Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എല്ലാം കുഴപ്പമായി പെട്ടന്ന് മാറണം', ചാക്കോ വീട്ടുകാരോട് പറഞ്ഞ വാക്കുകൾ ബിജു ഫോണിലൂടെ കേട്ടു; കെവിനെ തട്ടിക്കൊണ്ട് പോയത് മുതൽ ആദ്യാവസാനം വരെയുള്ള കാര്യങ്ങൾ ബിജുവിനറിയാമായിരുന്നെന്ന് സൂചന; തട്ടിക്കൊണ്ട് പോകുന്നതായി അറിവില്ലായിരുന്നുവെന്ന് ബിജുവിന്റെ വാദം പൊളിയുന്നു; ദുരഭിമാനകൊലയ്ക്കു പിന്നിലെ ദുരൂഹത മറ നീങ്ങി പുറത്ത് വരുമ്പോൾ

'എല്ലാം കുഴപ്പമായി പെട്ടന്ന് മാറണം', ചാക്കോ വീട്ടുകാരോട് പറഞ്ഞ വാക്കുകൾ ബിജു ഫോണിലൂടെ കേട്ടു; കെവിനെ തട്ടിക്കൊണ്ട് പോയത് മുതൽ ആദ്യാവസാനം വരെയുള്ള കാര്യങ്ങൾ ബിജുവിനറിയാമായിരുന്നെന്ന് സൂചന; തട്ടിക്കൊണ്ട് പോകുന്നതായി അറിവില്ലായിരുന്നുവെന്ന് ബിജുവിന്റെ വാദം പൊളിയുന്നു; ദുരഭിമാനകൊലയ്ക്കു പിന്നിലെ ദുരൂഹത മറ നീങ്ങി പുറത്ത് വരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കെവിൻ വധക്കേസിൽ പുതിയ വഴിത്തിരിവായാണ് എഎസ്‌ഐ ബിജുവിനെ പിരിച്ചു വിട്ട നടപടിയുണ്ടായത്. കെവിനെ തട്ടിക്കൊണ്ട് പോയപ്പോൾ മുതൽ നടന്നതെല്ലാം ഒന്നുവിടാതെ എഎസ്‌ഐ ബിജുവിന് അറിയാമായിരുന്നു എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കെവിൻ വധക്കേസുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ സ്റ്റേഷനിലുള്ള എഎസ്‌ഐ ടി.എം ബിജു, സിവിൽ പൊലീസ് ഓഫീസറായ അജയ കുമാർ എന്നിവർക്കെതിരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നടപടിയെടുത്തത്. വധക്കേസിലെ മുഖ്യപ്രതിയായ സാനുവിൽ നിന്നും ഇവർ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

കുറച്ചാളുകൾ ചേർന്ന് കെവിനെ തട്ടിക്കൊണ്ട് പോയി എന്ന് പരാതി ലഭിച്ചയുടൻ ബിജു നീനുവിന്റെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഞായറാഴ്‌ച്ച രാവിലെ പരാതി തന്നതിനൊപ്പം ലഭിച്ച ഫോൺ നമ്പറിൽ ബിജു വിളിച്ചിരുന്നു. നീനുവിന്റെ വീട്ടിലേക്കാണ് ഒരു കോൾ പോയത്. ഫോൺ എടുത്തത് നീനുവിന്റെ പിതാവ് ചാക്കോ ആയിരുന്നു. എല്ലാം കുഴപ്പമായി പെട്ടെന്ന് മാറണം.. എന്ന് ചാക്കോ വീട്ടിലുള്ളവരോട് പറയുന്നത് എഎസ്ഐ ബിജു ഫോണിലൂടെ കേട്ടിരുന്നു.

അന്ന് രാത്രി തന്നെ സാനുവും സംഘവും കെവിനെ തട്ടിക്കൊണ്ട് പോകാൻ വന്ന വാഹനം ബിജു പട്രോളിങ് സമയത്ത് പരിശോധിച്ചിരുന്നു. മാത്രമല്ല സാനുവിന്റെ പാസ്പോർട്ടും പരിശോധിച്ചിരുന്നു. ഇതിലെ വിലാസവും രാവിലെ ഫോൺ വിളിച്ച വിലാസവും ഒന്നാണെന്ന് തിരിച്ചറിഞ്ഞുവെങ്കിലും ബിജു നടപടികളൊന്നും എടുത്തിരുന്നില്ലെന്നാണ് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചത്. എന്നാൽ തട്ടിക്കൊണ്ടുപോകുന്ന വിവരം അറിയില്ലായിരുന്നുവെന്നും മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുക്കാതിരിക്കാനാണ് കൈക്കൂലി വാങ്ങിയതെന്നുമായിരുന്നു ബിജു കോടതിയിൽ മൊഴി നൽകിയത്.

പൊലീസുകാർക്കെതിരെയുള്ള ശിക്ഷാ നടപടി വേഗത്തിലാക്കണമെന്ന് നീനു

കെവിൻ വധക്കേസിൽ കൃത്യവിലോപം നടത്തിയ പൊലീസുകാർക്കെതിരെയും ശിക്ഷ നടപടി വേഗത്തിലാക്കണമെന്ന് കെവിന്റെ കുടുംബം. കെവിന്റെ മരണത്തിനുൾപ്പെടെ ഇടയാക്കിയത് ഗാന്ധിനഗർ എസ്‌ഐ എം.എസ്. ഷിബുവിന്റെ അനാസ്ഥയാണെന്ന് കെവിന്റെ ഭാര്യ നീനു പറഞ്ഞു. ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തിലാക്കാനുള്ള കോടതിയുടെ തീരുമാനം ധൈര്യം നൽകുന്നതെന്നും കുടുംബം പ്രതികരിച്ചു.

കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന കോടതി വിധിയോടെ നീതി വൈകില്ലെന്ന് ഉറച്ചു വിശ്വസിക്കുകയാണ് കെവിന്റെ കുടുംബം. ഇതോടൊപ്പമാണ് ഗാന്ധിനഗർ എസ്‌ഐ എം.എസ്. ഷിബു ഉൾപ്പെടെയുള്ള പൊലീസുകാർക്കെതിരെയും നടപടി വേഗത്തിലാക്കണമെന്ന ആവശ്യം. മെയ് 27നാണ് കെവിനെ കോട്ടയം മാന്നാനത്തെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. രാവിലെ പരാതിയുമായെത്തിയ കെവിന്റെ ഭാര്യ നീനുവിനോടുൾപ്പെടെ എസ്‌ഐ എം.എസ്. ഷിബു മോശമായി പെരുമാറി.

കേസ് എടുക്കാൻ പോലും വിസമ്മതിച്ചു. അന്വേഷണത്തിൽ എസ്‌ഐക്ക് വീഴ്ച പറ്റിയതായി ബോധ്യപ്പെട്ടു. സസ്‌പെൻഷനിലായ എസ്‌ഐക്കെതിരെ ആറ് മാസം മുൻപ് വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. അന്വേഷണത്തിലും കോടതി നടപടികളിലും കുടുംബം തൃപ്തി പ്രകടിപ്പിച്ചു. നീനുവിന്റെ പിതാവ് ചാക്കോ സഹോദരൻ സാനു ചാക്കോ ഉൾപ്പെടെ 14 പ്രതികളാണ് കേസിലുള്ളത്. ആറ് പ്രതികൾ ജാമ്യത്തിലിറങ്ങിയപ്പോൾ സാനു ചാക്കോ, ചാക്കോ ഉൾപ്പെടെ എട്ട് പ്രതികൾ ജയിലിൽ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP