Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദർശനത്തിന് എത്തുമെന്ന് ഇതുവരെ പ്രതീക്ഷിച്ചത് അഞ്ച് ലക്ഷം; പൊലീസിന്റെ അനൗദ്യോഗിക കണക്കിൽ മലചവിട്ടിയത് ഒരു ലക്ഷത്തിൽ താഴെ ഭക്തരും; അപ്പം അരവണ വിൽപ്പന പകുതിയായി കുറഞ്ഞു; വരുമാനത്തിലും ഗണ്യമായ ഇടിവ്; സംഘപരിവാറിനെ പേടിച്ച് ശബരിമലയെ നഷ്ടക്കച്ചവടമാക്കി മാറ്റി പൊലീസ്; ഭക്തരുടെ കഷ്ടപ്പാടിൽ ദേവസ്വം ബോർഡിനും കടുത്ത നിരാശ

ദർശനത്തിന് എത്തുമെന്ന് ഇതുവരെ പ്രതീക്ഷിച്ചത് അഞ്ച് ലക്ഷം; പൊലീസിന്റെ അനൗദ്യോഗിക കണക്കിൽ മലചവിട്ടിയത് ഒരു ലക്ഷത്തിൽ താഴെ ഭക്തരും; അപ്പം അരവണ വിൽപ്പന പകുതിയായി കുറഞ്ഞു; വരുമാനത്തിലും ഗണ്യമായ ഇടിവ്; സംഘപരിവാറിനെ പേടിച്ച് ശബരിമലയെ നഷ്ടക്കച്ചവടമാക്കി മാറ്റി പൊലീസ്; ഭക്തരുടെ കഷ്ടപ്പാടിൽ ദേവസ്വം ബോർഡിനും കടുത്ത നിരാശ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: കൊച്ചി വിമാനത്താവളത്തിൽ തൃപ്തി ദേശായി എത്തിയത് ശബരിമല ദർശനത്തിനാണ്. അവരെ സന്നിധാനത്ത് എത്തിക്കാൻ പൊലീസ് സഹായമൊന്നും ചെയ്തില്ല. നിലയ്ക്കലിൽ എത്തിയാൽ കൊണ്ടു പോകാമെന്നാണ് തൃപ്തി ദേശായിയോട് അവർ പറഞ്ഞത്. യുവതി പ്രവേശനത്തിലെ പൊലീസ് നിലപാട് ഇരട്ടത്താപ്പാണെന്ന് ഏവരും പറയുന്നു. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ തീർത്ഥാടകർക്കും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഇതിനെതിരെ പ്രതിഷേധവുമായി സംഘപരിവാർ എത്തിയതോടെ സമാധാനത്തിന്റെ കാനനക്ഷേത്രമായ ശബരിമല കലാപാന്തരീക്ഷത്തിൽ മുഖരിതമായി. ആരും ശബരിമലയിലേക്ക് എത്താത്ത അവസ്ഥ. വൃശ്ചികമാസത്തിലെ ആദ്യ ഞായറാഴ്ച പോലും ആരും എത്തിയില്ല.

കച്ചവടമെല്ലാം കുറഞ്ഞു. ഡോളിക്കാർക്ക് പോലും ആരേയും കിട്ടാത്ത അവസ്ഥ. പൊലീസ് നിയന്ത്രണങ്ങൾ ശക്തമായതിനാൽ ആളുകൾ ഭീതിയിലാണ്. പമ്പയിൽ നിന്ന് മലകയറാൻ ഒന്നരമണിക്കൂർ വേണം. ഇങ്ങനെ മലകയറി ക്ഷീണിച്ച് എത്തുന്നവർ അവിടെ വിശ്രമിക്കുന്ന പതിവുണ്ട്. കുട്ടികളും പ്രായമായവരും വിരിവച്ച് കിടക്കാറുമുണ്ട്. ഇതെല്ലാം നിഷേധിച്ചതോടെ ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ പോലും ശബരിമലയിലേക്ക് വരുന്നില്ല. ഇതോടെ പ്രതിസന്ധി കൂടുകയാണ്. ശബരിമലയിലെ പ്രശ്‌നങ്ങൾ ദേവസ്വം ബോർഡിന്റെ വരുമാനത്തെയും ബാധിച്ചു. അപ്പം, അരവണ വിൽപ്പന കുത്തനെ കുറഞ്ഞു. ഇതോടെ, അപ്പം നിർമ്മാണം ദേവസ്വംബോർഡ് ഭാഗികമായി നിർത്തി. ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് വിൽപ്പന കുറഞ്ഞതിനാൽ അപ്പം നിർമ്മാണം നിറുത്തുന്നത്.

സന്നിധാനത്ത് ലക്ഷങ്ങളും കോടികളും നൽകി ഹോട്ടലും മറ്റും ലേലത്തിന് പിടിച്ച കച്ചവടക്കാരും പ്രതിസന്ധിയിലാണ്. അവർക്ക് മുടക്ക് മുതൽ പോലും കിട്ടില്ലെന്ന അവസ്ഥയാണുള്ളത്. സന്നിധാനത്ത് ആരും നിൽക്കുന്നില്ല. ഇതുകൊണ്ട് കച്ചവടവും ഇല്ല. ഇതിനൊപ്പം കെ എസ് ആർ ടി സിയെ പോലും പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് പൊലീസിന്റെ ഇടപെടൽ. തിരുവിതാകൂർ ദേവസ്വം ബോർഡും പെട്ട അവസ്ഥയിലാണ്. സർക്കാരിനോട് ഒന്നും പറഞ്ഞിട്ടും കാര്യമില്ല. വൻ തോതിൽ പ്രതിഷേധക്കാർ എത്തിയ ആട്ട ചിത്തിരയ്ക്ക് പോലും സന്നിധാനത്തെ നടവരുമാനം കൂടിയിരുന്നു. എന്നാൽ പൊലീസിനെ ഭയന്ന് ആരും എത്താതായതോടെ കാര്യങ്ങൾ കൈവിട്ടു പോയി. വാവര് നടയിലെ പ്രാർത്ഥന പോലും നിഷേധിക്കുകയാണ് ശബരിമലയിൽ. ഇതെല്ലാം പ്രതിഷേധത്തിന് ഇടനൽകുന്നു.

സാവകാശ ഹർജിയിൽ ദേവസ്വം ബോർഡ് വലിയ പ്രതീക്ഷയിലാണ്. ഈ ഹർജിയിൽ അനുകൂല തീരുമാനം ഉണ്ടായാൽ പ്രശ്‌നമെല്ലാം മാറുമെന്നും ഭക്തർ എത്തി തുടങ്ങുമെന്നുമാണ് വിലയിരുത്തൽ. എന്നാൽ സവകാശ ഹർജി സുപ്രീംകോടതി തള്ളിയാൽ സംഘർഷം തുടരും. ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വലിയ തലവേദനയായി മാറും. ദേവസ്വം ബോർഡിന് കീഴിലുള്ള വരുമാനം ഏറെയുള്ള ക്ഷേത്രമാണ് ശബരിമല. ഇവിടുത്ത വരുമാനം ഉപയോഗിച്ചാണ് മറ്റ് ക്ഷേത്രങ്ങളിലെ നിത്യചെലവുകൾ പോലും ബോർഡ് നടത്തുന്നത്. അതുകൊണ്ട് തന്നെ വരുമാനം ഇടിയുന്നത് വലിയ പ്രതിസന്ധിയായി മാറും. പൊലീസിന്റെ നിയന്ത്രണത്തിൽ ദേവസ്വം ബോർഡിന് കടുത്ത നിരാശയുണ്ട്. എന്നാൽ സർക്കാരിനെ പേടിച്ച് ഇത് പുറത്തു കാട്ടുകയുമില്ല.

വലിയ കാണിക്ക ഇടാനാവത്ത അവസ്ഥയുമുണ്ട്. സന്നിധാനത്ത് ദർശനം കഴിഞ്ഞ് മടങ്ങുന്നവരിൽ ബഹുഭൂരിഭാഗവും വലിയ കാണിക്ക ഇടുന്നവരാണ്. വളരെ കുറവ് പേർ മാത്രമാണ് ദിവസവും എത്തുന്നത്. ഇതുവരെ വെറും ഒരു ലക്ഷം പേർ മാത്രമാണ് സന്നിധാനത്ത് എത്തിതെന്നാണ് പൊലീസിന്റെ പോലും കണക്ക്. ഇത് ദേവസം ബോർഡിനെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വൃശ്ചികമാസം ഒന്നാംതീയതി 1,32,000 ടിൻ അരവണയാണ് വിറ്റത്. ഇത്തവണയാകട്ടെ 82,000 ടിൻ മാത്രം. 50,000 ടിൻ കുറവ്. വരുമാനം 1.05 കോടിയിൽനിന്ന് 65.6 ലക്ഷംരൂപയായി കുറഞ്ഞു. നേർച്ചയിലും വഴിപാടിലുമെല്ലാം ഇത് ദൃശ്യമാണ്. ഇതോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന് ദേവസ്വം ബോർഡ് കണക്ക് കൂട്ടുന്നു.

അഞ്ച് ലക്ഷം പേരെങ്കിലും സന്നിധാനത്ത് എത്തേണ്ട സമയം കഴിഞ്ഞു. ഇവിടെയാണ് പൊലീസ് പോലും അനൗദ്യോഗികമായി ഒരു ലക്ഷത്തിൽ താഴയേ ഭക്തരെത്തിയുള്ളൂവെന്ന് പ്രഖ്യാപിക്കുന്നത്. മൂന്നുലക്ഷം പാക്കറ്റ് അപ്പം കരുതലുള്ളതിനാലാണ് അപ്പത്തിന്റെ ഉത്പാദനം കുറച്ചത്. മൂന്ന് അപ്പംനിർമ്മാണ യൂണിറ്റുകളിൽ രണ്ടെണ്ണത്തിലെ നിർമ്മാണമാണ് നിർത്തിയത്. അപ്പം അധികകാലം കേടുകൂടാതെ സൂക്ഷിക്കാനാകാത്തതിനാൽ കൂടുതൽ നിർമ്മിക്കുന്നത് ബോർഡിന് വൻ നഷ്ടമുണ്ടാക്കും. സന്നിധാനത്ത് ആഴിക്ക് സമീപമുള്ള പ്രധാന കൗണ്ടറിലേക്ക് തീർത്ഥാടകർക്ക് എത്തുന്നതിന് തടസ്സമായുള്ള പൊലീസ് ബാരിക്കേഡാണ് ദേവസ്വം ബോർഡിന് വലിയ തലവേദനയാണ്.

ബാരിക്കേഡുവെച്ച് അടച്ചത് വിൽപ്പനയെ ബാധിച്ചതായി ദേവസ്വം അധികൃതർ പറഞ്ഞു. മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള കൗണ്ടറിലൂടെയാണ് കൂടുതൽ വിൽപ്പനയും നടന്നത്. ഓരോ വർഷവും വലിയ വർധനയാണ് കാണിക്കയുടെ കാര്യത്തിൽ ഉണ്ടാകാറുള്ളത്. ഇക്കുറി 2000 രൂപയുടെ നേരിയ വർധന ഉണ്ടായെന്നുമാത്രം പറയുന്നു. കണക്കുകൾ തത്കാലം ദേവസ്വം ബോർഡ് പുറത്തുവിടുന്നില്ല. കണക്ക് പുറത്തു വിടരുതെന്ന് ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്ക് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP