു വൈരുദ്ധ്യാത്മക നിലപാടിന്റെ രത്‌ന ചുരുക്കം കൂടുതൽ ക്ലാരിഫൈ ചെയ്യേണ്ട ആവശ്യകതയൊന്നുമില്ല. കൂടുതൽ തലപുകയ്ക്കാതെ തന്നെ വ്യക്തമാകുന്നതെ ഉള്ളു. നേരത്തെ സൂചിപ്പിച്ച രാഷ്ട്രീയ ലാഭത്തിനും കാലു കുത്താനൊരിടം എന്നതിനും വേണ്ടിയുള്ള 'പാലു കാച്ചൽ' മാത്രമാണിത്.

ശബരിമല ഒരു പുണ്യഭൂമിയാണ്. വിശ്വാസ സമൂഹം അത്രത്തോളം പവിത്രതയും പരിപാവനയുമായി കണക്കാക്കുന്ന ഒരിടം. ആ ഒരു പുണ്യഭൂമിയിൽ 'ഭക്തരെന്ന വ്യാജേനെ, വിശ്വാസികൾ എന്ന ലേബലിൽ -നടത്തി കൊണ്ടിരിക്കുന്ന കലുഷിതമായ നീക്കങ്ങൾ ഒരു കാരണവശാലും യഥാർത്ഥ ഭക്തരൊ വിശ്വാസികളൊ ചെയ്യുന്നതല്ല. വിശ്വാസി സമൂഹം ഇതിനൊന്നും ഇറങ്ങി തിരിക്കില്ല എന്നത് പരമ സത്യമാണ്. യുവമോർച്ച യോഗത്തിലെ പ്രസംഗത്തിലൂടെ കാര്യങ്ങൾ ഒന്ന് കൂടെ വ്യക്തമായി. ശബരിമലയിൽ പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചത് വിശ്വാസി സമൂഹമല്ല മറിച്ച് തങ്ങൾ മുൻ നിശ്ചയിച്ച അജണ്ട പ്രകാരം, പമ്പയിലും നിലയ്ക്കലും സന്നിധാനത്തും കൃത്യമായി ബിജെപി നേതാക്കളും യുവമോർച്ച പ്രവർത്തകരും നടത്തിയ പ്രതിരോധങ്ങളും വിജയിച്ചെന്നും, ഇനിയും നാം ഒന്ന് കൂടെ തയ്യാറാകാനും കരുതിയിരിക്കാനും ആഹ്വാനം ചെയ്യുന്നതാണു ആ പ്രസംഗത്തിലെ പ്രധാന ഭാഗം.

എങ്ങനെയെങ്കിലും കലാപമുണ്ടാക്കുക, അതിനു മതത്തിനെയും വിശ്വാസത്തെയും കൂട്ട് പിടിക്കുക എന്ന വിപുലമായ ആസൂത്രണവും നടന്നെന്ന് നിസ്സംശയം പറയാൻ സാധിക്കും. സുപ്രീം കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത, ഇക്കൂട്ടർ പിന്നീട് നിറം മാറിയത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണണ്. ഇല്ലാത്ത കൊലപാതകം കെട്ടിചമച്ചുണ്ടാക്കി, പൊലീസിനെയും സർക്കാറിനെയും പ്രതിക്കൂട്ടിലാക്കി, വിശ്വാസി സമൂഹത്തിനെയും പൊതുജനത്തെയും തെറ്റിദ്ധരിപ്പിച്ച് ചോറുണ്ണാൻ ഇല വെക്കുകയാണിവർ.

വ്യക്തമായൊരു രാഷ്ട്രീയ ഇടം കേരളീയ സമൂഹം ബിജെപിക്ക് നൽകിയില്ല എന്നത് ഇവരെ വല്ലാതെ മാനസികമായും രാഷ്ട്രീയമായും അലട്ടുന്നുണ്ട്. ഈ സ്‌പെയിസില്ലായ്മ സംസ്ഥാന നേതൃത്വത്തിനെതിരെ ദേശീയ നേതൃത്വം പലപ്പോഴും ശകാരിച്ചതും, ചില ടാസ്‌ക്കുകൾ ടാർജ്ജറ്റുകളും നൽകിയതും ഇതൊക്കെ കൊണ്ടാണ്. മിഡിയ മെയിഡ് 'മോദി' എഫക്ട് ഒരണപോലും കേരളത്തിൽ വെന്തില്ല എന്നതും മറ്റുള്ള സംസ്ഥാനങ്ങളിൽ എല്ലാ മിഷണറികളും ഉപയോഗപ്പെടുത്തി 'ഒരിടം' കിട്ടാനുള്ള ശ്രമങ്ങൾക്ക് 'ഗ്രീൻ' ലൈറ്റ് തെളിയുമ്പോൾ കേരളം കുനിഞ്ഞ് നിക്കാൻ പോയിട്ട് തിരിഞ്ഞ് നോക്കാത്തത് അവരെ അത്രമാത്രം പ്രയാസപ്പെടുത്തുന്നുണ്ട്.

കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞൊഴിയാൻ ഒരുക്കമല്ലായിരുന്നു. പുതിയ പ്രസിഡന്റായി ചാർജ്ജ് എടുക്കുമ്പോൾ 'കേരളത്തെ' സംഘപരിവാർ ശക്തികൾക്ക് മുന്നിൽ മുട്ട് മടക്കിപ്പിക്കണമെന്ന വലിയ വെല്ലുവിളിയാണ് ശ്രീധരൻ പിള്ള ഏറ്റെടുത്തത്. അതിനു വേണ്ട 'ഗ്രൗണ്ട്' ഒരുക്കലാണു പ്രസിഡന്റിന്റെ ചുമതല. കളിക്കാരും ഗെയിം പ്ലാനുമായും ദേശീയ നേതാക്കൾ പിന്നാലെയുണ്ട്. ശബരിമല വിഷയം 'അവസരം' മുതലാക്കാനുള്ളതാണെന്നും ഇത് വഴി സംഘപരിവാറിനു രാഷ്ട്രീയ സ്വാധീനവും തിരഞ്ഞെടുപ്പ് നേട്ടവും ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണു ആദ്യം വിധിയെ സ്വാഗതം ചെയ്ത ദേശീയ നേതൃത്വം, നിലപാട് മാറ്റിയതും സമര രംഗത്ത് സജീവമായതും.

ഭരണഘടനയെയും നിയമവ്യവസ്ഥയെയും അട്ടിമറിക്കാൻ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന നേതൃത്വം മുന്നിട്ടിറങ്ങുമ്പോൾ, അതെ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ, അതിനു വേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നുണ്ടെങ്കിൽ അവരെ 'ബിജെപി' എന്നല്ലാതെ വേറെ എന്ത് വിളിക്കും. ഇതൊന്നും അറിയാതെയൊ അറിഞ്ഞിട്ടൊ ഇവരുടെ അജണ്ടയിൽ തല വെച്ചവരെ കുറിച്ചോർത്ത് സങ്കടം മാത്രം.

രാജ്യത്തെ താറുമാറാക്കിയ കേന്ദ്ര ഭരണത്തിന്റെ മേന്മ പറഞ്ഞ്, തിരഞ്ഞെടുപ്പിനെ നേരിട്ടാൽ ജനം കല്ലെറിയും എന്നറിയാവുന്നതുകൊണ്ട് തന്നെയാണു മത വിഷമെറിഞ്ഞ്, വിള കൊയ്യുന്ന ഉത്തരേന്ത്യൻ 'തിയറി ' ഇവിടെയും കൃഷി ചെയ്യാനുള്ള വെള്ളവും വളവും ഒളിഞ്ഞു തെളിഞ്ഞും പ്രയോഗിക്കുമ്പോൾ യഥാർത്ഥ വിശ്വാസികൾ, ജനാധിപത്യത്തിലും മതേതരത്തിലും വിശ്വസിക്കുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ മറ്റ് പലയിടങ്ങളിലായി നടന്ന് വന്നത് വായിച്ചറിഞ്ഞത് നാം കൺമുന്നിൽ കാണേണ്ട കാലവും കാഴചയും വിദൂരത്തല്ല.

ഡോ.മുബഷീർ.കെ.ഫേസ്‌ബുക്കിൽ എഴുതിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP