Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സനൽകുമാർ കൊലപാതകത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഡിവൈഎസ്‌പി; കേസിലെ സർക്കാർ നിലപാടെന്തെന്ന് കോടതി; നവംബർ 14ന് വ്യക്തമായ മറുപടി നൽകണമെന്നും നിർദ്ദേശം; താൻ നിരപരാധിയെന്നും കേസ് രാഷ്ട്രീയ പ്രേരിതമെന്നും ഹരികുമാർ; കേസുമായി സഹകരിക്കാൻ തയ്യാറെന്നും ഒളിവിലുള്ള ഡിവൈഎസ്‌പി

സനൽകുമാർ കൊലപാതകത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഡിവൈഎസ്‌പി; കേസിലെ സർക്കാർ നിലപാടെന്തെന്ന് കോടതി; നവംബർ 14ന് വ്യക്തമായ മറുപടി നൽകണമെന്നും നിർദ്ദേശം; താൻ നിരപരാധിയെന്നും കേസ് രാഷ്ട്രീയ പ്രേരിതമെന്നും ഹരികുമാർ; കേസുമായി സഹകരിക്കാൻ തയ്യാറെന്നും ഒളിവിലുള്ള ഡിവൈഎസ്‌പി

പി നാഗരാജ്

തിരുവനന്തപുരം: കാറിന് മുന്നിലേക്ക് യുവാവിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഡിവൈഎസ്‌പി ബി ഹരികുമാർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാർ നിലപാട് 14 ന് അറിയിക്കാൻ ജില്ലാ കോടതി ഉത്തരവിട്ടു.തിരുവനന്തപുരംപ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി സി. ജയച്ചന്ദ്രനാണ് സർക്കാർ നിലപാട് അറിയിക്കാൻ പബ്ലിക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടത്. കാവുവിള സനൽകുമാർ കൊലക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയായ നെയ്യാറ്റിൻകര ഡിവൈഎസ്‌പി ബി. ഹരികുമാർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കവേയാണ് കോടതി നിർദ്ദേശം ഉണ്ടായത്.

താൻ നിരപരാധിയാണ്. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ചില രാഷ്ട്രീയക്കാർക്ക് തന്നോടുള്ള വ്യക്തിവിരോധം വച്ച് തന്നെ കളവായി പ്രതിചേർത്തുകൊലക്കേസ് രജിസ്റ്റർ ചെയ്തതാണ്. താൻ ഒളിവിൽ പോയതുകൊണ്ട് മാത്രം അപരാധിയാണെന്ന നിഗമനത്തിലെത്താനാവില്ല. മെഡിക്കൽ തെളിവുകൾ റോഡപകട മരണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. തന്നെ ക്രൈംബ്രാഞ്ച് ഏതുനിമിഷവും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. തന്റെ നിരപരാധിത്വം വിസ്താര മധ്യേ കോടതിക്ക് ബോധ്യപ്പെടുന്നതാണ്. അന്വേഷണവുമായി സഹകരിക്കാൻ താൻ തയ്യാറാണ്. തന്നെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് യാതൊന്നും കണ്ടെടുക്കേണ്ടതില്ല. അതിനാൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുന്ന പക്ഷം തന്നെ ഉൻെ തന്നെ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം കൊടുക്കണമെന്നാണ് ഡിവൈഎസ്‌പിയുടെ മുൻകൂർ ജാമ്യഹർജിയിലെ ആവശ്യം.

നവംബർ 5ന് രാത്രി 11 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതേസമയം കേസിന്റെ അന്വേഷണം നടക്കുന്നതിനാൽ തന്നെ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും റൂറൽ എസ്‌പി മാധ്യമങ്ങളോട് പറഞ്ഞുയ അതുകൊണ്ടാണ് ഹരികുമാർ എവിടെയാണ് ഉള്ളതെന്ന് പുറത്ത് പറയാൻ കഴിയാത്തത്. അത് മാധ്യമങ്ങളിൽ വന്നാൽ ഹരികുമാറിന് അതേക്കുറിച്ച് അറിവ് ലഭിക്കുമെന്നും എസ്‌പി പറയുന്നു.

സനലിന്റെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വാഹനം പാർക്ക് ചെയ്തതിനെ തുടർന്നുള്ള തർക്കത്തില് ഡിവൈഎസ്‌പി പിടിച്ചു തള്ളിയപ്പോൾ വാഹനമിടിച്ച് സനലിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. സനലിനെ ഡിവൈഎസ്‌പി പിടിച്ച് തള്ളുന്ന ദൃശ്യങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. പ്രതിയായ ഡിവൈഎസ്‌പി കേരളം വിട്ട് പുറത്തേക്ക് പോയി എന്നാണ് റിപ്പോർട്ടുകൾ.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സനലിന്റെ തല വീണ്ടും റോഡിലിടിക്കുകയും ഇതേ തുടർന്ന് രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. സനലിന്റെ വലതുകയ്യുടെ എല്ലിനും വാരിയെല്ലിനും ഒടിവുണ്ട്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് ഫോറൻസിക് വിഭാഗം നാളെ നൽകും.അതേസമയം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ഡിവൈഎസ്‌പി ബി.ഹരികുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസ് വഴിതിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നെന്ന ഗുരുതര ആരോപണം സനലിന്റെ സഹോദരി ഉന്നയിച്ചിരിക്കുകയാണ്. പരിക്കേറ്റ സനലിന്റെ വായിലേക്ക് പൊലീസുകാർ മദ്യമൊഴിച്ചുകൊടുത്തെന്നും സഹോദരി ആരോപിച്ചിരുന്നു.

അതേസമസം, ഡിവൈ.എസ്‌പി ഹരികുമാർ രക്ഷപ്പെട്ടത് തന്റെ സർവീസ് റിവോൾവറുമായിട്ടാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. അപകടത്തിന് ശേഷം തന്റെ വാടകവീട്ടിലെത്തിയ ഹരികുമാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ എല്ലാവരും കൈയൊഴിഞ്ഞതോടെ തന്റെ സർവീസ് റിവോൾവറും എടുത്ത് ഹരികുമാർ മധുരയിലേക്ക് കടന്നതായാണ് വിവരം. സർവീസ് റിവോൾവറുമായി കൊലക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് വൻ സുരക്ഷാ വീഴ്ചയാണെന്നും ഇത് അപകടം വരുത്തിവയ്ക്കുമെന്നും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അപകടത്തിന് ശേഷം തന്റെ വാടകവീട്ടിലെത്തിയ ഹരികുമാർ റൂറൽ എസ്‌പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. സനലിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ ശേഷം അവിടത്തെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് ഇക്കാര്യം മാധ്യമങ്ങൾ അറിയരുതെന്ന് ഹരികുമാർ നിർദ്ദേശം നൽകി. ഇക്കാര്യത്തെക്കുറിച്ച് അറിയാൻ സംഭവദിവസം മെഡിക്കൽ കോളേജ് എസ്‌ഐയെ വിളിച്ചപ്പോഴും കൃത്യമായ മറുപടി നൽകാതെ ഒളിച്ച് കളി നടത്തിയെന്നും ആരോപണമുണ്ട്. അതേസമയം, കേസിൽ യാതൊരു രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും വഴങ്ങേണ്ടെന്നും ഹരികുമാറിനെതിരെ ശക്തമായ നടപടിയെടുക്കാനുമാണ് സർക്കാർ തലത്തിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP