Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകളുടെ കരൾ പകുത്തു കിട്ടിയിട്ടും ഷാനവാസ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയില്ല; അണുബാധയുടെ രൂപത്തിൽ മരണം എത്തിയത് ശസ്ത്രക്രിയയ്ക്ക് രണ്ടു ദിവസത്തിനു ശേഷം

മകളുടെ കരൾ പകുത്തു കിട്ടിയിട്ടും ഷാനവാസ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയില്ല; അണുബാധയുടെ രൂപത്തിൽ മരണം എത്തിയത് ശസ്ത്രക്രിയയ്ക്ക് രണ്ടു ദിവസത്തിനു ശേഷം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജീവന്റെ ജീവനായ ബാപ്പയ്ക്ക് തന്റെ കരൾ പകുത്തു നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലല്ലോ എന്ന ദുഃഖമാണ് മകൾ അമീനയ്ക്ക്. കഴിഞ്ഞ ദിവസം വിടപറഞ്ഞ എംപിയും കോൺഗ്രസ് നേതാവുമായിരുന്ന എം ഐ ഷാനവാസിന് മകൾ അമീനയാണ് കരൾ പകുത്തു നൽകിയത്. കരൾരോഗ ചികിത്സയ്ക്കിടെയാണ് കരൾ മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയ ചെന്നൈയിൽ നടത്തിയത്. കരൾ മാറ്റ ശസ്ത്രക്രിയ നൽകിയെങ്കിലും ഷാനവാസിന് ഏറെ ദിവസം മുന്നോട്ടുപോകാനായില്ല. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും രണ്ടു ദിവസത്തിനു ശേഷം അണുബാധയുണ്ടായി. തുടർന്ന് ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു.

2010-ലെ റമസാൻ കാലത്ത് ശരീരം പതിവിലധികം ക്ഷീണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് എം ഐ ഷാനവാസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. വിശദമായ പരിശോധനയ്‌ക്കൊടുവിൽ പിത്തനാളിയിൽ (ബൈൽ ഡക്ട്) തടസമുണ്ടെന്നും പാൻക്രിയാസ് ഗ്രന്ഥിയുടെ പുറംഭിത്തിയിൽ വളർച്ചയുണ്ടെന്നും കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് തീരുമാനിച്ചപ്പോഴാണ് കരളിനും പ്രശ്‌നമുള്ളതായി കണ്ടെത്തുന്നത്. പിത്തനാളിയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ഇടയിലാണ് കരളിലെ അമിത വളർച്ച ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്.

തുടർന്ന് പതോളജി പരിശോധനയിൽ അസുഖം കരളിൽ അർബുദമാണെന്ന് സൂചന ലഭിച്ചു. കീമോതെറാപ്പി അടക്കമുള്ള ചികിത്സകൾ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന സമയത്ത് സഹോദരനും എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്രണ്ടുമായിരുന്ന ഡോ.ജുനൈദ് പരിശോധനയ്ക്കായി എടുത്ത കരൾഭാഗങ്ങൾ വീണ്ടുമൊരു പരിശോധനയ്ക്ക് വിധേയമാക്കി. ജനറൽ ആശുപത്രിയിൽ നടന്ന പരിശോധനയിൽ കരളിന് അർബുദമില്ലെന്ന് കണ്ടെത്തിയെങ്കിലും ഷാനവാസ് അത് വിശ്വസിക്കാൻ തയ്യാറായില്ല. വീണ്ടും പരിശോധന വേണമെന്ന വാശിയിൽ മുംബൈയിലെ ടാറ്റാ കാൻസർ സെന്ററിൽ പരിശോധന നടത്തി കാൻസർ അല്ലെന്ന് ഉറപ്പിച്ചു.

എന്നാൽ, കരളിലെ വളർച്ച നീക്കം ചെയ്യണമെന്ന ഡോക്ടർമാരുടെ അഭിപ്രായം പരിഗണിച്ച് അതിനായി ശസ്ത്രക്രിയ നടത്തി. അടുത്തടുത്തായി നടത്തിയ രണ്ട് ശസ്ത്രക്രിയകൾ കൊണ്ട് ശരീരം തളർന്നു. കരൾ മാറ്റിവയ്ക്കാതെ മറ്റു മാർഗമൊന്നുമില്ലെന്ന അവസ്ഥ എത്തിയപ്പോഴാണ് മകൾ പിതാവിന് കരൾ പകുത്തു നൽകാൻ തയാറായത്. പരിശോധനാ ഫലങ്ങൾ അനുകൂലമായതിനാൽ ഉടൻ ഇരുവരേയും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ശസ്ത്രക്രിയ വിജയകരമായെങ്കിലും അണുബാധ മൂലം ഷാനവാസ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഏതു പ്രതിസന്ധിയിലും തളരാതെ ഉറച്ച മനസുമായി നിന്ന ഷാനവാസിന് പക്ഷേ രോഗത്തിനു മുന്നിൽ അടിയറവു പറയേണ്ടി വന്നു. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണമെന്ന് അടങ്ങാത്ത ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും മരണം ഈ പോരാളിയെ തട്ടിയെടുക്കുകയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP