Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡിവൈഎസ്‌പി പിടിച്ചുതള്ളിയ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം; തുടരന്വേഷണം ക്രൈംബ്രാഞ്ചിന്; ഡിജിപിയുടെ ഉത്തരവ് റൂറൽ എസ്‌പിയുടെ ശുപാർശയ്ക്ക് പിന്നാലെ; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസും പാസ്‌പോർട്ട് കണ്ടുകെട്ടാനും നിർദ്ദേശം; ഹരികുമാർ മധുരയിലേക്ക് കടന്നതായി വിവരം; പണി തെറിച്ച ഡിവൈഎസ്‌പിക്കെതിരെ ചുമത്തിയിരിക്കുന്നതു കൊലക്കുറ്റം

ഡിവൈഎസ്‌പി പിടിച്ചുതള്ളിയ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം; തുടരന്വേഷണം ക്രൈംബ്രാഞ്ചിന്; ഡിജിപിയുടെ ഉത്തരവ് റൂറൽ എസ്‌പിയുടെ ശുപാർശയ്ക്ക് പിന്നാലെ; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസും പാസ്‌പോർട്ട് കണ്ടുകെട്ടാനും നിർദ്ദേശം; ഹരികുമാർ മധുരയിലേക്ക് കടന്നതായി വിവരം; പണി തെറിച്ച ഡിവൈഎസ്‌പിക്കെതിരെ ചുമത്തിയിരിക്കുന്നതു കൊലക്കുറ്റം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാക്കുതർക്കത്തിനിടെ ഡിവൈഎസ്‌പി പിടിച്ചുതള്ളിയ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതു സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. റൂറൽ എസ്‌പിയുടെ ശുപാർശ പ്രകാരമാണ് ഡിജിപിയുടെ നടപടി. പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ അന്വേഷണത്തിന് പരിമിതികൾ ഉണ്ടെന്നും പ്രതി സംസ്ഥാനം വിട്ട സാഹര്യത്തിൽ അന്വേഷണം കൈമാറുന്നതാണ് ഉചിതമെന്നുമായിരുന്നു ശുപാർശ.

കേസിലെ പ്രതി ഡിവൈഎസ്‌പി ഹരികുമാറിന്റെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ നിർദ്ദേശമുണ്ട്. ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണു പാസ്‌പോർട്ട് കണ്ടുകെട്ടുന്നത്. സംഭവശേഷം ഒളിവിൽ പോയ ഹരികുമാറിനെ ഇതുവരെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. ഹരികുമാർ തമിഴ്‌നാട്ടിലെ മധുരയിലേക്ക് കടന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം മധുരയിലേക്ക് പോയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി വാക്കുതർക്കത്തിനിടെ ഡിവൈഎസ്‌പി പിടിച്ചുതള്ളിയ മണലൂർ സ്വദേശി ഇലക്ട്രീഷ്യനും പ്ലമ്പറുമായ നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിള കാവുവിള കിടത്തലവിളാകം വീട്ടിൽ എസ്.സനല് (33) മറ്റൊരു വാഹനമിടിച്ചു മരിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഒൻപതരയ്ക്കു കൊടങ്ങാവിള ജംഗ്ഷനിൽ വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലി ഡിവൈഎസ്‌പി ഹരികുമാറും സനൽകുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ ഹരികുമാർ സനലിനെ പിടിച്ചുതള്ളി.

പിറകിലേക്ക് ആഞ്ഞ സനലിനെ അതുവഴിയെത്തിയ കാർ ഇടിച്ചുവീഴ്‌ത്തി. സനലിനെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സനലിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പരിഗണിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഹരികുമാറിനെതിരേ കൊലപാതകക്കുറ്റത്തിനു പൊലീസ് കേസെടുത്തു. ഒളിവിൽപോയ ഡിവൈഎസ്‌പി ഹരികുമാറിനെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തു. വാഹനമിടിച്ച് നിലത്തുവീണ സനലിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഡിവൈഎസ്‌പി തയാറായില്ലെന്ന് ആക്ഷേപമുണ്ട്.

കൊടങ്ങാവിളയിൽ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനുവിന്റെ വീടിനു മുന്നിൽ തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഈ വീട്ടിലെ പതിവു സന്ദർശകനായ ഹരികുമാർ രാത്രി പുറത്തിറങ്ങിയപ്പോൾ തന്റെ കാറിനു മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നതു കണ്ടു രോഷാകുലനായി. സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്ന സനലിന്റേതായിരുന്നു കാർ. ആക്രോശം കേട്ട് ഓടിവന്ന സനലിനോടും ഇദ്ദേഹം തട്ടിക്കയറി. യൂണിഫോമിൽ അല്ലാതിരുന്നതിനാൽ ഡിവൈഎസ്‌പിയെ സനൽ തിരിച്ചറിഞ്ഞില്ല.

ഇരുവരുടെയും തർക്കം മൂത്തപ്പോൾ ഹരികുമാർ സനലിനെ മർദിച്ചു കഴുത്തിനു പിടിച്ചു റോഡിലേക്കു തള്ളുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. അമിത വേഗത്തിൽ വന്ന കാറിനു മുന്നിലേക്കാണു വീണത്. അതോടെ ഹരികുമാർ അവിടെ നിന്ന് ഓടി. പിന്നാലെ പാഞ്ഞ നാട്ടുകാരിൽ ചിലർ ഇദ്ദേഹത്തെ മർദിച്ചതായും പറയുന്നു. ബിനു ഡിവൈഎസ്‌പിയുടെ കാർ അവിടെ നിന്നു മാറ്റി. ഗുരുതരാവസ്ഥയിൽ സനലിനെ നാട്ടുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിജിയാണു ഭാര്യ. മക്കൾ: ആൽബിൻ, എബിൻ.

സംഭവത്തിനു ദൃക്‌സാക്ഷിയായ സനലിന്റെ സുഹൃത്തുകൊടങ്ങാവിള ചെമ്പനാവിളയിൽ ഷൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ഹരികുമാറിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തത്. നെടുമങ്ങാട് എഎസ്‌പി: സുജിത്ദാസിനാണ് അന്വേഷണച്ചുമതല. പൊലീസ് ആസ്ഥാനത്തെ എഐജി വകുപ്പുതല അന്വേഷണം നടത്തും. ആദ്യം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സി.അശോകനെയാണ് അന്വേഷണം ഏൽപിച്ചത്. മണിക്കൂറുകൾക്കകം ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ്‌പിയുടെ അറസ്റ്റ് ആവശ്യപ്പെട്ടു സനലിന്റെ മൃതശരീരവുമായി നാട്ടുകാർ ഏറെ നേരം നെയ്യാറ്റിൻകരയിൽ ദേശീയപാത ഉപരോധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP