Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേയർ അങ്കിൾ അറിയാൻ അഭിനവും ശ്രേയയും എഴുതുന്നത്...'മുട്ടൊപ്പം അഴുക്കുവെള്ളത്തിൽ ചവിട്ടി സ്‌കൂളിലെത്തുമ്പോൾ കൂട്ടുകാർ പറയും എന്തൊരുനാറ്റം! മനംമടുത്ത് സ്‌കൂളിൽ പോകാതെ വീട്ടിലിരുന്നാൽ താഴത്തെ മുറികളിലെല്ലാം വെള്ളം; മനം മടുപ്പിക്കുന്ന ദുർഗന്ധത്താൽ പഠിക്കാനോ ഉറങ്ങാനോ കഴിയില്ല; ശരിയാക്കി തരില്ലേ അങ്കിൾ? തലസ്ഥാനത്ത് ബൈപാസ് നാലുവരിപ്പാതയാക്കിയപ്പോൾ വെള്ളക്കെട്ടായ വീട്ടിലെ നരകയാതന തീർക്കാൻ മേയറോട് യാചിച്ച് കുരുന്നുകൾ

മേയർ അങ്കിൾ അറിയാൻ അഭിനവും ശ്രേയയും എഴുതുന്നത്...'മുട്ടൊപ്പം അഴുക്കുവെള്ളത്തിൽ ചവിട്ടി സ്‌കൂളിലെത്തുമ്പോൾ കൂട്ടുകാർ പറയും എന്തൊരുനാറ്റം! മനംമടുത്ത് സ്‌കൂളിൽ പോകാതെ വീട്ടിലിരുന്നാൽ താഴത്തെ മുറികളിലെല്ലാം വെള്ളം; മനം മടുപ്പിക്കുന്ന ദുർഗന്ധത്താൽ പഠിക്കാനോ ഉറങ്ങാനോ കഴിയില്ല; ശരിയാക്കി തരില്ലേ അങ്കിൾ? തലസ്ഥാനത്ത് ബൈപാസ് നാലുവരിപ്പാതയാക്കിയപ്പോൾ വെള്ളക്കെട്ടായ വീട്ടിലെ നരകയാതന തീർക്കാൻ മേയറോട് യാചിച്ച് കുരുന്നുകൾ

ആർ പീയൂഷ്

തിരുവനന്തപുരം: 'ഓരോ ദിവസവും ഈ അഴുക്കു വെള്ളത്തിൽ ചവിട്ടിയാണ് സ്‌ക്കൂളിൽ പോകുന്നതും വരുന്നതും. അഴുക്കു വെള്ളത്തിൽ ചവിട്ടിയാൽ എലിപ്പനിയുൾപ്പെടുള്ള രോഗങ്ങൾ വരാമെന്ന് ടീച്ചർ ക്ലാസ്സിൽ പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ആ അസുഖങ്ങൾ വരുമോ എന്ന പേടിയും ഞങ്ങൾക്കുണ്ട്. വെള്ളം കെട്ടി നിന്ന് വീട് ഇടിഞ്ഞു വീഴുമെന്ന് എല്ലാവരും പറയുന്നു. ഞങ്ങൾക്ക് മാറി താമസിക്കാൻ വേറെ വീടില്ല. കിണറിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്തതുകൊണ്ട് അടുത്തുള്ള വീട്ടിലെ ആന്റിയുടെ വീട്ടിൽ നിന്നാണ് എല്ലാ ആവശ്യങ്ങൾക്കും വെള്ളം കൊണ്ടു വരുന്നത്. പാലസ് നഗറിലെ അങ്കിൾമാരോട് വെള്ളക്കെട്ട് മാറ്റിത്തരണമെന്ന് മേയർ അങ്കിൾ പറഞ്ഞിരുന്നല്ലോ. ഇത് പെട്ടെന്ന് ശരിയാക്കി തന്ന് ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു'. കഴക്കൂട്ടം പാലസ് നഗർ 30 എവി നിവാസിൽ താമസിക്കുന്ന നാലാം ക്ലാസ്സുകാരനായ അഭിനവ്(9), രണ്ടാം ക്ലാസ്സുകാരി ശ്രേയ(8) എന്നിവർ തിരുവനന്തപുരം മേയർ വി.കെ പ്രശാന്തിന് നൽകിയ നിവേദനത്തിലെ വരികളാണിത്. ഇരുവരും താമസിക്കുന്ന വീട്ടിൽ വെള്ളം കയറിയിട്ട് മൂന്ന് മാസമാകുന്നു. ഇവരെ കൂടാതെ മൂന്ന് വയസ്സുകാരി ഗൗരി നന്ദനയും മൂന്ന് മാസം മാത്രം പ്രായമുള്ള ശ്രീയയും മാതാപിതാക്കളും മുത്തശ്ശിയുമാണ് ഇവിടെ താമസം.

3 മാസത്തിലധികമായി പ്രളയത്തിന്റെ നരകയാതനകൾ പേറുകയാണ് ഈ കുടുംബം. മാലിന്യമുള്ള, ദുർഗന്ധം വമിക്കുന്ന വെള്ളം കെട്ടിനിൽക്കുന്ന വീട്ടിലാണ് കൊച്ചുകുട്ടികൾ ഉൾപ്പെടെ കഴിയുന്നത്. ബൈപാസ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്നു വീട്ടുകാർ പറയുന്നു. ബൈപാസ് നാലുവരിപ്പാതയാക്കിയപ്പോൾ ഓട റോഡിന്റെ മറുഭാഗത്താക്കി. വീടിന്റെ ഭാഗത്തുനിന്നുള്ള വെള്ളം മറുഭാഗത്തെ ഓടയിലേക്ക് ഒഴുകിപ്പോകുന്നതിനുള്ള ഓവും നിർമ്മിച്ചില്ല. നാലുവരിപ്പാതയായതോടെ ബൈപാസിന്റെ ഉയരം കൂടിയതും ദുരിതം ഇരട്ടിയാക്കി. ഓഗസ്റ്റിലുണ്ടായ മഴയിൽ കയറിയ വെള്ളം ഇതുവരെ ഇറങ്ങിയില്ല. പ്രളയത്തിൽ കിണർ ഉൾപ്പെടെ മുങ്ങിയിരുന്നു. ക്ലോറിനേഷൻ നടത്തിയിട്ടും ഇത് ഉപയോഗിക്കാൻ സാധിക്കുന്നില്ല. വീട്ടാവശ്യത്തിനുള്ള വെള്ളം സമീപത്തുനിന്നു ചുമന്ന് എത്തിക്കേണ്ട നിവൃത്തികേടിലാണ് ഈ കുടുംബം. കിണറിലും പരിസരത്തും വലിയ ശംഖ് ഒച്ചുകൾ പെരുകിയിട്ടു മാസങ്ങളായി. ഇവയെ നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. ഇഴജന്തുക്കളെയും ഭയന്നുകഴിയേണ്ട അവസ്ഥയാണെന്നു വീട്ടുകാർ പറയുന്നു. പകർച്ചവ്യാധിഭീഷണിയിലാണു കുടുംബം.

മുത്തശ്ശിയായ വത്സലകുമാരിക്കും വെള്ളത്തിൽ ചവിട്ടി നടന്ന് അസുഖങ്ങൾ പിടിപെട്ടിരിക്കുകയാണ്. കാലുകൾ അഴുകി ചൊറിച്ചിലാണ്. കുട്ടികൾക്കും വീട്ടിലെ മറ്റുള്ളവർക്കും ഇതേ അവസ്ഥയാണ്. താഴത്തെ മുറികളിൽ വെള്ളം കയറിയതിനാൽ എല്ലാവരും മുകൾ നിലയിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. മനം മടുപ്പിക്കുന്ന ദുർഗന്ധം മൂലം കുട്ടികൾക്ക് പഠിക്കാനോ ഉറങ്ങാനോ കഴിയുന്നില്ല. സ്‌ക്കൂളിൽ ചെല്ലുമ്പോൾ അഴുക്ക് വെള്ളത്തിൽ കൂടിയുള്ള യാത്ര മൂലമുള്ള വല്ലാത്ത നാറ്റം സഹപാഠികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്. അതിനാൽ സ്‌ക്കൂളിൽ പോകാനും ഇപ്പോൾ മടിയാണ്.

വീടിന്റെ ചുമരുകളെല്ലാം വിണ്ടുകീറി. വീട്ടിൽനിന്നു ബൈപാസ് റോഡിൽ എത്തുന്നിടം വരെ വെള്ളക്കെട്ടാണ്. വലിയ മോട്ടോറുകൾ ഉപയോഗിച്ചു പമ്പ് ചെയ്യാൻ ആഴ്ചകളോളം ശ്രമം നടത്തിയെങ്കിലും വെള്ളം കുറഞ്ഞില്ല. വാർഡ് കൗൺസിലർ കൂടിയായ മേയറുടെ ഓഫിസിൽ പരാതിയുമായി കയറിയിറങ്ങാൻ തുടങ്ങിയിട്ടു മാസങ്ങളായി. വീടിനു മുന്നിലൂടെയുള്ള പനച്ചമൂട് റോഡിന്റെ ഉയരം ബൈപാസിനനുസൃതമായി ഉയർത്താമെന്നതാണു കോർപറേഷൻ പറയുന്നത്. എന്നാൽ, അതിനു കാലതാമസ്സമെടുക്കും. പനച്ചമൂട് റോഡ് ഉയർത്തുന്നതോടെ വീട് നിൽക്കുന്നയിടം മാത്രം വീണ്ടും കുഴിയിലാകും . ബൈപാസ് റോഡ് ദേശീയപാതാ അഥോറിറ്റിയുടെ കീഴിൽ ഉൾപ്പെടുന്നതിനാൽ റോഡ് മറികടന്നുള്ള ഓടനിർമ്മാണം കോർപറേഷനു സാധ്യമാകുന്നതല്ല. ഇങ്ങനെ എത്രനാൾ തുടരേണ്ടിവരുമെന്ന ആശങ്കയിലാണു വീട്ടുകാർ. കൂടാതെ വീട്ടിലേക്ക് കരണ്ട് ബില്ലും കേബിൽ ബില്ലുമൊന്നുമായി ആരും എത്തുന്നുമില്ല. ഏറെ ദുരിതത്തിലാണ് കുടുംബം.

അതേ സമയം നിരവധി തവണ മേയർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഓരോ തവണ പോകുമ്പോഴും അനുഭാവപൂർണ്ണമായ മറുപടി നൽകി പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. അതിനാലാണ് ഇപ്പോൾ കുട്ടികൾ പരാതിയുമായി മേയറെ സമീപിച്ചിരിക്കുന്നത്. സമീപത്തെ ഹോട്ടലുകളിൽ നിന്നും മറ്റുമുള്ള സെപ്റ്റിക്ക് ടാങ്ക് മാലിന്യങ്ങൾ ഇവിടേക്ക് ഒഴുകി എത്തുന്നുണ്ട്. ഇവയൊക്കെ കലർന്ന വെള്ളത്തിൽ കൂടിയാണ് അഭിനവും ശ്രേയയും സ്‌ക്കൂളിലേക്ക് പോകുന്നത്. മുട്ടൊപ്പം വെള്ളത്തിൽക്കൂടി സ്‌ക്കൂൾ ബാഗും തൂക്കി വെള്ളത്തിലൂടെ നടന്ന് അയൽവീട്ടിലെ ആന്റിയുടെ വീട്ടിൽ ചെന്ന് കാലു കഴുകിയതിന് ശേഷമാണ് സ്സക്കൂളിലേക്ക് പോകുന്നത്. അഭിനവ് കഴക്കൂട്ടത്തെ ജ്യോതിസ് സ്‌ക്കൂളിലും ശ്രേയ പട്ടം കേന്ദ്രീയ വിദ്യാലയത്തിലുമാണ് പഠിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP