Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല യുവതി പ്രവേശന വിവാദങ്ങൾ കേരളത്തിന്റെ സമ്പദ്ഘടനയെയും ബാധിക്കുന്നു; മണ്ഡലകാലം സുഗമമായി നടന്നില്ലെങ്കിൽ പ്രളയംതകർത്ത സംസ്ഥാനത്തിന്റെ സാമ്പത്തിക മാന്ദ്യത്തിന് ഇതും ആക്കം കൂടും; ഗുരുവായൂരിലും വരുമാനത്തിൽ ഇടിവ്; വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് സമ്മതിച്ച് തോമസ് ഐസക്; ജിഎസ്ടി വരുമാനം കുറയും; സമരം ചെയ്യുന്നവർ ഇക്കാര്യങ്ങൾ ഓർമിക്കണമെന്നും വിവേകപൂർവം പെരുമാറണമെന്നും ധനമന്ത്രി

ശബരിമല യുവതി പ്രവേശന വിവാദങ്ങൾ കേരളത്തിന്റെ സമ്പദ്ഘടനയെയും ബാധിക്കുന്നു; മണ്ഡലകാലം സുഗമമായി നടന്നില്ലെങ്കിൽ പ്രളയംതകർത്ത സംസ്ഥാനത്തിന്റെ സാമ്പത്തിക മാന്ദ്യത്തിന് ഇതും ആക്കം കൂടും; ഗുരുവായൂരിലും വരുമാനത്തിൽ ഇടിവ്; വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് സമ്മതിച്ച് തോമസ് ഐസക്; ജിഎസ്ടി വരുമാനം കുറയും; സമരം ചെയ്യുന്നവർ ഇക്കാര്യങ്ങൾ ഓർമിക്കണമെന്നും വിവേകപൂർവം പെരുമാറണമെന്നും ധനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയം തകർത്ത കേരളത്തിനെ ശബരി മല വിവാദവും സാമ്പത്തികമായി പിറകോട്ട് അടുപ്പിക്കുന്നു. സംസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല ശബരിമല വിവാദമെന്നും കേരളത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തേയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലകാലത്ത് സ്ത്രീ പ്രവേശന വിവാദം കത്തി നിന്നാൽ അയ്യപ്പഭക്തരുടെ ഒഴുക്കിനെ ബാധിക്കും. പരോക്ഷമായി അത് സർക്കാരിന്റെ വാണിജ്യ-വ്യാപാരമേഖലയെും ബാധിക്കും. ക്ഷേത്രങ്ങളുടെ നട വരുമാനം സർക്കാറിലേക്ക് പോകുന്നില്ലെങ്കിലും ജിഎസ്ടിയിലൂടെയും മറ്റും രോക്ഷമായി ശബരിമലയും നമ്മുടെ സമ്പ്ദ് വ്യവസ്ഥക്ക് മുതൽക്കൂട്ടാണ്.

ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം പറഞ്ഞത് ഇങ്ങനെയാണ്.'സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങൾക്കായി സർക്കാർ 50 കോടി രൂപയോളം ധനസഹായം നൽകുന്നുണ്ട്. സന്ദർശകരുടെ കുറവ് ക്ഷേത്രവരുമാനം കുറയ്ക്കും. അത് സർക്കാരിന് വീണ്ടും സാമ്പത്തികബാധ്യത സൃഷ്ടിക്കും. സന്ദർശകർ കുറയുമ്പോൾ സംസ്ഥാനത്തെ വ്യാപാരമേഖലയെയും അത് പ്രതികൂലമായി ബാധിക്കും.ഇത് ജിഎസ്ടി വരുമാനത്തിൽ സാരമായ കുറവു വരുത്താനിടയാക്കും.പ്രളയത്തിന്റെ ഫലമായി ജിഎസ്ടിയിൽ പ്രതീക്ഷിച്ച വരുമാനമുണ്ടായില്ല.'- മന്ത്രി ചൂണ്ടിക്കാട്ടി. സമരം ചെയ്യുന്നവർ ഇക്കാര്യങ്ങൾ ഓർമിക്കണമെന്നും വിവേകപൂർവം പെരുമാറണമെന്നും മന്ത്രി ഓർമിപ്പിച്ചു.

കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ശബരിമല നൽകുന്ന സംഭാവന എത്രയെന്ന് കൃത്യമായി പറയാൻ സാധിക്കില്ലെന്നും പതിനയ്യായിരം കോടിയെന്നാണ് അനൗദ്യോഗിക ണക്ക്. ഇതിൽ മണ്ഡലകാലത്താണ് ഏറ്റവും കൂടുതൽ വരുമാനം. തുലാമാസ പൂജയ്ക്കായി ക്ഷേത്രം തുറന്നപ്പോൾ ഉണ്ടായ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലാണ് മണ്ഡലകാലത്തും വിവാദം കത്തിനിന്നാലുള്ള നഷ്ടത്തെക്കുറിച്ച് ധനമന്ത്രിയും വ്യക്തമാക്കിയത്. ഓഗസ്റ്റിൽ പ്രളയം മൂലം ഭക്തർ എത്താതാകുകയും തുടർന്ന് കോടതി വിധി മൂലം സർക്കാരും ഭക്തരും ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും ചെയ്തതോടെ വരുമാനത്തിൽ എട്ടുകോടി രൂപയുടെ ഇടിവാണ് ഉണ്ടായതായി പറയുന്നത്.

ഇതരസംസ്ഥാനത്തു നിന്നും ഭക്തരുടെ ഒഴുക്ക് കുറയുന്നത് ശബരിമലയിലെ നട വരുമാനത്തിൽ മാത്രമല്ല ഇടിവ് സൃഷ്ടിക്കുക. അവർ പുറത്തു ചെലവാക്കുന്ന പണത്തിലും പ്രതിഫലിക്കും. ക്ഷേത്രത്തിലെ തീർത്ഥാടകരെ ആശ്രയിച്ചു നിൽക്കുന്ന ബിസിനസ് സംരംഭങ്ങളേയും ചെറുകിട കച്ചവടക്കാരേയും ഇതു സാരമായി ബാധിക്കും. ശബരിമല സീസൺ നൽകുന്ന സമ്പത്തിന്റെ കരുത്തിൽ മാത്രം പിടിച്ചു നിൽക്കുന്ന ഒട്ടേറെ പ്രദേശങ്ങൾ പത്തനംതിട്ട, കോട്ടയം ജില്ലകളിലുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ചെറുകിട ബിസിനസുകളുകളിൽ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുണ്ടിവിടെ. ശബരിമല വിവാദം ആളിക്കത്തുമ്പോൾ മണ്ഡലകാലത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നിരവധി ബിസിനസ് സംരംഭകരുടെ നെഞ്ചിൽ തീയാണ്.

ഗുരുവായൂർ ക്ഷേത്രത്തിൽ വരുമാനം കുറയുന്നുണ്ട്. തീർത്ഥാടകരുടെ എണ്ണത്തിലും വൻ കുറവുണ്ട്. ഇത് സമീപ പ്രദേശങ്ങളിലെ വ്യാപാരികളെയും ബാധിച്ചിട്ടുണ്ട്.കഴിഞ്ഞ മാസങ്ങളിൽ ഗുരുവായൂരിൽ ഒരു കോടിയോളം രൂപയുടെ കുറവ് ഉണ്ടായതായി ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുരുവായൂർ സത്യാഗ്രഹ വാർഷികത്തിന്റെ ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നാല് കോടിയോളം രൂപയുടെ വരുമാനം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ മൂന്ന് കോടിയോളം രൂപയായി കുറഞ്ഞിട്ടുണ്ട്്.

പ്രളയം മൂലമാണ് വരുമാനത്തിൽ ഇടിവുണ്ടായതെന്നാണ് ദേവസ്വം ചെയർമാന്റെ കണ്ടെത്തൽ. എന്നാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ എത്തുന്ന ക്ഷേത്രമാണ് ഗുരുവായൂർ. അതുകൊണ്ട് കേരളത്തിലെ പ്രളയം ഗുരുവായൂർ ക്ഷേത്രത്തിലെ വരുമാനത്തെ ബാധിച്ചുവെന്ന കണ്ടെത്തൽ വിശ്വാസയോഗ്യമല്ല. ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന് സംഘപരിവാർ സംഘടനകൾ വ്യാപകമായി സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുന്നുണ്ട്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ശക്തമാക്കിയതോടെ ഇത് സജീവമായിട്ടുണ്ട്. ഇതിനുപുറമെ ഇതരസംസ്ഥാനത്തെ ഭക്തർ സംഘർഷം ഭയന്ന് എത്താത്തതും വരുമാന ഇടിവിന് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന എൽഡിഎഫ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംഘപരിവാർ നീക്കത്തിനെതിരെ പ്രതിഷേധമുയർത്തിയിരുന്നു. ക്ഷേത്രങ്ങളിലെ വരുമാനം കുറയ്ക്കാനുള്ള നീക്കം വിജയിക്കില്ലെന്നും അദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെയാണ് വരുമാനത്തിൽ ഇടിവുണ്ടായതായി സമ്മതിച്ച് ദേവസ്വം ചെയർമാനും രംഗത്തെത്തിയത്. എന്നാൽ സംഘപരിവാറിന്റെ പ്രചാരണം കൊണ്ടാണ് വരുമാനം കുറഞ്ഞതെന്ന് വാദം അദേഹം തള്ളിക്കളയുന്നു.

ഗുരുവായൂർ ക്ഷേത്രത്തിലെ ഏറ്റവും അവസാനത്തെ ഭണ്ഡാര വരവ് മൂന്ന് കോടി ഒരു ലക്ഷത്തി എൺപതി ഒമ്പതിനായിരത്തിനൂറ്റി തൊണൂറ്റിയൊന്ന്(3,01,89,191) രൂപയായിരുന്നു. അതിന് മുമ്പത്തെ മാസത്തെ വരവ് മൂന്ന് കോടി എഴുപതിയാറ് ലക്ഷത്തി അറുനൂറ്റി മുപ്പത്തിയെട്ട്(3,760,0638) രൂപയായിരുന്നു. അതാത് കഴിഞ്ഞ മാസം മുൻ മാസത്തേക്കാൾ എഴുപതിനാല് ലക്ഷത്തി പതിനൊന്നായിരത്തി നാനൂറ്റി നാൽപത്തിയേഴ്(74,11,447) രൂപയുടെ കുറവാണുണ്ടായത്. ചെയർമാന്റെ വാദം ശരിയാണെങ്കിൽ സെപ്റ്റംബറിലാണ് വരുമാനം കുറയേണ്ടത്. എന്നാൽ ഒക്ടോബറിലാണ് വളരെ കുറവ് വരുമാനമുണ്ടായിരിക്കുന്നത്.

ശബരിമലയിൽ മണ്ഡലക്കാലം തുടങ്ങിയാൽ ഗുരുവായൂരിലും വരുമാനം വർധിക്കാറുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ വരുമാന വർധനവ് ഉണ്ടാകുമോയെന്ന ആശങ്ക ദേവസ്വം ബോർഡിനുമുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരുടെ യാത്രയിൽ ഗുരുവായൂർ ക്ഷേത്രവും ഉൾപ്പെടുമ്പോൾ മാല കെട്ടുന്നവർ മുതൽ ചന്ദനത്തിരി വിൽക്കുന്നവർ വരെയുള്ള വരുമാനം മണ്ഡലകാലത്ത് ഉയരാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP