Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

25 കോടിയുടെ ഉപകരണങ്ങൾ എവിടെ പോയെന്ന് നിശ്ചയമില്ല; അമരവിള ചെക്ക് പോസ്റ്റ് വരെ എത്തിയ 500 ലാപ്‌ടോപ്പുകളും മുക്കി; ദേശീയ ഗെയിംസ് അഴിമതിയുടെ കൂത്തരങ്ങായി മാറുന്നത് ഇങ്ങനെ

25 കോടിയുടെ ഉപകരണങ്ങൾ എവിടെ പോയെന്ന് നിശ്ചയമില്ല; അമരവിള ചെക്ക് പോസ്റ്റ് വരെ എത്തിയ 500 ലാപ്‌ടോപ്പുകളും മുക്കി; ദേശീയ ഗെയിംസ് അഴിമതിയുടെ കൂത്തരങ്ങായി മാറുന്നത് ഇങ്ങനെ

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിന് കൊണ്ടുവന്ന 500 ലാപ് ടോപ്പുകൾ അപ്രത്യക്ഷമായി. ഇതിലൂടെ രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. ലാപ്‌ടോപ്പുകളുമായി ദിവസങ്ങൾക്കുമുമ്പ് ഡൽഹിയിൽനിന്ന് പുറപ്പെട്ട വാഹനം ഗെയിംസ് തുടങ്ങി രണ്ടു ദിവസം പിന്നിട്ടിട്ടും തിരുവനന്തപുരത്ത് എത്തിയില്ല. ലാപ്‌ടോപ്പുമായി വന്ന വാഹനം അമരവിള ചെക്‌പോസ്റ്റിൽ കുടുങ്ങിയെന്നാണ് ഞായറാഴ്ച മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചത്. അമരവിളയിൽ നിന്ന് രണ്ട് ദിവസമായിട്ടും തിരുവനന്തപുരത്ത് എത്തിയില്ല.

സംഘാടകർക്കും വിവിധ ജില്ലകളിലെ മീഡിയ സെന്ററുകളിലും ഉപയോഗിക്കാനാണ് ഇത്രയും ലാപ്‌ടോപ്പിന് ഓർഡർ നൽകിയത്. ചൈനീസ് നിർമ്മിത ലാപ്‌ടോപുകൾ ഡൽഹിയിലെത്തിയതായി നേരത്തെ സംഘാടകർ അറിയിച്ചിരുന്നു. സൈനിക വാഹനങ്ങൾക്കുള്ള പരിഗണനയാണ് ദേശീയ ഗെയിംസിനുള്ള സാമഗ്രികളെത്തിക്കുന്ന വാഹനങ്ങൾക്ക് നൽകിയത്. ദേശീയ ഗെയിംസ് സാമഗ്രികളുമായി വരുന്ന വാഹനങ്ങളെ ഒരു ചെക്‌പോസ്റ്റിലും തടഞ്ഞില്ല.

500 ലാപ്‌ടോപ്പിൽ 50 എണ്ണം ഡൽഹിയിൽത്തന്നെ അപ്രത്യക്ഷമായെന്നും ആരോപണം ഉണ്ട്. 450 എണ്ണം പുറപ്പെട്ടു. 150 എണ്ണം പ്രധാന മീഡിയ സെന്ററിലേക്ക്. ബാക്കി 300 എണ്ണം ഒഫീഷ്യലുകൾക്കും വിവിധ ജില്ലകളിലെ മീഡിയ സെന്ററുകൾക്കും. അതിനിടെ തിരുവനന്തപുരം മീഡിയ സെന്ററിനുള്ള ലാപ്‌ടോപ് നേരത്തെ കൈമാറിയെന്ന് ഗെയിംസ് ഐസിടി സെൽ ചുമതല വഹിക്കുന്ന സുരേഷ് വർഗീസ് പറഞ്ഞു. എന്നാൽ എണ്ണം വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ തിരുവനന്തപുരത്തെ കംപ്യൂട്ടറുകളെല്ലാം വാടകയ്ക്ക് എടുത്തതാണെന്നാണ് സൂചന.

സാങ്കേതിക സാധനങ്ങൾ വാടകയ്‌ക്കെടുത്തതിലുള്ള വൻ അഴിമതി ഉദ്ഘാടന ദിവസംതന്നെ പുറത്തുവന്നു. ഉദ്ഘാടന വേദിയുടെ ലൈറ്റിങ് ഉപകരണങ്ങളുടെ വാടക 2.65 കോടി രൂപയാണ്. ഈ തുകയ്ക്ക് ഡൽഹിയിലെ മോഡേൺ ലൈറ്റിങ് കമ്പനിയിൽനിന്ന് ഇത്രയും സാധനങ്ങൾ സ്വന്തമായി വാങ്ങാൻ കഴിയുമായിരുന്നുവെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. എൽഇഡി ഡിസ്‌പ്ലേയ്ക്ക് വാടക 2.26 കോടിയാണ്. എൽഇഡികൾ സ്‌ക്വയർ ഫീറ്റിന് പരമാവധി 300 രൂപ വാടകയ്ക്ക് ലഭിക്കും. പുതുതായി വാങ്ങുന്നതിനുപോലും ഇത്രയും തുക ആകില്ല. ഉദ്ഘാടന കരിമരുന്ന് പ്രയോഗത്തിന് 1.25 കോടി ചെലവഴിച്ചുവെന്നാണ് രേഖ.

പരിശീലനത്തിന് കേരളതാരങ്ങൾക്ക് 30 കോടിയുടെ ഉപകരണങ്ങൾ വാങ്ങാൻ ഓർഡർ കൊടുത്തുവെന്നാണ് പറയുന്നത്. അഞ്ചു കോടിയുടെ ഉപകരണംപോലും എത്തിയിട്ടില്ല. ബാക്കി 25 കോടി എങ്ങോട്ട് പോകുമെന്ന് ഉറപ്പില്ല. ഉപകരണങ്ങൾ വാങ്ങുന്നതിനു പിന്നിൽ വൻ കമ്മിഷൻ ഇടപാടാണ് നടന്നത്. മാദ്ധ്യമപ്രവർത്തകർക്കുള്ള കിറ്റിൽനിന്ന് സാധനങ്ങൾ സംഘാടകർ അടിച്ചുമാറ്റി. ഭക്ഷണക്കരാർ ജമ്മു കശ്മീരിലെ കമ്പനിക്ക് നൽകിയതിനു പിന്നിലും വൻ ക്രമക്കേടാണ് നടന്നത്. കേരളത്തിലെ കാറ്ററിങ് കമ്പനികളെ ഒഴിവാക്കാൻ സംഘാടകർ കള്ളക്കളി നടത്തി. ഗെയിംസിനാകെ 600 കോടി രൂപയാണ് അനുവദിച്ചത്.

ഗെയിംസ് അഴിമതി ഉദ്യോഗസ്ഥരിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമമെന്നും ആരോപണമുണ്ട്. എന്നാൽ, വകുപ്പുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരമാണ് എല്ലാം നടന്നത്. റൺ കേരള റൺ എന്ന പേരിൽ 10 കോടി രൂപ ചെലവഴിച്ച് കൂട്ടയോട്ടം നടത്തിയതുമുതൽ ഓരോ കാര്യവും നടന്നത് മന്ത്രിയുടെ മേൽനോട്ടത്തിലാണ്. പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ തലസ്ഥാനത്തെ സ്പോർട്സ് ലേഖകനും മലയാള പത്രത്തിലെ സ്പോർട്സ് ലേഖകനും ക്ലബ് ഭാരവാഹിയുമാണ് മന്ത്രിയുടെയും സംഘാടകരുടെയും മുഖ്യ ഉപദേശകർ. ഇവർക്കെതിരേയും അന്വേഷണം വേണമെന്ന ആവശ്യം സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP