Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബന്ധു നിയമനത്തിൽ കൈയോടെ പിടിക്കപ്പെട്ടിട്ടും കെ ടി ജലീലിനെ കൈവിടാതെ മുഖ്യമന്ത്രി; മലപ്പുറത്തെ പാർട്ടി മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്ന് ഭയന്ന് കരുതലോടെ ഇടപെട്ട് സിപിഎം; 'ചിറ്റപ്പനില്ലാത്ത' ആനുകൂല്യം 'കൊച്ചാപ്പ'യ്ക്ക് എന്തിനെന്ന ചോദ്യം ഉയരുമ്പോഴും മൗനം പാലിച്ച് പാർട്ടി; ജനറൽ മാനേജർ തസ്തികയിലേക്ക് ബിടെക്കുകാരൻ അദീബിനെ നിയമിക്കാൻ എസ്‌ബിഐ റീജനൽ മാനേജരെപ്പോലും തഴഞ്ഞെന്ന് രേഖകൾ; രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ശക്തമാക്കും

ബന്ധു നിയമനത്തിൽ കൈയോടെ പിടിക്കപ്പെട്ടിട്ടും കെ ടി ജലീലിനെ കൈവിടാതെ മുഖ്യമന്ത്രി; മലപ്പുറത്തെ പാർട്ടി മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്ന് ഭയന്ന് കരുതലോടെ ഇടപെട്ട് സിപിഎം; 'ചിറ്റപ്പനില്ലാത്ത' ആനുകൂല്യം 'കൊച്ചാപ്പ'യ്ക്ക് എന്തിനെന്ന ചോദ്യം ഉയരുമ്പോഴും മൗനം പാലിച്ച് പാർട്ടി; ജനറൽ മാനേജർ തസ്തികയിലേക്ക് ബിടെക്കുകാരൻ അദീബിനെ നിയമിക്കാൻ എസ്‌ബിഐ റീജനൽ മാനേജരെപ്പോലും തഴഞ്ഞെന്ന് രേഖകൾ; രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ശക്തമാക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബന്ധു നിയമന വിവാദം കൈയോടെ പിടിക്കപ്പെട്ടിട്ടു മന്ത്രി കെ ടി ജലീലിനെ കൈവിടാതെ സിപിഎമ്മും മുഖ്യമന്ത്രിയും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ കർശന നിലപാടിനെ തുടർന്ന് പാർട്ടിക്കുള്ളിൽ നിന്നും പോലും എതിർശബ്ധങ്ങൾ ഉയരുന്നതിന് വിലക്കേർപ്പെടുത്തി. വിഷയത്തിൽ മൗനം പാലിച്ചു കൊണ്ട് മറികടക്കാനാണ് സർക്കാറും സിപിഎമ്മും പദ്ധതിയിടുന്നത്. മുമ്പ് ബന്ധു നിയമന വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ട അവസ്ഥയുണ്ടായത് കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനായിരുന്നു. എന്നാൽ ഇപ്പോൾ, പാർട്ടി അംഗം പോലുമല്ലാത്ത കെ ടി ജലീലിന് വേണ്ടി അണിനിരക്കുന്ന അവസ്ഥയിലാണ് സിപിഎം. 'ചിറ്റപ്പനില്ലാത്ത' ആനുകൂല്യം 'കൊച്ചാപ്പ'യ്ക്ക് എന്തിനെന്ന ചോദ്യം ഉയരുമ്പോഴും വിമർശനങ്ങൾ ഉയരുമ്പോഴും മൗനം പാലിക്കുകയാണ് പാർട്ടി.

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്ക് മന്ത്രിബന്ധു കെ.ടി. അദീബിനെ നിയമിച്ചതിൽ പ്രതിരോധിക്കാൻ പോലും ഇട നൽകാതെയാണ് ജലീൽ പിടിക്കപ്പെട്ടത്. ഇങ്ങനെ സ്വജനപക്ഷപാതം കൈയോടെ പിടിക്കപ്പെട്ടിട്ടും മലപ്പുറത്തെ മുസ്ലിം സമൂഹത്തിനിടയിൽ സ്വാധീനമുള്ള ജലീലിനെ കൈവിടാതിരിക്കുകയാണ് പിണറായി വിജയൻ. ഇത് വിവാദമാകുമ്പോഴും പാർട്ടി ഇക്കാര്യം ചർച്ച ചെയ്തു വിലയിരുത്താത്ത സാഹചര്യത്തിൽ പ്രതികരണങ്ങൾക്കും വിലക്കേർപ്പെടുത്തി. നേരത്തെ സമാന സാഹചര്യത്തിൽ രാജിവയ്‌ക്കേണ്ടിവന്ന മന്ത്രി ഇ.പി. ജയരാജൻ മാത്രമാണു ജലീലിനെ തുണച്ച് ഇതുവരെ രംഗത്തുവന്നത്.

ആരോപണം വന്നു വൈകാതെ പിന്തുണയുമായെത്തിയ ജയരാജൻ പക്ഷേ പിന്നീടു മൗനം പാലിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണു മന്ത്രിക്കെതിരെ യൂത്ത് ലീഗ് ആരോപണമുന്നയിച്ചത്. തുടർന്നു കൂടുതൽ തെളിവുകളുമായി രംഗത്തു വന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗൾഫ് പര്യടനത്തിലാണെന്നതിനാൽ പിന്നീടു സെക്രട്ടേറിയറ്റ് ചേർന്ന് ഇക്കാര്യം പരിശോധിക്കാനായിട്ടില്ല. കോടിയേരി ഇന്നു തിരിച്ചെത്തും. നാളെ സെക്രട്ടേറിയറ്റ് ഇക്കാര്യത്തിലെ നിശബ്ദത വെടിയുമോയെന്നതാണു ശ്രദ്ധേയം.

തന്റെ ഭാഗം ജലീൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നാണറിയുന്നത്. പാർട്ടി സെന്ററിലും വിവരങ്ങളെത്തിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷം മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടേറിയറ്റിൽ എടുക്കുന്ന നിലപാടായിരിക്കും നിർണായകം. അതേസമയം ജലീലിനെ വെട്ടിലാക്കുന്ന കൂടുതൽ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്ക് മന്ത്രിബന്ധു കെ.ടി. അദീബിനൊപ്പം അപേക്ഷിച്ചവരിൽ 5 പേർക്കു നിർദിഷ്ട യോഗ്യതയുണ്ടെന്നു രേഖ. പദവിയിലേക്ക് അപേക്ഷിച്ച എസ്‌ബിഐ റീജനൽ മാനേജരെപ്പോലും തഴഞ്ഞാണ് ബിടെക്കുകാരനായ അദീബിനു ഡപ്യൂട്ടേഷൻ നിയമനം നൽകിയത്.

വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകളിൽനിന്നാണ് അപേക്ഷകരുടെ വിവരങ്ങൾ വ്യക്തമായതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ അദീബിനൊഴികെ മറ്റാർക്കും യോഗ്യതയില്ലെന്ന മന്ത്രിയുടെ വാദം ഇതോടെ പൊളിഞ്ഞതായി ഫിറോസ് പറഞ്ഞു. കോർപറേഷന്റെ ഓഫിസിൽ നേരിട്ടെത്തിയാണു വിവരാവകാശ നിയമപ്രകാരം ഫിറോസ് രേഖകൾ പരിശോധിച്ചത്. 7 അപേക്ഷകരിൽ 5 പേർക്ക് എംബിഎയും പ്രവൃത്തിപരിചയവുമുണ്ടെന്നു ഫിറോസ് പറഞ്ഞു. 3 പേരാണ് അഭിമുഖത്തിൽ പങ്കെടുത്തത്. അതിരൊലാൾ എസ്‌ബിഐ റീജനൽ മാനേജരാണ്. മറ്റൊരാൾ ന്യൂനപക്ഷ കോർപറേഷനിലെ ഡപ്യൂട്ടി മാനേജരാണ്. പങ്കെടുത്തവരിൽ 2 പേരും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്.

അപേക്ഷകരിലൊരാൾ പൊതുമേഖലാ സ്ഥാപനമായ മാൽകോടെക്‌സിലെ മാനേജരാണ്. 11 വർഷത്തെ ജോലിപരിചയവുമുണ്ട്. പക്ഷേ, അദ്ദേഹം അഭിമുഖത്തിൽ പങ്കെടുത്തില്ല. മറ്റൊരപേക്ഷകൻ ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറിയാണ്. അഭിമുഖത്തിൽ പങ്കെടുത്ത 3 പേർക്കും യോഗ്യതയില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. അപേക്ഷിച്ച 7 പേരിൽ യോഗ്യത ഉണ്ടായിരുന്നത് അദീബിനു മാത്രമായിരുന്നു. അതിനാൽ കോർപറേഷന്റെ ക്ഷണവും അഭ്യർത്ഥനയും സ്വീകരിച്ച് അദീബ് വീണ്ടും അപേക്ഷ നൽകി. തുടർന്ന് അദ്ദേഹത്തെ നിയമിക്കുകയും ചെയ്തുവെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

അതേസമയം വിവരാവകാശ നിയമപ്രകാരം ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ രേഖകൾ പരിശോധിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മാനേജിങ് ഡയറക്ടർക്ക് മേൽ സമ്മർദ്ദമുണ്ടായെന്നു ഫിറോസ് ആരോപിച്ചു. അതോടെ നിയമനവുമായി ബന്ധപ്പെട്ട മറ്റു രേഖകൾ പരിശോധിക്കാൻ അനുമതി നിഷേധിച്ചു. മറ്റു രേഖകളെല്ലാം മന്ത്രിയുടെ ഓഫിസിലേക്കു കൊണ്ടുപോയെന്ന് എംഡി
അറിയിച്ചതായി ഫിറോസ് പറഞ്ഞു. രേഖകളിൽ കൃത്രിമം കാട്ടാനോ അവ നശിപ്പിക്കാനോ മന്ത്രി ശ്രമിക്കുന്നതായി ഫിറോസ് ആരോപിച്ചു.

രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭത്തിന്

ഇ പി ജയരാജൻ രാജിവെച്ചെങ്കിൽ എന്തുകൊണ്ട് കെ ടി ജലീൽ രാജിവെക്കുന്നില്ലെന്ന വാദം ഉന്നയിച്ച് യുഡിഎഫ് ഈ വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങുകയാണ്. മന്ത്രിസഭാ തീരുമാനമടക്കം ലംഘിച്ചു ബന്ധുനിയമനത്തിലൂടെ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന ആക്ഷേപം നേരിടുന്ന മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകിയിട്ടുണ്ട്. ഇ.പി. ജയരാജൻ ബന്ധുനിയമനം നടത്തി പുറത്തായ പശ്ചാത്തലത്തിൽ പൊതുമേഖലാസ്ഥാപനങ്ങളിലെ ഉന്നത നിയമനങ്ങളെക്കുറിച്ചു മന്ത്രിസഭ ചർച്ച ചെയ്തു മാർഗരേഖ തയാറാക്കിയിരുന്നുവെന്നു ചെന്നിത്തല പറഞ്ഞു.

ഇത്തരം നിയമനങ്ങളുടെ കാര്യത്തിൽ വിജിലൻസ് അനുമതി നിർബന്ധമാക്കിയും വിദഗ്ധ സമിതിയുടെ പരിശോധന ഉറപ്പാക്കിയുമാണ് ഉത്തരവിറക്കിയത്. എന്നാൽ ന്യൂനപക്ഷധനകാര്യകോർപറേഷൻ ജനറൽമാനേജർ സ്ഥാനത്തേക്കു ബന്ധുവിനെ ജലീൽ നിയമിച്ചത് ഈ ഉത്തരവ് കാറ്റിൽ പറത്തിയാണ്. ആറുമാസം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണു ചെയ്തിരിക്കുന്നത്. ജയരാജനെ പുറത്താക്കിയ മുഖ്യമന്ത്രിക്കു ജലീലിനെ നിലനിർത്താൻ ഒരു അർഹതയുമില്ല.താരതമ്യപ്പെടുത്തിയാൽ ചെറിയ കുറ്റമാണു ജയരാജൻ ചെയ്തത്. ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുമെന്നും ചെന്നിത്തല അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP