Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരമുഖ്യരും നാട്ടുപ്രമാണികളും നിർബന്ധിച്ചിട്ടും പുരോഗമന പ്രസ്ഥനങ്ങളെ തള്ളിപ്പറഞ്ഞില്ല; നക്‌സൽ വറുഗീസ് സൗഹൃദം പുലർത്തിയിരുന്ന ഏക ജന്മിത്തറവാട്; പ്രദേശത്തെ ആദ്യ സിനിമ ചിത്രീകരണത്തിന് സർവ്വ സന്നാഹങ്ങളുമൊരുക്കി കൂടെ നിന്നവർ; തൊഴിലാളി ദ്രോഹത്തിന്റെ പേരിൽ പഴികേൾപ്പിക്കാത്തവർ: തിരുനെല്ലിയുടെ തിലകക്കുറിയായിരുന്ന അറവനാഴി തറവാടിന്റെ ചരിത്രം അറിയാം

പൗരമുഖ്യരും നാട്ടുപ്രമാണികളും നിർബന്ധിച്ചിട്ടും പുരോഗമന പ്രസ്ഥനങ്ങളെ തള്ളിപ്പറഞ്ഞില്ല; നക്‌സൽ വറുഗീസ് സൗഹൃദം പുലർത്തിയിരുന്ന ഏക ജന്മിത്തറവാട്; പ്രദേശത്തെ ആദ്യ സിനിമ ചിത്രീകരണത്തിന് സർവ്വ സന്നാഹങ്ങളുമൊരുക്കി കൂടെ നിന്നവർ; തൊഴിലാളി ദ്രോഹത്തിന്റെ പേരിൽ പഴികേൾപ്പിക്കാത്തവർ: തിരുനെല്ലിയുടെ തിലകക്കുറിയായിരുന്ന അറവനാഴി തറവാടിന്റെ ചരിത്രം അറിയാം

പ്രകാശ് ചന്ദ്രശേഖർ

തിരുനെല്ലി: പൗരമുഖ്യരും നാട്ടുപ്രമാണികളും നിർബന്ധിച്ചിട്ടും പുരോഗമന പ്രസ്ഥനങ്ങളെ തള്ളിപ്പറായത്തവർ, നക്‌സൽ  വറുഗീസ് സൗഹൃദം പുലർത്തിയിരുന്ന ഏക ജന്മിത്തറവാട്, കലാ-സാംസ്‌കാരിക പ്രവർകരുടെ സംഗമ കേന്ദ്രം, പ്രദേശത്തെ ആദ്യ സിനിമ ചിത്രീകരണത്തിന് സർവ്വ സന്നാഹങ്ങളുമൊരുക്കികൂടെ നിന്നവർ, തൊഴിലാളി ദ്രോഹത്തിന്റെ പേരിൽ പഴികേൾപ്പിക്കാത്തവർ ...തിരുനെല്ലിയിലെ അറവനാഴി തറവാടിനെക്കുറിച്ച് പഴമക്കാർ നൽകുന്ന വിവരണമാണ് മുകളിൽ ചേർത്തിട്ടുള്ളത്.

തിരുനെല്ലിയുടെ തിലകക്കുറിയായിരുന്ന അറവനാഴി തറവാടിനെക്കുറിച്ച് അറിയാവുന്നവർ ഇന്ന് നാമമാത്രമാണ്. പ്രദേശത്തിന്റെ ചരിത്രത്തോട് അടുത്തുബന്ധമുള്ള ഈ വീടിനെക്കുറിച്ചും ഇവിടുത്തെ അന്തേവാസികളെകുറിച്ചുമൊന്നും പുതുതലമുറിയിലെ ഒട്ടുമിക്കവർക്കും കേട്ടുകേൾവി പോലുമില്ല എന്നതാണ് വാസ്തവം.

തറവാട്ട് കാരണവർ ആയിരുന്ന അനന്തവാര്യരുടെ മകൻ രാജേഷാണ് ഇപ്പോൾ കുടുംമ്പവീട്ടിൽ താമസിക്കുന്നത്. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും പ്രതാപകാലത്തിന്റെ സ്മാരകമായി, പഴമയുടെ നിറവിൽ നിലനിൽക്കുന്ന വീടും അവശേഷിക്കുന്ന കൃഷിയിടവും സംരക്ഷിക്കുന്നതിനുള്ള ഭഗീരഥ പ്രയത്നത്തിലാണ് ഇദ്ദേഹം. നാടിന്റെ പൂർവ്വകാല ചരിത്രത്തിന്റെ ഭാഗമാണിവിടം. വരും തലമുറയ്ക്കായി കാത്തുവയ്ക്കാൻ കൈയിലുള്ളതും ഇതുമാത്രം.രാജേഷ് മറുനാടനോട് വ്യക്തമാക്കി.

ഏ സി അച്ചുതവാര്യർ-ലക്ഷമിവാരസ്യർ ദമ്പതികളുടെ അഞ്ച് മക്കളിൽ മൂത്തയാളായിരുന്നു രാജേഷിന്റെ പിതാവായ അനന്തവാര്യർ. സഹോദരനായ പ്രഭാകരവാര്യർ രോഗബാധയെത്തുടർന്ന് അഞ്ച് വർഷം മുമ്പ് മരണമടഞ്ഞിരുന്നു. മറ്റൊരുസഹോദരനായ എം അച്ചുതവാര്യർ ആണ് ഇപ്പോൾ തലമുറയിലെ മുതിർന്ന ആൾ.

നക്സലൈറ്റ് വറുഗീസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള സി ബി ഐ കേസ്സിൽ മരണമടഞ്ഞ പ്രഭാകരവാര്യർ ആയിരുന്നു പ്രധാന സാക്ഷി. കേസ്സിൽ വാദം നടക്കുമ്പോൾ വൻസാമ്പത്തീക വാഗ്ദാനവുമായി അന്ന് പൊലീസ് തലപ്പത്തെ ഉന്നതരായ പ്രതികൾ വീട്ടിലെത്തിയിരുന്നെന്നും കഷ്ടപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും സഹോദരൻ മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നെന്നും ഇത് ഇവർക്ക് ശിക്ഷ ലഭിക്കുന്നതിന് കാരണമായെന്നും എം അച്ചുതവാര്യർ വെളിപ്പെടുത്തി.

വനത്തിലേയ്ക്ക് വെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് എത്തിയത് പ്രഭാകരവാര്യരുടെ വീട്ടിലായിരുന്നെന്നും ഇതുപ്രകാരം കലത്തിൽ വെള്ളവുമായി എത്തുമ്പോൾ വറുഗീസിന്റെ ജഡം പാറപ്പുറത്ത് കാണപ്പെട്ടു എന്നും ഈ സമയം ഇവിടെ ശിക്ഷിക്കപ്പെട്ട പൊലീസുകാരിൽ ഏതാനും പേർ ഉണ്ടായിരുന്നെന്ന് പ്രഭകരവാര്യർ വെളിപ്പെടുത്തിയെന്നും അന്വേഷണം വന്നപ്പോൾ ഈ വിവരങ്ങൾ സി ബി ഐയ്ക്ക് നൽകാൻ താൻകൂടി നിർദ്ദേശിച്ചതനുസരിച്ചാണ് സഹോദരൻ സാക്ഷിയായി കോടതിയിൽ എത്തിയതെന്നും അച്ചുതവാര്യർ കൂട്ടിച്ചേർത്തു.

വെള്ളമുണ്ടക്കാരനായ വറുഗീസ് പ്രഭാകരവാര്യർക്കൊപ്പം സ്‌കൂളിൽ പഠിച്ചിരുന്നു. ഈ അടുപ്പത്തിന്റെ പേരിൽ ഇയാൾ തറവാട്ടിലെത്തി പലവട്ടം ഭക്ഷണം കഴിച്ചിട്ടുണ്ട്. കർഷകത്തൊഴിലാളികൾക്ക് കൂലി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ചപ്പോൾ അടുപ്പത്തിന്റെ പേരിൽ ഞങ്ങളേ ഒഴിവാക്കിയില്ല.

പണിക്കാർക്ക് കൂലി വർദ്ധിപ്പിച്ചുനൽകാമെന്ന് ഞങ്ങൾ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പാലിക്കുകയും ചെയ്തു. ഒരിക്കൽ തോക്ക് ചോദിച്ച് തറവാട്ടിലെത്തി. തോക്ക് പൊലീസിന് കൈമാറി എന്നുപറഞ്ഞപ്പോൾ തിരിച്ചുപോയി. ഹുണ്ടിക പിരിവുകാരൻ ചേക്കുവിനെ വകവരുത്തിയ വിവരം അറിയിച്ച് മടങ്ങിയതാണ് വറുഗീസുമൊത്തുള്ള ഓർമ്മയിലെ അവസാന സമാഗമം. അച്ചുതവാര്യർ വെളിപ്പെടുത്തി.

പി വത്സല ടീച്ചർ നെല്ല് എന്ന നോവൽ എഴുതുന്നതിന് തിരുനെല്ലിയിൽ എത്തിയപ്പോൾ ആദ്യമെത്തിയത് ഈ തറവാട്ടിലായിരുന്നെന്ന് ഇവരുടെ ഭർത്താവ് അപ്പുക്കുട്ടൻ മാഷ് ഒരിക്കൽ ത്ന്നോട് വെളിപ്പെടുത്തിയതായി രാജേഷ് അറിയിച്ചു. ഈ നോവൽ പിന്നീട് സിനിമയായപ്പോൾ നസീറും ജയഭാരതിയും അടക്കമുള്ള നടീ-നടന്മാരും സാങ്കേതിക പ്രവർത്തകരുമെല്ലാം വീട്ടിലെത്തി ഭക്ഷണവും മറ്റും കഴിച്ച ശേഷമാണ് സമീപത്തെ ലൊക്കേഷനുകളിലേയ്ക്ക് പോയിരുന്നതെന്ന് മാതാപിതാക്കൾ തന്നോട് വെളിപ്പെടുത്തിയിരുന്നെന്നും ഇദ്ദേഹം വ്യക്തമാക്കി.

1950-ലാണ് അറവനാഴി തറവാട് വീടിന്റെ നിർമ്മാണം ആരംഭിച്ചതെന്നും 51-ൽ താമസം തുടങ്ങിയെന്നും 6114-രൂപ 3 പൈസ നിർമ്മാണത്തിനായി ചിലവുവന്നുവെന്നും അച്ചുതവാര്യർ പറയുന്നു. പ്രായാധിക്യമുണ്ടെങ്കിലും ഓർമ്മയുടെ കാര്യത്തിൽ കുടുംബത്തിലെ മറ്റാരും അച്ചുതവാര്യരോട് പിടിച്ചുനിൽക്കില്ലന്നാണ് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നത്. പഴയ പാട്ടുകൾ തനിമ ചോരാതെ ആലപിക്കുന്ന അച്ചുതവാര്യർ ഇതുകൊണ്ടുതന്നെ നാട്ടുകാർക്കിടയിലും പ്രിയങ്കരനാണ്.

ഉള്ളിലെ രണ്ട് അറകൾ ഒന്നിച്ചാക്കിയതൊഴിച്ചാൽ വീടിന്റെ അന്നത്തെ അവസ്ഥ അതേപോലെ നിലനിൽക്കുന്നു. താക്കോലുകൾ ഉപയോഗിക്കാതെ തന്നെ വാതിലുകൾ പൂട്ടാം. മച്ചിന്റെ മുകളിൽ ഒരാൾക്ക് ഒളിച്ചിരിക്കാവുന്ന രഹസ്യ അറയുണ്ട്. മറ്റ് നിർമ്മാണ പ്രവർത്തനങ്ങളിലും അന്നത്തെ തച്ചന്മാരുടെ കരവിരുത് ദൃശ്യമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP