Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ യാക്കോബായ സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി; സഭയുടെ ചരിത്രത്തിലാദ്യമായി രഹസ്യബാലറ്റിലൂടെ തിരഞ്ഞെടുപ്പ് ; ഫലപ്രഖ്യാപനത്തെ കരഘോഷത്തോടെ സ്വീകരിച്ച് വിശ്വാസികൾ; പ്രതിനിധി യോഗത്തിൽ പങ്കെടുത്തത് 2424 വോട്ടർമാർ

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ യാക്കോബായ സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി; സഭയുടെ ചരിത്രത്തിലാദ്യമായി രഹസ്യബാലറ്റിലൂടെ തിരഞ്ഞെടുപ്പ് ; ഫലപ്രഖ്യാപനത്തെ കരഘോഷത്തോടെ സ്വീകരിച്ച് വിശ്വാസികൾ; പ്രതിനിധി യോഗത്തിൽ പങ്കെടുത്തത് 2424 വോട്ടർമാർ

മറുനാടൻ ഡെസ്‌ക്‌

പുത്തൻകുരിശ് (കൊച്ചി): യാക്കോബായ സഭയിലെ സമാധാനപരമായ 'തിരഞ്ഞെടുപ്പ് ചൂടിന്' ശുഭ സമാപ്തി. സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെ തിരഞ്ഞെടുത്തു. സഭയുടെ ചരിത്രത്തിലാദ്യമായാണ് രഹസ്യബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. സഭയുടെ വൈദീക ട്രസ്റ്റിയായി സ്ലീബ പോൾ വട്ടവേലിൽ കോറെപ്പിസ്‌കോപ്പാ, അൽമായ ട്രസ്റ്റിയായി സി.കെ. ഷാജി ചുണ്ടയിൽ, സഭാ സെക്രട്ടറിയായി പീറ്റർ.കെ. ഏലിയാസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

പുത്തൻകുരിശിലെ യാക്കോബായ സഭാ ആസ്ഥാനത്ത് ഇന്നലെ ഭാരവാഹികളെ നിശ്ചയിക്കാൻ ബാലറ്റിലൂടെ നടത്തിയ തിരഞ്ഞെടുപ്പ് സഭാചരിത്രത്തിലെ നാഴികക്കല്ലായി. 2002ലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിനുശേഷം തിരഞ്ഞെടുപ്പിനു സഭാകേന്ദ്രം വേദിയായിട്ടില്ല. അന്നു മുതൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായി തുടരുന്ന ശ്രേഷ്ഠ ബാവായ്ക്ക് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നുവെന്നതും സവിശേഷതയാണ്. അൽമായ ട്രസ്റ്റി, സെക്രട്ടറി സ്ഥാനങ്ങൾ തമ്പു ജോർജ് തുകലനും ജോർജ് മാത്യു തെക്കേത്തലയ്ക്കലും 16 വർഷമായി മാറിമാറി കൈകാര്യം ചെയ്തു വരികയായിരുന്നു.

5 വർഷമാണ് ഭരണസമിതിയുടെ കാലാവധി. മുൻ ഭരണസമിതിയുടെ കാലാവധി ഒരു വർഷം മുൻപ് അവസാനിച്ചെങ്കിലും പള്ളിപ്രതിനിധിയോഗം ചേരാൻ വൈകിയതിനാൽ ഇവർ തുടരുകയായിരുന്നു. യാക്കോബായ സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടന്ന പള്ളി പ്രതിനിധി യോഗത്തിൽ 2,424 പേരാണു വോട്ടർമാരായുണ്ടായത്. മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനത്തേക്കു മൽസരിച്ച ശേഷ്ഠ ബാവായ്ക്കു 1,191 വോട്ടും കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസിനു 1,046 വോട്ടും ലഭിച്ചു. വൈദിക ട്രസ്റ്റി സ്ഥാനത്തേക്കു 3 പേരാണു മൽസരിച്ചത്. സ്ലീബ പോൾ കോറെപ്പിസ്‌കോപ്പയ്ക്കു 944 വോട്ടും ഇ.സി. വർഗീസ് കോറെപ്പിസ്‌കോപ്പയ്ക്കു 908 വോട്ടും പീറ്റർ വേലംപറമ്പിൽ കോറെപ്പിസ്‌കോപ്പയ്ക്കു 373 വോട്ടും ലഭിച്ചു.

അൽമായ ട്രസ്റ്റി തിരഞ്ഞെടുപ്പിൽ സി.കെ. ഷാജി ചുണ്ടയിലിന് 1,273 വോട്ടും പി.ജേക്കബ് പരത്തുവയലിനു 959 വോട്ടും ലഭിച്ചു. സെക്രട്ടറി സ്ഥാനത്തേക്കു പീറ്റർ കെ. ഏലിയാസ് 1,329 വോട്ടും രഞ്ജൻ ഏബ്രഹാം 893 വോട്ടും നേടി. 5 വർഷത്തേക്കാണു കാലാവധി. 228 അംഗ മാനേജിങ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പ്രഫ.ബേബി എം.വർഗീസ് വരണാധികാരിയായി. രാവിലെ 11നു ശ്രേഷ്ഠ ബാവായുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ജോസഫ് മാർ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്കു ശേഷമായിരുന്നു തിരഞ്ഞെടുപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP