Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്ലാസിലെ നുരയടങ്ങി..ഇനി പ്ലേറ്റിലെ കറി മാത്രം; ജിഎൻപിസി ഗ്രൂപ്പ് അഡ്‌മിൻ അജിത് കുമാർ എക്‌സൈസിന് മുമ്പിൽ കീഴടങ്ങി; ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിനെ വെട്ടിലാക്കിയത് ഋഷി രാജ് സിംഗിന്റെ കുടത്ത നിലപാട് തന്നെ; അജിത്തിനെ കുടുക്കിയത് അനധികൃത മദ്യക്കച്ചവടം നടത്തിയെന്ന കുറ്റാരോപണം

ഗ്ലാസിലെ നുരയടങ്ങി..ഇനി പ്ലേറ്റിലെ കറി മാത്രം; ജിഎൻപിസി ഗ്രൂപ്പ് അഡ്‌മിൻ അജിത് കുമാർ എക്‌സൈസിന് മുമ്പിൽ കീഴടങ്ങി; ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിനെ വെട്ടിലാക്കിയത് ഋഷി രാജ് സിംഗിന്റെ കുടത്ത നിലപാട് തന്നെ; അജിത്തിനെ കുടുക്കിയത് അനധികൃത മദ്യക്കച്ചവടം നടത്തിയെന്ന കുറ്റാരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് കേസെടുത്ത ജി.എൻ.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിന്റെ അഡ്‌മിൻ എക്‌സൈസിന് മുന്നിൽ കീഴടങ്ങി. ഗ്രൂപ്പ് അഡ്‌മിനായ .എൽ. അജിത് കുമാറാണ് തിരുവനന്തപുരം എക്സൈസ് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്.

ജി.എൻ.പി.സി എന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച ഫെയ്‌സ് ബുക്ക് ഗ്രൂപ്പിനെതിരെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതി വ്യാപകമായി ഉയർന്നതിനെ തുടർന്നാണ് എക്സൈസ് വകുപ്പ് നിയമനടപടി സ്വീകരിച്ചത്. ഇരുപത് ലക്ഷത്തിലേറെ പേർ അംഗങ്ങളായ ഈ ഫേസ്‌ബുക്ക് ഗ്രൂപ്പ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൈബർ ഗ്രൂപ്പുകളിൽ ഒന്നാണ്. അജിത് കുമാർ, ഭാര്യ വനിത എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു പോരുന്ന ഈ ഫേസ്‌ബുക്ക് ഗ്രൂപ്പിന് മറ്റു 36 അഡ്‌മിന്മാർ കൂടിയുണ്ട്. ഇവരെ കണ്ടെത്താനായി എക്സൈസ് വകുപ്പ് സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. കുട്ടികളെ ഉപയോഗിച്ചു പോലും ഗ്രൂപ്പിൽ മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചു എന്നാണ് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

അജിത്കുമാറിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഫെയ്സ് ബുക്കിലെ ബ്ലാക്ക് ഹ്യൂമറിന്റെ പേരിൽ പൊലീസും എക്സൈസും അജിത് കുമാറിനെ വിടാതെ പിന്തുടരുന്നതിന്റെ കാരണം ഇപ്പോഴും ആർക്കും അറിയില്ല. ഫെയ്സ് ബുക്ക് പോലും ഈ പേജ് നിയമവിരുദ്ധമാണെന്ന് പറയുന്നില്ല. അതുകൊണ്ട് കൂടിയാണ് അജിത് കുമാറിനെതിരെ മദ്യകച്ചവടത്തിന് കേസ് എടുത്തതെന്ന വിമർശനവും ഉയർന്നുരുന്നു. ജിഎൻപിസി കൂട്ടായ്മയുടെ പേരിൽ മദ്യസൽക്കാരം ഒരുക്കിയ പാപ്പനംകോട്ടെ ബാർ ഹോട്ടലിൽ എക്സൈസ് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. അജിത് കുമാർ പാർട്ടി നടത്തുന്നതിനായി ഹാൾ ബുക്ക് ചെയ്തതിന്റെ രേഖകളാണു ശേഖരിച്ചത്. മദ്യക്കച്ചവടം നടത്തിയതിനു തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അജിത്കുമാറിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി എക്സൈസ് കോടതിയിൽ റിപ്പോർട്ടും നൽകി. മദ്യപാനത്തെ പ്രോൽസാഹിപ്പിച്ചു എന്ന നിസ്സാര കുറ്റം ചുമത്തിയാണ് ആദ്യം കേസെടുത്തിരുന്നത്. ഇത് ആറു മാസത്തെ തടവും 10,000 രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമായിരുന്നു. എന്നാൽ, അനധികൃത മദ്യക്കച്ചവടം നടത്തിയെന്ന പുതിയ കുറ്റത്തിന് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. ഇത് ജാമ്യമില്ലാ കുറ്റാണ്. ഈ സാഹചര്യത്തിലാണ് അജിത്ത് കീഴടങ്ങുന്നത്.

ബാർ ലൈസൻസുള്ള ഹോട്ടലിൽ നിന്ന് മദ്യം വാങ്ങുന്നത് എങ്ങനെ അനധികൃത മദ്യകച്ചവടമാകുമെന്ന ചോദ്യമാണ് ഇത് ഉയർത്തുന്നത്. അജിത് കുമാറിനെതിരായ വ്യക്തിവിരോധം മാത്രമാണ് ഇതിന് കാരണമെന്നാണ് ലഭിക്കുന്ന സൂചന. ബാലാവകാശ കേസും അജിത്തിനെതിരെ ചുമത്താൻ നീക്കമുണ്ടായിരുന്നു. കുട്ടികളെ ബാറിൽ കയറ്റിയെന്ന് ആരോപിച്ചായിരുന്നു ഇത്. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിലെ തന്നെ ചിലർക്ക് വേണ്ടിയാണ് പൊലീസ് വേട്ടയെന്നും ആരോപണം ശക്തമാണ്. നേരത്തെ ജിഎൻപിസി ഫേസ്‌ബുക് കൂട്ടായ്മ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടു പൊലീസ് സൈബർ സെൽ വഴി എക്സൈസ് അധികൃതർ ഫേസ്‌ബുക്കിനോട് ആവശ്യപ്പെട്ടെങ്കിലും സാധിക്കില്ലെന്നായിരുന്നു മറുപടി. ഇത് പൊലീസിന് നാണക്കേടാവുകയും ചെയ്തു.

ജി എൻ പി സി മദ്യപാനത്തിനും മദ്യപിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്നതായും എക്‌സൈസ് കുറ്റപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ മദ്യപാനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകൾ ഗ്രൂപ്പിൽ അനുവദിക്കുന്നതല്ലെന്ന് അഡ്‌മിന്റേതായി കുറിപ്പും ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നിട്ടും ഈ ഗ്രൂപ്പിനെതിരെ കെസെടുക്കുകയാണ് ചെയ്തത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാൻ ശീലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നുമാണ് കൂട്ടായ്മയുടെ അവകാശവാദം. എന്നാൽ ഈ വാദം മദ്യവിരുദ്ധ സംഘടനകൾ തള്ളുകയാണ്. ജിഎൻപിസി എന്ന കൂട്ടായ്മയിൽ മദ്യപാനം വ്യാപകമായി പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ഇവരുടെ പരാതി.

മദ്യകച്ചവടക്കാരുടെ വ്യാപകമായ പിന്തുണയും ഗ്രൂപ്പിനുണ്ടെന്ന് അവർ ആരോപിക്കുന്നു. ഫേസ്‌ബുക്ക് പേജിനെതിരേ നിയമനടപടികൾക്കും മദ്യനിരോധന സംഘടനകൾ നീക്കം തുടങ്ങി. ഇതാണ് ഋഷിരാജ് സിങ് ഏറ്റെടുത്തത്. സംസ്ഥാനത്ത് ലഹരിക്കെതിരേ വ്യാപകമായ ബോധവത്കരണം നടന്നു വരുന്നതിനിടയാണ് എങ്ങനെ മദ്യപിക്കണം, മദ്യത്തിന്റെ കൂടെ വേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം, പുതിയ ബ്രാൻഡുകൾ തുടങ്ങിയ കാര്യങ്ങൾ കൂട്ടായ്മ വഴി പ്രചരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് ഋഷിരാജ് സിങ് പറയുന്നത്.കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജിഎൻപിസിയെന്ന് അജിത്ത് കുമാർ വ്യക്തമാക്കിയിരുന്നു. ജിഎൻപിസി എന്ന കൂട്ടായ്മ സ്വന്തമായി ലോഗോയും പുറത്തിറക്കിയിരുന്നു.

ജിഎൻപിസി കൂട്ടായ്മയിലെ അംഗങ്ങൾക്ക് സംസ്ഥാനത്തെ ചില ബാറുകളിലും കള്ളുഷാപ്പുകളിലും പത്ത് ശതമാനം വിലക്കുറവിൽ മദ്യം ലഭിക്കുകയും ചെയ്യുന്നുണ്ട്. 23 വയസിനു മുകളിലുള്ളവരെ മാത്രമേ ഗ്രൂപ്പിൽ ആഡ് ചെയ്യാമെന്നുള്ളൂവെന്നു പറയുന്നുണ്ടെങ്കിലും വിദ്യാർത്ഥികൾ തന്നെയാണു ഗ്രൂപ്പിൽ ഭൂരിഭാഗവും. അഡ്‌മിന്റെ അനുമതി കിട്ടിയാൽ മാത്രമേ പോസ്റ്റുകൾ പബ്ലിഷ് ചെയ്യാൻ കഴിയുകയുള്ളു. ഈ സാഹചര്യങ്ങളെല്ലാം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ചർച്ചയാണ് എക്സൈസ് ഉയർത്തുന്നത്. എക്‌സൈസ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിലാണു കേസെടുത്തത്. ഏറെ കാലം അജിത് കുമാർ ഒളിവിലായിരുന്നു.

മദ്യപാനത്തിനു പ്രോത്സാഹനം നൽകുന്ന തരത്തിലുള്ളതും, പരസ്യ പ്രചാരണം നടത്തുന്നതുമായ ഫേസ്‌ബുക് പോസ്റ്റുകളുടെ പേരിലാണു കേസ്. ജിഎൻപിസി ഗ്രൂപ്പിൽ കൊച്ചു കുട്ടികളെ വരെ മദ്യത്തിന്റെ കൂടെ നിർത്തിയുള്ള ഫോട്ടോകൾ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എക്സൈസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ഫോട്ടോകൾ പ്രിന്റ് എടുത്ത് തെളിവിനായി സ്വീകരിച്ചു. പൊതുസമൂഹത്തിനു തെറ്റായ സന്ദേശവും മദ്യാസക്തിയുണ്ടാക്കുന്നതുമായ പ്രചാരണമാണ് ഗ്രൂപ്പ് നടത്തുന്നതെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള വ്യാപകമായ ബോധവത്കരണം നടന്നുവരുന്നതിനിടെയായിരുന്നു ഇത്. ജി എൻ പി സി അംഗങ്ങൾക്ക് സംസ്ഥാനത്തെ ബാറുകളിൽ ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നുവെന്നാണ് എക്സൈസ് ആരോപിക്കുന്നത്.

നല്ല ഭക്ഷണം നല്ല യാത്രകൾ പോകാൻ പറ്റിയ സ്ഥലങ്ങൾ അവിടെ നിന്ന് കിട്ടുന്ന സന്തോഷവും ഫീലുമൊക്കെ മറ്റുള്ളവരെ അറിയിക്കാനും മറ്റുള്ളവർക്ക് പുതിയ സ്ഥലങ്ങൾ എക്സപ്ലോർ ചെയ്യാനുമൊക്കെ ഉള്ള ഒരു ഗൈഡ്ലൈനായി പ്രവർത്തിക്കുകയായിരുന്നു ജിഎൻപിസി എന്ന ഗ്രൂപ്പ്. സ്ത്രീകൾ പുരുഷന്മാർ എന്ന വേർതിരിവില്ലാതെ എല്ലാവരുടേയും പോസ്റ്റുകളെ ഒരുപോലെ ഗ്രൂപ്പ് അംഗങ്ങൾ ലൈക്കും കമന്റും ഇട്ട് പ്രോൽസാഹിപ്പിക്കുന്നുണ്ടായിരുന്നു. വളരെ കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് ഏറ്റവുമധികം അംഗങ്ങളുള്ള ലോകത്തിലെ ഇരുപത്തിയഞ്ചാമത്തെ ഗ്രൂപ്പായി മാറിയ ജിഎൻപിസിയുടെ സ്ഥാപകൻ തിരുവനന്തപുരത്തെ ബിസിനസ്സ്മാനും ഫുഡ് വ്‌ളോഗറുമായ അജിത്ത് കുമാറാണ്. നിലവിൽ ലോകത്തിലെ ഏറ്റവുമധികം അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് ജിഎൻപിസിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP