Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റേഷനരി കടത്ത്: വെങ്ങാനൂർ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാനടക്കം 4 പ്രതികൾ; കരിഞ്ചന്തയിൽ വിറ്റുകിട്ടിയ 1.25 ലക്ഷം രൂപ പ്രതിയിൽ നിന്ന് ഈടാക്കി കൂലിപ്പണിക്കാർക്ക് വിതരണം ചെയ്യണമെന്ന് സിബിഐ: കോടതി വിധി വ്യാഴാഴ്ച; പ്രതിപ്പട്ടികയിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെ മാപ്പുസാക്ഷിയാക്കി സിബിഐ

റേഷനരി കടത്ത്: വെങ്ങാനൂർ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാനടക്കം 4 പ്രതികൾ; കരിഞ്ചന്തയിൽ വിറ്റുകിട്ടിയ 1.25 ലക്ഷം രൂപ പ്രതിയിൽ നിന്ന് ഈടാക്കി കൂലിപ്പണിക്കാർക്ക് വിതരണം ചെയ്യണമെന്ന് സിബിഐ: കോടതി വിധി വ്യാഴാഴ്ച; പ്രതിപ്പട്ടികയിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെ മാപ്പുസാക്ഷിയാക്കി സിബിഐ

പി നാഗരാജ്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയിൽ അഴിമതി നടത്തിയെന്ന കേസ്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കഴക്കൂട്ടം ഗോഡൗണിൽ നിന്ന് വ്യാജരേഖകൾ ഉപയോഗിച്ച് 371.47 മെട്രിക് ടൺ റേഷനരി കടത്തിയ കേസിൽ അരി കരിഞ്ചന്തയിൽ വിറ്റുകിട്ടിയ 1.25 ലക്ഷം രൂപ കൂലിപ്പണിക്കാർക്ക് വിതരണം ചെയ്യണമെന്ന് സിബിഐ. എന്നാൽ പണം തന്റേതല്ലെന്നും അവകാശികളില്ലാത്ത പണം ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 458 പ്രകാരം സർക്കാരിലേക്ക് മുതൽകൂട്ടണമെന്ന് പ്രതിഭാഗം.

കേസിൽ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി ജെ.നാസർ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഒരുനേരത്തെ അന്നത്തിന് വേണ്ടി വിയർപ്പൊഴുക്കി പണിയെടുത്തവരുടെ അന്നം കൊള്ളയടിച്ചവർക്ക് നല്ല നടപ്പ് നിയമത്തിന്റെ ഔദാര്യത്തിന് അർഹതയില്ലെന്ന് സിബിഐ വാദിച്ചു.

പ്രതികളായ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് വെണ്ണിയൂർ വാർഡ് മുൻ മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ എസ്. ഭുവനചന്ദ്രൻ, വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ എസ്. ജയച്ചന്ദ്രൻ , അരിക്കടത്തുകാരായ പെരിങ്ങമ്മല കല്ലുവിള പാലറത്തല വീട്ടിൽ കറുപ്പായി മോഹനൻ എന്ന വി.മോഹനൻ, കരിച്ചൽ പ്ലാവിള കിഴക്കരികത്ത് പുത്തൻ വീട്ടിൽ ജി.പത്മകുമാർ എന്നീ 4 പേരെയാണ് സിബിഐ കോടതിയിൽ വിചാരണ ചെയ്തത്.

സിബിഐ കുറ്റപത്രത്തിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മറ്റു 3 പ്രതികൾ വിചാരണക്കിടെ മരണപ്പെട്ടു.പ്രതികളായ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ദാരിദ്ര നിർമ്മാർജന യൂണിറ്റ് പ്രോജക്റ്റ് ഡയറക്ടർ എം. ശശിധരൻ, ഹെഡ് ക്ലർക്ക് ടി.പി. ജയറാം , വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് ജീവനക്കാരൻ ജി.ശിവരാജൻ എന്നിവരാണ് മരണപ്പെട്ടത്.

അതേ സമയം പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ഭദ്രൻ, ബി.വസുന്ധരൻ, കെ.മോഹൻദാസ് എന്നിവരെക്കൊണ്ട് സി ബി ഐ രഹസ്യമൊഴി കൊടുപ്പിച്ച ശേഷം സി ബി ഐ അപേക്ഷ പ്രകാരം കോടതി അവർക്ക് മാപ്പ് നൽകി പ്രതിപ്പട്ടികയിൽ നിന്ന് കുറവ് ചെയ്ത് സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.ഇവർ തങ്ങൾ ചെയ്ത കൃത്യങ്ങളും മറ്റു പ്രതികൾ ചെയ്ത കൃത്യങ്ങളും ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം ജുഡീഷ്യൽ മജിസ്‌ട്രേട്ടിന് മുന്നിൽ രഹസ്യ മൊഴി നൽകുകയായിരുന്നു.ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരമാണ് കോടതി ഈ 3 പ്രതികൾക്ക് മാപ്പ് നൽകി മാപ്പ് സാക്ഷികളാക്കിയത്.

2007 മെയ് 15 മുതൽ 27 വരെയുള്ള ദിനങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 60% അരി,40% കൂലി എന്ന എസ്.ജി.ആർ.വൈ. പദ്ധതി പ്രകാരം പഞ്ചായത്തിലെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യേണ്ട അരി പഞ്ചായത്തിന്റെ പേരിലുള്ള വ്യാജ റിലീസ് ഓർഡറുകൾ തയ്യാറാക്കി പഞ്ചായത്തിന്റെ പേരിൽ ആൾമാറാട്ടം നടത്തി എഫ്‌സിഐ.യുടെ കഴക്കൂട്ടം ഗോഡൗണിൽ നിന്ന് കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയിൽ മറിച്ചു വിൽക്കുകയായിരുന്നു. തൊഴിലാളികൾക്ക് ഭക്ഷ്യധാന്യം ലഭിക്കാതെ വന്നപ്പോൾ പഞ്ചായത്ത് സെക്രട്ടറി എഫ്‌സിഐ.യിൽ തിരക്കിയപ്പോഴാണ് പഞ്ചായത്തിന്റെ പേരിൽ മറ്റാരോ അരി കടത്തിയ വിവരം അറിഞ്ഞത്.

സെക്രട്ടറിയുടെ പരാതിയിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തെങ്കിലും രാഷ്ട്രീയ സ്വാധീനത്താൽ ഉന്നതരെ ഒഴിവാക്കി അന്വേഷണം അട്ടിമറിച്ചു. ഇതിനെതിരെ സ്ഥലവാസികൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജസ്റ്റിസ്.ആർ.ബസന്താണ് 2008 ഫെബ്രുവരി 12 ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഇൻസ്‌പെക്ടർ എസ്.ഉണ്ണികൃഷ്ണൻ നായരാണ് പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി 2009 ഏപ്രിൽ 8 ന് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. 92 പേരടങ്ങുന്ന സാക്ഷിപ്പട്ടികയോടൊപ്പം 383 തെളിവുകളും കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP