Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വില്ലനായി തുടങ്ങി നായകനായി തിളങ്ങി കന്നഡ മനസിൽ ഇടംനേടിയ നടൻ; എംപിയും എംഎൽഎയും കേന്ദ്ര- സംസ്ഥാന മന്ത്രിയുമായി നാടു ഭരിച്ച പാരമ്പര്യം; സുമലതയെന്ന നിത്യഹരിത നായികയുടെ ഭർത്താവായും ജനമനസിൽ ഇടംപിടിച്ചു; മാണ്ഡ്യയുടെ രാജകുമാരൻ അംബരീഷ് അകാലത്തിൽ പൊലിഞ്ഞപ്പോൾ സങ്കടം സഹിക്കാനാവാതെ കരഞ്ഞ് കന്നഡ മക്കൾ; മഹാനടനെ മരണം വിളിച്ചത് വൃക്കരോഗ ചികിത്സക്കിടയിൽ ഹൃദയാഘാതം കൂടി എത്തിയപ്പോൾ

വില്ലനായി തുടങ്ങി നായകനായി തിളങ്ങി കന്നഡ മനസിൽ ഇടംനേടിയ നടൻ; എംപിയും എംഎൽഎയും കേന്ദ്ര- സംസ്ഥാന മന്ത്രിയുമായി നാടു ഭരിച്ച പാരമ്പര്യം; സുമലതയെന്ന നിത്യഹരിത നായികയുടെ ഭർത്താവായും ജനമനസിൽ ഇടംപിടിച്ചു; മാണ്ഡ്യയുടെ രാജകുമാരൻ അംബരീഷ് അകാലത്തിൽ പൊലിഞ്ഞപ്പോൾ സങ്കടം സഹിക്കാനാവാതെ കരഞ്ഞ് കന്നഡ മക്കൾ; മഹാനടനെ മരണം വിളിച്ചത് വൃക്കരോഗ ചികിത്സക്കിടയിൽ ഹൃദയാഘാതം കൂടി എത്തിയപ്പോൾ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: തെന്നിന്ത്യൻ സിനിമാ ലോകത്തെ അടക്കിവാണവർ രാഷ്ട്രീയത്തിലും മഹാമേരുക്കളായിട്ടുണ്ടെന്നതാണ് ചരിത്രം. തമിഴ്‌നാട്ടിലാണ് സിനിമതാരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങി ശോഭിച്ചതെങ്കിലും കന്നഡയിലും താരരാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണുതന്നെയായിരുന്നു. ആ കന്നഡ മണ്ണിനെ ഉഴുതുമറിച്ച രാഷ്ട്രീയക്കാരനായി മാറിയ സിനിമാക്കാരനായിരുന്നു ഇന്നലെ രാത്രി അന്തരിച്ച അംബരീഷ്. കേന്ദ്ര -സംസ്ഥാന മന്ത്രിയായി രാഷ്ട്രീയത്തിൽ ശോഭിച്ച അദ്ദേഹത്തിന്റെ അന്ത്യം വൃക്കരോഗത്തെ തുടർന്നു ചികിത്സയിലിരിക്കേയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരിക്കുന്നു.

66 വയസുകാരനായ രാഷ്ട്രീയ നേതാവിന്റെ വിയോഗവാർത്ത കന്നഡ മക്കൾ ഞെട്ടലോടെയാണ് അറിഞ്ഞത്. കോൺഗ്രസ് രാഷ്ട്രീയത്തിലൂടെ രംഗത്തെത്തി ജനതാദളിന്റെയും ഭാഗമായി ഒടുവിൽ കോൺഗ്രസ് രാഷ്ട്രീയത്തോട് തന്നെ കലഹിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ട അദ്ദേഹത്തന് അന്തിമോപചാരം അർപ്പിക്കാൻ പ്രമുഖർ എത്തി. കന്നഡ ചലച്ചിത്ര താരങ്ങളായ പുനീത് രാജ്കുമാർ, ദുനിയ വിജയ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. കേന്ദ്രമന്ത്രി സദാനന്ദഗൗഡ, തെന്നിന്ത്യൻ ചലച്ചിത്ര താരം രജനീകാന്ത് തുടങ്ങിയവർ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. പ്രിയതാരത്തിന്റെ മരണവാർത്തയറിഞ്ഞ് ആരാധകരും ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. താരത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

മണ്ഡ്യയിലെ മദ്ദൂർ ദൊഡ്ഡരസിനക്കെരെയിൽ 1952 മെയ്‌ 29നു ജനിച്ച അംബരീഷ് എൺപതുകളിലെ ജനപ്രിയ നായകനായിരുന്നു. സിനിമയിൽ പ്രതിനായകനായി ആദ്യകാലങ്ങളിൽ തിളങ്ങി പിന്നീട് നായകനായി മാറിയ ചരിത്രമാണ് അംബരീഷിന്റേത്. ഇരുന്നൂറ്റൻപതിലേറെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം മലയാളത്തിലും വേഷമിട്ടു. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത 'ഗാനം' എന്ന ചിത്രത്തിൽ നായകനായി. എൺപതുകളിൽ മലയാളത്തിൽ സജീവമായിരുന്ന നടി സുമലതയാണു ഭാര്യ. സുപ്രസിദ്ധ വയലിൻ വിദ്വാൻ ടി.ചൗഡയ്യയുടെ പേരമകനാണ് അംബരീഷ്. അഭിഷേക് ഗൗഡ മകനാണ്.

1998-99ൽ ലോക്സഭയിൽ ജനതാദൾ (എസ്) എംപിയായിട്ടാണു രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് കോൺഗ്രസിൽ ചേർന്ന അംബരീഷ് 2 തവണ കൂടി മണ്ഡ്യയിൽനിന്നു ലോക്സഭയിലെത്തി. മന്മോഹൻ സിങ് സർക്കാരിൽ 2006 ഒക്ടോബർ 24നു വാർത്താവിനിമയ സഹമന്ത്രിയായി. കാവേരി തർക്കപരിഹാര ട്രിബ്യൂണൽ വിധിയിൽ പ്രതിഷേധിച്ചു 2008ൽ രാജിവച്ചു. സുപ്രസിദ്ധ സംവിധായകനായ പുട്ടണ്ണ കനഗലിന്റെ 'നാഗരാജാവ്' എന്ന സിനിമയിൽ ചെറിയൊരു വേഷവത്തിലാണ് അംബരീഷിന്റെ അരങ്ങേറ്റം. മിക്ക ചലച്ചിത്രങ്ങളിലും വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം 1980ൽ 'അന്ത' എന്ന രാഷ്ട്രീയവിഷയ സിനിമയിലാണ് ആദ്യം നായകനായത്. രക്തവർണത്തിലുള്ള കണ്ണുകൾ ഉള്ള അംബരീഷ് അനശ്വരമാക്കിയ വില്ലൻ കഥാപാത്രങ്ങളും രോഷാകുലനായ നായക വേഷങ്ങളും ഏറെയാണ്. 'റിബൽ നായകൻ' എന്ന പേരുംകിട്ടി.

എസ്.എം.കൃഷ്ണ ഉപമുഖ്യമന്ത്രിയായിരിക്കെ തൊണ്ണൂറുകളിൽ അദ്ദേഹത്തിനായി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങിയാണ് അംബരീഷ് രാഷ്ട്രീയപ്രവേശം നടത്തിയത്. ലോക്സഭാ ടിക്കറ്റ് നിഷേധിച്ചതിന്റെ പേരിൽ ഒരിക്കൽ അംബരീഷ് കോൺഗ്രസ് വിട്ട് ജനതാദളിലേക്കു പോയി. രാമനഗരം നിയമസഭാ മണ്ഡലത്തിൽ 1996ൽ ഉപതിരഞ്ഞെടുപ്പിൽ ജനതാദൾ സ്ഥാനാർത്ഥിയായി മൽസരിച്ചു പരാജയപ്പെട്ടു.

മണ്ഡ്യയിൽനിന്ന് 1998ൽ ആദ്യമായി ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് ജനതാദൾ ടിക്കറ്റിലായിരുന്നു. കോൺഗ്രസ് നേതാവ് ജി.മാതേഗൗഡയെ രണ്ടുലക്ഷത്തിലേറെ വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്. കോൺഗ്രസിൽ തിരിച്ചെത്തിയശേഷം 1999ലും 2004ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽ എൻ.ചെലുവരായ സ്വാമിയോടു (ദൾ) പരാജയപ്പെട്ടു. ഇക്കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കോൺഗ്രസ് ടിക്കറ്റ് നൽകിയിരുന്നെങ്കിലും വിവിധ വിഷയങ്ങളിൽ പ്രതിഷേധം ഉന്നയിച്ചു നിരസിച്ചു.

മാണ്ഡ്യയിലെ കിരീടം വെക്കാത്ത രാജാവ്

കന്നഡ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ണാണ് മാണ്ഡ്യ. ദൾ- കോൺഗ്രസ നേർക്കുനേർ പോരാട്ടം കണ്ട ഇവിടത്തെ കിരീടം വെക്കാത്ത രാജാവായിരുന്നു അംബരീഷ് എന്ന നടൻ. യഥാർഥ പേര് മലവള്ളി ഹുച്ചേഗൗഡ അമർനാഥ് എന്നായിരുന്നു. സുപ്രസിദ്ധ വയലിൻ വിദ്വാൻ ടി. ചൗഡയ്യയുടെ പേരമകൻ. ഹുച്ചേ ഗൗഡയുടെയും പത്മമ്മയുടെയും ഏഴുമക്കളിൽ ആറാമത്തെയാളായി മണ്ഡ്യജില്ലയിലെ ദൊഡ്ഡനരസിക്കരയിൽ 1952ൽ ജനനം. 1972ൽ നാഗരഹാവു എന്ന സിനിമയിലെ ചെറിയ വില്ലൻ റോളിൽ അരങ്ങറുമ്പോൾ പിന്നീടു സൂപ്പർതാരമായി മാറിയ വിഷ്ണുവർധനും അതേ സിനിമയിൽ ഒപ്പം അരങ്ങേറി. ഇരുവരും ഉറ്റസുഹൃത്തുക്കളായിരുന്നു.

അംബരീഷിനെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തിയത് എസ്എം കൃഷ്ണ ആയിരുന്നു. ഇക്കുറിയും നിയമസഭയിലേക്കു സീറ്റുണ്ടെന്ന് അംബരീഷിനെ വിളിച്ചു പറഞ്ഞതാണു കോൺഗ്രസ് നേതൃത്വം. പക്ഷേ, മറുവശത്തു മൗനം.വിശ്വസ്തർക്കു സീറ്റ് നൽകാത്തതാണു പിണക്കത്തിനു കാരണമെന്നു കരുതി അനുനയിപ്പിക്കാൻ പലകുറി ശ്രമിച്ചെങ്കിലും ആരെയും കാണാൻ പോലും കൂട്ടാക്കിയില്ല.

മുന്മുഖ്യമന്ത്രി എസ്.എം. കൃഷ്ണയെ പിണക്കി ബലംപിടിച്ചാണു 2013ൽ മണ്ഡ്യ സീറ്റിൽ അംബരീഷ് മൽസരിച്ചതും ജയിച്ചതും. കർണാടകയിലെ പ്രബലമായ വൊക്കലിഗ സമുദായാംഗം. സിനിമയിലെ താരത്തിളക്കത്തിൽ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം അവിടെയും താരമായി തന്നെ വാണു. ഇഷ്ടമില്ലാത്തവരോടു കലഹിച്ചു, സ്ഥാനങ്ങൾ കിട്ടാത്തപ്പോൾ പരിഭവിച്ചു.അപ്പോഴൊക്കെ ബലം വൻ ആരാധകവൃന്ദത്തിന്റെ പിന്തുണതന്നെയായിരുന്നു.

ഇപ്പോൾ കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ ചുമതല വഹിക്കുന്ന ദിവ്യസ്പന്ദനയ്ക്കു നേരത്തേ മണ്ഡ്യയിൽ ലോക്‌സഭാ സീറ്റ് കൊടുത്തപ്പോഴും അംബി പിണങ്ങി. പിന്നെ വീണ്ടും ഇണങ്ങി. സിദ്ധരാമയ്യ സർക്കാരിലെ ഭവനമന്ത്രിസ്ഥാനം ഇടയ്ക്കു നീക്കിയപ്പോൾ പക്ഷേ, വട്ടമുടക്കി. പിന്നെ ഇണങ്ങാൻ നിന്നില്ല. കേന്ദ്രസഹമന്ത്രിയായിരിക്കെ കാവേരി വിധിയിൽ പ്രതിഷേധിച്ചു രാജിവച്ചതും സിനിമാ സ്‌റ്റൈലിൽ. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത രാജി പ്രഖ്യാപനം. തമിഴ്‌നാടിന് കാവേരിജലം വിട്ടുകൊടുക്കുന്നതിൽ പ്രതിഷേധിച്ച് 2002ൽ ലോകസഭാംഗത്വം രാജിവച്ചിരുന്നെങ്കിലും രാജി സ്വീകരിച്ചിരുന്നില്ല.

സുമലതയുടെ ജീവിത നായകൻ

1974. ജയിംസ് ഹാഡ്ലി ചേസിന്റെ നോവൽ എൻ. ശങ്കരൻ നായർ മലയാള സിനിമയാക്കുന്നു, പേര് വിഷ്ണുവിജയം. വില്ലൻ വേഷത്തിന് ആളെ കിട്ടിയിട്ടില്ല. ഇംഗ്ലിഷ് എംഎ പാസ്സായ ശേഷം സിനിമാഭ്രാന്തു പിടിച്ചു നടക്കുന്ന ഇരുപത്തിമൂന്നുകാരനെ സംവിധാനസഹായി പരിചയപ്പെട്ടത് ബെംഗളൂരു യാത്രയ്ക്കിടെ. കന്നഡ സിനിമയിൽ ചെറിയ വേഷം ചെയ്യുന്നു. പേര് അമർനാഥ്. മിടുക്കനെന്നു കണ്ടതോടെ വില്ലൻ റോൾ കൊടുത്തു. ചിത്രം പുറത്തുവന്നപ്പോൾ സുന്ദരവില്ലനെ എല്ലാവർക്കും പിടിച്ചു. ആ അമർനാഥാന് പിന്നീടു കന്നഡ സിനിമയെ കയ്യിലെടുത്ത 'റിബൽ സ്റ്റാർ' അംബരീഷ്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത 'ഗാനം' (1982) എന്ന സിനിമയിലൂടെയും മലയാളത്തിനു സുപരിചിതൻ.

35 വർഷം കന്നഡ സിനിമയിൽ നിറഞ്ഞുനിന്ന അദ്ദേഹത്തെ ആരാധകർ വിളിച്ചു, 'അംബിയണ്ണ'. രാഷ്ട്രീയത്തിലും താരപദവി സ്വന്തമാക്കിയപ്പോൾ അണികൾ വിളിച്ചു, 'മണ്ഡ്യദ ഗണ്ഡു' മണ്ഡ്യയുടെ വീരപുരുഷൻ. അദ്ദേഹം നായകനായി ഇതേപേരിൽ ഇറങ്ങിയ സിനിമയുടെ പേര് കടമെടുക്കുകയായിരുന്നു അനുയായികൾ.

മലയാള സിനിമാ പ്രേക്ഷകർക്ക് മറക്കാനാവാത്ത പേരാണ് സുമലത എന്നത്. ആ നിത്യഹരിത നായികയുടെ ജീവിത നായകനെന്ന നിലയിലും മലയാളികൾക്ക് അംബരീഷിനെ പരിചിതനായിരുന്നു. മലയാളത്തിലെ സൂപ്പർഹിറ്റ് ജോഷി ചിത്രം ന്യൂഡൽഹിയുടെ കന്നഡ റീമേക്കിൽ നായകനായി അഭിനയിക്കുമ്പോഴാണ് അംബരീഷ്, നായിക സുമലതയുമായി അടുത്തത്. 1991ൽ വിവാഹം. 2016ൽ പുറത്തിറങ്ങിയ 'രാജസിംഹ'യാണ് അവസാന ചിത്രം. ചിത്രീകരണം നടക്കുന്ന ചിത്രം 'കുരുക്ഷേത്ര'യിൽ ഭീഷ്മരായി വേഷമിടുന്നുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP