Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുരേന്ദ്രനൊപ്പം തില്ലങ്കേരിയേയും വിവി രാജേഷിനേയും ജയിലിൽ അടയ്ക്കും; യുവമോർച്ചാ പ്രസിഡന്റിനെതിരേയും കേസെടുക്കും; ശബരിമലയിൽ സംഘപരിവാറിന്റെ ഭയമില്ലാ നേതാക്കൾ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ പുതിയ നീക്കവുമായി പൊലീസ്; ജാമ്യം കിട്ടാൻ രണ്ട് മാസത്തേക്ക് സന്നിധാനത്ത് എത്തരുതെന്ന വ്യവസ്ഥ ഉറപ്പാക്കും; ചിത്തര ആട്ട വിശേഷ സമയത്തെ സ്ത്രീയെ തടയലിൽ തന്ത്രപരമായി നീങ്ങി സർക്കാർ; ഇനി യുവതിയെ തടയാൻ ശ്രീധരൻ പിള്ളയ്ക്ക് മല കയറേണ്ടി വരും

സുരേന്ദ്രനൊപ്പം തില്ലങ്കേരിയേയും വിവി രാജേഷിനേയും ജയിലിൽ അടയ്ക്കും; യുവമോർച്ചാ പ്രസിഡന്റിനെതിരേയും കേസെടുക്കും; ശബരിമലയിൽ സംഘപരിവാറിന്റെ ഭയമില്ലാ നേതാക്കൾ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ പുതിയ നീക്കവുമായി പൊലീസ്; ജാമ്യം കിട്ടാൻ രണ്ട് മാസത്തേക്ക് സന്നിധാനത്ത് എത്തരുതെന്ന വ്യവസ്ഥ ഉറപ്പാക്കും; ചിത്തര ആട്ട വിശേഷ സമയത്തെ സ്ത്രീയെ തടയലിൽ തന്ത്രപരമായി നീങ്ങി സർക്കാർ; ഇനി യുവതിയെ തടയാൻ ശ്രീധരൻ പിള്ളയ്ക്ക് മല കയറേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമലയിലെ പ്രക്ഷോഭത്തിൽ കെ. സുരേന്ദ്രനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ സന്നിധാനത്ത് തടഞ്ഞതിൽ സുരേന്ദ്രൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഗൂഢാലോചനയ്ക്ക് ഐപിസി 120(ബി) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന നടത്തിയതിന് തെളിവുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത് എന്നാണ് സൂചന. ഇതിനൊപ്പം ഇതേ കുറ്റം ചുമത്തി ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയേയും ജയിലിൽ അടയ്ക്കാനാണ് നീക്കം. ബിജെപി നേതാവ് വിവി രാജേഷിനേയും ഗൂഢാലോചന കുറ്റും ചുമത്തും.

നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ കണ്ണൂരിൽ അക്രമ പ്രവർത്തനം നടത്തിയെന്ന കേസിൽ വാറണ്ടുള്ള സുരേന്ദ്രൻ ഇപ്പോഴും ജയിലിലാണുള്ളത്. സുരേന്ദ്രന്റെ ജയിൽ മോചനം തടയാനാണ് ഇത്തരത്തിൽ ഗൂഢാലോചന ഉയർത്തുന്നത്. ചിത്തിര ആട്ട വിശേഷ സമയത്ത് സന്നിധാനത്ത് എത്തിയ സ്ത്രീയെ പരിവാറുകാർ തടഞ്ഞിരുന്നു. ഇത് ഏറെ വിവാദമാവുകയും കണ്ടാൽ അറിയുന്ന 200 പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു. ഈ സംഘർഷ സമയത്ത് തില്ലങ്കേരിയോ സുരേന്ദ്രനോ രാജേഷോ സ്ഥലത്തില്ലായിരുന്നു. എന്നാൽ സന്നിധാനത്ത് ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. സംഘർഷം കൈവിട്ടപ്പോൾ തില്ലങ്കേരിയുടെ സഹായത്തോടെയാണ് പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ എല്ലാ നേതാക്കൾക്കെതിരേയും കേസെടുക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.

നാമ ജപവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് വച്ച് അറസ്റ്റിലായ ആർ രാജേഷും ഗൂഢാലോചന കേസിൽ പ്രതിയാകും. കഴിഞ്ഞ ദിവസമാണ് രാജേഷിന് നാമ ജപകേസിൽ ജാമ്യം കിട്ടിയത്. പെരുമ്പാവൂരിലെ ആർ എസ് എസ് നേതാവാണ് രാജേഷ്. അഞ്ച് നേതാക്കൾക്കെതിരെയാണ് ഗൂഢാലോചന കുറ്റം ചുമത്തുന്നത്. ഇത് ആർ എസ് എസ് നേതാക്കൾ സന്നിധാനത്ത് എത്തുന്നില്ലെന്ന് ഉറപ്പിക്കാനുള്ള തന്ത്രമാണ് ഇത്. രാജേഷ് പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുത്തിരുന്നുവെന്നതിന് പൊലീസിന് വ്യക്തമായ തെളിവ് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാജേഷിനെതിരെ കേസെടുക്കുന്നത്.

യുവതി പ്രവേശനത്തിൽ ശബരിമലിയിൽ പ്രതിരോധത്തിന് നേതൃത്വം നൽകാൻ എത്തിയവരാണ് സുരേന്ദ്രനും വിവി രാജേഷും. തുലാം മാസ പൂജയിലും ഇവർ സന്നിധാനത്ത് നിലയുറപ്പിച്ചു. ചിത്തര ആട്ട സമയത്തും ഇത് കണ്ടു. അതുകൊണ്ട തന്നെ ഇവരെ സന്നിധാനത്തേക്ക് നിന്ന് ഒഴിവക്കാനാണ് പൊലീസ് നീക്കം. 120ബി വകുപ്പ് പ്രകാരമുള്ള കേസെടുക്കും. അതിന് ശേഷം ഇവർ ജാമ്യത്തിന് ശ്രമിക്കുമ്പോൾ രണ്ട് മാസത്തേക്ക് ശബരിമലയിൽ ഇവർ എത്തില്ലെന്ന വ്യവസ്ഥ അതിൽ ഉൾപ്പെടുത്തും. ശബരിമല പ്രതിഷേധക്കാർക്കെല്ലാം കോടതി ജാമ്യം അനുവദിച്ചത് ഈ വ്യവസ്ഥയോടെയാണ്. സന്നിധാനത്തേയും പമ്പയിലേയും നിരോധനാജ്ഞ പിൻവലിക്കേണ്ട സാഹചര്യം നിലവിലുണ്ട്. നിരോധനാജ്ഞ പിൻവലിച്ചാൽ നേതാക്കളെല്ലാം സന്നിധാനത്ത് എത്തും. ഈ സാഹചര്യത്തിൽ ആരേയും അറസ്റ്റ് ചെയ്യാനുമാകില്ല. അതുകൊണ്ടാണ് ജാമ്യ വ്യവസ്ഥയിൽ കുടുക്കാൻ തീരുമാനം.

ജാമ്യ വ്യവസ്ഥയിൽ ശബരിമലയിൽ പോകരുതെന്ന് വന്നാൽ ആ നേതാക്കളെ പൊലീസിന് തടയാനാകും. യുവതി പ്രവേശന സമരത്തിന് സന്നിധാനത്ത് നേതൃത്വം കൊടുക്കാൻ ഇവർക്ക് എത്താനും കഴിയില്ല. ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് സന്നിധാനത്ത് പോകാനും അണികളുടെ പ്രതിഷേധത്തിന് നേതൃത്വം കൊടുക്കാനും താൽപ്പര്യമില്ല. ശ്രീധരൻ പിള്ള ഇതുവരെ പത്തനംതിട്ടയ്ക്ക് അപ്പുറം പോയതുമില്ല. അറസ്റ്റ് ഭീതികാരണമാണ് ഇതെന്ന് വിലയിരുത്തൽ ഉയരുന്നുമുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് സമര മുഖത്ത് നിറയാൻ സാധ്യതയുള്ള സുരേന്ദ്രനേയും രാജേഷിനേയും തില്ലങ്കരിയേയും ഒഴിവാക്കാനുള്ള നീക്കം.

സംസ്ഥാന സർക്കാർ ഏറ്റവുമധികം ഭയക്കുന്ന ബിജെപി നേതാവായി കെ സുരേന്ദ്രൻ മാറിയെന്ന വിലയിരുത്തലുകളും ഇതോടെ പുറത്തു വരുന്നുണ്ട്. കൊട്ടാരക്കര സബ്ജയിലിൽ കിടക്കുന്ന സുരേന്ദ്രൻ ശബരിമല തീർത്ഥാടന കാലം കഴിയും വരെ പുറത്തിറങ്ങരുതെന്ന് സംസ്ഥാന സർക്കാരിന് നിർബന്ധം. നിലയ്ക്കലിൽ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന്റെ പേരിൽ ജാമ്യം ലഭിച്ചെങ്കിലും കണ്ണൂരിലെ പ്രൊഡക്ഷൻ വാറണ്ടിന്റെ പേരിൽ ജയിലിൽ തുടരുന്ന സുരേന്ദ്രനെ പമ്പ പൊലീസ് വീണ്ടും കേസിൽ കുടുക്കുന്നത് ഇതിന് വേണ്ടിയാണ്. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാകും അറസ്റ്റ്. ഇതോടെ വീണ്ടും സുരേന്ദ്രൻ റിമാൻഡ് ചെയ്യപ്പെടും. ഇതിനൊപ്പമാണ് രാജേഷിനേയും തില്ലങ്കേരിയേയും കുടുക്കുന്നത്.

ചിത്തിര ആട്ടവിശേഷത്തിന് പേരക്കുട്ടിയുടെ ചോറൂണ് നടത്താനെത്തിയ തൃശൂർ സ്വദേശി ലളിതയും കുടുംബവും ആക്രമിക്കപ്പെട്ട കേസിലാണ് നടപടികൾ. സന്നിധാനം പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 16/18 ആയി ചാർജ് ചെയ്തിരിക്കുന്ന കേസിൽ ക്രിമിനൽ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സന്നിധാനം എസ്‌ഐ ബി വിനോദ്കുമാർ ഇന്നലെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിർത്ത് പത്തനംതിട്ട മുൻസിഫ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഒമ്പതു കേസുകളെപ്പറ്റിയാണ് പരാമർശം ഉള്ളത്. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ അഞ്ച്, നെയ്യാറ്റിൻകര, നെടുമ്പാശേരി, കണ്ണൂർ, സന്നിധാനം എന്നീ സ്റ്റേഷനുകളിലാണ് സുരേന്ദ്രനെതിരേ കേസുള്ളത്. ചിത്തിര ആട്ടവിശേഷം, തുലാമാസ പൂജസമയങ്ങളിൽ ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ നേതൃത്വം കൊടുത്തത് സുരേന്ദ്രനാണെന്ന് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. സുരേന്ദ്രൻ നേരിട്ട് സമരങ്ങൾക്ക് നേതൃത്വം നൽകിയില്ലെന്നും റിപ്പോർട്ടിലുണ്ട്.

കണ്ണൂർ പൊലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 240/18 ൽ കോടതി പ്രൊഡക്ഷൻ വാറണ്ട് സുരേന്ദ്രനെതിരേ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതാകട്ടെ നിസാരവകുപ്പുകളാണ്. ജാമ്യം കിട്ടാനെളുപ്പം. ഈ സാഹചര്യത്തിൽ സുരേന്ദ്രൻ പുറത്തിറങ്ങിയാലും കുഴപ്പമുണ്ടാക്കുന്നത് തുടരുമെന്ന് പൊലീസ് കരുതുന്നു. റാന്നി താലൂക്കിൽ പ്രവേശിക്കുന്നതിന് മാത്രമാണ് നിരോധനമുള്ളത്. പത്തനംതിട്ടയിൽ നിന്ന് വേണമെങ്കിലും പ്രവർത്തനം ഏകോപിപ്പിക്കാൻ കഴിയും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡി അപേക്ഷ നൽകാനും പൊലീസ് തയ്യാറെടുക്കുന്നുണ്ട്. തെളിവെടുപ്പിനായിട്ടാണ് കസ്റ്റഡിയിൽ മേടിക്കുന്നത്. ഈ സമയത്ത് സുരേന്ദ്രനുമായി തെളിവെടുപ്പിന് സന്നിധാനത്തേക്ക് പോകുന്നത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും പൊലീസ് അത് കണക്കാക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP