Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ ഷാജിക്കുവേണ്ടി കപിൽ സിബലോ മനു അഭിഷേക് സിങ്വിയോ ഹാജരാകും; സുപ്രീം കോടതിയിൽ നിയമപോരാട്ടം ശക്തമാക്കാൻ ഒരുങ്ങി മുസ്ലിം ലീഗ്; ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി

അഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ ഷാജിക്കുവേണ്ടി കപിൽ സിബലോ മനു അഭിഷേക് സിങ്വിയോ ഹാജരാകും; സുപ്രീം കോടതിയിൽ നിയമപോരാട്ടം ശക്തമാക്കാൻ ഒരുങ്ങി മുസ്ലിം ലീഗ്; ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി

രഞ്ജിത്ത് ബാബു

കണ്ണൂർ: കെ.എം. ഷാജി എംഎൽഎയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ ഇറക്കി നിയമപോരാട്ടത്തിന് ഒരുങ്ങി മുസ്ലിം ലീഗ്. സുപ്രീം കോടതിയിൽ പ്രമുഖ അഭിഭാഷകരായ കപിൽ സിബൽ, മനു അഭിഷേക് സിങ്വി എന്നിവരെ നിയോഗിക്കാനാണ് മുസ്ലിം ലീഗ് നേതൃത്വം ഒരുങ്ങുന്നത്.

അതിന്റെ ആദ്യപടിയെന്നോണം എറണാകുളത്തെ ഹാരിസ് ബീരാൻ മുഖേനെ സുപ്രീം കോടതിയിൽ അപ്പീൽ ഹരജി നൽകി. നിയമസഭാ സമ്മേളനം ഈ മാസം 27 ന് ആരംഭിക്കുന്നതിനാൽ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ വേണമെന്ന് കെ.എം. ഷാജി ഹാരിസ് ബീരാൻ മുഖേന നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ച് ജയിച്ച കെ.എം. ഷാജിക്കെതിരെ മതത്തിന്റെ പേരിൽ വോട്ട് ചോദിക്കുന്ന തരത്തിലും വ്യക്തിഹത്യ നടത്തും വിധം ലഘുലേഖ പ്രചരിപ്പിച്ചുവെന്നുമാണ് എതിർ സ്ഥാനാർത്ഥിയായ സിപിഎം. ലെ എം.വി നികേഷ് കുമാർ നൽകിയ കേസ്.

എന്നാൽ ഈ കേസിന് മതിയായ ഗൗരവം കെ.എം. ഷാജിയോ മുസ്ലിം ലീഗോ നൽകിയിരുന്നില്ല. ഇപ്പോൾ ഷാജിയും മുസ്ലിം ലീഗും ഉന്നയിക്കുന്ന വാദങ്ങൾ കേസിന്റെ വിചാരണഘട്ടത്തിൽ ഗൗരവത്തിലെടുത്തെങ്കിൽ ഇത്തരത്തിലുള്ള ഒരു വിധിയുണ്ടാകില്ലെന്ന് യു.ഡി.എഫ് കരുതുന്നുണ്ട്. വളപട്ടണം പഞ്ചായത്ത് മുൻ പ്രസിഡണ്ട് എൻ.പി. മനോരമയുടെ വീട്ടിൽ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വർഗ്ഗീയ ലഘുലേഖകൾ പിടിച്ചെടുത്തുവെന്നാണ് പറയുന്നത്. എന്നാൽ പിടിച്ചെടുത്ത 15 ഇനം രേഖകളിൽ വർഗ്ഗീയ ലഘുലേഖകൾ ഉണ്ടെന്ന് സർച്ച് റിപ്പോർട്ടിലെ പട്ടികയിൽ പറഞ്ഞിട്ടില്ല. 2017 ജൂൺ 28 ന് ഹൈക്കോടതിയിൽ നടന്ന മുഖ്യ വിസ്താരത്തിൽ സർച്ച് പട്ടികയിൽ പറയാത്ത മറ്റെന്തെങ്കിലും ലഘുലേഖ പിടിച്ചെടുത്തിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ഓർമ്മയില്ലെന്നായിരുന്നു എസ്‌ഐ.യുടെ മറുപടിയെന്ന് ഷാജി പറയുന്നു.

മനോരമയുടെ വീട്ടിൽ നിന്നല്ല പൊലീസ് സ്റ്റേഷനിൽ നിന്നാണ് വിവാദ ലഘുലേഖ ലഭിച്ചതെന്നായിരുന്നു മൊഴി. ഇങ്ങിനെ ഒരു പകർപ്പ് സ്‌ക്വാഡിന് നൽകിയതായി സ്റ്റേഷനിൽ രേഖയില്ലെന്നും എസ്‌ഐ. കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷാജി പറയുന്നു. അതിനാൽ തനിക്കെതിരെ കോടതിയിൽ ഉപയോഗിച്ച വിവാദ ലഘുലേഖയുടെ ഉറവിടം സംബന്ധിച്ച സംശയം ജനിപ്പിക്കുന്നതായാണ് എസ്‌ഐ. യുടെ മൊഴിയെന്ന് ഷാജി പറയുന്നു. ഈ വാദം ഉന്നയിച്ചാണ് കെ.എം. ഷാജി സുപ്രീം കോടതിയിൽ നികേഷ് കുമാറിനെ നേരിടുക. സുപ്രീം കോടതിയിൽ നിന്നും കെ.എം. ഷാജിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വവും ജില്ലയിലെ അണികളും. തന്നെ വർഗ്ഗീയ വാദിയാക്കാൻ സിപിഎം. ബോധപൂർവ്വം കെട്ടിച്ചമച്ച തിരക്കഥയാണ് ഇതിന് പിന്നിലെന്നും ഷാജി പറയുന്നു.

തെരഞ്ഞെടുപ്പു കേസിൽ ഹൈക്കോടതി വിധി വന്നശേഷം കെ.എം. ഷാജി വർഗ്ഗീയ വാദി എന്ന തരത്തിൽ സിപിഎം. നേതാക്കൾ പരസ്യ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. ഇതോടെ അഴീക്കോട്ടെ തെരഞ്ഞെടുപ്പിനെക്കാൾ വാശിയോടെ നിയമപോരാട്ടത്തിന് ഒരുങ്ങാനാണ് കെ.എം. ഷാജിയും മുസ്ലിം ലീഗും തീരുമാനിച്ചത്. ആറ് വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അയോഗ്യതയും കോടതി ഷാജിക്കെതിരെയുള്ള വിധിയിൽ പരാമർശിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ നാറാത്ത് ആയുധ പരിശീലനത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്ന പേരിൽ എസ്. ഡി.പി.എൈ, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളുടെ ശക്തമായ എതിർപ്പ് കെ.എം. ഷാജി നേരിട്ടിരുന്നു. എന്നാൽ ആയുധ പരിശീലന വിവരം ഒരു മുസ്ലിം ലീഗ് പ്രവർത്തകനാണ് നൽകിയെതന്നും ഈ വിവരം തനിക്കാണ് ആദ്യം ലഭിച്ചതെങ്കിൽ താൻ തന്നെ പൊലീസിനെ അറിയിക്കുമായിരുന്നെന്നും ഷാജി പ്രതികരിച്ചിരുന്നു. ഇതെല്ലാം പോപ്പുലർ ഫ്രണ്ടിന്റെ ശക്തമായ എതിർപ്പിന് കാരണമായി.

തെരഞ്ഞെടുപ്പ് കേസിൽ സുപ്രീം കോടതിയെ സമീപിക്കുന്നതിനായി രണ്ടാഴ്‌ച്ചത്തെ സ്റ്റേയാണ് ഹൈക്കോടതി ഷാജിക്ക് നൽകിയിരുന്നത്. അതിനിടയിൽ തന്നെ സുപ്രീം കോടതി കേസ് ഫയൽ ചെയ്യുകയും ചെയ്തു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം. ന്റെ സിറ്റിങ് സീറ്റായ അഴീക്കോടു നിന്നും 483 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.എം. ഷാജി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ തവണ നടന്ന അതിശക്തമായ പോരാട്ടത്തിൽ വിമത ശബ്ദം മണ്ഡലത്തിൽ ഉയർന്നിട്ടും ഷാജിയുടെ ഭൂരിപക്ഷം 2287 വോട്ടായി ഉയർന്നു. ഇതേ തുടർന്നാണ് വർഗ്ഗീയ ലഘുലേഖകൾ വിതരണം ചെയ്ത് മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചുവെന്ന ആരോപണം കെ.എം. ഷാജിക്കെതിരെ ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP