Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മന്ത്രി സുധാകരന്റെ ഭാര്യയുടെ നിയമന വിവാദം; സിൻഡിക്കേറ്റ് കൈക്കൊള്ളാത്ത തീരുമാനം മിനിട്‌സിലുൾപ്പെടുത്തിയ രജിസ്ട്രാർ തെറിച്ചു

മന്ത്രി സുധാകരന്റെ ഭാര്യയുടെ നിയമന വിവാദം; സിൻഡിക്കേറ്റ് കൈക്കൊള്ളാത്ത തീരുമാനം മിനിട്‌സിലുൾപ്പെടുത്തിയ രജിസ്ട്രാർ തെറിച്ചു

തിരുവനന്തപുരം: മന്ത്രി സുധാകരന്റെ ഭാര്യയുടെ നിയമന വിവാദത്തിൽ ജൂബിലി നവപ്രഭയ്ക്ക് അനുകൂലമായി മിനിട്‌സ് തിരുത്തിയ രജിസ്ട്രാറെ ചുമതലയിൽ നിന്നും മാറ്റി. ഡോ. ജൂബിലി നവപ്രഭ വഹിച്ചിരുന്ന കേരള സർവകലാശാല സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടർ തസ്തിക സ്ഥിരപ്പെടുത്തുന്നതിനു വേണ്ടി സിൻഡിക്കേറ്റ് കൈക്കൊള്ളാത്ത തീരുമാനം മിനിട്‌സിലുൾപ്പെടുത്തിയ രജിസ്ട്രാർ ഡോ. ആർ. ജയചന്ദ്രനെയാണ് തത്സ്ഥാനത്ത് നിന്ന് നീക്കിയത്. ഓറിയന്റൽ സ്റ്റഡീസിലെ ഡീൻ ഡോ. സി.ആർ. പ്രസാദിന് രജിസ്ട്രാറുടെ ചുമതല നൽകി.

സിൻഡിക്കേറ്റിൽ ചർച്ച ചെയ്യാത്ത കാര്യം യോഗത്തിന്റെ മിനിട്‌സിൽ ഉൾപ്പെടുത്തുക ആയിരുന്നു. സെപ്റ്റംബർ 24ലെ സിൻഡിക്കേറ്റ് യോഗത്തിന്റെ മിനിട്‌സിലാണ് ഡയറക്ടർ തസ്തിക സ്റ്റാറ്റിയൂട്ടറി പോസ്റ്റ് ആക്കി മാറ്റാനായി സർവകലാശാലാ സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്യാനുള്ള ശുപാർശ നൽകാൻ രജിസ്ട്രാറെ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയെന്ന് തിരുത്തി എഴുതിയത്. അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യം എങ്ങനെ മിനിട്‌സിൽ ഉൾപ്പെട്ടെന്ന് പരിശോധിക്കണമെന്നും ഇന്നലെ ചേർന്ന യോഗത്തിൽ സിൻഡിക്കേറ്റംഗം കെ.എച്ച്. ബാബുജാൻ ആവശ്യപ്പെട്ടു.

24ലെ യോഗത്തിലെ അഭിപ്രായങ്ങൾ മിനിട്‌സായി എഴുതുകയായിരുന്നു. എന്നാൽ യോഗം ചർച്ച ചെയ്യാത്ത കാര്യം കൂടി ജയചന്ദ്രൻ എഴുതി ചേർക്കുക ആയിരുന്നു. അതിനിടെ, മിനിട്‌സിന്റെ കൈയെഴുത്തുപ്രതി നഷ്ടപ്പെട്ടെന്ന് ഡോ. ജയചന്ദ്രൻ വിശദീകരിച്ചു. മിനിട്‌സ് ഒക്ടോബറിലെ സിൻഡിക്കേറ്റ് യോഗം അംഗീകരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞെങ്കിലും സിൻഡിക്കേറ്റ് ഈ വിശദീകരണം തള്ളി. ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കാൻ അദ്ദേഹം സന്നദ്ധനായി. കാര്യവട്ടത്തെ ഹിന്ദി അദ്ധ്യാപകനായ ജയചന്ദ്രന് രജിസ്ട്രാറുടെ ചുമതല മാത്രമേയുള്ളൂവെന്നും രാജിവയ്ക്കാനാവില്ലെന്നും വിലയിരുത്തിയ സിൻഡിക്കേറ്റ് അദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കുകയായിരുന്നു.

മിനിട്‌സിൽ ക്രമക്കേടുണ്ടായതിനെക്കുറിച്ച് വൈസ് ചാൻസലർ പ്രാഥമിക അന്വേഷണം നടത്തിയശേഷം ക്രൈംബ്രാഞ്ചിന്റെയോ പൊലീസിന്റെയോ അന്വേഷണത്തിന് ശുപാർശ നൽകാൻ സിൻഡിക്കേറ്റ് നിർദ്ദേശിച്ചു. മിനിട്‌സ് തയ്യാറാക്കുന്ന ചുമതലയിൽ നിന്ന് ജോയിന്റ് രജിസ്ട്രാർ ഉണ്ണിക്കൃഷ്ണനെ ഒഴിവാക്കി. അദ്ദേഹത്തിന് കാരണംകാണിക്കൽ നോട്ടീസ് നൽകും. തനിക്കെതിരായ ഗൂഢാലോചന പൊലീസ് അന്വേഷിക്കണമെന്ന് ഡോ. ജൂബിലി നവപ്രഭ വി സിക്ക് കത്തുനൽകിയിട്ടുണ്ട്. തസ്തിക ഉയർന്ന ശമ്പളത്തോടെ സ്ഥിരപ്പെടുത്താൻ പോകുന്നതായ പ്രചാരണത്തെ തുടർന്ന് ജൂബിലി നവപ്രഭ ഡയറക്ടർ സ്ഥാനം രാജിവച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP