Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിരപരാധിയായ ആദിവാസി യുവാവിനെ ആളു മാറി റിമാൻഡ് ചെയ്തു ! രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ തീവ്ര പരിശീലനത്തിൽ ഒതുക്കി നടപടി; ജയിലിൽ കഴിയേണ്ടി വന്നതിൽ പരാതിയില്ലെന്നു വരുത്തിത്തീർക്കാൻ കടുത്ത സമ്മർദ്ദം; ആളുമാറിയതാണെന്ന് കരഞ്ഞു പറഞ്ഞിട്ടും തന്നെ വിട്ടയച്ചില്ലെന്നു അറസ്റ്റിലായ ചന്ദ്രൻ

നിരപരാധിയായ ആദിവാസി യുവാവിനെ ആളു മാറി റിമാൻഡ് ചെയ്തു ! രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ തീവ്ര പരിശീലനത്തിൽ ഒതുക്കി നടപടി; ജയിലിൽ കഴിയേണ്ടി വന്നതിൽ പരാതിയില്ലെന്നു വരുത്തിത്തീർക്കാൻ കടുത്ത സമ്മർദ്ദം; ആളുമാറിയതാണെന്ന് കരഞ്ഞു പറഞ്ഞിട്ടും തന്നെ വിട്ടയച്ചില്ലെന്നു അറസ്റ്റിലായ ചന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: പത്തു വർഷം മുൻപത്തെ മോഷണക്കേസിൽ ആദിവാസി യുവാവിനെ ആളു മാറി റിമാൻഡ് ചെയ്ത സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ തീവ്ര പരിശീലനത്തിൽ ഒതുക്കി നടപടി. മണ്ണാർക്കാട് സ്റ്റേഷനിലെ എഎസ്‌ഐ പി.സെൽവരാജ്, സിവിൽ പൊലീസ് ഒാഫിസർ കെ.സലാം എന്നിവരെയാണു മുട്ടിക്കുളങ്ങര സായുധസേനാ ക്യാംപിൽ പരിശീലനത്തിന് അയച്ചത്. പത്തു വർഷം മുമ്പ് ഭണ്ഡാരം കുത്തി തുറന്ന കേസിൽ കാഞ്ഞിരപ്പുഴ പൂഞ്ചോല പാമ്പൻതോട് ആദിവാസി കോളനിയിലെ ചന്ദ്രനെയാണു കഴിഞ്ഞ 24നു പൊലീസ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ചന്ദ്രനെ റിമാൻഡ് ചെയ്യുകയും ചെയ്തു.

കളവുകേസ് പ്രതിയായ രാധാകൃഷ്ണനു പകരമാണ് നിരപരാധിയായ കാഞ്ഞിരത്തിൽ ചന്ദ്രനെ 10 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കേസിലെ യഥാർഥ പ്രതി മറ്റൊരു ആദിവാസി കോളനിയിലെ രാധാകൃഷ്ണനാണെന്ന് വിവരം ലഭിച്ചതിനെ തുടർന്നു പൊലീസ് ഇടപ്പെട്ട് ഇയാളെ മോചിപ്പിക്കുകയായിരുന്നു. നാട്ടുകാർ പറഞ്ഞതനുസരിച്ചാണു കസ്റ്റഡിയിലെടുത്തതെന്നാണു പൊലീസ് വിശദീകരണം. എന്നാൽ, താൻ രാധാകൃഷ്ണനല്ലെന്നു കരഞ്ഞു പറഞ്ഞിട്ടും വിട്ടയച്ചില്ലെന്നാണു ചന്ദ്രൻ പറയുന്നത്. സംഭവത്തെ കുറിച്ച് ചന്ദ്രൻ പറയുന്നത് ഇങ്ങനെയാണ് 'കാഞ്ഞിരത്തെ കടയിൽ ചായ കുടിച്ചിരിക്കുമ്പോഴാണു ബൈക്കിലെത്തിയ പൊലീസ് പിടിച്ചുകൊണ്ടുപോയത്.

രാധാകൃഷ്ണനല്ലേ എന്നു ചോദിച്ചപ്പോൾ അല്ല ചന്ദ്രനാണെന്നു പറഞ്ഞു. റേഷൻ കാർഡിലും ആധാർ കാർഡിലും ചന്ദ്രൻ എന്നാണെന്നു പറഞ്ഞിട്ടും പൊലീസുകാർ കേട്ടില്ല. പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടും കാര്യമായി ഒന്നും ചോദിച്ചില്ല. പിന്നെ കോടതിയിൽ കൊണ്ടുപോയി. അവിടെനിന്നു ജയിലിലേക്കും. എന്താണു കേസെന്ന് ഇപ്പോഴും അറിയില്ല'. നിരപരാധിയായ ചന്ദ്രനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നു ചന്ദ്രന്റെ സഹോദരൻ സുന്ദരൻ, അമ്മാവൻ രാജൻ എന്നിവർ പറഞ്ഞു.

സംഗതി വിവാദമായതോടെ ജയിലിൽ നിന്ന് ഇറക്കിയ ചന്ദ്രനെ പൊലീസ് പാലക്കാട് റോഡിൽ കല്ലടിക്കോട്ട് ഇറക്കിവിട്ടതായും പരാതിയുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയതായി നേരത്തെ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ അറിയിച്ചിരുന്നു. അറസ്റ്റിലും അനുബന്ധ നടപടികളിലും ഉദ്യോഗസ്ഥർക്കു ഗുരുതരവീഴ്ച സംഭവിച്ചതായി ജില്ലാ പൊലീസ് മേധാവി നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെ, ചന്ദ്രനെ കാണിച്ചു രാധാകൃഷ്ണനാണെന്നു പറഞ്ഞ രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്തു. അവർ ഇപ്പോഴും ചന്ദ്രൻ രാധാകൃഷ്ണനാണെന്ന സംശയമാണു പ്രകടിപ്പിക്കുന്നത്. ഇവർ പൊലീസ് സ്റ്റേഷനിലുണ്ടെന്ന വിവരം അറിഞ്ഞ് ആദിവാസി പ്രമോട്ടർമാരും കോളനിയിലുള്ളവരും പൊലീസ് സ്റ്റേഷനിലെത്തി.

ആദിവാസി കോളനികളിൽ നിന്നുള്ളവരെ പിടികൂടിയാൽ ആ വിവരം എസ്സി-എസ്ടി മോണിറ്ററിങ് കമ്മിറ്റിയെ അറിയിക്കുന്ന പതിവുണ്ട്. എന്നാൽ ചന്ദ്രന്റെ കാര്യത്തിൽ അതുണ്ടായില്ലെന്ന് ആദിവാസി കോളനിയിൽ നിന്നെത്തിയവർ പറഞ്ഞു. 10 ദിവസം ഒരു കാരണവുമില്ലാതെ ജയിൽവാസം അനുഭവിച്ച ചന്ദ്രനു തക്കതായ നഷ്ടപരിഹാരം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.ആളുമാറി അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപെട്ടു ജയിൽ മോചിതനായ ചന്ദ്രനിൽ നിന്നു നേരത്തെ ജില്ലാ പട്ടികവർഗ വികസന ഓഫിസർ മൊഴിയെടുത്തിരുന്നു. ജില്ലാ പട്ടിക വർഗ വികസന ഓഫിസർ എം.മല്ലികയാണു മൊഴിയെടുത്തത്.

ജയിൽ മോചിതനായതിന്റെ പിറ്റേന്നു മാധ്യമങ്ങളോടു പറഞ്ഞ കാര്യങ്ങൾ ചന്ദ്രൻ ആവർത്തിച്ചു. 'പൊലീസ് വന്നു രാധാകൃഷ്ണനാണോ എന്നു ചോദിച്ചു, അല്ല ചന്ദ്രനാണെന്നു പറഞ്ഞു. ആധാർ കാർഡിലും റേഷൻ കാർഡിലും അതേ പേരാണെന്നും പറഞ്ഞു. എന്നിട്ടും അവർ കൊണ്ടു പോയി' എന്നാണ് ചന്ദ്രൻ മൊഴി നൽകിയത്. ചന്ദ്രന്റെ മൊഴിയും ബന്ധുക്കളിൽ നിന്നും ട്രൈബൽ പ്രമോട്ടർമാരിൽ നിന്നും ശേഖരിച്ച വിവരങ്ങളും കലക്ടർ, വകുപ്പു ഡയറക്ടർ എന്നിവർക്കു നൽകുമെന്ന് ജില്ലാ ഓഫിസർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP