Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സന്നിധാനത്ത് വിരി വയ്ക്കുന്നത് പൂർണ്ണമായും തടഞ്ഞ് പൊലീസ്; നടയടച്ചാൽ എല്ലാവരേയും പുറത്താക്കും; ഭഗവാനെ കാണാനായി രാത്രിയിൽ ആർക്കും സന്നിധാനത്ത് കാത്ത് നിൽക്കാൻ ആവില്ല; നിരോധനാജ്ഞ എരുമേലിയിലേക്കും മുക്കൂട്ടുതറയിലേക്കും കൂടി വ്യാപിപ്പിച്ചതോടെ അവിടുത്തെ നാട്ടുകാരും പ്രതിഷേധത്തിൽ; രണ്ടും കൽപ്പിച്ചിറങ്ങിയ പൊലീസ് കാട്ടിക്കൂട്ടുന്നത് വിവരക്കേടുകളുടെ കൂമ്പാരം; അടിസ്ഥാന സൗകര്യക്കുറവിലും സുരക്ഷയിലും വലഞ്ഞ് അയ്യപ്പഭക്തർ

സന്നിധാനത്ത് വിരി വയ്ക്കുന്നത് പൂർണ്ണമായും തടഞ്ഞ് പൊലീസ്; നടയടച്ചാൽ എല്ലാവരേയും പുറത്താക്കും; ഭഗവാനെ കാണാനായി രാത്രിയിൽ ആർക്കും സന്നിധാനത്ത് കാത്ത് നിൽക്കാൻ ആവില്ല; നിരോധനാജ്ഞ എരുമേലിയിലേക്കും മുക്കൂട്ടുതറയിലേക്കും കൂടി വ്യാപിപ്പിച്ചതോടെ അവിടുത്തെ നാട്ടുകാരും പ്രതിഷേധത്തിൽ; രണ്ടും കൽപ്പിച്ചിറങ്ങിയ പൊലീസ് കാട്ടിക്കൂട്ടുന്നത് വിവരക്കേടുകളുടെ കൂമ്പാരം; അടിസ്ഥാന സൗകര്യക്കുറവിലും സുരക്ഷയിലും വലഞ്ഞ് അയ്യപ്പഭക്തർ

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: ശബരിമല തീർത്ഥാടനത്തിനോട് അനുബനധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചതിൽ വ്യാപക പ്രതിഷേധം. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ചിത്തിര ആട്ടതിരുന്നാളിന് നട തുറന്നപ്പോഴും ഈ സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ എരുമേലി മുതൽ കണമല വരെയും നിരോധനാജ്ഞ ബാധകമാണ്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഭക്തരുടെ പ്രതിഷേധം ഉണ്ടായാൽ കർശനമായി തടയുന്നതിനാണിത്. ഇത് ജനവാസ കേന്ദ്രങ്ങളെ പോലും പ്രതിസന്ധിയിലാക്കുന്നുണ്ട്. ശബരിമലയിൽ പൊലീസ് ചെയ്യുന്നതൊന്നും ഗുണകരമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതോടെ ശബരിമല വിഷയം സർക്കാരിനും പൊലീസിനും കൂടുതൽ തലവേദനയാവുകയാണ്.

സന്നിധാനത്ത് വിരിവയ്ക്കാൻ ഭക്തരെ അനുവദിക്കില്ലെന്ന നിലപാടിലും പ്രതിഷേധം ശക്തമാണ്. രാത്രിയിൽ ആരേയും സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ നെയ്യഭിഷേകം നടത്താതെ എങ്ങനെ മടങ്ങുമെന്ന ചോദ്യത്തിന് പൊലീസിനും ഉത്തരമില്ല. ചിത്തിര ആട്ട ഉത്സവ സമയത്തും ഇത്തരം നിരോധനങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നും പോലും നടത്താൻ പൊലീസിന് കഴിഞ്ഞില്ല. ഈ സാഹചര്യം അറിയാമായിരുന്നിട്ടും ഇത്തരം തീരുമാനങ്ങൾ സർക്കാർ എടുക്കുന്നത് എന്തിനാണെന്നാണ് ഉയരുന്ന ചോദ്യം. എരുമേലിയിലും മുക്കുട്ടതറയിലും കണമലയിലും എല്ലാം നിരോധനാജ്ഞയിൽ പൊതു ജനവികാരം ശക്തമാണ്. അചാരങ്ങൾ സംരക്ഷിക്കാനുള്ള ഭക്തരുടെ ശ്രമങ്ങളെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

നിരോധനാജ്ഞ വ്യാഴാഴ്ച അർധരാത്രി മുതലാണ് പ്രാബല്യത്തിൽ വന്നത്. ക്രമസമാധാന പ്രശ്‌നം ഉണ്ടെന്നു കണ്ടാൽ വീണ്ടും നീട്ടാനാണ് തീരുമാനം. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ നിലയ്ക്കലിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സാന്നിധ്യത്തിൽ പൊലീസിന്റെ ഉന്നതതല യോഗവും ചേർന്നു. മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ സർവകക്ഷി യോഗം പരാജയപ്പെട്ടതോടെ സുരക്ഷ കൂടുതൽ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. ജലപീരങ്കി ഉൾപ്പെടെയുള്ള സന്നാഹങ്ങൾ നിലയ്ക്കലിൽ ഒരുക്കിയിട്ടുണ്ട്. അട്ട ചിത്തിരയക്കും പ്രതിഷേധക്കാരെ നേരിടാൻ അതിശക്തമായ നടപടികൾ പൊലീസ് എടുത്തിരുന്നു. ഇത് തുടരുമെന്ന സൂചനയാണ് ഇപ്പോഴത്തെ ഇടപെടലുകളും നൽകുന്നത്. എരുമേലിയിലും നിലയ്ക്കലിലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങളുമില്ല. ഇതെല്ലാം ഭക്തരുടെ പ്രതിഷേധം ശക്തമാക്കും. അങ്ങനെ വലിയ സംഘർഷത്തിലേക്ക് തീർത്ഥാടന കാലം മാറാനാണ് സാധ്യത. പ്രളയം പമ്പയെ തകർത്തത് വലിയ പ്രതിസന്ധിയായി ഇപ്പോഴും തുടരുകയാണ്.

അയ്യപ്പന്മാരെ പമ്പ, ഇലവുങ്കൽ, നിലയ്ക്കൽ, അഴുത, എരുമേലി, എന്നിവിടങ്ങളിലെല്ലാം അയ്യപ്പന്മാരെ തടഞ്ഞു. നടതുറക്കുമ്പോൾ തന്നെ ദർശനം നടത്താനായി നിരവധി തീർത്ഥാടകരാണ് എത്തിയിട്ടുള്ളത്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നെത്തിയ അയ്യപ്പന്മാരുടെ വാഹനങ്ങൾ പൊലീസ് ഇലവുങ്കലിൽ തടഞ്ഞു. തുടർന്ന് ഇവരെ കണമലയിലേക്ക് തിരിച്ചയച്ചു. കെഎസ്ആർടിസി ബസിൽ വരുന്നവർ നേരെ പമ്പയിൽ എത്തി. ഇവരെ സന്നിധാനത്തേക്കു വിടാതെ പമ്പയിലും തടഞ്ഞു. എരുമേലിയിൽ പേട്ടതുള്ളി കാനനപാതയിലൂടെ നടന്നുവന്ന അയ്യപ്പന്മാരെ അഴുതയിലും തടഞ്ഞു. ശബരിമല തീർത്ഥാടനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പൊലീസ് ഇത്തരത്തിൽ ഇടപെടൽ നടത്തുന്നത്. മാധ്യമപ്രവർത്തകരെ ഇലവുങ്കലിൽ തടഞ്ഞു. കെഎസ്ആർടിസി ബസിൽ അയ്യപ്പന്മാർ പമ്പ വരെ എത്തിയപ്പോഴും ഇലവുങ്കലിൽ നിന്നു മാധ്യമപ്രവർത്തകരെ നിലയ്ക്കലേക്കു പോലും കടത്തിവിടാതെ തടയുകയായിരുന്നു. ഇവരെ വെള്ളിയാഴ്ച രാവിലെ എട്ടിന് മാത്രമേ കടത്തിവിടു എന്നാണ് പൊലീസ് പറയുന്നത്. തീർത്ഥാടകരെ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മാത്രമായിരിക്കും കടത്തി വിടുക.

പ്രശ്‌നക്കാർ വീണ്ടും ശബരിമലയിൽ എത്തിയാൽ മുൻകരുതൽ അറസ്റ്റിന് തീരുമാനം. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടത്തിരുന്നാളിലും നിലയ്ക്കലും പമ്പയിലും സന്നിധാനത്തും കാനന പാതയിലും നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 1500 പേരുടെ ചിത്രങ്ങൾ പൊലീസിന്റെ കൈവശമുണ്ട്. ഇവർ വീണ്ടുമെത്തിയാൽ അറസ്റ്റ് ചെയ്യും. കെഎസ്ആർടിസി ബസുകൾ നശിപ്പിച്ചവർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്കു ഡിജിപി നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി ഒരു മാസത്തിനകം അറിയിക്കണം. 1.25 കോടി രൂപയുടെ നഷ്്ടമുണ്ടെന്നാണു വിലയിരുത്തൽ.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് നടതുറക്കും

മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രം വെള്ളിയാഴ്ചയാണ് തുറക്കുക. ശബരിമല - മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും വെള്ളിയാഴ്ച നടക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് നട തുറക്കുക. തുടർന്ന് ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറി വരുന്ന പുതിയ മേൽശാന്തിമാരായ എം.എൻ. വാസുദേവൻ നമ്പൂതിരി സന്നിധാനത്തും എം.എൻ നാരായണൻ നമ്പൂതിരി മാളികപ്പുറത്തും മേൽശാന്തിമാരായി ചുമതലയേൽക്കും. പുതിയ മേൽശാന്തിമാരെ അവരോധിച്ച് അഭിഷേകവും നടത്തുന്ന കർമ്മങ്ങൾ ചെയ്യുക തന്ത്രിയായിരിക്കും.

നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. 16 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ശനിയാഴ്ച, വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാരായിരിക്കും പുലർച്ചെ നട തുറക്കുക. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഡിസംബർ 27ന് നടക്കും. അന്നു രാത്രി 10 ന് നട അടയ്ക്കും. ഡിസംബർ 30 ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ജനുവരി 14 ന് ആണ് മകരവിളക്ക്. തീർത്ഥാടനം പൂർത്തിയാക്കി ജനുവരി 20 ന് നട അടയ്ക്കും.

ഇക്കുറി തീർത്ഥാടകർ വലിയ തോതിൽ ദർശനത്തിന് എത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. ഇതു കണക്കിലെടുത്ത് നെയ്യഭിഷേകം, അപ്പം, അരവണ എന്നിവയ്ക്കായി കൂടുതൽ കൗണ്ടറുകൾ സജീകരിച്ചിട്ടുണ്ട്. തീർത്ഥാടകർക്ക് സഹായങ്ങൾ മികച്ച നിലയിൽ സമയ ബന്ധിതമായി നൽകുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ നേതൃത്വത്തിൽ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ വിവിധ സ്ഥലങ്ങളിൽ പ്രവർത്തനം നടത്തും. എ ഡി എം വി.ആർ. പ്രേംകുമാർ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കും.

ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ശക്തമായ സുരക്ഷ പൊലീസ് ഒരുക്കിയിട്ടുണ്ട്. പ്രത്യേക കൺട്രോൾ റൂമുകളും ഇതിനായി പൊലീസ് തുറന്നിട്ടുണ്ട്. തീർത്ഥാടകർക്ക് നിലയ്ക്കൽ നിന്നും പമ്പയിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിന് ആവശ്യമായ ബസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്. നിലയ്ക്കലെ ഓപ്പറേഷൻ തിയേറ്റർ സംവിധാനമുള്ള ആശുപത്രി അടക്കം വിവിധ കേന്ദ്രങ്ങളിൽ തീർത്ഥാടകർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്.

ഒരുക്കുന്നത് വമ്പൻ സുരക്ഷ

ശബരിമല സന്നിധാനം ഉൾപ്പെടുന്ന പ്രദേശങ്ങൾ ആറു മേഖലകളായി തിരിച്ച് നാലു ഘട്ടങ്ങളിലായി സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഉന്നതഉദ്യോഗസ്ഥർക്കു പുറമെ ആകെ 15,259 പൊലീസ് ഉദ്യോഗസ്ഥരെയാണ് തീർത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിരിക്കുന്നത്. ദക്ഷിണമേഖല എഡിജിപി എസ് അനിൽകാന്തിനും ചീഫ് കോർഡിനേറ്റർ എസ് ആനന്ദകൃഷ്ണനുമാണ് പ്രധാന ചുമതലകൾ. ഐജി മനോജ് എബ്രാഹാമും ചീഫ് കോർഡിനേറ്ററായിരിക്കും. സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ നിലയ്ക്കലിൽ ഡിജിപിയുടെ നേതൃത്വത്തിൽ പൊലീസിന്റെ ഉന്നതതല യോഗം ചേർന്നു.

നാലു ഘട്ടങ്ങളിലായി എസ്‌പി, എ.എസ്‌പി തലത്തിൽ ആകെ 55 പേരും, ഡിവൈഎസ്‌പി തലത്തിൽ 11ഖ പേരും, ഇൻസ്പെക്ടർ തലത്തിൽ 359 പേരും എസ്ഐ തലത്തിൽ 1,450 പേരും സുരക്ഷാ ചുമതലയിൽ നിയോഗിച്ചിട്ടുണ്ട്. വനിതാ സിഐ, എസ്ഐ തലത്തിൽ 60 പേരും 860 വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. നവംബർ 15 മുതൽ 30 വരെയുള്ള ഒന്നാം ഘട്ടത്തിൽ 3,450 പൊലീസ് ഉദ്യോഗസ്ഥരെ വിന്ന്യസിച്ചിട്ടുണ്ട്.

ഒരു സബ്ബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 20 അംഗങ്ങളുള്ള കേരള പൊലീസ് കമാൻഡോ സംഘത്തെയും സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഏത് സാഹചര്യവും നേരിടുന്നതിനായി തണ്ടർ ബോൾട്ടിന്റെ ഒരു പ്ലറ്റൂണിനെ മണിയാറിൽ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കിമാക്കുന്ന കേരള പൊലീസിന്റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP