Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോടതി വിമർശിച്ചപ്പോഴും ബിജെപിക്കാരുടെ കണ്ണിൽ കരടായെങ്കിലും നിലയ്ക്കലിൽ യതീഷ് ചന്ദ്ര കൂൾ..കൂൾ..! ഭക്തരോട് ചിരിതൂകി കൈയിൽ ടാഗ് കെട്ടിനൽകിയും സഹപ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകിയും ഡ്യൂട്ടിയിൽ മുഴുകി; കേരളാ പൊലീസ് യഥാർത്ഥ ഭക്തർക്കൊപ്പമെന്ന് ആവർത്തിച്ച് ഐപിഎസ് 'ആക്ഷൻ ഹീറോ'; കേന്ദ്രമന്ത്രിയെ വിറപ്പിച്ച 'കൊലമാസെ'ന്ന് സഖാക്കൾ വാഴ്‌ത്തുമ്പോൾ പുതുവൈപ്പിൻ ലാത്തിച്ചാർജ്ജ് ഓർമ്മിപ്പിച്ച് പരിവാറുകാർ; മുഖം നോക്കാതെ നടപടിയെന്ന പോളിസി തുടരാൻ യതീഷ്

കോടതി വിമർശിച്ചപ്പോഴും ബിജെപിക്കാരുടെ കണ്ണിൽ കരടായെങ്കിലും നിലയ്ക്കലിൽ യതീഷ് ചന്ദ്ര കൂൾ..കൂൾ..! ഭക്തരോട് ചിരിതൂകി കൈയിൽ ടാഗ് കെട്ടിനൽകിയും സഹപ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകിയും ഡ്യൂട്ടിയിൽ മുഴുകി; കേരളാ പൊലീസ് യഥാർത്ഥ ഭക്തർക്കൊപ്പമെന്ന് ആവർത്തിച്ച് ഐപിഎസ് 'ആക്ഷൻ ഹീറോ'; കേന്ദ്രമന്ത്രിയെ വിറപ്പിച്ച 'കൊലമാസെ'ന്ന് സഖാക്കൾ വാഴ്‌ത്തുമ്പോൾ പുതുവൈപ്പിൻ ലാത്തിച്ചാർജ്ജ് ഓർമ്മിപ്പിച്ച് പരിവാറുകാർ; മുഖം നോക്കാതെ നടപടിയെന്ന പോളിസി തുടരാൻ യതീഷ്

മറുനാടൻ ഡെസ്‌ക്‌

നിലയ്ക്കൽ: വിറപ്പിക്കാൻ വന്ന കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെയും വിറപ്പിച്ച് സൈബർലോകത്തിന്റെ വാഴ്പ്പപ്പെട്ട പുത്രനായി മാറിയിരിക്കയാണ് യതീഷ് ചന്ദ്ര ഐപിഎസ്. സൈബർ ലോകത്തെ ഇടതുപക്ഷക്കാരുടെ ഹീറോയാണ് അദ്ദേഹം. നിലയ്ക്കലിൽ വെച്ച് കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണന് അദ്ദേഹം നൽകിയ മറുപടിയാണ് അദ്ദേഹത്തിന് ഹീറോ പരിവേഷം നൽകിയത്. ഇതിനിടെ പുതുവൈപ്പിനിലെ സമരക്കാരെ മർദ്ദിച്ച ഉദ്യോഗസ്ഥനെയാണോ ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത് എന്നു ചോദിച്ച് ഹൈക്കോടതിയും അദ്ദേഹത്തെ വിമർശിക്കുകയുണ്ടായി. ബിജെപിയും അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

ഇങ്ങനെ സമർത്ഥമായി ഡ്യൂട്ടി നിർവഹിച്ചതിന്റെ പേരിൽ വിവിധ കോണുകളിൽ നിന്നും വിമർശനം പെരുകുമ്പോഴും യതീഷ് അതിനൊന്നും തൽക്കാലം ചെവികൊടുക്കുന്നില്ല. നിലയ്ക്കലിൽ തന്റെ ജോലി കൃത്യമായി നിർവഹിക്കുകയാണ് അദ്ദേഹം. യഥാർത്ഥ ഭക്തർക്ക് യാതൊരു വിഷമവും പൊലീസിൽ നിന്നും നേരിടേണ്ടി വരില്ലെന്ന് ഉറപ്പിക്കുകയാണ് യതീഷ്. തൽക്കാലം ഈ വിമർശനങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന് പറഞ്ഞ് കൂളാണ് അദ്ദേഹം. കുഞ്ഞു ഭക്തർ അടക്കം നിലയ്ക്കലിൽ എത്തുമ്പോൾ അവരോട് പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം പെരുമാറുന്നു. ഭക്തർക്ക് കൈയിൽ ടാഗ് കെട്ടി നൽകിയും സഹപ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്നു കൊണ്ടും ഡ്യൂട്ടിയോട് വിട്ടുവീഴ്‌ച്ച ഇല്ലെന്ന് അദ്ദേഹം ആവർത്തിക്കുന്നു.

അതേസമയം ഒരു കാലത്ത് യതീഷിനെതിരെ തിരഞ്ഞിരുന്നവർ ഇപ്പോൾ അദ്ദേഹത്തെ സൈബർ ലോകത്ത് വാഴ്‌ത്തുകയായാണ് ചെയ്യുന്നത്. കൃത്യമായി ഡ്യൂട്ടി നിർവഹിക്കുന്ന കാര്യത്തിൽ ഈ ഐപിഎസുകാരാൻ കൊലമാസ് ആണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതേസമയം പ്രധാനമന്ത്രി മോദിയുടെ ഫിറ്റ്‌നസ് ചലഞ്ചിനെ അടക്കം പിന്തുണച്ച ഈ ഉദ്യോഗസ്ഥൻ ഇപ്പോൾ സംഘപരിവാറുകാരുടെ കണ്ണിൽ കരടുമാണ്. അവർ പുതുവൈപ്പിനിലെ സമരക്കാരെ മർദ്ദിച്ച കാര്യം മറന്നു പോകരുതെന്ന് പറഞ്ഞു കൊണ്ടാണ് പരിവാർ അണികൾ യതീഷിനെതിരെ രംഗത്തെത്തിയത്.

നിരവധി പേർ യതീഷിനെ അനുകൂലിച്ചു കൊണ്ടു രംഗത്തുവന്നു. കേന്ദ്രമന്ത്രി അനാവശ്യമായാണ് എസ്‌പിയെ വിറപ്പിക്കാൻ എത്തിയതെന്നും ഇപ്പോൾ സ്വയംവിമർശന വിധേയമാണെന്നുമാണ് പൊതുവേ ആളുകൾ പറയുന്നത്. അതേസമയം മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന യുവ ഉദ്യോഗസ്ഥന് വലിയ തോതിൽ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും ബിജെപി അദ്ദേഹത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. അതിന് കോടതി പരാമർശവും ബിജെപി ആയുധമാക്കും. യതീഷ് ചന്ദ്ര കോൺഗ്രസ് നേതാക്കൾ എത്തിയപ്പോൾ വിനീതനായി നിന്നു. ഏതു സാഹചര്യത്തിലാണിതെന്ന് വ്യക്തമാക്കണം. ചില രാഷ്ട്രീയ പാർട്ടികളോട് വ്യത്യസ്ത നിലപാടാണോ സ്വീകരിക്കുന്നതെന്നും ഹൈക്കോടതി ഇന്ന് ചോദിക്കുകയുണ്ടായി.

പമ്പയിലേക്ക് തന്റെ വാഹനം കടത്തി വിടാത്തത് ചോദ്യം ചെയ്തതോടയാണ് നിലയ്ക്കലിൽ വെച്ച് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും എസ് പി യതീഷ് ചന്ദ്രയും തമ്മിൽ തർക്കമുണ്ടായത്. ശബരിമല വിഷയത്തിൽ സംസ്ഥാന ഭരണകൂടത്തിന് സമ്മർദ്ദമുണ്ടാക്കാനായി കൂടുതൽ കേന്ദ്ര നേതാക്കളെ മലയിലേക്ക് കൊണ്ടുവരും എന്ന ബിജെപി നേതൃത്വത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രി എത്തിയത്. മലയിൽ ട്രാഫിക് ബ്ളോക്ക് ഉണ്ടാകുമെന്നതിനാൽ വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണമെന്നാവശ്യപ്പെട്ട എസ് പിയോടാണ് മന്ത്രി തട്ടിക്കയറിയത്.

കെ എസ് ആർടി സി ബസുകൾ വിടുന്നുണ്ടല്ലോ പിന്നെ എന്തുകൊണ്ട് സ്വകാര്യവാഹനങ്ങൾ വിടുന്നില്ല എന്നായിരുന്നു മന്ത്രിക്ക് അറിയേണ്ടിയിരുന്നത്. ബസുകൾ ആളെ ഇറക്കി തിരിച്ചുവരുമെന്നും എന്നാൽ സ്വകാര്യവാഹനങ്ങൾ അവിടെ പാർക്ക് ചെയ്യേണ്ടി വരുന്നതിനാൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമെന്നുമായിരുന്നു എസ് പിയുടെ മറുപടി. ഗതാഗതകുരുക്കിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് പറ്റില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിന് എസ് പിയോട് തട്ടിക്കയറിയ പാർട്ടി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനോട് ഉത്തരവാദിത്വം ഏറ്റെടുത്തുവെന്ന് മന്ത്രി പറഞ്ഞാൽ വാഹനം വിടാമെന്ന് എസ് വ്യക്തമാക്കിയതോടെ മന്ത്രി അയയുകയായിരുന്നു.

എന്നും വിവാദങ്ങളുടെ തോഴൻ

സന്നിധാനത്തേക്ക് പോകാനെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ യതീഷ്ചന്ദ്ര സുരക്ഷാ കാരണങ്ങളാൽ തടഞ്ഞതു രണ്ടു ദിവസം മുൻപാണ്. മല കയറുന്നതിനു പ്രശ്‌നമില്ലെന്നും സന്നിധാനത്ത് തങ്ങാനാകില്ലെന്നും നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചു വരണമെന്നും യതീഷ് ആവശ്യപ്പെട്ടു. നിയമവശം അറിയണമെന്നായി കെ.പി.ശശികല. തിരക്കുള്ളതിനാൽ സന്നിധാനത്ത് അധികസമയം നിൽക്കാൻ പറ്റില്ലെന്ന് യതീഷ്. തർക്കം മുറുകി. ഒടുവിൽ സന്നിധാനത്ത് അധികസമയം തങ്ങില്ലെന്ന ഉറപ്പു എഴുതി വാങ്ങിയശേഷമാണ് പോകാൻ ശശികലയെ അനുവദിച്ചത്. അന്ന് മുതൽ ഹീറോയാണ് യതീഷ്.

എന്നാൽ നേരത്തെയും വിവാദങ്ങളുടെ തോഴനായിരുന്നു യതീഷ്. അങ്കമാലിയിൽ എൽഡിഎഫ്. പ്രവർത്തകർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്ത സംഭവമാണ് യതീഷ് ചന്ദ്രയെ എല്ലാവരുടെയും നോട്ടപ്പുള്ളിയാക്കിയത്. എൽഡിഎഫ് പ്രവർത്തകരുടെ സമരം അക്രമിത്തിന് വഴിമാറുമെന്ന ഘട്ടത്തിൽ യതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലാത്തിവീശുകയായിരുന്നു. ഇതോടെ നിരവധി പേർക്ക് പരിക്കേറ്റു. വഴിയാത്രക്കാരായ വയോധികനെ പോലും യതീഷ് ലാത്തി കൊണ്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇത് അദ്ദേഹത്തിന്റെ ഇമേജിനെ തന്നെ ബാധിച്ചു. എന്നാൽ, അക്രമം തടയാൻ വേണ്ടിയുള്ള നടപടി സ്വീകരിക്കുക മാത്രമേ ചെയ്തുള്ളൂവെന്നാണ് യതീഷ് പറഞ്ഞത്.

2015 മാർച്ചിലെ ഹർത്താൽ ദിനത്തിൽ തടഞ്ഞുവച്ചിരിക്കുന്ന വാഹനങ്ങൾ കടത്തി വിടാൻ പ്രവർത്തകരോട് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല. ഇതേച്ചൊല്ലി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. എന്നാൽ ലാത്തിചാർജ്ജ് നടത്താൻ ഉത്തരവിട്ടെങ്കിലും കൂടെ ഉണ്ടായിരുന്ന പൊലീസുകാർ മാറിനിന്നു. ഇതോടെയാണ് യതീഷ്ചന്ദ്രതന്നെ ലാത്തിയുമായി നിരത്തിലിറങ്ങിയത്. സംഘർഷത്തിൽ സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. വയോധികനായ വ്യക്തിയെ പോലും തല്ലിയെന്ന ചീത്തപ്പേരും അദ്ദേഹത്തിന് ലഭിച്ചു.

അന്ന് പി രാജീവിന്റെ നേതൃത്വത്തിൽ യതീഷിനെതിരെ പ്രതിഷേധമൊക്കെ നടത്തിയെങ്കിലും ഇടതു സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന് എതിരെ പ്രതികാര നടപടിയൊന്നും ഉണ്ടായില്ല. കൊച്ചി ഡിസിപിയായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. പുതുവൈപ്പിനിൽ യതീഷ് ചന്ദ്രയുടെ ഇടപെടൽ പിഴവു പറ്റിയെന്ന വിമർശനം ഉയരുന്നുണ്ട്. എങ്കിലും പൊതുവേ സർവീസിൽ മിടുക്കനാണ് യതീഷ് ചന്ദ്ര.

തെറ്റ് ചെയ്തത് പൊലീസാണെങ്കിൽ പോലും മുഖം നോക്കാതെ നടപടിയെടുത്തു ശീലമുള്ള യുവ ഐ.പി.എസ് ഓഫീസർ. വർഗീയ സംഘർഷങ്ങൾക്ക് പേരു കേട്ട നാദാപുരത്തേയും, രാഷ്ട്രീയ സംഘർഷങ്ങൾക്ക് നിരന്തരം വേദിയായ വടകരയുടെ ഗ്രാമപ്രദേശങ്ങളേയും ഉടച്ചുവാർത്തയാളാണു യതീഷ്ചന്ദ്ര. അക്രമം കാട്ടുന്നത് എത്രവലിയ നേതാവാണെങ്കിലും പൊതുമധ്യത്തിലിട്ടും കൈകാര്യം ചെയ്യുമെന്ന് തെളിയിച്ചു ഈ ഐപിഎസുകാരൻ. ഒട്ടേറെ വിശേഷണങ്ങൾക്ക് പാത്രമാണ് യതീഷ്ചന്ദ്രയെന്ന കർണ്ണാടക സ്വദേശിയായ 32 കാരൻ. ജനിച്ചത് കർണ്ണാടകയിലെ ദവങ്കരയിലാണെങ്കിലും മികച്ച രീതിയിൽ മലയാളം സംസാരിക്കും.

റോഡ് നിയമം തെറ്റിച്ച് കാറിൽ കുതിച്ചപ്പോൾ യതീഷ് ചന്ദ്രയെ യുവതി പിന്തുടർന്ന് പിടികൂടിയതും വിവാദങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. കൊച്ചി നഗരത്തിൽ വച്ചായിരുന്നു സംഭവം. എറണാകുളം സൗത്ത് പാലത്തിലൂടെ ചീറിപാഞ്ഞു വന്ന ഡിസിപിയുടെ കാർ പ്രശ്നമുണ്ടാക്കുകയായിരുന്നു. പതിവ് പൊലീസ് ഡ്രൈവർമാരെ പോലെ ഡിസിപിയുടെ ഡ്രൈവറും വണ്ടി കുത്തി തിരുകി മുന്നോട്ട് പോകാൻ കുതിച്ചു. ഇതിനിടെയിൽ ഒരു യുവതി തീർത്തും പ്രശ്നത്തിൽപ്പെട്ടു. ഹോൺ അടിച്ച് പേടിപ്പിച്ച് വാഹനങ്ങളെ മാറ്റുന്ന ശൈലിയാണ് യുവതിയെ പ്രശ്നത്തിലാക്കിയത്. കാറിൽ മുമ്പോട്ട് പോയി ഡിസിപിയുടെ കാറിന് കൈകാണിച്ചു നിർത്തിയ യുവതി വാഹനം നിർത്തി തന്റെ പരാതി ബോധിപ്പിക്കുകയായിരുന്നു. ഇതിനിടെയിൽ നാട്ടുകാർ ഓടിക്കൂടി. മൊബൈലിൽ സംഭവം പകർത്തി. ശൗര്യമുള്ള പൊലീസ് ഓഫീസറും പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടു. യുവതിയുടെ പരാതികൾ ശ്രദ്ധയോടെ കേൾക്കുകയാണ് ഉണ്ടായത്.

2011 ലെ കേരള കേഡർ ഐപിഎസ് ബാച്ചുകാരനാണ് 32 കാരനായ യതീഷ്ചന്ദ്ര. ഇലട്രോണിക്‌സ് എഞ്ചിനീയറിങിൽ ബിരുദധാരിയാണ്. പഠനത്തിന് ശേഷം ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി നോക്കുന്നതിനിടെയാണ് തന്റെ എക്കാലത്തേയും സ്വപ്നമായ ഐപിഎസ് എത്തിപ്പിടിക്കാൻ യതീഷ്ചന്ദ്ര ശ്രമം നടത്തുന്നത്.

ഹൈദരബാദ് വല്ലഭായി പാട്ടേൽ പൊലീസ് അക്കാദമിയിൽ ഐപിഎസ് ട്രെയിനിംങ് കഴിഞ്ഞിറങ്ങിയ യതീഷ്ചന്ദ്ര ട്രെയിനിംങ് പീരീഡിൽ തന്നെ മികച്ചുനിന്നിരുന്നു. തന്റെ ടീമിന് മികച്ച ടീമിനുള്ള ട്രോഫിയും അദ്ദേഹം വാങ്ങിക്കൊടുത്തു. സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ ശ്യാമള സാരംഗാണ് ഭാര്യ. ഒരു മകനുണ്ട്. യതീഷ്ചന്ദ്രയുടെ പൊലീസ് ജോലിക്ക് എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് ഇവർ. ശ്യാമളയുടെ സഹായത്തോടെയാണ് ഹലോ കേരള പൊലീസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഫിറ്റ്‌നസ് ചാലഞ്ച് നടത്തിയിരുന്നു. ചാലഞ്ചിന്റെ ഭാഗമായി ജിമ്മിലെ തന്റെ വ്യായാമ ദൃശ്യങ്ങൾ യതീഷ്ചന്ദ്ര യൂടൂബിൽ പോസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP