Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് പുതിയ സ്‌കൂളുകൾ: അട്ടിമറിക്ക് ചുക്കാൻ പിടിച്ചത് കോൺഗ്രസ് മന്ത്രിമാർ; സ്‌കൂളുകൾ അനുവദിച്ചപ്പോൾ കോടതിയെയും കബളിപ്പിച്ചു; അധികബാച്ചിന് അനുമതി നൽകിയത് ഹൈക്കോടതി റദ്ദാക്കിയ വിജ്ഞാപനപ്രകാരം

സംസ്ഥാനത്ത് പുതിയ സ്‌കൂളുകൾ: അട്ടിമറിക്ക് ചുക്കാൻ പിടിച്ചത് കോൺഗ്രസ് മന്ത്രിമാർ; സ്‌കൂളുകൾ അനുവദിച്ചപ്പോൾ കോടതിയെയും കബളിപ്പിച്ചു; അധികബാച്ചിന് അനുമതി നൽകിയത് ഹൈക്കോടതി റദ്ദാക്കിയ വിജ്ഞാപനപ്രകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സ്‌കൂളുകൾ അനുവദിച്ചുള്ള അട്ടിമറിക്ക് ചുക്കാൻ പിടിച്ചത് ഉപസമിതി അംഗങ്ങളായ കോൺഗ്രസ് മന്ത്രിമാർ. സ്‌കൂളുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയെയും കബളിപ്പിച്ചു. തങ്ങളുടെ ഇഷ്ടക്കാർക്ക് സ്‌കൂളുകൾ അനുവദിക്കുന്നതിനായി ഹയർസെക്കൻഡറി ഡയറക്ടറുടെ ശുപാർശ മന്ത്രിമാർ അട്ടിമറിച്ചപ്പോൾ +2 നഷ്ടമായത് സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾക്ക്.

കുട്ടികളുടെ കുറവ് കാരണം പൂട്ടാനൊരുങ്ങുന്ന സർക്കാർ സ്‌കൂളകൾക്ക് +2 അനുവദിച്ച് അവ നിലനിർത്താനുളള ധാർമ്മിക ഉത്തരവാദിത്വം പോലും ഉപസമിതി അംഗങ്ങൾ മറന്നു പോയി. പകരം സംസ്ഥാനത്തെ സ്വകാര്യ വ്യക്തികൾക്ക് സ്‌കൂളുകൾ അനുവദിക്കുന്നതിലായിരുന്നു ഇവരുടെ താത്പര്യം.

ഹയർ സെക്കൻഡറി ഡയറക്ടറുടെ ശുപാർശ അട്ടിമറിക്കാൻ ഇവർ മുന്നോട്ടുവച്ച ആദ്യ ആവശ്യം സ്‌കൂൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2013ൽ ഹയർസെക്കൻഡറി വകുപ്പ് ഇറക്കിയ വിജ്ഞാപനത്തിലെ മാനദണ്ഡത്തിൽ പറയാത്ത കുട്ടികളുടെ എണ്ണമെന്ന സാങ്കേതികത്വമായിരുന്നു. +2 ഇല്ലാത്ത സർക്കാർ സ്‌കൂളുകളിൽ പൊതുവേ കുട്ടികളുടെ എണ്ണം കുറവായിരിക്കുമെന്ന മുൻധാരണയാണ് സ്‌കൂൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ ഉപസമിതി യോഗത്തിൽ തന്നെ ഈ നിലപാടിൽ എത്താൻ ഇവരെ പ്രേരിപ്പിച്ചത്.

സ്‌കൂളുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിലെ മുൻഗണനാ ലിസ്റ്റിൽ ആദ്യ പരിഗണന സർക്കാർ സ്‌കൂളുകൾക്കായിരുന്നു. സർക്കാർ സ്‌കൂളുകൾ ഇല്ലാത്ത പഞ്ചായത്തിൽ മാത്രമേ മറ്റു സ്‌കൂളുകളെ പരിഗണിക്കാവൂ എന്നായിരുന്നു തീരുമാനം. ഇപ്രകാരം പരിഗണിക്കുമ്പോൾ പല മാനേജ്‌മെന്റ് സ്‌കൂളുകളും പുറത്താകുകയും തങ്ങളുടെ കീശ വീർക്കില്ലെന്ന തിരിച്ചറിവുമാണ് സർക്കാർ സ്‌കൂളുകളെ വെട്ടാൻ കുട്ടികളുടെ എണ്ണമെന്ന വാൾ കോൺഗ്രസ് പ്രതിനിധികളായ മന്ത്രിമാർ ആദ്യ യോഗത്തിൽ എടുത്ത് വീശിയത്. ഇതിനെ ഉപസമിതിയിലെ അംഗമായ വിദ്യാഭ്യാസ മന്ത്രിയും അനുകൂലിക്കുകയായിരുന്നു.

സർക്കാർ സ്‌കൂളുകൾ അപേക്ഷകരായി ഇല്ലാത്ത പഞ്ചായത്തുകളിലും ഇവർ വൻ അട്ടിമറി നടത്തി. ഇത്തരത്തിൽ കോടതിക്ക് ബോധ്യമായ 20 സ്‌കൂളുകളുടെ അംഗീകാരമാണ് കോടതി ഇന്ന് സ്‌റ്റേ ചെയതത്. കോടതി വിധിയുടെ മറവിൽ മാനദണ്ഡങ്ങൾ ലംഘിച്ചും കോടതിവിധി മറികടന്നുമാണ് സംസ്ഥാനത്ത് പുതിയ സ്‌കൂളുകൾക്കൊപ്പം ബാച്ചുകളും അനുവദിച്ചത്.

സംസ്ഥാനത്ത് ഈ വർഷം +2 സ്‌കുളുകൾ അനുവദിക്കേണ്ടെന്നും മറിച്ച് നിലവിലുളള സ്‌കൂളുകളിൽ ബാച്ചുകൾ അനുവദിച്ചാൽ മതിയെന്നുമായിരുന്നു സർക്കാർ തീരുമാനം. ഇതനുസരിച്ച് ബാച്ചുകൾ അനുവദിക്കുന്നതിന് സർക്കാർ വിജ്ഞാപനവുമിറക്കിയിരുന്നു. എന്നാൽ സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഒമ്പത് മാനേജർമാർ വീണ്ടും കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് കഴിഞ്ഞ മാസം ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. 2013ൽ സർക്കാർ ക്ഷണിച്ച വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ +2 ഇല്ലാത്ത 148 പഞ്ചായത്തുകളിലും എറണാകുളം മുതൽ വടക്കോട്ടുളള ജില്ലകളിൽ വിദ്യാഭ്യാസ ആവശ്യകത അുസരിച്ച് സ്‌കൂളുകൾ അപ്‌ഗ്രേഡ് ചെയ്യാനുളള നടപടി 10 ദിവസത്തിനകം സർക്കാർ സ്വീകരിക്കണമെന്നായിരുന്നു വിധി. ഇതോടൊപ്പം 2014ൽ സംസ്ഥാനത്ത് നിലവിൽ +2 ഉളള സ്‌കൂളുകളിൽ അധിക ബാച്ച് അനുവദിക്കുന്നതിന് ക്ഷണിച്ച വിജ്ഞാപനം റദ്ദ് ചെയ്യാനും കോടതി നിർദേശിച്ചു.

എന്നാൽ 148 പഞ്ചായത്തുകളിൽ പുതിയ സ്‌കൂളുകളും എറണാകുളം മുതൽ വടക്കോട്ട് സ്‌കൂളുകൾ അനുവദിക്കാനുമുളള കോടതി വിധി നടപ്പിലാക്കിയതിന്റെ മറവിൽ സംസ്ഥാനത്ത് അപേക്ഷിച്ചവർക്കെല്ലാം അധിക ബാച്ചുകൂടി അനുവദിക്കുകയായിരുന്നു. ഡയറക്ടറുടെ അപേക്ഷ അട്ടിമറിച്ചതിനു പിന്നിലും മന്ത്രിസഭ നിയമിച്ച ഉപസമിതിയാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിനെ കൂടാതെ കോൺഗ്രസ് മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ ബാബുവും കേരളാ കോൺഗ്രസ് പ്രതിനിധി പി ജെ ജോസഫുമായിരുന്നു ഉപസമിതി അംഗങ്ങൾ.

2013ൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം സ്‌കൂളുകൾ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിക്കാനും ഇത് പരിശോധിക്കാനും അന്നു ഡയറക്ടർ ആയിരുന്ന കേശവേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുളള ആറംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇതനുസരിച്ച് കേശവേന്ദ്ര കുമാറിന്റെ നേതൃത്വത്തിൽ അപേക്ഷകൾ പരിഗണിച്ച് ലിസ്റ്റും തയ്യാറാക്കിയിരുന്നു. എന്നാൽ കേശവേന്ദ്രകുമാർ തയ്യാറാക്കി നൽകിയ ലിസ്റ്റാണ് ഉപസമിതി അട്ടിമറിച്ച് ഇഷ്ടക്കാർക്ക് സ്‌കൂളുകൾ അനുവദിച്ചത്.

2013ലെ വിജ്ഞാപനം ചോദ്യം ചെയ്ത് ചില മാനേജർമാർ കോടതിയെ സമീപിക്കുകയും സ്‌കൂൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കാലതാമസം നേരിടുകയും ചെയ്തു. ഈ തക്കത്തിൽ ആദർശ ശാലിയായ ഹയർസെക്കൻഡറി ഡയറക്ടർ കേശവേന്ദ്ര കുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റാനും സർക്കാരിനു സാധിച്ചു. പീന്നീട് നടന്ന ഉപസമിതി യോഗങ്ങളിൽ ഹയർ സെക്കൻഡറി ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികൾ ഉപസമിതിയുടെ തീരുമാനത്തെ എതിർത്തിരുന്നെങ്കിലും മന്ത്രിമാരുടെ പിടിവാശിക്കും സമ്മർദത്തിനും മുമ്പിൽ ഇവർ മുട്ടുമടക്കുകയാരുന്നു.

ഈ വർഷം സ്‌കൂളുകൾ അനുവദിക്കേണ്ടെന്ന സർക്കാർ തീരുമാനത്തെ ചോദ്യംചെയ്ത് ചില സ്‌കൂൾ മാനേജർമാർ നൽകിയ ഹർജി പരിഗണിക്കവേ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് തയ്യാറാക്കിയ പട്ടിക കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതും മറികടന്നാണ് മന്ത്രിസഭാ ഉപസമിതി ലിസ്റ്റിൽ അട്ടിമറി നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP