Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞാനും ബിജെപിയും ഒരേ ലൈൻകാർ; ഞാൻ ബിജെപിയോട് കൂടി ചേർന്നാൽ എന്തുതെറ്റെന്നും പി.സി.ജോർജ്; ഇറങ്ങിപ്പോയതോടെ യുഡിഎഫും ബിജെപിയും ഒരേ തൂവൽ പക്ഷികളെന്ന് തെളിഞ്ഞതായി കോടിയേരി; സർക്കാരിന് പിടിവാശി ആരോപിച്ച് ചെന്നിത്തലയും വിനാശകാലേ വിപരീത ബുദ്ധിയെന്ന് കുറ്റപ്പെടുത്തി ശ്രീധരൻ പിള്ളയും പിണങ്ങിപ്പോയതോടെ വെള്ളത്തിലായെങ്കിലും സർവകക്ഷിയോഗം വിജയമെന്ന് സർക്കാർ

ഞാനും ബിജെപിയും ഒരേ ലൈൻകാർ; ഞാൻ ബിജെപിയോട് കൂടി ചേർന്നാൽ എന്തുതെറ്റെന്നും പി.സി.ജോർജ്; ഇറങ്ങിപ്പോയതോടെ യുഡിഎഫും ബിജെപിയും ഒരേ തൂവൽ പക്ഷികളെന്ന് തെളിഞ്ഞതായി കോടിയേരി;  സർക്കാരിന് പിടിവാശി ആരോപിച്ച് ചെന്നിത്തലയും വിനാശകാലേ വിപരീത ബുദ്ധിയെന്ന് കുറ്റപ്പെടുത്തി ശ്രീധരൻ പിള്ളയും പിണങ്ങിപ്പോയതോടെ വെള്ളത്തിലായെങ്കിലും സർവകക്ഷിയോഗം വിജയമെന്ന് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിന് പിടിവാശിയെന്ന് കുറ്റപ്പെടുത്തി യുഡിഎഫും യോഗം വിളിച്ച് സമയം വെറുതെ കളഞ്ഞെന്ന് വിമർശിച്ച് ബിജെപിയും സർവകക്ഷിയോഗം ബഹിഷ്‌കരിച്ച് ഒരേനിലപാടെടുത്തത് ശ്രദ്ധേയമായി. ഇറങ്ങിപ്പോയതോടെ യുഡിഎഫും ബിജെപിയും ഒരേ തോണിയിലാണെന്ന് തെളിയിച്ചതായി കോടിയേരി പരിഹസിക്കുകയും ചെയ്തു. താൻ ബിജെപിയോട് കൂടി ചേർന്നാൽ എന്തുതെറ്റെന്നായിരുന്നു പി.സി.ജോർജിന്റെ ചോദ്യം. താനും ബിജെപിയും ഒരേ ലൈൻകാരാണ്, ജോർജ് പറഞ്ഞു.

സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുന്നതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചത്. സർക്കാരിന് പിടിവാശിയാണെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. യോഗം വെറും നാടകമായിരുന്നുവെന്ന് പി.എസ്.ശ്രീധരൻ പിള്ളയും വിശേഷിപ്പിച്ചതോടെ യുഡിഎഫും ബിജെപിയും ഒരേ തൂവൽപക്ഷികളെന്ന് കോടിയേരി മുദ്രകുത്തി. അഹങ്കാരത്തിന്റെ ഭാഷയിലാണ് സർക്കാർ സംസാരിക്കുന്നതെന്നും, കള്ളക്കേസിൽ കുടുക്കി നിരപരാധികളെ വേട്ടയാടുകയാണെന്നും ശ്രീധരൻപിള്ള ആരോപിച്ചു. ഇരുകൂട്ടരുടെയും ലക്ഷ്യം അരാജകത്വം സൃഷ്ടിക്കുകയാണെന്നും, അത് വിലപ്പോവില്ലെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.

ഏതായാലും സർക്കാർ നിലപാടിൽ ഉറച്ചുനിന്നതോടെ സർവകക്ഷിയോഗം വെള്ളത്തിലായി. വിധി നടപ്പിലാക്കാൻ സാവകാശം തേടണമെന്നും, പുനഃപരിശോധന ഹർജിക്ക് 22വരെ സമയമുള്ളതിനാൽ സർക്കാർ യുവതികളെ പ്രവേശിപ്പിക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല. ഇത് അംഗീകരിക്കാതെ വന്നതോടെ യോഗത്തിന് എന്തുപ്രസക്തിയെന്നായി യുഡിഎഫും ബിജെപിയും. സർക്കാരിന്റെ കോർട്ടിൽ പന്ത് തട്ടിയിട്ട് യുഡിഎഫും ബിജെപിയും പ്രക്ഷോഭത്തിന് ഇറങ്ങുകയാണ്. ഇതിനോട് പി.സി.ജോർജും യോജിച്ചു. താനും ബിജെപിയും ഒരേ ലൈൻകാരെന്ന് പ്രഖ്യാപിച്ച ജോർജ് അവരോട് കൂടിയാൽ എന്താണ് തെറ്റെന്നും ചോദിച്ചു.

ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണ് സർക്കാർ നിലപാടെന്ന് പ്രതിപക്ഷം പുറത്തുവന്ന് പ്രഖ്യാപിച്ചപ്പോൾ, എല്ലാ വിഷയങ്ങളും ചർച്ച ചെയ്‌തെന്നും യോഗം വിജയകരമായിരുന്നെന്നും കോടിയേരി അവകാശപ്പെട്ടു. എന്നാൽ, സർക്കാരിന് വിനാശകാലെ വിപരീതബുദ്ധിയെന്നാണ് ശ്രീധരൻ പിള്ള പറഞ്ഞത്. 'ഇറങ്ങിപ്പോവുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. സർക്കാർ തുടക്കം മുതലെടുത്ത നിലപാട് തെറ്റാണ്. രണ്ട് ആവശ്യങ്ങളാണ് സർക്കാരിന് മുന്നിൽ യുഡിഎഫ് മുന്നോട്ടുവച്ചത്. ഒന്ന് വിധി നടപ്പാക്കാൻ സാവകാശഹർജി നൽകണം എന്നതായിരുന്നു, രണ്ട് വിധി നടപ്പാക്കുന്നത് നിർത്തി വയ്ക്കണമെന്നതും. രണ്ട് ആവശ്യവും സർക്കാർ തള്ളിക്കളഞ്ഞു. അതുകൊണ്ടാണ് യുഡിഎഫ് ഇറങ്ങിപ്പോന്നത്. ബിജെപിയും സിപിഎമ്മും പ്രശ്‌നം പരിഹരിക്കപ്പെടാതിരിക്കാൻ ഒത്തു കളിക്കുകയാണ്.'' ചെന്നിത്തല പറഞ്ഞു

നിയമപരമായ കാര്യങ്ങൾ കൂടി ചർച്ച ചെയ്യുന്ന യോഗത്തിൽ നിയമമന്ത്രി എ.കെ.ബാലൻ പങ്കെടുത്തില്ല. സുപ്രീംകോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ വിട്ടുവീഴ്ച വേണമെന്ന തരത്തിൽ പ്രസ്താവന നടത്തിയതു കൊണ്ടാണ് എ.കെ.ബാലനെ യോഗത്തിലേയ്ക്ക് ക്ഷണിക്കാതിരുന്നതെന്നാണ് സൂചന.

വിശ്വാസമാണ് വലുത് മൗലികാവകാശവും ഭരണഘടനയുമല്ല എന്നൊരു നിലപാട് സർക്കാരിന് എടുക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി യോഗ ശേഷം വ്യക്തമാക്കിയത്. പ്രതിപക്ഷവും ബിജെപിയും എടുത്ത നിലപാട് സമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങൾ അവർ ഉന്നയിച്ചതിൽ മുൻവിധിയോടെയാണ് സമീപിച്ചത് എന്നാണ്. ഒരു മുൻവിധിയും സർക്കാരിന് ഇല്ല. കോടതി എന്താണോ പറഞ്ഞത്, അത് നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്തത്. 91 ൽ ഹൈക്കോടതി വിധി വന്നപ്പോഴും നടപ്പാക്കുകയാണ് അതാത് എൽഡിഎഫ് സർക്കാരുകൾ ചെയ്ത്. നാളെ സുപ്രീംകോടതി മറ്റൊന്ന് പറഞ്ഞാൽ അതാകും സർക്കാർ നടപ്പാക്കുക. നിയമവാഴ്ച നടപ്പാക്കുന്നു എന്നേയുള്ളൂ. അല്ലാതെ വാശിയും ദുർവാശിയുമൊന്നുമില്ല. വിശ്വാസികൾക്ക് എല്ലാ സംരക്ഷണവും നൽകുക എന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്തം. ശബരിമല കൂടുതൽ യശ്ശസോടെ ഉയർന്ന് വരുക എന്നതാണ് ലക്ഷ്യം. ഫലപ്രദമായ നടപടികൾ നല്ല രീതിയിലൂടെ ഉയർത്തിക്കൊണ്ടുവരാൻ തുടരും.

സർക്കാരിന് വേറെ മാർഗമില്ല. സെപ്റ്റംബർ 28ലെ വിധിയും ഉത്തരവും അതേ പോലെ നിലനിൽക്കുമെന്ന് സുപ്രീംകോടതി പറഞ്ഞാൽ പിന്നെ പാലിക്കാതിരിക്കാൻ കഴിയില്ല. യുവതി പ്രവേശനത്തിൽ ഒരു ക്രമീകരണം ഉണ്ടാക്കാം എന്നാണ് സർക്കാർ സർവകക്ഷി യോഗത്തിൽ സർക്കാർ പറഞ്ഞത്. യോഗം കഴിഞ്ഞപ്പോൾ എഴുന്നേറ്റ പ്രതിപക്ഷ നേതാവ് പ്രതിഷേധിക്കുന്നുവെന്നും ഇറങ്ങിപ്പോകുകയാണെന്നും പ്രഖ്യാപിച്ചു.

പ്രതിപക്ഷത്തിനും ബിജെപിക്കും നല്ല ബുദ്ധി ഉദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിധിയുടെ തുടർനിലപാടിൽ വെള്ളം ചേർക്കാൻ സർക്കാരില്ല. സാവകാശ ഹർജി നൽകില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു വ്യക്തമാക്കി. പ്രതിപക്ഷത്തിനാണ് ഇക്കാര്യത്തിൽ ദുർവാശിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP