Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയുടെയും ഇസ്രയേലിന്റെയും മുമ്പിൽ മുഖം കാക്കാൻ ഉത്തരവനുസരിച്ച അഞ്ചുപേർക്ക് വധശിക്ഷ കൊടുക്കാൻ ആലോചിച്ച് സൗദി; ഖഷോഗിയുടെ പേരിൽ കേസെടുത്ത 21 പേരിൽ അഞ്ചുപേർക്കെതിരെ ചുമത്തിയതുകൊലക്കുറ്റം

അമേരിക്കയുടെയും ഇസ്രയേലിന്റെയും മുമ്പിൽ മുഖം കാക്കാൻ ഉത്തരവനുസരിച്ച അഞ്ചുപേർക്ക് വധശിക്ഷ കൊടുക്കാൻ ആലോചിച്ച് സൗദി; ഖഷോഗിയുടെ പേരിൽ കേസെടുത്ത 21 പേരിൽ അഞ്ചുപേർക്കെതിരെ ചുമത്തിയതുകൊലക്കുറ്റം

മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ വധിച്ച സംഘത്തിലെ അഞ്ചുപേർക്ക് വധശിക്ഷ നൽകാൻ സൗദി അറേബ്യ ആലോചിക്കുന്നു. ഖഷോഗിയുടെ വധത്തിൽ പങ്കില്ലെന്ന് തെളിയിക്കാനും കൊലപാതകത്തിനെതിരേ ലോകമെമ്പാടുമായി ഉയർന്ന പ്രതിഷേധം തണിപ്പിക്കാനുമാണ് സൗദിയുടെ ശ്രമം. എന്നാൽ, രാജകൊട്ടാരത്തിൽനിന്നുള്ള ഉത്തരവനുസരിച്ച് തുർക്കിയിലെത്തി സൗദി അറേബ്യൻ എംബസിക്കുള്ളിൽവെച്ച് ഖഷോഗിയെ കൊലപ്പെടുത്തിയവരെ വധശിക്ഷയ്ക്ക് വിധിക്കുന്നതെങ്ങനെയെന്ന ചോദ്യവും രഹസ്യമായി ഉയരുന്നുണ്ട്.

ഒക്ടോബർ രണ്ടിനാണ് ജമാൽ ഖഷോഗിയെ എംബസിക്കുള്ളിൽവെച്ച് വധിച്ചത്. കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങൾ നുറുക്കി ആസിഡൊഴിച്ച് എരിച്ച് ഓടയിലൊഴുക്കുകയായിരുന്നുവെന്ന് തെളിഞ്ഞുകഴിഞ്ഞു. കൊലപാതകത്തിൽ പങ്കില്ലെന്ന് ആദ്യം നിലപാടെടുത്ത സൗദിക്ക് പിന്നീട് മാറ്റിപ്പറയേണ്ടിവന്നു. ചോദ്യം ചെയ്യലിനിടെയുണ്ടായ കൈയാങ്കളിക്കിടെ ഖഷോഗി വധിക്കപ്പെടുവെന്നാണ് ഔദ്യോഗിക വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് 21 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

കസ്റ്റഡിയിലുള്ളവരിൽ 11 പേർക്കെതിരേയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ഇതിൽ അഞ്ചുപേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കുകയെന്ന് സൗദി ഡപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഷാലൻ അൽ ഷാലൻ പറഞ്ഞു. ഖഷോഗിയെ കൊല്ലാൻ ഉത്തരവിടുകയും കൊലപ്പെടുത്തുകയും ചെയ്ത അഞ്ചുപേർക്കാണ് വധശിക്ഷ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്ക് അവരുടെ കുറ്റം അനുസരിച്ചുള്ള ശിക്ഷ ലഭിക്കുമെന്നും ഡപ്യൂട്ടി പ്രോസിക്യൂട്ടർ പറഞ്ഞു.

ഖഷോഗിയുടെ കൊലപാതകത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കില്ലെന്ന് സൗദി പ്രോസിക്യൂട്ടർ സൗദ് അൽ മൊജീബ് പറഞ്ഞു. അമേരിക്കയിലേക്ക് രാഷ്ട്രീയാഭയം തേടിയ ഖഷോഗിയെ സൗദിയിൽ തിരികെയെത്തിക്കുന്നതിനും അതിന് 15 സംഘത്തെ ഇസ്താംബുളിലേക്ക് അയച്ചതും രഹസ്യാന്വേഷണവിഭാഗം ഉപമേധാവി അഹമ്മദ് അൽ അസീരിയാണ്. സെപ്റ്റംബർ 29-ന് കൊലപാതകം നടത്താനുള്ള പരിശീലനം സംഘം റിയാദിൽവെച്ച് നേടിയതായും മൊജീബ് പറഞ്ഞു.

സെപ്റ്റംബർ 28-നാണ് ഖഷോഗി ഇസ്താംബുളിലെ എംബസിയിൽ ആദ്യമെത്തിയത്. കാമുകിയെ വിവാഹം കഴിച്ച് തുർക്കിയിൽ സ്ഥിരതാമസമാക്കാനുദ്ദേശിച്ചിരുന്ന ഖഷോഗി, ആദ്യഭാര്യയിൽനിന്ന് വിവാഹമോചനം നേടിയതിന്റെ രേഖകൾ സ്വന്തമാക്കുന്നതിനാണ് എംബസ്സിയിലെത്തിയത്. നാലുദിവസത്തിനുശേഷം വരാൻ എംബസി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഒക്ടോബർ രണ്ടിന് അദ്ദേഹം വീണ്ടുമെത്തിയത്. ഉച്ചയോടെ എംബസിക്കുള്ളിലേക്ക് കടന്ന അദ്ദേഹം പിന്നീട് തിരിച്ചുവന്നില്ല.

ഖഷോഗി വധത്തിൽ സൗദി രാജകുടുംബത്തെ വിമർശിക്കാൻ തയ്യാറായില്ലെങ്കിലും അമേരിക്കയും ഇസ്രയേലുമടക്കമുള്ള രാജ്യങ്ങൾ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന നിലപാടെടുത്തിരുന്നു. അന്താരാഷ്ട്ര തലത്തിൽനിന്നുള്ള സമ്മർദം ശക്തമായതോടെ അഞ്ചുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി തലയൂരാനാണ് സൗദിയുടെ ശ്രമമെന്നും വിമർശനവുമുയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP