Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ പോകുന്നവർ പുറപ്പെടും മുമ്പ് പൊലീസ് സ്‌റ്റേഷനിൽ ചെന്ന് കാർ പാസ് വാങ്ങണം; ഡിജിറ്റൽ ക്യൂ എൻട്രി രജിസ്റ്റർ ചെയ്തു വാങ്ങിയില്ലെങ്കിൽ കാർ പാസുണ്ടെങ്കിലും പമ്പ കടക്കില്ല; കൊച്ചി നേവൽ ബേസുമായി ചേർന്ന് വ്യോമനിരീക്ഷണവും ഉറപ്പിക്കും; അഞ്ച് കോടി ഭക്തർ എത്തുന്ന ശബരിമലയിൽ നിയന്ത്രണങ്ങളുടെ പെരുമഴ പ്രഖ്യാപിച്ച് സർക്കാർ; ഒരു വശത്ത് അറസ്റ്റും മറുവശത്ത് നിയന്ത്രണങ്ങളുമായി പിടിമുറുക്കി സർക്കാർ

ശബരിമലയിൽ പോകുന്നവർ പുറപ്പെടും മുമ്പ് പൊലീസ് സ്‌റ്റേഷനിൽ ചെന്ന് കാർ പാസ് വാങ്ങണം; ഡിജിറ്റൽ ക്യൂ എൻട്രി രജിസ്റ്റർ ചെയ്തു വാങ്ങിയില്ലെങ്കിൽ കാർ പാസുണ്ടെങ്കിലും പമ്പ കടക്കില്ല; കൊച്ചി നേവൽ ബേസുമായി ചേർന്ന് വ്യോമനിരീക്ഷണവും ഉറപ്പിക്കും; അഞ്ച് കോടി ഭക്തർ എത്തുന്ന ശബരിമലയിൽ നിയന്ത്രണങ്ങളുടെ പെരുമഴ പ്രഖ്യാപിച്ച് സർക്കാർ; ഒരു വശത്ത് അറസ്റ്റും മറുവശത്ത് നിയന്ത്രണങ്ങളുമായി പിടിമുറുക്കി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല തീർത്ഥാടനം വിവാദമാകുമ്പോൾ കർശന നടപടികളുമായി സർക്കാർ മുന്നോട്ടു തന്നെ. സുപ്രീംകോടതിയിൽ കേസ് വീണ്ടും വരുമ്പോൾ കോടതിവിധി നടപ്പിലാക്കാൻ തയ്യാറാണെന്ന് ദേവസ്വം ബോർഡ് അറിയിക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ഇത് കൂടാതെ ആട്ടച്ചിത്തിരയ്ക്കും തുലാമാസ പൂജക്കുമായി നട തുറന്നപ്പോൾ നടന്ന ആക്രമ സംഭവങ്ങളുടെ പേരിൽ കേസിൽ പെട്ടവരെ ഓരോരുത്തരെയായി പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്യുന്നു. മണ്ഡലകാല പൂജയ്ക്കായി നട തുറക്കുമ്പോൾ കാര്യങ്ങൾ സുഗമമായിരിക്കാൻ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് പൊലീസ് ഒരുങ്ങുന്നു. ഇത് കൂടാതെ സുരക്ഷക്കായി വ്യോമ നിരീക്ഷണവും ഒരുക്കുന്നുണ്ട്.

പ്രത്യേക സുരക്ഷയുടെ ഭാഗമായി സന്നിധാനത്തേക്ക് പുറപ്പെടുന്നവർക്ക് പൊലീസ് സ്‌റ്റേഷനിൽ ചെന്ന് കാർപാസ് വരെ എടുക്കേണ്ട അവസ്ഥയാണ് വരുന്നത്. ചുരുക്കത്തിൽ ഇത്തവണ പൊലീസ് നിയന്ത്രിക്കുന്ന വിധത്തിലാകും ശബരിമല തീർത്ഥാടനം പുരോഗമിക്കുക. മണ്ഡല മകരവിളക്ക് ഉൽസവത്തിനായി ശബരിമലയിലെത്തുന്ന എല്ലാ വാഹനങ്ങൾക്കും പൊലീസ് പാസ് നിർബന്ധമാക്കിയതോടെ വാഹനം പുറപ്പെടുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽനിന്നും തീർത്ഥാടകർ പാസു വാങ്ങണം. പാസുള്ള വാഹനങ്ങളെ മാത്രമേ നിലയ്ക്കലും മറ്റും പാർക്ക് ചെയ്യാൻ അനുവദിക്കുകയുള്ളൂ. വണ്ടിയുടെ മുൻ ഗ്ലാസിൽ പാസ് പ്രദർശിപ്പിച്ചിരിക്കണം.

മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾക്കും ബാധകമാണ്. ഇതര സംസ്ഥാനക്കാർ കേരളത്തിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽനിന്നു പാസ് വാങ്ങണം. അങ്ങനെ പാസ് കിട്ടാതെ വരുന്ന ഇതരസംസ്ഥാന വാഹനങ്ങൾക്കു മാത്രം നിലയ്ക്കലിലെ പൊലീസ് സ്റ്റേഷനിൽനിന്നു പാസ് അനുവദിക്കും. തീർത്ഥാടനവുമായി ബന്ധപ്പെട്ട് കടകളിലും മറ്റും ജോലിക്കായി എത്തുന്നവരും കരാർ ജോലിക്കാരും പേര്, വിലാസം എന്നിവ തെളിയിക്കുന്ന രേഖ, സ്ഥിരതാമസമാക്കിയ സ്ഥലത്തെ സ്റ്റേഷനിൽനിന്നുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഹെൽത്ത് കാർഡ് എന്നിവ സഹിതം ജോലി ചെയ്യുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് നൽകണം. അവിടെനിന്നു നിശ്ചിത മാതൃകയിലുള്ള തിരിച്ചറിയൽ കാർഡ് 13ന് മുൻപു കൈപ്പറ്റണം. തിരിച്ചറിയൽ കാർഡുകൾ കൈവശമില്ലാത്തവരെ ജോലിയിൽ തുടരുവാൻ അനുവദിക്കില്ലെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

വ്യോമ നിരീക്ഷണവും ശക്തമാക്കും

മണ്ഡല മകരവിളക്ക് ഉൽസവത്തിനും അതിനുശേഷം നട തുറക്കുന്ന ദിവസങ്ങളിലും വ്യോമസേനയുടേയും നാവികസേനയുടേയും പങ്കാളിത്തത്തോടെ വ്യോമ നിരീക്ഷണം ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വ്യോമ നിരീക്ഷണത്തിന്റെ നോഡൽ ഓഫിസർ പത്തനംതിട്ട ഡിസിപി ആയിരിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് നിലയ്ക്കലിലെ ഹെലിപാഡ് സജ്ജമാക്കി നിർത്തും.

കൊച്ചി നേവൽ ബേസിൽ നിന്നായിരിക്കും സർവീസ്. നേവൽ ടീമിനെ ഒരു ഐപിഎസ് ഓഫിസർ അനുഗമിക്കും. എറണാകുളം േറഞ്ച് ഐജിക്കായിരിക്കും മേൽനോട്ടം. നവംബർ 16, ഡിസംബർ അഞ്ച്, ആറ്, 27, ജനുവരി 13,14 എന്നീ ദിവസങ്ങളിലാണു വ്യോമ നിരീക്ഷണം നടത്തുന്നത്. ഡിജിറ്റൽ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റത്തെ കെഎസ്ആർടിസിയുടെ ടിക്കറ്റ് വിതരണ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. www.sabarimalaq.com എന്ന സൈറ്റിൽ ബുക്ക് ചെയ്യുമ്പോൾ ഡിജിറ്റൽ ക്യൂ കൂപ്പൺ ലഭിക്കും. കൂപ്പണുള്ളവർക്ക് ഡിജിറ്റൽ ക്യൂ എൻട്രി കാർഡ് നൽകും. ഡേറ്റ് പതിപ്പിച്ച പ്രത്യേക ഡിജിറ്റൽ ക്യൂ എൻട്രി കാർഡുള്ളവരെ മാത്രമേ പമ്പയിൽനിന്ന് കടത്തിവിടൂ.

പ്രത്യേക നിറത്തിലുള്ള കൈമാറ്റം ചെയ്യാൻ കഴിയാത്ത ഈ കാർഡുള്ളവർക്കു മാത്രമേ തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ നൽകൂ. മരക്കൂട്ടത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഡിജിറ്റൽ ക്യൂ എൻട്രി കാർഡുള്ളവർ മാത്രമേ ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തിലേക്കു പോകുന്നുള്ളൂവെന്ന് ഉറപ്പാക്കണം. ദുരുപയോഗം ഒഴിവാക്കാൻ എൻട്രി കാർഡിന്റെ കൗണ്ടർ ഫോയിൽ സന്നിധാനത്തു ശേഖരിക്കും. കാർഡ് പരിശോധിക്കാൻ പത്തു കേന്ദ്രങ്ങൾ ഗണപതി കോവിലിന്റെ ഭാഗത്തുണ്ടാകും. സന്നിധാനത്തും മരക്കൂട്ടത്തും പമ്പയിലും പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഒൻപത് എസ്‌ഐമാരും 82 പൊലീസ് ഉദ്യോഗസ്ഥരും ഡിജിറ്റൽ ക്യൂ ഡ്യൂട്ടിയിൽ ഉണ്ടായിരിക്കും. എസ്സിആർബി എഡിജിപിക്കാണ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിന്റെ ചുമതല.

അക്രമങ്ങളുമായി ബന്ധപ്പെട്ട് 5 പേർ അറസ്റ്റിൽ

അതേസമയം അക്രമങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടെടുത്താണ് പൊലീസ് മുന്നോട്ടു പോകുന്നത്. ചിത്തിര ആട്ടത്തിരുനാളിനു നട തുറന്നപ്പോൾ ദർശനത്തിനെത്തിയ അൻപത്തിരണ്ടുകാരിയെ ആക്രമിച്ച കേസിൽ കോട്ടയം മണർകാട് വേലൻപറമ്പിൽ ഹരികൃഷ്ണൻ (19), തുലാമാസ പൂജയ്ക്കു നട തുറന്ന ദിവസങ്ങളിൽ നിലയ്ക്കലിൽ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പാലോട് സന്തോഷ് നിവാസിൽ സജീവ് കുമാർ (37), കൊട്ടാരക്കര കോട്ടാത്തല കുരീക്കാട്ടിൽ വിഷ്ണു (20), കോട്ടാത്തല അജയനിവാസിൽ അഖിൽ കൃഷ്ണൻ (34), അഞ്ചിലിപ്പ സ്വദേശി കണ്ണൻ (29) എന്നിവരാണ് അറസ്റ്റിലായത്.

അവസാനം ലഭിച്ച കണക്കനുസരിച്ച്, യുവതി പ്രവേശനത്തിനെതിരെ ശബരിമലയിൽ നടന്ന സംഘർഷത്തിൽ 3719 പേരാണ് അറസ്റ്റിലായത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 546 കേസുകളിലാണ് അറസ്റ്റ്. കലാപശ്രമം, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ, ഉദ്യോഗസ്ഥരെ കൃത്യനിർവ്വഹണത്തിൽ നിന്നും തടയൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, ചിത്തിര ആട്ടത്തിരുനാളിനു ശബരിമലയിൽ പ്രതിഷേധക്കാരായി എത്തിയവരിൽ 200 ലേറെ പേർ തുലാമാസ പൂജാവേളയിൽ അവിടെ അക്രമത്തിൽ പങ്കാളികളായവരാണെന്ന് തെളിഞ്ഞു. പൊലീസ് സ്ഥാപിച്ച ഫേസ് ഡിറ്റക്ഷൻ ക്യാമറകളാണ് ഇവരെ തിരിച്ചറിഞ്ഞത്. എല്ലാവരും ജാമ്യത്തിലിറങ്ങിയാണു വീണ്ടും ശബരിമലയിൽ എത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചു.

തുലാമാസ പൂജാ സമയത്തു നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട 1500 പേരുടെ ചിത്രങ്ങൾ പൊലീസ് തയ്യാറാക്കിയിരുന്നു. ഇവ മുഖം തിരിച്ചറിയുന്ന ക്യാമറകളുമായി ബന്ധിപ്പിച്ചു. ഈ സംവിധാനമുള്ള 12 ക്യാമറകൾ നിലയ്ക്കൽ മുതൽ സന്നിധാനം വരെ സ്ഥാപിച്ചിരുന്നു. ഇത്തരക്കാർ വീണ്ടും എത്തിയപ്പോൾ ക്യാമറ മുന്നറിയിപ്പു സന്ദേശം കൺട്രോൾ റൂമിലേക്കു നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP